Wednesday, July 20, 2011

കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി


ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ചൈനയിലെ സ്വതന്ത്രചിന്തകനും കവിയും എഴുത്തുകാരനുമായ പ്രൊഫസ്സര്‍ ലിയു സിയാബോയ്ക്ക് ലഭിച്ചതില്‍ ചൈനയെ കൂടാതെ പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. എന്ത്കൊണ്ടാണ് പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചത്? ചൈനയെ തൃപ്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളു അതില്‍ .  പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് അവിടത്തെ പട്ടാളമാണെന്നത് സുവിദിതമാണ്. എപ്പോഴൊക്കെ സര്‍ക്കാര്‍ ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും ഇന്ത്യയോട് അടുക്കാനും ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അവിടത്തെ പട്ടാളം അത് തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. പട്ടാളമാണ് പാക്കിസ്ഥാന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് എന്നര്‍ത്ഥം. പാക്കിസ്ഥാന്‍ ഇന്ത്യയെ ശത്രുരാജ്യമായാണ് കാണുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന അടവ് നയമാണ് പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയ്ക്കെതിരെ ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.

ചൈനയിലെ ഭരണകൂടം ജനാധിപത്യവല്‍ക്കരിക്കപ്പെടുക എന്ന് പറഞ്ഞാല്‍ അവിടെ ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നടപ്പിലാവുകയും ഭരണാധികാരികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയും വേണം എന്നാണ് അര്‍ത്ഥം.  ഇപ്പോഴും അവിടെ തെരഞ്ഞെടുപ്പ് എന്നൊരു പ്രഹസനം നടക്കുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണത്. തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകൂ. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല.  ജനങ്ങള്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ യെസ് എന്നോ നോ എന്നോ പറയാം. പക്ഷെ ആരും നോ എന്ന് പറയില്ല. പറഞ്ഞാലുള്ള ഭവിഷ്യത്ത്  ജനങ്ങള്‍ക്ക് അറിയാം. പാക്കിസ്ഥാനിലെ ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്ന് പറഞ്ഞാല്‍ അവിടത്തെ പട്ടാളത്തെ സിവിലിയന്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരിക എന്നാണര്‍ത്ഥം.  ഇത് രണ്ടും തല്‍ക്കാലത്തേക്ക് എളുപ്പമുള്ള സംഗതിയല്ല. അത്കൊണ്ട് ഇന്ത്യ എന്നും ജാഗരൂകത പാലിക്കേണ്ടതുണ്ട്.

ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കും ലിയു സിയാബോയ്ക്ക് സമ്മാനം നല്‍കപ്പെട്ടതില്‍ എതിര്‍പ്പുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധന് തേടിപ്പിടിച്ചു ഈ സമ്മാനം കൊടുത്തു എന്നും ഗാന്ധിജിക്ക് കൊടുക്കാത്തത്കൊണ്ട് ഈ സമ്മാനം മോശമായിപ്പോയി എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. നമുക്കറിയാം, ഏതൊരു അവാര്‍ഡും കൊടുക്കുന്നത് അവാര്‍ഡ് കമ്മറ്റി ആരെയെങ്കിലും തേടിപ്പിടിച്ചല്ല. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. ആരെയെങ്കിലും നോമിനേറ്റ് ചെയ്യാന്‍ കമ്മറ്റിക്ക് കഴിയില്ല. നോമിനേറ്റ് ചെയ്യപ്പെടാത്ത ആര്‍ക്കും അവാര്‍ഡ് കൊടുക്കാനും കഴിയില്ല. അത്പോലെ തന്നെ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും കിട്ടണമെന്നുമില്ല. ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍ എന്ത്കൊണ്ട് കിട്ടിയില്ല എന്നൊക്കെ പറയേണ്ടത് അതില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. ലിയു സിയാബോയ്ക്ക്  സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ വേണ്ടി അദ്ദേഹത്തെ ഒരുപാട് പേര്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ (KWAME ANTHONY APPIAH, Laurance S. Rockefeller University Professor of Philosophy, and the University Center for Human Values at Princeton University , and President of PEN American Center. ) നോമിനേഷനോടോപ്പം നല്‍കിയ കുറിപ്പ്  ഇവിടെ താല്പര്യമുള്ളവര്‍ വായിക്കുക.  സത്യത്തെ എത്ര വികൃതപ്പെടുത്തിയാണ് കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കാറ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

