Saturday, July 16, 2011

മണ്ണാങ്കട്ട എക്കണോമിക്‌സും മാണിസാറിന്റെ ജൂബ്ബയും...


ധനതത്വ ശാസ്ത്രത്തില്‍ അപാര പാണ്ഡിത്യമുള്ളയാളാണ് ഡോ. തോമസ് ഐസക് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അബ്ദുല്ലക്കുട്ടി സമ്മതിച്ചു തരില്ല.
അതുതന്നെയാണ് ഇന്നലെ നിയമസഭയിലും കണ്ടത്. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ ആദ്യത്തെ പ്രസംഗത്തില്‍ തന്നെ ഐസക്കിന്റേത് മണ്ണാങ്കട്ട എക്കണോമിക്‌സാണെന്ന് അബ്ദുല്ലക്കുട്ടി നിരീക്ഷിച്ചു. അതിനുള്ള കാരണവും നിരത്തി. 40,000 കോടി രൂപയുടെ റോഡ്, ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പതിനായിരം രൂപ, വഴിയേ പോകുന്നവര്‍ക്കെല്ലാം പെന്‍ഷന്‍ എന്നിങ്ങനെയായിരുന്നു ഐസക്കിന്റെ അവസാന ബജറ്റ്. വീണ്ടും ഐസക് ധനമന്ത്രിയായിരുന്നെങ്കില്‍ കാണാമായിരുന്നു. പറഞ്ഞ പദ്ധതികളില്‍ അമ്പത് ശതമാനവും ഉപേക്ഷിക്കേണ്ടിവന്നേനെ. കാശില്ലാതെ പ്രഖ്യാപനം നടത്തുന്ന മണ്ണാങ്കട്ട എക്കണോമിക്‌സ് ഐസക്കിന്റെ കയ്യില്‍ മാത്രമേയുള്ളൂ. പക്ഷെ മാണിസാറിന്റെ ബജറ്റ് അങ്ങനെയല്ല. ഒന്നരമീറ്ററില്‍ തയ്ച്ചിരിക്കുന്ന ജൂബ്ബ പോലെ ഒതുങ്ങിയതാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 140 സീറ്റും നേടാനുള്ള മാര്‍ഗ്ഗവും അബ്ദുല്ലക്കുട്ടി കണ്ടെത്തിയിട്ടുണ്ട്. 40,000 കോടി രൂപയുടെ റോഡ് എന്ന സ്വപ്‌നം ബജറ്റിലൂടെ ഐസക് പറഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ 68 സീറ്റ് നേടാനായി. മാണിസാര്‍ പ്രഖ്യാപിച്ച റോഡുകളുടെ വികസനം രണ്ടുകൊല്ലത്തിനുള്ളില്‍ നടപ്പാക്കിയാല്‍ 140 സീറ്റും അടുത്തതവണ കിട്ടുമെന്ന് 'കുട്ടി' ആണയിടുന്നു. ഐസക്കിനെ സ്വപ്‌നലോകത്തിലേക്ക് നാടുകടത്താന്‍ നിയമം കൊണ്ടുവരേണ്ട കാലം കഴിഞ്ഞുവെന്നും അബ്ദുല്ലക്കുട്ടിക്ക് അഭിപ്രായമുണ്ട്.
 
