Wednesday, July 20, 2011

ന്യൂയോര്‍ക്ക് ടൈംസ് കേരളത്തില്‍ കണ്ടത് രണ്ട് അത്ഭുതങ്ങള്‍; അടച്ചിട്ട നിധിശേഖരവും തുറന്നിട്ട മുഖ്യമന്ത്രിയുടെ ഓഫീസും


ലോകപ്രശസ്ത മാധ്യമസ്ഥാപനമായ ന്യുയോര്‍ക്ക് ടൈംസ് അടുത്തിടെ കണ്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാഴ്ചകള്‍ തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലെ അടച്ചിട്ട നിധിയും തൊട്ടടുത്ത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടച്ചിടാത്ത ഓഫീസും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അത്ഭുതവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത അതേ ആവേശത്തോടെയാണ് ന്യുയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുതാര്യതയെയും ലോകമെമ്പാടുമുള്ള വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. 'ട്രാന്‍സ്‌പേരന്റ് ഗവണ്‍മെന്റ് വയാ വെബ്ക്യാംസ് ഇന്‍ ഇന്ത്യ (വെബ് ക്യാമറയുടെ സഹായത്തോടെ ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍) എന്നാണു സചിത്ര വാര്‍ത്തയുടെ തലക്കെട്ട്. 'ലിറ്റില്‍ ബ്രദര്‍ ഇസ് വോച്ചിങ് യു (ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നു) എന്നൊരു ഉപശീര്‍ഷകവും നല്‍കി.

വന്‍കിട കോര്‍പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ (ബിഗ് ബ്രദര്‍) കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുകയാണു പതിവ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ജനങ്ങള്‍ (ലിറ്റില്‍ ബ്രദര്‍) നിരീക്ഷിക്കുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് ആണു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വാശ്രയ കോളജ് പ്രശ്‌നത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണു ചര്‍ച്ച നടത്തിയതെന്നു വികാസ് പറയുന്നു. 'ജനങ്ങള്‍ എല്ലാം അറിയണം. കാര്യങ്ങള്‍ സുതാര്യമായി നടക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണു വേണ്ടത്.: ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ജൂലൈ ഒന്നിനാണു തല്‍സമയ സംപ്രേഷണം തുടങ്ങിയത്. ഒറ്റദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേരാണു സന്ദര്‍ശിച്ചത്. ഓഫിസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും വെബ്ക്യാമറയിലൂടെ ലഭിക്കുമെങ്കിലും അതില്‍ ശബ്ദമില്ലെന്നു പത്രം ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കാനാണ് ഓഡിയോ സൗകര്യം ഏര്‍പ്പെടുത്താത്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. രാജ്യത്ത് അഴിമതിയാരോപണങ്ങള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നടപടിയെന്നു പത്രം ചൂണ്ടിക്കാട്ടുന്നു. സുതാര്യതയ്ക്ക് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രി പലപ്പോഴും ചേംബറിനു പുറത്താണ്. അവിടെ ഉള്ളപ്പോള്‍ ചുറ്റും ജീവനക്കാരും രാഷ്ട്രീയക്കാരുമാണ്. ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ജീവനക്കാര്‍ ഫോണില്‍ സംസാരിക്കുന്നതും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതുമാണു കാണുന്നതെന്നു പത്രം പറയുന്നു. ഏതായാലും ഓഫീസില്‍ ഉറക്കംതൂങ്ങുന്ന വിവരദോഷികളൊന്നും ന്യുയോര്‍ക്ക് ടൈംസ് ലേഖകനെത്തിയ സമയത്ത് ഉണ്ടാകാതിരുന്നത് ഭാഗ്യമായി. കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നുറങ്ങുന്ന ഒരാളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് ഇന്റര്‍നെറ്റില്‍ പരസ്യമായത്.

