Wednesday, July 13, 2011

അഴിമതിക്കെതിരെ ധീരതയോടെ


രാജ്യത്ത് നടക്കുന്ന അഴിമതിയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി  ദുര്‍ബ്ബലപ്പെടുത്താനും, അതു വഴി കേന്ദ്ര ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും ചിലര്‍ നിരന്ത്രശ്രമം നടത്തിവരികയാണ്.
അഴിമതി രാജ്യത്തു പടര്‍ന്നുപിടിക്കുന്ന അര്‍ബുദരോഗമാണ്. അതു ഇല്ലായ്മ ചെയ്യാന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായ കാഴ്ചപ്പാട് അനിവാര്യമാണ്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ പേര്പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. അഴിമതിക്കെതിരെ പരസ്പരം പഴിചാരുന്നവര്‍ നടത്തിയ അഴിമതി കഥകള്‍ ബോധപൂര്‍വ്വം മറക്കുകയോ, മറച്ചുവെക്കുകയോ ചെയ്യുന്നു. അഴിമതി ആര് നടത്തുന്നു എന്നതിനേക്കാള്‍ പ്രാധാന്യം അഴിമതിക്കാര്‍ക്കെതിരെ ആര് നടപടി സ്വീകരിക്കുന്നു എന്നതാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ പങ്കാളിത്തം വഹിച്ചവരാണ്. അവരുടെയെല്ലാം ഭരണകാലങ്ങളില്‍ അഴിമതികള്‍ക്കെതിരെ  എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനോ, അഴിമതിക്കാരെ ജയിലഴിക്കുള്ളില്‍ തളച്ചിടാനോ അവര്‍ക്ക് സാധിച്ചില്ല.
ബി ജെ പി രാജ്യം ഭരിച്ച കാലത്താണ് ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ രാജ്യം കണ്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചു വീണ ജവാന്മാരുടെ ശവശരീരങ്ങള്‍ സ്വന്തം നാട്ടിലേക്കും, വീട്ടിലേക്കും എത്തിക്കുന്നതിന് രാജ്യരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തിയ ശവപ്പെട്ടികള്‍ പോലും അഴിമതിയില്‍ കുളിച്ച  കാലഘട്ടമായിരുന്നു അത്. 93 യു എസ് ഡോളറിന്റെ ശവപ്പെട്ടിക്ക് 2500 യു എസ് ഡോളര്‍ വിലകാണിച്ചാണ് 18,70,000 യു എസ് ഡോളര്‍ അടിച്ചുമാറ്റിയ ലജ്ജിപ്പിക്കുന്ന അഴിമതി നടത്തിയത്. അതു ശവപ്പെട്ടി കുംഭകോണമായി മാറിയെങ്കില്‍ തുടര്‍ന്നുണ്ടായത് തെഹല്‍ക കുംഭകോണമാണ്. രാജ്യം ഭരിച്ച ഒരു പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടും ഇതേവരെ കൈപ്പറ്റാത്ത രീതിയിലാണ് ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡണ്ട് ബംങ്കാരു ലക്ഷ്മണ നോട്ട് കെട്ടുകള്‍ രണ്ട് കൈകള്‍ കൊണ്ടും വാങ്ങുന്ന ചിത്രം ടെലിവിഷനിലൂടെ ജനങ്ങള്‍ കണ്ടത്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന രാജ്യരക്ഷാമന്ത്രിയുമായി പണം കൊടുത്തവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം തെഹല്‍ക വെളിപ്പെടുത്തിയപ്പോള്‍ രാജ്യം അമ്പരന്നുപോയി. തുടര്‍ന്ന് ആ ഭരണകാലത്ത് എത്രയെത്ര അഴിമതികള്‍.
സംഘപരിവാറുമായി ബന്ധപ്പെട്ടവര്‍ക്ക് ഭൂമി പതിച്ചു നല്‍കിയ സംഭവം,  2002ല്‍  പെട്രോള്‍ പമ്പ് അനുവദിച്ചതിലെ അഴിമതികള്‍, വിമുക്ത ഭടന്മാരുടെയും, വീരമൃത്യുവരിച്ച ജവാന്മാരുടേയും വിധവകള്‍ക്ക് അനുവദിക്കേണ്ട പെട്രോള്‍ പമ്പ് ലൈസന്‍സുകള്‍ അവിഹിതമായി നേടിയ ചരിത്രം തുടങ്ങി എത്രയേറെ കഥകള്‍ ബി ജെ പി ഭരണകാലത്തുണ്ടായി. അന്ന് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് അഴിമതി നടത്തുന്നതിന് അരുണ്‍ഷൂറിക്ക് വേണ്ടി മാത്രമായി ഒരു ക്യാബിനറ്റ് പദവി നല്‍കിയത് ബി ജെ പി ഗവണ്‍മെണ്ടാണ്. ആരെയെങ്കിലും തിഹാര്‍ ജയിലിലേക്ക് പറഞ്ഞയച്ചോ? ഈ കാലഘട്ടങ്ങളില്‍ അണ്ണാഹസാരേമാരും, ബാബ രാംദേവുമാരും പൊതുസമൂഹവക്താക്കളും, അഗ്നിവേശും എവിടെയായിരുന്നു. എന്തേ അന്നത്തെ അഴിമതികളെക്കുറിച്ചു ചിന്തിക്കാതെ പോയത്. ഇന്ന് ഹസാരേ നടത്തുന്ന സമരവേദിയില്‍ പ്രത്യക്ഷപ്പെട്ട എന്‍ ഡി എ കണ്‍വീനര്‍ ശരത് യാദവും, ഉമാഭാരതിയും, ഷാനവാസ് ഹുസൈനും, ഗുരുമൂര്‍ത്തിയും, സ്വാമി അഗ്‌നിവേശും ഇവര്‍ക്കൊപ്പം നൃത്തം ചവിട്ടിയ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും ആ കാലഘട്ടത്തില്‍ ജീവിച്ചവരല്ലേ. അണ്ണാഹസാരെയുടേയും രാംദേവിന്റെയും സമരത്തിന്റെ അജണ്ട സംശയവിമുക്തമല്ല.
ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ നല്ലവര്‍ നരേന്ദ്രമോഡിയും, നിതീഷ്‌കുമാറുമാണെന്ന് പ്രഖ്യാപിച്ചു നടക്കുന്ന സ്വാമിഅഗ്നിവേശിന്റെ അജണ്ടയും അഴിമതിക്കെതിരെയുള്ള പോരാട്ടമല്ല. എല്ലാവര്‍ക്കും ഒറ്റ ലക്ഷ്യം- ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തണം, അതുവഴി കേന്ദ്രസര്‍ക്കാറിനെ അസ്ഥിരപ്പെടുത്തണം. അഴിമതിയെ ചെറുതായി ആരും കാണുന്നില്ല. 2ജി സ്‌പെക്ട്രം അഴിമതിയും, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും, ആദര്‍ശ് ഫഌറ്റ് അഴിമതിയും നിസ്സാരവല്‍ക്കരിക്കാന്‍ സാധ്യമല്ല. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വികരിക്കാന്‍ സാധിച്ച പാര്‍ട്ടി കോണ്‍ഗ്രസും, ഡോ. മന്‍മോഹന്‍സിങ്ങെന്ന പ്രധാനമന്ത്രിയുമാണ്. യു പി എ സര്‍ക്കാറിലെ രണ്ടാം കക്ഷിയായ ഡി എം കെ പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയിലുള്ള ടെലികോം മന്ത്രിയെ തിഹാര്‍ജയിലിലേക്ക് അയക്കാന്‍ തയാറായ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ല.
രാജയും, കനിമൊഴിയും മാത്രമല്ല, കോണ്‍ഗ്രസ് നേതാവായ സുരേഷ്‌കല്‍മാഡിയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഴിമതിയുടെ പേരില്‍ തിഹാര്‍ ജയിലിലാണ്.  കോണ്‍ഗ്രസ്സിനെ പോലെ അഴിമതിക്കെതിരെ നടപടി സ്വീകരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം ഏതെന്ന് പറയാന്‍ സാധിക്കുമോ? കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സി.പി.എമ്മിന്റെ സ്ഥിതിയോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 374.5 കോടിരൂപയുടെ അഴിമതി കേസില്‍ സി ബി ഐ പ്രതിപ്പട്ടികയിലുള്ള സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്‍. താഴോട്ടുള്ളവരെല്ലാംസാന്റിയാഗോമാര്‍ട്ടിന്റെയും, ഫാരിസ് അബൂബക്കറിന്റെയും കള്ളപ്പണക്കാരുടേയും മിത്രങ്ങളും. കോടാനുകോടി രൂപയുടെ വസ്തുക്കളും കെട്ടിടങ്ങളും കെട്ടിപ്പിടിച്ചും വെട്ടിപ്പിടിച്ചും നടക്കുന്നവര്‍ അഴിമതിക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു.?
അഴിമതി രാജ്യത്ത് ഇല്ലായ്മ ചെയ്യണം. അതിന് യോജിച്ച പോരാട്ടമാണ് വേണ്ടത്.
ലോക്പാല്‍ ബില്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള വജ്രായുധമായി മാറണം. പഴിചാരല്‍ ഒഴിവാക്കി നേരായ ദിശയില്‍ ചിന്തിക്കണം. രാഷ്ട്രീയ നേതാക്കളെയും, പ്രസ്ഥാനങ്ങളെയും  അവഹേളിച്ചു പൊതുസമൂഹമെന്ന സൃഷ്ടിക്ക് ജന്മം നല്‍കുന്നതു ജനാധിപത്യവ്യവസ്ഥകളെ തകിടംമറിക്കാനേ ഉപയോഗിക്കുകയുള്ളു. പൊതു സമൂഹം എന്നതു എല്ലാ പാര്‍ട്ടികളിലും പെട്ടവരും അല്ലാത്തവരും ചേര്‍ന്നുള്ളതാണ്. അല്ലാതെ അവരെ വേര്‍പെടുത്തിയെടുക്കുന്നതു അപകടകരമാണ്. രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തിയാല്‍ അരാജകത്വം നടമാടുമെന്ന തിരിച്ചറിവ് വേണം. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്നതും നടപ്പിലാക്കിയതുമായ നിരവധി പദ്ധതികള്‍ ജനമനസ്സുകളില്‍ നിന്നും നഷ്ടപ്പെടുത്താനുള്ള ആസൂത്രിതമായ പദ്ധതിക്ക് പിന്തിരിപ്പന്‍ ശക്തികള്‍ തയ്യാറാകുമ്പോള്‍ രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍മാര്‍ കരുതിയിരിക്കണം

No comments:

Post a Comment

Note: Only a member of this blog may post a comment.