സഭയിലെ അംഗങ്ങള്‍ക്ക് ബഹുമാനം കിട്ടുന്നില്ലെന്ന പരാതിയാണ് സാജുപോളിന്റേത്. അബ്ദുല്ലക്കുട്ടി പ്രസംഗിച്ചപ്പോഴെല്ലാം അംഗങ്ങളെ പേരാണത്രെ വിളിച്ചത്. ബഹു. എന്ന പദം ചേര്‍ത്തില്ലെന്ന് ചുരുക്കം. ദൈവങ്ങളെപ്പോലും ഭക്തര്‍ പേരെടുത്ത് വിളിക്കുന്നതിനാലാകണം, സ്പീക്കര്‍ സാജുപോളിന്റെ പരാതി കാര്യമായെടുത്തില്ല. ഒന്നരമീറ്ററില്‍ തയ്ച്ച ജൂബ്ബയുമായി ബജറ്റിനെ താരതമ്യപ്പെടുത്തുന്നവര്‍ മാണിസാറിനെ ജെട്ടിയും ബനിയനും ധരിപ്പിച്ച് സഭയിലെത്തിച്ചാല്‍ മതിയെന്ന് പറഞ്ഞത് കെ.കെ ജയചന്ദ്രനാണ്. ബജറ്റ് ചര്‍ച്ച വസ്ത്രധാരണത്തിലേക്ക് വഴിമാറ്റുന്നത് ശരിയാണോയെന്ന് വര്‍ക്കല കഹാര്‍ ചോദിച്ചതോടെ തല്‍ക്കാലത്തേക്ക് ജയചന്ദ്രന്‍ ഒന്നൊതുങ്ങി. ആരുടെ വിരലിലും ചേരുന്ന മോതിരമാണ് മാണിസാറിന്റെ ബജറ്റെന്ന് പറയുമ്പോള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ഇടതുകൈയിലെ വെള്ളിമോതിരം തിളങ്ങി. മുടിയനായ പുത്രന്റെ കൈയില്‍ നിന്ന് കാരണവരുടെ കയ്യിലേക്ക് വീടിന്റെ ഭരണം കിട്ടിയ പ്രതീതിയാണ് ഇപ്പോഴെന്നും രണ്ടത്താണി പറഞ്ഞു. കാലിഭരണിയുടെ പുറത്ത് പഞ്ചസാരയെന്ന് ലേബലൊട്ടിച്ചാല്‍ ഭരണിക്ക് മധുരമുണ്ടാകില്ല. ഐസക് അവതരിപ്പിച്ച ബജറ്റ് അതായിരുന്നു. ജിമ്മിലൂടെ നേടിയ ആരോഗ്യം, പ്രാക്ടീസില്ലാത്തതിനാല്‍ കേരളത്തിന് നഷ്ടപ്പെട്ടു. എമേര്‍ജിംഗ് കേരള എന്ന പരിപാടി സംസ്ഥാനത്തിന്റെ എമര്‍ജന്‍സി ട്രീറ്റ്‌മെന്റായിരിക്കും. വിഭവ സമൃദ്ധമായ സദ്യയെ കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പൂവന്‍പഴത്തിന്റെ വണ്ണം കൂടിപ്പോയെന്ന് പറയുന്നതുപോലെയാണ് ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും രണ്ടത്താണി പരിഹസിച്ചു.
 
വൈക്കത്തെ ബജറ്റില്‍ അവഗണിച്ചുവെന്നാണ് കെ. അജിത്തിന്റെ പരാതി. അത് ശരിയല്ലെന്ന് മാണി പറഞ്ഞതോടെ, അടിസ്ഥാന വിഭാഗത്തോട് കാരുണ്യം കാട്ടിയില്ലെന്നായി അജിത്ത്. ഇടതുപക്ഷത്തിന്റെ വികസനക്കുതിപ്പിന് മാണിസാറിന്റെ ബജറ്റ് തടയിടുമോയെന്നാണ് നെയ്യാറ്റിന്‍കര ആര്‍. അംഗം സെല്‍വരാജിന്റെ സംശയം. മാണിസാറിന്റെ പാര്‍ട്ടിക്കാരും എം.എല്‍.എമാരും ഇല്ലാത്തത് കൊണ്ട് തെക്കന്‍ജില്ലകള്‍ക്ക് ബജറ്റില്‍ കാര്യമായ പരിഗണന കിട്ടിയില്ലെന്നും സെല്‍വരാജ്. ജനങ്ങള്‍ കൈവെള്ളയില്‍ സൂക്ഷിക്കുന്ന ബജറ്റാണിതെന്ന് റോഷി അഗസ്റ്റിന്‍ ആരുടെ മുഖത്തുനോക്കിയും പറയും. ബജറ്റിനെതിരെ ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തിയതിലുള്ള രോഷവും ഐസക്കിന്റെ ബജറ്റുകള്‍ക്കെതിരെ ഹര്‍ത്താല്‍ നടത്താന്‍ കഴിയാതിരുന്നതിന്റെ കുറ്റബോധവും റോഷിയുടെ വാക്കുകളിലുണ്ടായിരുന്നു. പരമ്പരാഗത മേഖലയെ ഫലപ്രദമായി സഹായിക്കുന്ന ഒരുനടപടിയും ബജറ്റിലില്ലെന്ന് പരാതിപ്പെട്ട സി. കൃഷ്ണന്‍, ബജറ്റ് ഒരു തവണപോലും വായിച്ചിട്ടില്ലെന്ന് വ്യക്തമായി. മാണി പറഞ്ഞില്ലെങ്കിലും മറ്റ് അംഗങ്ങളില്‍ ചിലര്‍ അത് പറയുകയും ചെയ്തു. തന്റെ നിയോജക മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചതിലുള്ള നന്ദിയുണ്ടെങ്കിലും ഏഴുഭാഷകളുടെ സംഗമഭൂമിയെന്ന നിലയില്‍ക്കൂടി കാസര്‍കോടിനെ പരിഗണിക്കാമായിരുന്നുവെന്ന് എന്‍.എ നെല്ലിക്കുന്നിന്റെ പരിഭവം. മാണിസാറിന്റെ സേവനം നിയമസഭയ്ക്ക് കൂടുതല്‍ കാലം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാനും നെല്ലിക്കുന്ന് മറന്നില്ല.
 
