Thursday, July 14, 2011

സ്വാശ്രയ കീറാമുട്ടിക്ക് ഒരു പരിഹാര മാര്‍ഗം

സ്വാശ്രയ വിദ്യാലയങ്ങള്‍ പഴയ പാരലല്‍ കോളേജുകള്‍ പോലല്ല.സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത അംഗീകൃത റഗുലര്‍ കോളജുകളാണ് അവ. ആ അംഗീകാരവും മാന്യതയും സര്‍ക്കാര്‍ നല്‍കിയതാണ്. അപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രായോഗിക വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിക്കണം. അമ്പത് ശതമാനം മെരിറ്റ് സീറ്റില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഫീസിന്റെ അന്തരം പരിഹരിക്കാം. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് തുല്യമായ തുക റക്കഗ്‌നേഷന്‍ ഫീസ് ആയി വര്‍ഷം തോറും സ്വാശ്രയ മാനേജ്‌മെന്റ് സര്‍ക്കാരിന് അടയ്ക്കണം. എല്ലാക്കൊല്ലവും പ്രവേശനഘട്ടത്തില്‍ തര്‍ക്കം നീട്ടിക്കൊണ്ടുപോയി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കാതെ ജനാധിപത്യ മര്യാദയ്ക്കിണങ്ങിയ ഒത്തുതീര്‍പ്പിന് സ്വാശ്രയ മാനേജ്‌മെന്റ് വഴങ്ങിയേ തീരൂ



സ്വാശ്രയ വിദ്യാഭ്യാസം ഉത്ഭവം മുതല്‍ സംസ്ഥാനത്ത് ഒരു പ്രഹേളികയായി തുടരുകയാണ്. ആരംഭത്തില്‍ സ്വാശ്രയപദ്ധതി തന്നെ എതിര്‍ക്കപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ തര്‍ക്കം മെറിറ്റ്- മാനേജ്‌മെന്റ് സീറ്റുകള്‍ വീതം വയ്ക്കുന്നതിലും ഫീസ് ഘടനയിലുമാണ്. സ്വാശ്രയ വിദ്യാഭ്യാസ പ്രവേശനം സംബന്ധിച്ച അവ്യക്തതകള്‍ക്ക് ഓരോവര്‍ഷവും പ്രവേശനസമയത്ത് എന്തെങ്കിലുമൊരു ധാരണയുണ്ടാക്കി തലയൂരി വന്ന മുന്‍ സര്‍ക്കാറിന്റെ ലാഘവ സമീപനം പ്രശ്‌നം തുടരുവാനും ഏറെ സങ്കീര്‍ണ്ണമാക്കുവാനും മാത്രമെ ഉപകരിച്ചുള്ളൂ. സ്വാശ്രയ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയാതിരുന്നത് അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാറിന്റെ തികഞ്ഞ പിടിപ്പുകേടായി മാത്രമേ കണക്കാക്കാനാവൂ. പ്രശ്‌നം കീറാമുട്ടിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍വച്ചൊഴിഞ്ഞ് സംസ്ഥാനത്തെ സമരതീച്ചൂളയിലാക്കുവാനുള്ള സാധ്യത സഖാക്കള്‍ മനഃപൂര്‍വ്വം കരുതിവയ്ക്കുക ആയിരുന്നു.
സര്‍ക്കാര്‍ ആജ്ഞാപിക്കുന്നതെല്ലാം സമ്മതിക്കുവാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് ബാധ്യതയില്ലെന്ന് (2009-ല്‍) പറഞ്ഞ എം.എ. ബേബി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ആയിരിക്കേയാണ് സഹകരണ മേഖലയിലെ സ്വാശ്രയസ്ഥാപനങ്ങളിലെ മെറിറ്റ്‌സീറ്റില്‍പോലും ഉയര്‍ന്ന ഫീസ് ഈടാക്കുവാന്‍ തീരുമാനിച്ചത്. കാര്യഗൗരവമായ ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിനു ശ്രമിക്കാതെ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയബില്ലിലെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നിര്‍ദ്ദേശങ്ങളാണ് നിയമകുരുക്കിലാക്കിയത്. ഇടതുമുന്നണി സര്‍ക്കാറിനു പൊതുതാല്‍പര്യം ഫലപ്രദമായി അവതരിപ്പിക്കുവാന്‍ കഴിയാതെ പോയതാണ് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്കനുകൂലമായ കോടതി നിരീക്ഷണങ്ങള്‍ ഉണ്ടാവാന്‍ കാരണം.
 