വെബ്ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള സീറ്റിലിരുന്ന് ഉറങ്ങുന്ന ജീവനക്കാരനാണിതില്‍. ക്യാമറയില്‍ തന്നെ പകര്‍ത്തുന്നകാര്യം ശ്രദ്ധിക്കാതെ കസേരയുടെ വശത്ത് കൈവച്ച് തലതാങ്ങിയുള്ള സുഖ സുഷുപ്തി. കുറേസമയത്തിനുശേഷം തൊട്ടടുത്ത ക്യാബിനിലെ മറ്റൊരു ജീവനക്കാരന്‍ വന്ന് ഇദ്ദേഹത്തെ തട്ടിയുണര്‍ത്തുകയാണ്. ഉടന്‍ ഞെട്ടിയെഴുന്നേറ്റ് തന്റെ ക്യാബിനു വെളിയിലിറങ്ങി ആഗതനോടു സംസാരിച്ചശേഷം യാതൊരു കൂസലുമില്ലാതെ തിരികെ കസേരയില്‍ വന്നിരുന്ന് വീണ്ടും ഉറക്കത്തിലേക്കു കടക്കുകയാണ് ഈ ജീവനക്കാരന്‍. ഏതാണ്ട് നാലു മിനിട്ടോളമുണ്ട് ഈ വീഡിയോ. ഇന്റര്‍നെറ്റിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ധാരാളം കമന്റുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ഇരുപത്തിനാല് മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയ്ക്ക് കഴിഞ്ഞമാസമാണ് തുടക്കമായത്. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സംപ്രേഷണം. ജനങ്ങളോട് ചേര്‍ന്നു നിന്ന് ഭരണം നടത്താനും ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് തന്റെ ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനു പുറമെ അവിടെ നടക്കുന്ന പത്രസമ്മേളനങ്ങള്‍, യോഗങ്ങള്‍, മന്ത്രിസഭാ തീരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ കാണാം. മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍ ഇതില്‍ വായിക്കാനാകും. കൂടാതെ അദ്ദേഹത്തിന് പരാതി നല്‍കാനും സൗകര്യമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും മൊബൈലിലോ ഹാന്‍ഡി ക്യാമറയിലോ പകര്‍ത്തി മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യന്ത്രിയെക്കുറിച്ച് പത്രങ്ങളില്‍ വരുന്ന കാര്‍ട്ടൂണുകള്‍, മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ തുടങ്ങിയവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണു പൂര്‍ത്തിയായത്.ജനങ്ങളോട് ചേര്‍ന്നുനിന്ന് ഭരണം നടത്തുന്നതിന്റെയും സുതാര്യതയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അതേസമയം ശ്രീപത്മനാഭന്റെ ക്ഷേത്ര നിലവറകളില്‍ നിന്നു സഹ്രസ കോടികളുടെ രത്‌നങ്ങളും സ്വര്‍ണവുമെല്ലാം കണ്ടെടുത്തത് ആഘോഷമാക്കിമാറ്റിയ വിദേശ മാധ്യമങ്ങള്‍, കണ്ടെടുത്ത അമൂല്യസ്വത്തുക്കള്‍ ഇനി എന്തു ചെയ്യുമെന്ന ചര്‍ച്ചയ്ക്കു പുറകെയാണ്. സിഎന്‍എന്‍, ബിബിസി തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലും ദ് ടൈംസ്, സണ്‍ഡേ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ശ്രീപത്മനാഭന്റെ വാര്‍ത്തകള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ക്ഷേത്രത്തില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ സൂക്ഷിപ്പുകള്‍ പുറത്തെടുത്ത വിവരം അറിഞ്ഞപ്പോള്‍ തന്നെ വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ബജാജ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. വിദേശമാധ്യമങ്ങളുടെ ഏഷ്യന്‍ പ്രതിനിധികളും ഡല്‍ഹി ലേഖകരുമൊക്കെയാണു തലസ്ഥാനത്തു തങ്ങി വാര്‍ത്തകള്‍ ശേഖരിച്ചു ലോകത്തെ അറിയിച്ചത്. ക്ഷേത്രത്തില്‍ നിന്നു വന്‍ സൂക്ഷിപ്പുകള്‍ കണ്ടെടുത്തതു മുതല്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ഓരോന്നും ബിബിസിയും സിഎന്‍എന്നും ലോകത്തെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്തു തിട്ടപ്പെടുത്തിയ സ്വര്‍ണരത്‌ന ശേഖരം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇവിടെ നടക്കുന്ന ചര്‍ച്ചയടക്കം അവര്‍ വാര്‍ത്തിയാക്കിക്കഴിഞ്ഞു.