വസന്തം മാഞ്ഞപ്പോള്‍ വസന്തത്തിന്റെ വിലയറിഞ്ഞു, ഇരുളുമൂടിയപ്പോള്‍ വെളിച്ചത്തിന്റെ വിലയറിഞ്ഞുവെന്ന സ്വന്തം കാവ്യശകലമാണ് ഐസക്കിന്റെ ബജറ്റിനെ പുകഴ്ത്താന്‍ ചിറ്റയം ഗോപകുമാര്‍ എടുത്തുപയറ്റിയത്. പക്ഷെ പണിപാളി. കാര്യങ്ങളൊന്നും പറയാതെ പ്രസംഗം നീണ്ടപ്പോള്‍ ചെയര്‍ ഇടപെട്ടു. കാരുണ്യത്തിന്റെ കണ്ണുകള്‍ രണ്ടും കഴുകന്‍ കൊണ്ടുപോയെന്ന കവി അയ്യപ്പന്റെ രണ്ടുവരി കൂടി ഉദ്ധരിച്ച് ചിറ്റയം സീറ്റിലമര്‍ന്നു. തിരുത്തല്‍ ബജറ്റല്ലിത്, വെട്ടിനിരത്തല്‍ ബജറ്റാണെന്ന അഭിപ്രായമാണ് മാത്യു ടി തോമസിന്റേത്. കര്‍ക്കടകമാസത്തിലും ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ചിറ്റൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം പറഞ്ഞാണ് കെ. അച്യുതന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. 365 ദിവസവും വാഹനത്തിലാണ് കുടിവെള്ളവിതരണം. ലോറിക്ക് കേടുപറ്റിയാല്‍ അന്ന് വെള്ളം മുടങ്ങും. അതിനാല്‍ മണ്ഡലത്തിലെ മറ്റൊരു പദ്ധതിക്കും തുക അനുവദിച്ചില്ലെങ്കിലും പരിഭവമില്ല. പക്ഷെ ചിറ്റൂരിലെ കനാല്‍ എക്സ്റ്റന്‍ഷന് പണം നല്‍കാതെ തരമില്ലെന്ന് അച്യുതന്‍ കട്ടായം പറഞ്ഞു. ബജറ്റ് ചര്‍ച്ചന്മേലുള്ള പ്രസംഗത്തിന്റെ പകുതി സമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ച് പറയാനാണ് വി.എസ് അച്യുതാനന്ദന്‍ വിനിയോഗിച്ചത്. വിദ്യാര്‍ത്ഥികളെ ചോരയില്‍ മുക്കിക്കൊന്ന വഴിയില്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെയും പൊലീസ് നേരിടുന്നതെന്നും വി.എസ് മുഖ്യമന്ത്രിയോട് പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അക്രമത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ വി.എസിന് സന്തോഷമായി. ബജറ്റ് രഹസ്യം പുറത്തുപറയാന്‍ പാടില്ലെങ്കിലും റവന്യൂ ഉദ്യോഗസ്ഥരോടെങ്കിലും ആലോചിച്ച് വേണമായിരുന്നു മിസ്റ്റര്‍ മാണി ബജറ്റ് തയ്യാറാക്കേണ്ടിയിരുന്നതെന്ന ഉപദേശമാണ് വി.എസിന് നല്‍കാനുണ്ടായിരുന്നത്. ബജറ്റിലെ മോഹനവാഗ്ദാനം നടപ്പിലാക്കാനുള്ള അവസരം ഇനി കിട്ടിയില്ലെന്നിരിക്കും എന്ന ഭീഷണി മുഴക്കാനും അച്യുതാനന്ദന്‍ മറന്നില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.