Wednesday, July 13, 2011

പിടലി വേദന കാരണം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പി. ശശിയായിരിക്കും


ഡോ. കെ. അയ്യപ്പപണിക്കര്‍  എന്ന കവി അയ്യപ്പപണിക്കരും, എം. ആര്‍ രാമകൃഷ്ണ പണിക്കര്‍ എന്ന കവി കടമ്മനിട്ട രാമകൃഷ്ണനും, കല്ലറകളിലാണ് അടക്കം ചെയ്യപ്പെട്ടിരുന്നതെങ്കില്‍, ഇന്നലെ തീര്‍ച്ചയായും അവയ്ക്കുള്ളില്‍ കിടന്ന് അവര്‍ ഞെരിപിരി കൊണ്ടേനെ.
സ്ഥാനത്തും അസ്ഥാനത്തും കവിതകള്‍ ചൊല്ലുക എന്നത്  ചില നിയമസഭാംഗങ്ങള്‍ക്ക് ഒരു ഹരമാണ്. അത് കൃത്യമായും ശരിയായും വേണമെന്ന നിര്‍ബന്ധവും അവരില്‍ പലര്‍ക്കുമില്ല തന്നെ.
നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ ഏറെ കവിതകള്‍ ചൊല്ലിക്കേട്ട ഒരു ദിവസമായിരുന്നു ഇന്നലെ. അയ്യപ്പപണിക്കര്‍ സാറിന്റെ 'കടുക്ക' മുതല്‍, കടമ്മനിട്ടയുടെ 'ശാന്ത' വരെ ഇന്നലെ സഭയിലവതരിച്ചു. അതും പോരാഞ്ഞ് , ഒരു പുതിയ കവി സഭയില്‍ ഉദയം ചെയ്യുകയും ചെയ്തു - സി പി എമ്മിലെ സി. കെ. സദാശിവന്‍. അദ്ദേഹത്തിന്റെ രചനാ ൈവഭവം തെളിഞ്ഞത് നതോന്നത വൃത്തത്തിലാണ് - അതായത് സാക്ഷാല്‍ വഞ്ചിപ്പാട്ടില്‍.  ഓണാട്ടുകരയുടെ ഭാഗമായ കായംകുളത്തിന്റെ പ്രതിനിധി യായതുകൊണ്ട് വഞ്ചിപ്പാട്ട് രചന അദ്ദേഹത്തിന് സ്വതസിദ്ധം. പക്ഷേ, സദാശിവന്റെ കഥാപാത്രം പുരാണങ്ങളില്‍ നിന്നിയിരുന്നില്ല, നിയമസഭയില്‍ നിന്നു തന്നെയായിരുന്നു. അതും ധനമന്ത്രി കെ. എം. മാണി തന്നെ. ''എനിയ്ക്കു കവിത വരുന്നേ, ഞാനിപ്പം ഒരു വഞ്ചിപ്പാട്ടുപാടുമേ, അത് മാണിസാറിനേക്കുറിച്ചാണേ'' എന്ന് പലതവണ മുന്നറിയിപ്പു നല്‍കിയിട്ടാണ് സദാശിവന്‍ അവസാനം ആ കടുംകൈ ചെയ്തത്. അത്രയും ആശ്വാസം.
എന്നാല്‍  തന്നെക്കുറിച്ചാണ് സദാശിവ കവി രചന ചമച്ചതെന്നത് മാണി സാറിന് ഒട്ടുമങ്ങോട്ട് സുഖിക്കുന്നതായില്ല. അതിനു കാരണവുമുണ്ട്. വഞ്ചിപ്പാട്ടു മാത്രമായിരുന്നെങ്കില്‍ സാരമില്ലായിരുന്നു; അതിന് പ്രതിപക്ഷ താളമേളത്തോടെ അകമ്പടി  സേവിച്ചതാണ് അദ്ദേഹത്തിനെ  ഖിന്നനാക്കിയത്. നതോന്നതയില്‍ സി. കെ. സദാശിവന്‍ കത്തിക്കയറുമ്പോള്‍, മേശപ്പുറത്ത് താളമടിച്ച് ''തിൈത്ത തക തെയ് തെയ് തോം'' എന്ന പ്രതിപക്ഷാംഗങ്ങളുടെ കോറസ് ഒട്ടും ശരിയായില്ല. ''ഇതെന്താ നാടകശാലയാണോ? ഇത് അന്തസ്സു പാലിക്കേണ്ട നിയമ നിര്‍മ്മാണ  സഭയല്ലേ?'' മാണി സാറിന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അംഗങ്ങള്‍  സഭയുടെ അന്തസ്സ് പാലിക്കണമെന്ന് ചെയര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിവസം ആദ്യം സംസാരിച്ചത് കോണ്‍ഗ്രസിലെ വര്‍ക്കല കഹാറായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഇടതു സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കടുക്ക കഷായം കുടിപ്പിക്കുകയായിരുന്നു എന്നാരോപിച്ച കഹാര്‍, അതിന് കൂട്ടുപിടിച്ചത് അയ്യപ്പപണിക്കറുടെ 'കടുക്ക' എന്ന കവിതയെയാണ്. ഡോ. തോമസ് ഐസക്ക് എന്ന വൈദ്യനാണ് കടുക്ക കഷായം കേരളത്തെക്കൊണ്ട് കുടിപ്പിച്ചത.് ഐസക്കിന്റെ ബജറ്റുകള്‍ കെ. എം. മാണിയുടെ ബജറ്റുമായി താരതമ്യം ചെയ്യപ്പെടാന്‍പോലും യോഗ്യമായിരുന്നില്ല.