50 ശതമാനം സീറ്റ് സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്ന ഇപ്പോഴത്തെ ഹൈക്കോടതി വിധിയും, പ്രവേശനം എല്ലാവര്‍ഷവും തര്‍ക്കത്തിലാക്കുന്ന സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെയുള്ള സുപ്രീം കോടതി പരാമര്‍ശവും സാധാരണക്കാര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകുന്നതായി. പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാതെ ഫലപ്രദമായി അവതരിപ്പിച്ച് അഞ്ചുവര്‍ഷത്തിനിടയില്‍ ആദ്യമായി സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിന് അനുകൂലമായ സുപ്രധാന കോടതിവിധി നേടിയെടുത്തതില്‍ ഐക്യജനാധിപത്യമുന്നണിക്ക് അഭിമാനിക്കാം.കോടതി വിധിയക്കുശേഷവും ഒത്തുതീര്‍പ്പിനു വഴങ്ങാതെ നിഷേധാത്മക സമീപനം സ്വാശ്രയ മാനേജ്‌മെന്റുകള്‍ വച്ചുപുലര്‍ത്തുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
രണ്ടുപതിറ്റാണ്ടുമുമ്പ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനത്തു സജീവമായിരുന്ന 'പാരലല്‍ കോളേജു'മായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ വ്യത്യാസമുണ്ട്. പാരലല്‍ കോളേജുകള്‍ സര്‍വ്വകലാശാലയുമായി അഫിലിയറ്റ് ചെയ്യപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരുന്നില്ല. സര്‍വ്വകലാശാലകളുടെ 'പ്രൈവറ്റ്' വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ പാരലല്‍ കോളേജുകള്‍ ചെയ്തിരുന്നത്. എന്നാല്‍ സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍ നല്കി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയതോടെ ഇവിടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ 'റെഗുലര്‍' വിദ്യാര്‍ത്ഥികള്‍ ആയി. സര്‍ക്കാര്‍/എയിഡഡ് കോളേജുകളിലെ അതേ പദവിയില്‍ തന്നെ (സര്‍വ്വകലാശാലയുടെ റഗുലര്‍ വിദ്യാര്‍ത്ഥികളായി) പഠിക്കാന്‍ അവസരം ഒരുങ്ങിയതാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് സ്വീകാര്യമാക്കിയത്. അല്ലാതെ അവരുടെ മേന്മകണ്ട് വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായതല്ല.
 
പാരലല്‍ കോളേജുകള്‍ക്ക് ലഭിച്ചിരുന്നതുപോലെ, മറ്റൊരു പഠനമാര്‍ഗ്ഗം ലഭിക്കാത്ത കുട്ടികള്‍ മാത്രം ചെന്നെത്തുമായിരുന്ന സാഹചര്യത്തില്‍ നിന്നു വിഭിന്നമായി സ്വാശ്രയ വിദ്യാലയങ്ങള്‍ക്കു കുട്ടികളെ യഥേഷ്ടം ലഭിക്കുന്ന അവസ്ഥ സൃഷ്ടിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് തുല്യപദവി നല്കുന്ന-ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റല്ല റെഗുലര്‍തന്നെ എന്ന സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ്. അത്തരമൊരു പ്രധാന നയംമാറ്റത്തിലൂടെ മുതല്‍ മുടക്കിനു തയ്യാറാകുന്നവര്‍ക്ക് മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ അനുകൂലാന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിച്ചു നല്കുമ്പോള്‍, തീര്‍ച്ചയായും അവര്‍ തിരിച്ച് സാമൂഹിക പ്രതിബദ്ധതയോടെയുള്ള സര്‍ക്കാറിന്റെ നിബന്ധനകള്‍ അനുസരിക്കേണ്ടതു തന്നെയാണ്. സര്‍വ്വകലാശാലകളുടെ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ്ങ് നല്കി വന്നിരുന്ന പാരലല്‍ കോളേജുകളെപ്പോലെ സര്‍ക്കാറിനോടു കാര്യമായ വിധേയത്വമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകലാശാലകളുടെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പഠന ചുമതല ഏല്പിക്കപ്പെടുന്ന സ്വാശ്രയ വിദ്യാലയങ്ങളെ അനുവദിച്ചുകൂടാ.
 
