Tuesday, July 12, 2011

സദാചാരത്തിന്റെ ശശിരേഖ


പഴയ ബദല്‍രേഖ പോലെ സി.പി.എം സഖാക്കളുടെ ഉറക്കം കെടുത്തുന്ന പുതിയൊരു രേഖയാണ് ശശിരേഖ
എന്‍. രാജന്‍ നായര്‍
ഒ.വി വിജയന്റെ തീരെ ചെറിയൊരു കഥയുണ്ട്. മൂലധനം. രണ്ട് സഖാക്കള്‍ വിവാഹിതരായി. സദാചാരബോധത്തോടെ ആദ്യരാത്രിയില്‍ അവര്‍ മൂലധനം വായിച്ചുതീര്‍ത്തു. കഥയുടെ ലക്ഷ്യവേദിയായ ഫലിതം സഖാക്കളുടെ കപട സദാചാരത്തിന്റെ നേര്‍ക്കുതന്നെ. അങ്ങനെ സദാചാരത്തിന്റെ കുത്തകാവകാശികളാണ് എന്നും എവിടെയും കമ്യൂണിസ്റ്റുകള്‍. സദാചാരവിരുദ്ധത പാര്‍ട്ടിവച്ചു പൊറുപ്പിക്കില്ല. അതൊക്കെ പണ്ടുകാലം. ഇന്ന് കാലം പിണറായി കാലമാണ്. സഖാക്കളുടെ സ്ത്രീപീഡനം പോലും അടവുനയത്തിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ അന്തസിന്റെ രജതരേഖയാകും. അല്ലെങ്കില്‍ ആക്കും. അതാണല്ലോ അടവുനയം. അതീ പൊതുജനനികൃഷ്ടജീവികള്‍ക്ക് അറിയില്ല. സമുദ്രത്തിലെ വെള്ളവും ബക്കറ്റിലെ വെള്ളവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്ത കഥാരഹിതന്മാരാണ് ഈ ബഹുജന-സാദാപാര്‍ട്ടി പ്രവര്‍ത്തകര്‍. അവരോട് കോട്ടയത്ത് വച്ച് തോര്‍ത്ത് കിരീടനേതാവ് പറഞ്ഞതാണ് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. വെള്ളത്തിന്റെ പുറത്ത് തുള്ളുന്നവരാണ് നിങ്ങളെന്ന്. സംഗീതാത്മകമായ ഒരു പ്രസംഗം കേട്ടാല്‍ ഉഷാ ഉതുപ്പിന്റെ ഗാനമേളകേട്ടപോലെ നൃത്തം വയ്ക്കുന്നവരാണ് പൊതുജനം. അവരെ പിരിച്ചുവിട്ടാലും സത്യം പിരിഞ്ഞുപോകില്ല തന്നെ. മനുഷ്യന്റെ ചില അവയവങ്ങളുടെ പേര് പറയുകയോ ചില പ്രവൃത്തികളുടെപേര് എഴുതുകയോ ചെയ്യുന്നത് ഒരിക്കലും പുരോഗമന സാഹിത്യമല്ല.
വിശപ്പ്, വയറ്, ചുരുട്ടിയ മുഷ്ടി, ഓടുന്ന കാല് എന്നിവയാണ്. പദാനുപദം പന്തം പോലെ എഴുത്തില്‍ കത്തിനില്‍ക്കേണ്ടത്. അതില്ലാത്തതുകൊണ്ടാണ് എഴുത്തച്ഛന്‍ മോശക്കാരനും എരുമേലിയണ്ണന്‍ കേമനുമാകുന്നത്. നെഞ്ചത്തൊരു പന്തം കുത്തിയ ആളിനെ ഭക്തജനമായിട്ടുകൂടി പന്തത്തിന്റെ പേരില്‍ സഖാക്കള്‍ പന്തലായനിയില്‍പോലും വച്ചു പൊറുപ്പിച്ചു. സദാചാരത്തിന്റെ കാര്യത്തില്‍ കാശുമറ പാര്‍ട്ടി അത്രകര്‍ക്കശമാണ് എന്ന ചരിതം ഇപ്പോള്‍ ഏവര്‍ക്കും പണിക്കര്‍പ്പെട്ടുവല്ലോ.  