Tuesday, July 19, 2011

ജയരാജന്റെ മുതലക്കണ്ണീര്‍


തിരുവനന്തപുരം സിഎസ്.ഐ സഭാ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ മര്‍ദ്ദിക്കപ്പെട്ടതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ച് ഒരാള്‍ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതു കണ്ടപ്പോള്‍ ചിരിവന്നു പോയി.
 ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും മര്‍ദ്ദിച്ചതില്‍ സങ്കടപ്പെട്ട് നിയമസഭയില്‍ പ്രസംഗിക്കുകയും പിന്നീട് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തത ഇ പി ജയരാജന്‍ എം എല്‍ എ. വിഷയം ഉന്നയിക്കാന്‍ പരമ യോഗ്യന്‍ തന്നെ! ഒരു സിനിമയുടെ പേരുണ്ടല്ലോ.....' ഓര്‍മ്മകളുണ്ടായിരിക്കണം....' എന്ന്. അതു തന്നെയാണ് സഖാവ് ഇ പി ജയരാജനോട് പറയാനുള്ള മറുപടി. ഇ പി ക്ക് ഓര്‍മ്മക്കുറവ് സംഭവിക്കാനിടയില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് കണ്ണൂരില്‍ നടന്ന സംഭവം. തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ചര്‍ച്ചാവിഷയം പി ശശിയാണെന്ന സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ കഴുത്തിന് പിടിച്ചു തള്ളി മര്‍ദ്ദിച്ചത് അന്ന് എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയുമായ പി ജയരാജനാണ്. ഒരു പൊതുസ്ഥലത്ത് വെച്ചാണ് ഷാജഹാനെ പരസ്യമായി ജയരാജന്‍ മര്‍ദ്ദിച്ചത്. കുറേ നേരം തടഞ്ഞുവെക്കുകയും ചെയ്തു. ഒരു വിധം സ്ഥലത്തു നിന്ന് സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി കൊണ്ടു പോയ ഷാജഹാനെ പിന്നീട് ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയ ജയരാജന്റെ ആക്രോശങ്ങളത്രയും ലോകമെമ്പാടും ഏഷ്യാനെറ്റ് കേള്‍പ്പിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടിയെ തള്ളിപ്പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ അതിരറ്റ് സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഇപി ജയരാജന്‍ തയ്യാറായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ തന്റെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ മര്യാദ പഠിപ്പിച്ചിട്ടു പോരേ ഇ പി ജയരാജന്റെ ഈ സ്‌നേഹപ്രകടനം.
 
തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് സംഘത്തെ അക്രമിച്ചവര്‍ക്കെതിരെ മണിക്കൂറുകള്‍ക്കകം നടപടിയുണ്ടായി. സംഭവത്തിലുള്‍പ്പെട്ട രണ്ട് പെരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ മര്‍ദ്ദിക്കുകയും ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അന്ന് എം എല്‍ എ ആയ പി ജയരാജനെതിരെ എന്തു നടപടിയാണെടുത്തത്? ഒരു പെറ്റിക്കേസ്. ജയരാജന്‍ നെഞ്ചും വിരിച്ച് സ്റ്റേഷനില്‍ ചെന്ന് ജാമ്യത്തിലിറങ്ങി. 'പത്രപുലികള്‍' ആരും പ്രകടനം നടത്തിയില്ല. പേരിനൊരു പ്രതിഷേധക്കുറിപ്പിറക്കി. ഷാജഹാന് തല്ലു കിട്ടിയത് മിച്ചം. ഏതായാലും അന്ന് പ്രതികരിക്കാന്‍ മറന്നുപോയ ഇപി ജയരാജന്റെ മനോഭാവത്തില്‍ ഇപ്പോള്‍ വന്നമാറ്റം അഭിനന്ദനീയം തന്നെ. ഏപ്പോഴും ആ സ്‌നേഹം ഉണ്ടാകുമെന്ന് മാധ്യമകേരളം പ്രതീക്ഷിക്കുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.