ഇത്രയും വലിയ ശേഖരം കൈമോശം വരാതെ കാത്തുസൂക്ഷിച്ച രാജവംശത്തെ പുകഴ്ത്തിക്കൊണ്ടാണു ബിബിസിയുടെ ഓണ്‍ ലൈനില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങളും പത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായി മാറിയതുമെല്ലാം ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഎന്‍എന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ സംഭവവികാസങ്ങളും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹരികുമാര്‍ തുടങ്ങിയവരുടെ പ്രതികരണമടക്കമാണു സിഎന്‍എന്‍ റിപ്പോര്‍ട്ട് കൊടുത്തത്. നെപ്പോളിയന്റെ കാലത്തുള്ള പുരാവസ്തുക്കളടക്കം ശേഖരത്തിലുണ്ടെന്നു സിഎന്‍എന്‍ ലോകത്തെ അറിയിച്ചു. കണ്ടെടുത്ത അമൂല്യ സ്വത്തുക്കള്‍ എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ചു രാജ്യത്തു നടക്കുന്ന ചര്‍ച്ചയും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുസമൂഹത്തിനു വേണ്ടി ഉപയോഗിക്കണമെന്നും വിദ്യാഭ്യാസകാര്യത്തിനു വിനിയോഗിക്കണമെന്നും ക്ഷേത്രമുതലായി സൂക്ഷിക്കണമെന്നുമെല്ലാമുള്ള വിവിധ അഭിപ്രായപ്രകടനങ്ങള്‍ വിദേശ മാധ്യമങ്ങളിലും സജീവമാണ്.

വിദേശ മാധ്യമങ്ങളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇടംനേടിയതോടെ ലോക ടൂറിസം ഭൂപടത്തിലും ക്ഷേത്രം സ്ഥാനം നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമൂല്യ നാണയങ്ങളും പുരാവസ്തുക്കളും അടങ്ങുന്ന കണ്ണഞ്ചിപ്പിക്കാന്‍പോന്ന നിധികുംഭം സൂക്ഷിച്ചിട്ടുള്ള ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇനി വിദേശികള്‍ ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ക്ഷേത്ര സൂക്ഷിപ്പുകള്‍ ഇപ്പോള്‍ ആര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലല്ല സൂക്ഷിച്ചിരിക്കുന്നതെങ്കിലും ഇത്രയും സ്വത്തുക്കള്‍ വര്‍ഷങ്ങളായി കാത്തുപോന്ന ക്ഷേത്രമെന്ന നിലയില്‍ ക്ഷേത്രം ഭക്തരുടെ മാത്രമല്ല വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. അതിനിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സംബന്ധിച്ചു സുപ്രീം കോടതിയെ അറിയിക്കാനുളള നിലപാട് സംസ്ഥാന സര്‍ക്കാര്‍വെള്ളിയാഴ്ചക്കകം തീരുമാനിക്കും. അതിനു മുന്‍പു തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളില്‍ നിന്നും ക്ഷേത്രത്തിലെ കാര്‍മികരില്‍ നിന്നും അഭിപ്രായം തേടും. 15നാണു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഭിപ്രായം അറിയിക്കേണ്ടത്. ക്ഷേത്ര വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടംതട്ടാത്ത തരത്തില്‍ അമൂല്യ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന അഭിപ്രായമാണു സര്‍ക്കാരിനുള്ളത്.