സാന്റിയാഗോ മാര്‍ട്ടിനാണേ സത്യം. ജോണ്‍ ബ്രിട്ടാസ് സാക്ഷി. ഇങ്ങനെയിരിക്കുന്ന കാലത്തില്‍ വിരുദ്ധന്മാരും ബൂര്‍ഷ്വാ-മുതലാളിത്വ അമേരിക്കന്‍ ശക്തികളും പാര്‍ട്ടി നേതാക്കന്മാരെകുറിച്ച് ഇടയ്‌ക്കെല്ലാം സദാചാരവിരുദ്ധകാര്യങ്ങള്‍ പറഞ്ഞുപരത്താറുണ്ട്. അത് പാര്‍ട്ടിയെ കരിതേയ്ക്കാനുള്ള ടിയാന്മാരുടെ അടവുകളാണെന്ന് അടുക്കള മരുമകളെ തൊടാതെ ശ്രീമതി അമ്മാവിമാരും, ഏവരും കൃത്യമായി വിശ്വസിക്കേണ്ടതാണ്.അത്തരത്തില്‍ ഒരു അപവാദം മാത്രമാണ് പാര്‍ട്ടിയുടെ ചെമ്മാനത്ത് ഉയര്‍ന്നുനിന്ന ശശിയണ്ണനെകുറിച്ച് കേട്ട് തുടങ്ങിയതെന്ന് മന്ത്രി പുത്രന്മാര്‍ വരെ വിശ്വസിച്ചു. അഭിനയം ഇപ്പോള്‍ ഒരു തൊഴിലായതുകൊണ്ട് പീഡിതരായ പെണ്‍സഖാക്കള്‍ ആ വിവരം മേലാവില്‍ അറിയിച്ചു. അറിവ് പരന്നതോടെ പീഡിതരുടെ എണ്ണവും ശശി നേതാവിന്റെ വിക്രിയകളും പൂര്‍വ്വകാല പ്രാബല്യത്തോടെ പുറത്തു വന്നുകൊണ്ടിരുന്നു. ആരൊക്കെയോ പരാതിക്കടലാസും മേലാവില്‍ കൊടുത്തു സങ്കടം മൊഴിഞ്ഞു.
പാര്‍ട്ടിയെ രക്ഷിക്കാന്‍ പാര്‍ത്ഥന്‍ ഇവിടെയും ഒരു അടവ് നയം എടുത്തു. ശശിനേതാവിന് ചില്ലറ സൂക്കേടല്ല, വലിയ സൂക്കേടാണ്. ഗൗരവ ചികിത്സ ആവശ്യമായ സൂക്കേട്. ശശിക്ക് ചികിത്സിക്കാനായി പാര്‍ട്ടികളക്ടര്‍ ഉദ്യോഗത്തില്‍നിന്നും പരസ്യമായ അവധിയും രഹസ്യമായ സഹായവും. ശശിയണ്ണന്‍ ചികിത്സ കഴിഞ്ഞ് വര്‍ദ്ധിതാരോഗ്യവനായി വന്നാലുള്ള അവസ്ഥയെക്കുറിച്ചോര്‍ത്ത് ആണ്‍-പെണ്‍ സഖാക്കള്‍ക്ക് ഉറക്കമില്ലാതായി.