Sunday, July 31, 2011

പാര്‍ട്ടിയെ ധിക്കരിച്ചില്ല; ബര്‍ളിന്റെ വീട്ടില്‍ ചാനലുകള്‍ക്കായി വി.എസിന്റെ നാടകം

ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി
വിലക്ക് ഏര്‍പ്പെടുത്തിയകാര്യം വി.എസ് സ്ഥിരീകരിച്ചു


പാര്‍ട്ടിക്ക് വിനീതവിധേയനാണ് താനെന്ന് വി.എസ് തലകുനിച്ച് സമ്മതിച്ചു.
പിണറായിയുടെ ഉത്തരവ് തലതാഴ്ത്തി അനുസരിക്കാനേ തനിക്കാകൂ എന്നും തെളിയിച്ചു. പാര്‍ട്ടിവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട മുതിര്‍ന്ന നേതാവ് ബര്‍ളിന്‍ കുഞ്ഞനനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന പാര്‍ട്ടിയുടെ ഉഗ്രശാസനം ലംഘിക്കാന്‍ വി എസ് തയ്യാറായില്ല. ചാനലുകളില്‍ നിറയാന്‍ വേണ്ടിയുള്ള നാടകം വി എസ് ഭംഗിയായി അഭിനയിച്ചു. ബര്‍ളിന്റെ വീട്ടില്‍ നിന്ന് ഇളനീര്‍വെള്ളം മാത്രം കുടിച്ച വി എസ് വാര്‍ത്തകളില്‍ ഇടം നേടാനുള്ള തന്റെ യത്‌നത്തില്‍ വിജയിച്ചു. 
പാര്‍ട്ടി വിലക്ക് ലംഘിച്ച ധീരനാണ് വി എസെന്ന് ചാനലുകാര്‍ വാഴ്ത്തുമ്പോള്‍ പാവം ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ മാത്രം ക്ഷോഭം മനസിലൊതുക്കാതെ പിണറായി വിജയനേയും സി പി എമ്മിനേയും പഴി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബര്‍ളിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം മാത്രമാണ് വി എസിന് പാര്‍ട്ടി നല്‍കിയത്. ബര്‍ളിന്റെ വീട്ടില്‍ പോകാനോ പ്രായാധിക്യം മൂലം അവശതയിലുള്ള അദ്ദേഹത്തെ കാണാനോ വി എസിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. ബര്‍ളിന്റെ വീട്ടില്‍ ഉച്ചഭക്ഷണം പോയിട്ട് ഒരുക്കിവെച്ച ലഘുഭക്ഷണം പോലും കഴിക്കാതെ പാര്‍ട്ടിയെ അനുസരിച്ച വി എസിനെ എന്നിട്ടും പാര്‍ട്ടിവിലക്ക് ലംഘിച്ച ധീരനായി ചാനലുകള്‍ ചിത്രീകരിച്ചു. വലിയ എന്തോ സാഹസം ചെയ്ത മട്ടിലായിരുന്നു ബര്‍ളിന്റെ വീട്ടിലേക്ക് വി എസിന്റെ പ്രവേശനം. പ്രമുഖ നേതാക്കളെല്ലാം തലശേരിയിലായിരിക്കേ വി എസിന് അകമ്പടി കൂടാന്‍ പഴയ വി എസ് പക്ഷക്കാരനായ ജയിംസ് മാത്യു എം എല്‍ എ മാത്രമാണുണ്ടായിരുന്നത്. ജയിംസ് മാത്യുവാകട്ടെ വി എസിനൊപ്പം ബര്‍ളിന്റെ വീട്ടില്‍ ചെല്ലാതെ റോഡില്‍ നില്‍ക്കുകയായിരുന്നു.
 
ഭക്ഷണം കഴിക്കുന്നതില്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയ കാര്യം വി എസ് ഇന്നലെ സ്ഥിരീകരിച്ചു. ചാനലുകാര്‍ ചുറ്റിലും നില്‍ക്കേ ഹരം കയറിയ വി എസ് പാര്‍ട്ടിവിലക്കുള്ളത് പരസ്യമായി തന്നെ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂവെന്നും വെള്ളം കുടിക്കുന്നതില്‍ വിലക്കില്ലെന്നും പറഞ്ഞ വി എസ് ഒരു ഗ്ലാസ് ഇളനീര്‍വെള്ളം കുടിച്ചാണ് ചാനലുകാര്‍ക്ക് മുന്നില്‍ ധീരനായത്. വി എസിന് ബര്‍ളിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്കുള്ള കാര്യം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. വി എസിനെ മാത്രം അറിയിച്ച കാര്യം വി എസ് പരസ്യമാക്കിയത് മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ്. കണ്ണൂരില്‍ ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുള്ളപ്പോള്‍ തന്റെ പിന്നാലെ ചാനലുകാരെത്തില്ലെന്ന തോന്നല്‍ വി എസിനുണ്ടായിരുന്നു. തന്റെ മാധ്യമ ഉപദേഷ്ടാക്കളോടൊക്കെ ആലോചിച്ച ശേഷമാണ് ബര്‍ളിന്‍ പ്രശ്‌നം പുറത്ത് വിട്ട് കണ്ണൂരിലെ തന്റെ പര്യടനത്തിന് ചാനലുകാരെ കൂടെ കൂട്ടാനുള്ള തന്ത്രം വി എസ് ആവിഷ്‌കരിച്ചത്. പാര്‍ട്ടി വിലക്ക് ലംഘിക്കാതെ നാടകം കളിച്ച വി എസിന് ചാനലുകള്‍ ധീരപരിവേഷം നല്‍കുകയും ചെയ്തു. തന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ വി എസിനെ പാര്‍ട്ടി വിലക്കിയതിലുള്ള രോഷം ഇന്നലേയും ബര്‍ളിന്‍ മറച്ചു വെച്ചില്ല. വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത പാര്‍ട്ടിയാണ് സി പി എമ്മെന്ന് ബര്‍ളിന്‍ പറഞ്ഞു. പിണറായി ഇടപെട്ടാണ് ബര്‍ലിന്റെ വീട്ടിലെ സദ്യയുണ്ണുന്നതില്‍ നിന്ന്  വി എസിനെ വിലക്കിയത്. പാര്‍ട്ടിയെ ധിക്കരിക്കാതെ തന്നെ 'ചാനല്‍ കവറേജ്' നേടി തൃപ്തിയടഞ്ഞ വി.എസ് പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തി ഊണ് കഴിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.