Thursday, July 21, 2011

റബ്‌കോവിന് കോടികള്‍ വായ്പ നല്‍കാന്‍ സി.പി.എമ്മിന്റെ രഹസ്യ നിര്‍ദ്ദേശം


കോടികളുടെ നഷ്ടം വരുത്തിയിട്ടുള്ള സഹകരണ സംഘത്തെ സഹായിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ സി.പി.എം നീക്കം. കണ്ണൂര്‍ ആസ്ഥാനമായുള്ള റബ്‌കോയ്ക്ക് വലിയ തോതിലുള്ള വായ്പ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍
സി.പി.എം നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക് ഭാരവാഹികളുടെ രഹസ്യ യോഗം വിളിച്ചുകൂട്ടി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ സഹകരണ സബ്ബ് കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജനാണ് യോഗം വിളിച്ചത്. വായ്പാ ഉടന്‍ നല്‍കണമെന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഓരോ ജില്ലാ ബാങ്കിനും 25 മുതല്‍ 30 കോടി രൂപ വരെയാണ് ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുള്ളത്. സി.പി.എം ഭരണസമിതിയുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും കാരണം റബ്‌കോ വന്‍ തകര്‍ച്ചയിലാണ്. റബ്‌കോവിന് നല്‍കിയ വായ്പ തിരിച്ചടക്കാത്തതിനാല്‍ സംസ്ഥാന സഹകരണ ബാങ്കും, എറണാകുളം, കോട്ടയം ജില്ലാ സഹകരണ ബാങ്കുകളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ മുന്‍കൈ എടുത്ത് എല്ലാ ജില്ലാ ബാങ്കുകളില്‍ നിന്നും ഭീമമായ തുക വായ്പയെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. നബാര്‍ഡ് ഈ നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും തിരിക്കു പിടിച്ച് ഗ്യാരണ്ടി ഉത്തരവ് നേടിയെടുത്തിരുന്നു. എന്നാല്‍, നബാര്‍ഡിന്റെ നടപടിയെ തുടര്‍ന്ന് മിക്ക ജില്ലാ ബാങ്കുകളും വായ്പ നല്‍കുന്നതിന് തയ്യാറായില്ല്. ജില്ലാ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിനുള്ള നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സമരം നടത്തിയിരുന്നു. തകരുന്ന സഹകരണ സ്ഥാപനത്തിന് കോടികള്‍ വായ്പ നല്‍കാനുള്ള നീക്കം ഇന്നലെ ചേര്‍ന്ന തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ ബോഡി യോഗത്തില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കി.

No comments:

Post a Comment

Note: Only a member of this blog may post a comment.