Wednesday, July 13, 2011

വി.എസ് കുടുങ്ങി; അരുണ്‍കുമാറിന്റെ നിയമനം നിയമസഭാ സമിതി അന്വേഷിക്കും


ഐ.സി.ടി അക്കാദമിയില്‍ വി.എ അരുണ്‍കുമാറിനെ അനധികൃതമായി നിയമിച്ചത് സംബന്ധിച്ച ആരോപണം നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിച്ച വി.എസ് അച്യുതാനന്ദന്‍ കുടുങ്ങി.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പ് വി.എസ് അച്യുതാനന്ദന്‍, മകന്‍ അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് പി.സി വിഷ്ണുനാഥാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തില്‍ നിന്ന് പിന്മാറി നിയമസഭയോട് മാപ്പുപറയണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ തെളിവുകളുമായി വിഷ്ണുനാഥ് രംഗത്ത് എത്തുകയായിരുന്നു. വിഷ്ണുനാഥിന്റെ പരാതി പരിഗണിച്ചാണ് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുമതി നല്‍കിയത്. കമ്മിറ്റിയുടെ ഘടന ഏതുവിധത്തിലായിരിക്കണമെന്ന് പിന്നീടു തീരുമാനിക്കും. അരുണ്‍കുമാറിനെ അനധികൃതമായി നിയമിച്ചത് സംബന്ധിച്ച് 'വീക്ഷണം' കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.സി വിഷ്ണുനാഥ് വിഷയം സഭയില്‍ ഉന്നയിച്ചത്.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി ഡയറക്ടറായി തന്റെ മകന്‍ അരുണ്‍കുമാറിനെ നിയമിച്ചിട്ടില്ലെന്ന് ്രപതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രാവിലെ സഭയില്‍ വിശദീകരിച്ചിരുന്നു. 
 
12-ാം തീയതി  നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പി.സി. വിഷ്ണുനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സ്പീക്കറുടെ അനുമതിയോടെയാണ് വി.എസ് വിശദീകരണം നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എംഡിയായി തന്റെ മകന്‍ അരുണ്‍കുമാറിനെ നിയമിച്ചിട്ടില്ല. ഐ.സി.ടിയുടെ ആദ്യ ഗവേണിങ് ബോഡിയോഗം ചേര്‍ന്നില്ല. അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടേ എന്നാണ് നേരത്തെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. പി.സി വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെങ്കില്‍ വിഷയം നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ആരോപണത്തില്‍ നിന്നു പിന്മാറുന്നുണ്ടെങ്കില്‍ നിയമസഭയോട് മാപ്പു പറയണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ  പങ്കാളിത്തത്തോടെയും ഐ.സി.ടി രൂപീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഐ.എച്ച്.ആര്‍.ഡി പങ്കാളിയാവാന്‍ സന്നദ്ധത അറിയിച്ചു. സ്വകാര്യ പങ്കാളിക്കു പകരമായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് സൊസൈറ്റി ആക്റ്റ് പ്രകാരം സൊസൈറ്റി രൂപീകരിച്ചു. മറ്റു തീരുമാനങ്ങള്‍ അടുത്ത സര്‍ക്കാര്‍ കൈക്കൊള്ളട്ടേയെന്നാണ് തീരുമാനിച്ചതെന്നും വി.എസ് വിശദീകരിച്ചു.
 
വി.എസിന്റെ വിശദീകരണത്തിന്റെ  അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ച വിഷ്ണുനാഥിന്റെ വാദവും കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. ഇതേത്തുടര്‍ന്ന് വൈകിട്ട് വിശദീകരണം നല്‍കിയ വിഷ്ണുനാഥ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  നിയമസഭാകമ്മിറ്റിക്കുമുന്നില്‍ തന്റെ പക്കലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. ഇതിനുശേഷം നിയമസഭാ മീഡിയറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എ. അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ വിഷ്ണുനാഥ് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വി.എസിന്റെ ഭാഗത്തുനിന്നും വൃത്തികെട്ട തിടുക്കമാണുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസമായ മേയ് 12-ന്  ഔദ്യോഗികവസതിയില്‍ വിളിച്ചുചേര്‍ത്ത രണ്ടുയോഗങ്ങളെക്കുറിച്ച് വി.എസ് മൗനം പാലിക്കുകയാണ്.
 
ഫെബ്രുവരി 10-നു ചേര്‍ന്ന ഐ.സി.ടി അക്കാദമിയുടെ മെമ്മോറാന്‍ഡം ഓഫ് അസോസിയേഷന്‍ അക്കദാമി ഡയറക്ടറായാണ് വി.എ. അരുണ്‍കുമാര്‍ പങ്കെടുത്തത്. ഇതുസംബന്ധിച്ച മിനിട്‌സില്‍ അദ്ദേഹം ഒപ്പിട്ടിരിക്കുന്നതും ഡയറക്ടര്‍ എന്ന നിലയിലാണ്. വിവരാവകാശനിയമപ്രകാരം ഐ.ടി വകുപ്പില്‍ നിന്നും ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചിട്ടില്ലെന്ന വി.എസിന്റെ വാദം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്ന ചോദ്യത്തിന് അതു ഗുരുതരമായ പ്രശ്‌നമാണെന്നായിരുന്നു മറുപടി

No comments:

Post a Comment

Note: Only a member of this blog may post a comment.