പ്രശ്‌നം ശശിരേഖയായി ബദല്‍രേഖപോലെ സംസ്ഥാനവും കഴിഞ്ഞു കേന്ദ്രത്തിലെത്തി. സഖാക്കളുടെ ഉറക്കപ്രശ്‌നമാണ് കേന്ദ്രന്‍ കമ്മീഷനെ വച്ചു. കമ്മീഷനിലൊതുങ്ങാത്ത കമ്മീഷന്‍ പാര്‍ട്ടി സിംഹങ്ങളുടെ ഉറക്കക്കുറവില്‍ ഖേദിച്ചു. വേലിക്കകത്തെ പാമ്പ് തലയിട്ടടിച്ചു. ഇതിനു കാരണക്കാരനായവനെ മൊത്തമായോ ചില്ലറയായോ കൈകാര്യം ചെയ്യേണ്ടതെന്ന് മേലാവില്‍ ആലോചനയായി. തന്റെ പ്രവൃത്തി തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പാവം കഥാപുരുഷന്‍.പാര്‍ട്ടിവിട്ടാലും ഈ പട്ടിണി പാവത്തിന് എന്തെങ്കിലും കൊടുത്ത് ജീവന്‍ നിലനിര്‍ത്തട്ടെ. പാവം കഥാപുരുഷന്‍ കോട്ടിട്ട് കോടതിയില്‍ ആളായി. കോടതിയില്‍ മറ്റൊരിടത്ത് ഹാജരാകേണ്ട ഒരാള്‍ ഇങ്ങനെ വന്നതില്‍ എന്താശ്ചര്യം!. അഖില ലോക ഇരകളെ ജാഗ്രതൈ! അഖില ലോകപീഡകന്മാരെ നിങ്ങള്‍ സ്തുതിപ്പിന്‍! നിങ്ങള്‍ക്കൊരു രക്ഷകന്‍ ഇതാ മാനത്ത് ശശിരേഖയായി ഉദിച്ചിരിക്കുന്നു. ആഹ്ലാദിക്കുവിന്‍. ആഘോഷിപ്പിന്‍. ഇനിയൊരന്വേഷിയും ഇതുവഴിവരില്ല. ഇതാ ചുവന്ന നാട്.
അടവുനയം നാറ്റത്തിന്റെ മുന്നില്‍ ഏറെനാള്‍ നിന്നില്ല. എവിടവും മാറ്റം അനിവാര്യമാണെന്നാണല്ലോ തടിയപ്പുപ്പന്‍ ഏട്ടില്‍ എഴുതിയിരിക്കുന്നത്. അങ്ങനെ മനസില്ലാമനസ്സോടെ അടവുനയക്കാര്‍ ശശിരേഖയെ പുറത്താക്കി. മനസ്സങ്ങും ഉടിലങ്ങുമായി ശശിരേഖയും. ഈ ശശിരേഖയില്‍ അടവ് നയത്തോടെ ഒപ്പിട്ടവരെ പടിയടച്ച് പിണ്ഡംവയ്ക്കട്ടെ ബദല്‍രേഖക്കാരെ പോലെ...
ഇമ്മിണി പുളിക്കും. അതൊക്കെ പണ്ട്. ഇന്ന് എല്ലാവര്‍ക്കും നഷ്ടപ്പെടാനുണ്ട്. ഇത് കാലം ലാവ്‌ലിന്‍ കാലമാ. വേണമെങ്കില്‍ പറയുന്നത് കേട്ട് അടങ്ങി നില്‍ക്ക്. അവസരം വരുമ്പോള്‍ പലതുമാകാം. അല്ലെങ്കില്‍ പോയി തുലഞ്ഞാട്ടെ. അല്ല പിന്നെ...
അവസരവാദികള്‍ ഒഴിച്ച് അകത്തുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പുറത്തായി. എന്നിട്ടും ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം മാഞ്ഞിട്ടും ഈ സ്ഥാപനം മുന്നോട്ടാണ്. അതാണ് കുട്ടാ... സുഖജീവിതത്തിന്റെ അടവുനയം. അങ്കവും കാണാം താളിയും ഒടിക്കാം.

No comments:

Post a Comment

Note: Only a member of this blog may post a comment.