ഇപ്പോഴുള്ള നിലവറകളില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കണോ അതല്ലെങ്കില്‍ ക്ഷേത്രത്തില്‍ അതിനു വേറെ സംവിധാനം ഉണ്ടാക്കണോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ അഭിപ്രായം ആറിഞ്ഞശേഷം തീരുമാനിക്കും. 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വസ്തുകളെ നിയമപ്രകാരം പുരാവസ്തുക്കളായാണു പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെടുത്ത വിലമതിക്കാനാവാത്ത സ്വര്‍ണ ഉരുപ്പടികളും രത്‌നങ്ങളുമെല്ലാം ഈ ഗണത്തില്‍ പെടുന്നവയായിരിക്കും. പുരാവസ്തുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ചു പ്രത്യേക മാനദണ്ഡങ്ങളും രാജ്യത്തു നിലവിലുണ്ട്. ഇതു പാലിക്കേണ്ടിവന്നാല്‍ നിലവറകളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. പുരാവസ്തുക്കള്‍ തേയ്മാനം വരാതെ നോക്കണം. അതിനായി ഇവ സൂക്ഷിക്കുന്ന അറയിലെ താപനിലയും ഈര്‍പ്പസാന്നിധ്യവുമെല്ലാം ക്രമീകരിക്കേണ്ടതുണ്ട്. ചില രാസലായനികള്‍ ഉപയോഗിച്ച് ഇവയിലെ പൊടിയും അഴുക്കും കളഞ്ഞു വേണം സൂക്ഷിക്കേണ്ടത്. തുരുമ്പെടുക്കാത്ത അലമാരകളിലാണു സൂക്ഷിക്കേണ്ടത്. പ്രകൃതിദുരന്തങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഏര്‍പ്പെടുത്തണം. പൊടിയും പുകയും ഏല്‍ക്കാതെ നോക്കണം. പുരാവസ്തുക്കള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക ലബോറട്ടറിയും സ്ഥാപിക്കേണ്ടിവരും. പുരാവസ്തുക്കളായി പരിഗണിച്ചു സൂക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായാല്‍ ഇവയെല്ലാം പരിഗണിക്കേണ്ടിവന്നേക്കാം. ഇപ്പോഴുള്ളതു പോലെ തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന നിര്‍ദേശമുണ്ടായാല്‍ സര്‍ക്കാരിനു സുരക്ഷയുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

ഏകദേശം ഒന്നരലക്ഷം കോടി രൂപയുടെ ആസ്ഥിയാണ് ഇതുവരെയുള്ള പരിശോധയില്‍ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. രണ്ടായിരത്തിലധികം വരുന്ന രത്‌നങ്ങള്‍ പതിച്ച മാലകള്‍, ചാക്കുകണക്കിന് രത്‌നങ്ങള്‍, സ്വര്‍ണദണ്ഡുകള്‍, സ്വര്‍ണ കട്ടികള്‍, സ്വര്‍ണ കയര്‍, നെല്‍മണിയുടെ വലിപ്പമുള്ള സ്വര്‍ണതരികളുടെ വന്‍ ശേഖരം, കിരീടങ്ങള്‍, വീരശൃംഖലകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഗ്രാനൈറ്റ് പാകിയ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന്റെ 30 ശതമാനം മാത്രമേ പുറത്തെത്തിക്കാനുയുള്ളൂ. 136 വര്‍ഷമായി തുറക്കാതിരുന്ന എ എന്ന നിലവറയുടെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ പരിശോധന നടത്തിയത്. ഒന്നര മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമുള്ള നീളമേറിയ നിലവറയില്‍ കണ്ടെത്താ ദൂരത്തോളം സ്വര്‍ണ നിധിശേഖരം കണ്ടെത്തുകയായിരുന്നു. നിലവറയില്‍ ഒരു ഭാഗത്ത് മണ്ണിടിഞ്ഞ് സ്വര്‍ണശേഖരത്തിലേക്ക് വീണിരുന്നു. വന്‍ വൃക്ഷത്തിന്റെ വേരുകളും സ്വര്‍ണശേഖരത്തില്‍ പടര്‍ന്നു കയറിയ അവസ്ഥയുണ്ടായിരുന്നു.

നിലവറയില്‍ കണ്ടെത്തിയ രത്‌നങ്ങള്‍ ബെല്‍ജിയം രത്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ലോകത്ത് ഏറ്റവും വിലമതിക്കുന്ന അമൂല്യ രത്‌നങ്ങളാണിവ. മാലകളില്‍ 2 കിലോ 300ഗ്രാം വരുന്ന നാല് മാലകള്‍ കണ്ടെടുത്തു. കണ്ടെടുത്തതില്‍ വച്ച് ഏറ്റവും ഭാരമേറിയ മാലകളാണിത്. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് അറകളിലായി നടത്തിയ പരിശോധനയില്‍ ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇതിന്റെ പതിന്മടങ്ങ് മൂല്യമുള്ള സ്വര്‍ണ നിക്ഷേപങ്ങളാണ് ദൃശ്യമായത്. വര്‍ഷങ്ങളായി തുറക്കാത്ത ബി എന്ന അറയിലും സഹസ്രകോടികളുടെ നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തല്‍ 

No comments:

Post a Comment

Note: Only a member of this blog may post a comment.