Tuesday, July 19, 2011

പടച്ചോന്റെ ബാങ്കും പടപ്പുകളുടെ അക്കൗണ്ടും...


വേങ്ങരയിലെ ക്വാറി അപകടത്തിന്റെ പേരില്‍ തിങ്കളാഴ്ച സഭയില്‍ വാക്കൗട്ട് നടത്താന്‍ കഴിയാതിരുന്നതിന്റെ 'വിഷമം' ഇന്നലെ തീര്‍ന്നതിന്റെ സന്തോഷത്തിലായിരുന്നു പ്രതിപക്ഷം. വേങ്ങര വേരുപിടിച്ചില്ലെങ്കിലും റബ്ബറില്‍ തൂങ്ങി സഭയ്ക്ക് പുറത്ത് പോകാന്‍ വി.എസ് ആവേശം കാട്ടി.
ശൂന്യവേളയില്‍ കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനമാണ് പ്രതിപക്ഷം അടിയന്തിരത്തിന് വിഷയമാക്കിയത്. തീരുമാനം കേരളത്തെ ബാധിക്കുമെന്ന കാര്യത്തില്‍ ഇരുപക്ഷത്തിനും തര്‍ക്കമുണ്ടായില്ല. കേന്ദ്രപ്രതിഷേധം എങ്ങനെ അറിയിക്കുമെന്ന ധാരണയില്‍ എത്താന്‍ കഴിയാതെ വന്നതോടെ പ്രതിപക്ഷത്തിന് പതിവ് വാക്കൗട്ടിന് അവസരം വീണുകിട്ടി. ടി.എന്‍ പ്രതാപന്‍ പരിസ്ഥിതിയെ വിട്ട് മദ്യാപനത്തിന്റെ വിപത്തിലൂടെയാണ് ഇന്നലെ സഞ്ചാരിച്ചത്. എ.കെ ആന്റണിയുടെ മൂല്യവും ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘാവീക്ഷണവുമുള്ള എക്‌സൈസ് മന്ത്രി, പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്ന പ്രതീക്ഷയും പ്രതാപനുണ്ട്. സമ്മര്‍ദ്ദങ്ങളേറെ നേരിടേണ്ടി വരും. ഇതിലൊന്നും വശംവദനാകരുത്. പ്രതാപന്‍ ഉപദേശിച്ച് തീരും മുമ്പ് പി.സി ജോര്‍ജ് ഇടപെട്ടു. പൂഞ്ഞാറിലെ ത്രീ സ്റ്റാര്‍ ഹോട്ടലിന് ലൈസന്‍സ് അനുവദിക്കണം- ഇതായിരുന്നു ജോര്‍ജ്ജിന്റെ അപേക്ഷ. ഒരു കാരണവശാലും കൊടുക്കരുതെന്നും ഇത്തരം പി.സിമാര്‍ തലക്കുമീതെ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ഇതിലൊന്നും വീണ് പോകരുതെന്നും പ്രതാപന്റെ മുന്നറിയിപ്പ്.
 
ടി.എന്‍ പ്രതാപന്‍ പരിസ്ഥിതി വാദിയാണെങ്കില്‍ പി.കെ ബഷീര്‍ പ്രായോഗികവാദിയാണ്. താന്‍മാത്രമല്ല, പ്രതിപക്ഷത്തുള്ള ഇ.പി ജയരാജനും ഇക്കൂട്ടത്തിലാണെന്ന് ബഷീര്‍. ഇ.പി ജയരാജന്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റി പാര്‍ക്ക് തുടങ്ങിയത് അതുകൊണ്ടാണ്. അതിനാല്‍ പരിസ്ഥിതി തര്‍ക്കമുണ്ടായാല്‍ ചര്‍ച്ചക്ക് വിളിക്കേണ്ടത് ജയരാജനെയാണ്. ചിലരുടെ പരിസ്ഥിതി വാദം കാപട്യമാണെന്ന അഭിപ്രായവും ബഷീറിനുണ്ട്. തലസ്ഥാനത്ത് റോഡ് വികസനത്തിന് ഒരു മരം മുറിക്കേണ്ടി വന്നപ്പോള്‍ അതിനെ കെട്ടിപിടിച്ച് ഒരു പരിസ്ഥിതി പ്രവര്‍ത്തക പ്രതിഷേധിച്ചു. അതേസമയം സ്വന്തംസ്ഥലം ഫഌറ്റ് നിര്‍മ്മിക്കാന്‍ വിട്ടുകൊടുത്ത ഇതേവ്യക്തി രണ്ട് ഫഌറ്റ് കിട്ടിയപ്പോള്‍ അവിടെ നടന്ന മരംമുറിയുടെ പേരില്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ലെന്നും ബഷീര്‍. മാണി സാര്‍ അവതരിപ്പിച്ച ബജറ്റിലും ബഷീറിന് അത്ഭുതം. ഐസക്കിന്റെ ഇല്ലാത്ത ഇസ്‌ലാമിക് ബാങ്ക് പദ്ധതിക്ക് നേരെ നിശിതവിമര്‍ശനവും നടത്തി. പടച്ചോനില്‍ വിശ്വാസമില്ലാത്ത സി.പി.എമ്മുകാര്‍ പടച്ചോന്റെ പേരില്‍ ബാങ്ക് തുടങ്ങിയാല്‍ അതിലേക്ക് ഏതെങ്കിലും പടപ്പുകള്‍ പണം തരുമോയെന്നും ബഷീറിന്റെ ചോദ്യം.
 