ആരാണ് ലിയു സിയാബോ? ബീജിംഗ് സര്‍വ്വകലാശാലയില്‍ സാഹിത്യത്തില്‍ പ്രൊഫസ്സര്‍ ആയിരുന്ന അദ്ദേഹം വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസ്സര്‍ ആയിരുന്നു.  1989ല്‍ ബീജിംഗില്‍ ജനാധിപത്യത്തിനും ഉദ്യോഗസ്ഥ അഴിമതിക്കുമെതിരെ വിദ്യാര്‍ത്ഥികളുടെ സമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലിയൂ സിയാബോ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി ജോലി ചെയ്യുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് ഒരു അമേരിക്കന്‍ പൌരത്വം തരപ്പെടുത്തി അവിടെ സസുഖം ജീവിയ്ക്കാമായിരുന്നു. എന്നാല്‍ നാട് അദ്ദേഹത്തെ മാടി വിളിച്ചു.  അന്ന് അദ്ദേഹം ചൈനയിലേക്ക് തിരിച്ച് വന്ന്, ജൂണ്‍ നാലിന് ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ പതിനായിരങ്ങള്‍ അന്ന് അവിടെ ടാങ്കിനടിയില്‍ ചതഞ്ഞ് മരിക്കുമായിരുന്നു. എന്തിനും തയ്യാറായി മുന്നോട്ട് ഉരുളുകയായിരുന്നു പട്ടാള ടാങ്കുകള്‍ ശത്രുരാജ്യത്തിന്റെ നേര്‍ക്കെന്ന പോലെ.

എന്താണ് ടിയാന്‍‌മെന്‍ സ്ക്വയര്‍ സംഭവം? ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടരി ആയിരുന്നു ഹ്യു യോബാംഗ് (20 November 1915 – 15 April 1989). പരിഷ്ക്കരണവാദിയായ അദ്ദേഹത്തെ 1987ല്‍ നിര്‍ബ്ബന്ധിച്ച് രാജി വെപ്പിച്ചു.  പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ്  1989 ഏപ്രില്‍ 15ന് അദ്ദേഹം മരണപ്പെട്ടതായി പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ജനങ്ങളെ അറിയിക്കുന്നു. മഹാനായ ഒരു നേതാവായിരുന്നു യോബാംഗ് എന്നും എന്നാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയിരുന്നു എന്നും ഏപ്രില്‍ 22ന് ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ശവസംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമെന്നും അറിയിപ്പ് ഉണ്ടായി.  ഏപ്രില്‍ 22 ന് അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ടിയാനന്‍‌മെന്‍ സ്ക്വയറിലേക്ക് നീങ്ങി.  അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങിന് ഒരു നിവേദനം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയുണ്ടായിരുന്നു. ഇത്രയ്ക്കും അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനാരൂപമോ നേതൃത്വമോ ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.  സംസ്ക്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രവേശനം തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.  അങ്ങനെ ഹ്യൂ യോബാംഗിന്റെ മരണം അന്ന് ഒരു നിമിത്തമാവുകയായിരുന്നു.

ലക്ഷക്കണക്കിന്  വിദ്യാര്‍ത്ഥികള്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹം ആരംഭിച്ചു.  ജനാധിപത്യം അനുവദിക്കണമെന്നും അഴിമതി നിര്‍ത്തലാക്കണമെന്നുമായിരുന്നു ആവശ്യം. ചൈനീസ് സര്‍ക്കാരും പാര്‍ട്ടിയും ഇതിനെ എങ്ങനെ നേരിടണമെന്ന് അങ്കലാപ്പിലായി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ്  വിദ്യാര്‍ത്ഥികളോട് അനുഭാവമുള്ള ആളായിരുന്നു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങ് സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി ചൌ എന്‍ ലായിയുടെ മകനായിരുന്നു ലീപെങ്ങ്.  ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ് മെയ് 19ന് (1989) ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. അതിന്റെ പൂര്‍ണ്ണരൂപം ഇതാ.  അങ്ങനെ സംസാരിച്ചതിന്റെ പേരില്‍ ഴാവോ സിയാങ്ങിനെ സെക്രട്ടരി സ്ഥാനത്ത് നിന്ന് പുറത്താക്കി. പിന്നീട് 2005 ജനവരി 5ന് അദ്ദേഹം മരണപ്പെടുന്നത് വരെ വീട്ടുതടങ്ങലില്‍ ആയിരുന്നു.  കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ എങ്ങനെയാണുണ്ടാകുന്നത് എന്ന് നോക്കുക. അങ്ങനെ 1989 ജൂണ്‍ നാലിന് ചൈനീസ് പട്ടാള ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ഇരച്ചുനീങ്ങി. ലിയൂ സിയാബോ വിദ്യാര്‍ത്ഥികളോട് സമാധാനപരമായി പിരിഞ്ഞുപോകാന്‍ ആഹ്വാനം ചെയ്തു.  എന്നിട്ടും എത്രയോ വിദ്യാര്‍ത്ഥികള്‍ അന്ന് മരിച്ചുവീണു. എത്രയോ പേര്‍ പിന്നീട് വേട്ടയാടപ്പെട്ട് ജയിലിലായി.  എല്ലാം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതാന്‍ കഴിയുന്നില്ല.