അര്‍ജ്ജുനന്റെ  അസ്ത്രം പോലെയാണ് മാണിസാറിന്റെ ഈ ബജറ്റ്; എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍.....അര്‍ജ്ജുനനില്‍ ഒതുങ്ങിയില്ല കഹാര്‍. മഹാഭാരതത്തിലെ  തന്നെ ശല്യര്‍ മുതല്‍ ശിവാജി ഗണേശന്റെ പട്ടാക്കത്തി െെഭരവന്‍  വരെ അണിനിരന്നു അദ്ദേഹത്തിന്റെ നിരയില്‍.  ഇടയ്‌ക്കൊരല്പം 'ഭജഗോവിന്ദ'വും. അടുത്ത കവിതാപാരായണം എന്‍. ജയരാജന്‍ വക. ആദ്യം അയ്യപ്പപണിക്കരെ തന്നെ അവലംബിച്ച പ്രൊഫസര്‍ ജയരാജന്‍, കടമ്മനിട്ടയുടെ 'ശാന്ത'യേയും കൂട്ടു പിടിച്ചു. അദ്ദേഹം കവിതയിലൊ    തുങ്ങിയതുമില്ല. 'ആടുജീവിതം' എന്ന നോവലിലെ നായക കഥാപാത്രത്തിന്റെ അവസ്ഥയിലായിരുന്നു ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളീയര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ നേതാവു കൂടിയായ മാണിസാര്‍, അദ്ദേഹത്തിന്റെ നിധി ശേഖരത്തിന്റെ ഒരറ മാത്രമേ ഇപ്പോള്‍ തുറന്നുള്ളു;   ഇനി തുറക്കാന്‍ അറകളെത്ര ബാക്കി! ഇപ്പോള്‍ തന്നെ പ്രതിപക്ഷം സ്തബ്ധരായിക്കഴിഞ്ഞു, ജയരാജന്‍ പറഞ്ഞു.
ബജറ്റിനെ അനുകൂലിച്ചു സംസാരിച്ച ഡൊമിനിക് പ്രസന്റേഷന്‍, കൊച്ചിയിലെ ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണ പഌന്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തു നടന്ന 18 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പേട്ടു.
കോണ്‍ഗ്രസിലെ വി. പി. സജീന്ദ്രന്‍ സഭയിലെ തന്റെ കന്നി പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക ആഘാതപഠനം നടത്തുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തില്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യം തന്റെ ശ്രദ്ധക്ഷണിക്കലിലൂടെ പാലോട് രവി സഭയില്‍ ഉന്നയിച്ചു. പതിവു പോലെ പ്രതിപക്ഷം ഇന്നലെയും സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. പൊലീസ് വകുപ്പിലെ സ്ഥലം മാറ്റമായിരുന്നു അടിയന്തിര പ്രമേയമായി സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്. സഭയില്‍ കേട്ടത്: ''പിടലി വേദന കാരണം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പി. ശശിയായിരിക്കും'' - വര്‍ക്കല കഹാര്‍.  

No comments:

Post a Comment

Note: Only a member of this blog may post a comment.