മലയാളത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തി വിദ്യാഭ്യാസവകുപ്പില്‍ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ കടന്നുകയറ്റത്തിലായിരുന്നു കെ.എം ഷാജിയുടെ രോഷം. എം.എല്‍.എ ഫണ്ട് രണ്ട് കോടിയെങ്കിലും ആക്കണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. കാരണം, രാവിലെ എഴുന്നേറ്റാല്‍ എല്ലാദിവസവും വീട്ടില്‍ നൂറിലേറെ പേര്‍ വരും. പൊട്ടിപൊളിഞ്ഞ ഗ്രാമീണ റോഡുകള്‍ നന്നാക്കണമെന്ന ആവശ്യക്കാരാണ് കൂടുതലും. കിട്ടുന്ന 75ലക്ഷം പതിമൂന്ന് പഞ്ചായത്തുകള്‍ക്കായി നീക്കിവെച്ചാല്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും.കാത്തുകാത്തിരുന്ന ധവളപത്രമെത്തിയതിന്റെ ത്രില്ലിലാണ് രാജുഎബ്രഹാം തുടങ്ങിയത്. വൈകി വന്ന വസന്തം പോലെയുണ്ടായ മാണി സാറിന്റെ ഉള്‍വിളി, ബഹുത്അച്ചാ-രാജു ഇതില്‍ കൂടുതല്‍ എന്തുപറയും. ഐസക്കിന്റെ ദുര്‍ബലമായ അടിത്തറയില്‍ പണിത സാമ്പത്തിക സൗധം പരാതികള്‍ക്ക് ഇടയാക്കുമെന്ന് എം.എ വാഹിദിന് അറിയാം. അതിനാല്‍ അടുത്തവര്‍ഷം ഈ അടിത്തറ തന്നെ പൊളിച്ചടുക്കി പുതിയ സൗധം പണിയണമെന്നും വാഹിദിന്റെ നിര്‍ദേശം. ഭക്ഷ്യസുരക്ഷയെക്കുറിച്ച് തോമസ് ചാണ്ടിക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ട്. തമിഴ്‌നാട് വാതിലടച്ചാല്‍ കേരളം പട്ടിണിയിലാകും. അതിനാല്‍ തോട്ടവിള ഭൂമിയുടെ അഞ്ച് ശതമാനമല്ല, പത്ത് ശതമാനം തന്നെ പച്ചക്കറി ഉള്‍പ്പെടെ മറ്റുകൃഷിക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം. ബജറ്റില്‍ വിനോദസഞ്ചാരമേഖല കടന്നുവന്നതാണ് എതിര്‍പ്പിന് കാരണം. അതിനാല്‍ ടൂറിസത്തെ ഒഴിവാക്കി ഭൂമി തരം മാറ്റാന്‍ അനുവദിക്കണമെന്നും ചാണ്ടി. ഭൂരിപക്ഷവര്‍ഗീയതയെ പ്രതിപക്ഷം താലോലിക്കുന്നത് പി.സി ജോര്‍ജിന് പിടിച്ചിട്ടില്ല. സ്വാശ്രയസമരത്തിന് പിള്ളാരെ ഇറക്കി വിട്ട നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളജുകളിലാണ് പഠിക്കുന്നതെന്നും ജോര്‍ജ്. മാണി സാറിന്റെ ബജറ്റിനെ മലപ്പുറത്തെ ഒരു പ്രമാണി പുകഴ്ത്തുന്നത് കണ്ടപ്പോള്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് പരസ്പരം പുകഴ്ത്തുന്ന കുരങ്ങനെയും കഴുതയയെമാണ് ഓര്‍മ്മ വന്നത്. കരയുന്ന കഴുതയെ നോക്കി നിന്റെ രാഗം അതീവഗംഭീരമെന്നായിരുന്നു കുരങ്ങന്റെ പുകഴ്ത്തല്‍. നിന്റെ രൂപം അതീവസുന്ദരമെന്ന് കഴുത മറുപടിയും നല്‍കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.