ഞാന്‍ ഈ പോസ്റ്റിന്  കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി എന്ന് പേര് കൊടുക്കാന്‍ കാരണം , ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ജനാധിപത്യവാദികളെ ആദരിച്ചില്ല എന്നും എപ്പോഴും സര്‍വ്വാധികാരികളെ ആരാധിക്കുന്നു എന്നത്കൊണ്ടുമാണ്.  ലിയൂ സിയാബോ  സ്വന്തം ജീവിതം ത്യാഗം ചെയ്തുകൊണ്ട്  ജനങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്നു. ആ ലിയൂ സിയാബോ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ . ജനങ്ങളുടെ മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ച് ചക്രവര്‍ത്തിമാരായി വാഴുന്ന നേതാക്കന്മാര്‍ ഇക്കൂട്ടര്‍ക്ക് നല്ല കമ്മ്യൂണിസ്റ്റ്.  ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ജനാധിപത്യം എന്നാല്‍ അവരുടെ നേതാക്കളുടെ സര്‍വ്വാധിപത്യമാണ്. അത്കൊണ്ട് നമ്മള്‍ ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം.  പരാക്രമങ്ങള്‍ ഫലിക്കാതിടത്ത് അവര്‍ മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍ പറയും.  സ്വാധീനം വര്‍ദ്ധിച്ചാല്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിക്കും. അപ്പോള്‍ കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം. കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നേയുള്ളൂ.

എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ പൌരസ്വാതന്ത്ര്യത്തെ ഇന്നും ഭയപ്പെടുന്നത് എന്ന് അറിയില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഭരണം നടത്തിക്കൂടേ? ഗോര്‍ബച്ചേവ് എന്ന് കേട്ടാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗശത്രുവാണ്. ഗോര്‍ബച്ചേവ് എന്ന ഒറ്റയാളാണ് സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് എന്നാണ് കമ്മ്യൂണിസ്റ്റ്കാര്‍ കരുതുന്നത്. അങ്ങനെ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെയും സാമ്രാജ്യത്തെയും തകര്‍ക്കാന്‍ കഴിയുമോ? എന്ത്കൊണ്ട് കമ്മ്യൂണിസം അങ്ങനെ തകര്‍ന്നു എന്ന് ചിന്തിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും മുതിരുന്നില്ല.  കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണങ്ങളെയും പൌരാവകാശധ്വംസനങ്ങളെയും ചൂണ്ടിക്കാട്ടിയാല്‍ പറയും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്ന്.  ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ എല്ലാ അധികാരവും ഉണ്ടാകാന്‍  പാടുള്ളൂ എന്നും അതിനെ എതിര്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. ആ കമ്മ്യൂണിസത്തിന് അല്പം മാനുഷികമുഖം നല്‍കാനാണ് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ്  ചില ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്. എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കുന്നത്?  ഞാന്‍ എപ്പോഴും പറയുന്നത് പോലെ നല്ലത് മാത്രമേ കാലത്തെ അതിജീവിയ്ക്കുകയുള്ളൂ.  കമ്മ്യൂണിസം ജനങ്ങള്‍ക്ക് നല്ലതല്ല. അത്കൊണ്ടാണ് അതിന് അതിജീവനശേഷിയില്ലാത്തത്.  ചിലര്‍ നല്ല കമ്മ്യൂണിസം വരും എന്ന് കാത്തിരിക്കുന്നുണ്ട്. ആരാണ് അത് കൊണ്ടുവന്നു തരിക? അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍ പറ്റും.  അധികാരം കിട്ടുകയില്ലെങ്കില്‍ ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ ആവുക? എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം എന്നൊരു പുസ്തകം എഴുതിയത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലിയു ഷാവോചി ആയിരുന്നു. അത്തരം പുസ്തകങ്ങള്‍ ഒന്നും ഒരു കമ്മ്യൂണിസ്റ്റുകാരനും വായിക്കുകയില്ല. എന്തെന്നാല്‍ നല്ല കമ്മ്യൂണിസ്റ്റായിപ്പോയാലോ !



എഴുതിയത്: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

No comments:

Post a Comment

Note: Only a member of this blog may post a comment.