സ്വാശ്രയ സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റിലേക്കും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. 50 ശതമാനം കുട്ടികളില്‍ നിന്ന് സര്‍ക്കാര്‍ കോളേജിലെ ഫീസും 50 ശതമാനം കുട്ടികളില്‍ നിന്ന് മാനേജ്‌മെന്റ് ഫീസും ഈടാക്കണം. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നിബന്ധന ചെയ്തില്ലെങ്കില്‍ തന്നെ, കുറഞ്ഞപക്ഷം, സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുകയെങ്കിലും ചെയ്യേണ്ടതാണ്. സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സ്വന്തം പ്രവേശന പരീക്ഷയ്ക്കായി മുറവിളി കൂട്ടുന്നത് ലേലം വിളിച്ചു സീറ്റുനല്കാന്‍ ലക്ഷ്യമിട്ടാണ്. അതല്ലെങ്കില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍നിന്ന് (മാനേജ്‌മെന്റ് സീറ്റിലേക്കും) പ്രവേശനം നടത്തണമെന്ന നിബന്ധന പാലിക്കുവാന്‍ എന്തു പ്രായോഗിക തടസ്സമാണുള്ളത്?സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ സ്വന്തം നിലയ്ക്കാണ് ഫീസ് നിര്‍ണ്ണയിക്കുന്നത്. അതുപോലെ ഫീസ് സ്വയം തീരുമാനിക്കുവാന്‍ സ്വാതന്ത്ര്യം വേണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ വാദത്തിനനുകൂലമായി ചിലര്‍ കൈ ഉയര്‍ത്തികാട്ടുന്നു. സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ ആവശ്യത്തിനു പഠനസൗകര്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെ മികവിന്റെയും നിലവാര വൈവിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി നടപ്പിലാക്കിയ സ്വകാര്യ സ്‌കൂളുകളെ വിദ്യാര്‍ത്ഥികള്‍ ആശ്ലേഷിച്ചത്. താല്പര്യമുള്ളവര്‍ മാത്രം സ്വകാര്യസ്‌കൂളുകള്‍ പഠനത്തിനു തെരഞ്ഞെടുത്താല്‍ മതി. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി മെഡിക്കല്‍/ എന്‍ജിനീയറിങ് രംഗത്ത് വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനനുസരിച്ച് പഠനസൗകര്യം (സീറ്റുകള്‍) സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ഇല്ലാത്തതുകൊണ്ട് സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ചെല്ലുവാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ ചൂഷണ സാധ്യത വളരെയേറെയാണ്. ഇക്കാരണത്താലാണ് ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കേണ്ടത് ആവശ്യമായി തീരുന്നത്.
 
സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റ് എന്ന തത്വം രണ്ട് സ്വാശ്രയ കോളേജ് ആരംഭിക്കുന്നതിലൂടെ ഒരു സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നതിനു തുല്യമായ പഠനസൗകര്യം ഉറപ്പുവരുത്തുക ആയിരുന്നു ലക്ഷ്യം. ഈവിധം ഇതു സാധിക്കണമെങ്കില്‍ മെറിറ്റ് സീറ്റുകളിലെ ഫീസ് സര്‍ക്കാര്‍/എയിഡഡ് കോളേജുകളില്‍ കുട്ടികള്‍ നല്കുന്ന ഫീസ് തന്നെ ആയിരിക്കണം. പ്രവേശനം മെറിറ്റില്‍ എന്നതംഗീകരിക്കെ തന്നെ ഫീസ് തോന്നിയതുപോലെ നിശ്ചയിക്കപ്പെടുകയാണെങ്കില്‍ സ്വാശ്രയവിദ്യാഭ്യാസത്തിന്റെ പ്രഥമ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കപ്പെടുകയില്ല. ഒരേ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ഫീസ് ചുമത്തുന്നതിന്റെ യുക്തി വിമര്‍ശന വിധേയമായിട്ടുണ്ട്. പ്രസ്തുത നിരീക്ഷണത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ടുതന്നെ സാമൂഹിക പ്രതിബദ്ധത എങ്ങനെ നിറവേറ്റാനാവും എന്നു പരിശോധിക്കുകയാണ് വേണ്ടത്. എല്ലാ സീറ്റുകളിലേക്കും ഒരേ ഫീസ് ഏര്‍പ്പെടുത്തുകയും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്കുകയുമാണ് പരിഹാരം.മെറിറ്റ് സീറ്റ് എത്രശതമാനംഎന്നു നിശ്ചയിക്കുന്നുവോ അത്രയും ശതമാനം ഫീസ് സ്വകാര്യ മാനേജ്‌മെന്റുകള്‍ റക്കഗ്‌നേഷന്‍ ഫീസ് ആയി സര്‍ക്കാറിനു നല്കണമെന്നു വ്യവസ്ഥ ചെയ്യുക. ഈ തുക മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്കുക. ഈ വിധം ക്രമീകരിച്ചാല്‍ എല്ലാ സീറ്റിലും തുല്യഫീസ് എന്ന നിര്‍ദ്ദേശം പാലിക്കുവാന്‍ കഴിയും; ഒപ്പം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഫലത്തില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാം.
 
ഉദാഹരണത്തിന് 100 സീറ്റുള്ള ഒരു കോളേജിലെ ഫീസ് ഒരുലക്ഷം രൂപയാണ് എന്ന് കരുതുക. വരുമാനം 100 ലക്ഷം രൂപ. മെറിറ്റ് സീറ്റ് 50 ശതമാനം എന്ന ധാരണ ആയാല്‍ വരുമാനത്തിന്റെ 50 ശതമാനം (50 ലക്ഷം രൂപ) 40 ശതമാനം മെറിറ്റ് സീറ്റെങ്കില്‍ 40 ശതമാനം 100 ലക്ഷം ഃ 40 ശതമാനം= 40 ലക്ഷം രൂപ) എന്ന രീതിയില്‍ മാനേജുമെന്റുകള്‍ റക്കഗ്‌നേഷന്‍ ഫീസ് സര്‍ക്കാറിനു നല്കണം. സ്‌കോളര്‍ഷിപ്പു നല്കാന്‍ ഈ തുക സര്‍ക്കാറിനു വിനിയോഗിക്കാം. സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങളുടെ മുടക്കുമുതല്‍ ആദ്യവര്‍ഷങ്ങളില്‍ തന്നെ തിരികെ കിട്ടുന്ന തരത്തില്‍ കണക്കാക്കുന്നതുകൊണ്ട് അശാസ്ത്രീയമായ തോതില്‍ ഉയര്‍ന്നഫീസ് ആവശ്യമായി വരുന്നു. വരുമാനം തലമുറകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും എന്ന വസ്തുത ഫീസ് നിര്‍ണ്ണയിക്കുമ്പോള്‍ സ്മരിക്കേണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ പറയുന്നതില്‍ എന്തൊക്കെ ന്യായമുണ്ടായാലും, തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാറിന്റെ നയങ്ങളുമായും നിലവിലെ നിയമങ്ങളുമായും വിധേയത്വമില്ലാതെ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളെ യഥേഷ്ടം കയറൂരി വിടണമെന്ന വാദം അംഗീകരിക്കാവുന്നതല്ല. അതിനാല്‍ സ്വാശ്രയ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ മതിയാവുകയുള്ളൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.