Sunday, July 17, 2011

മീഡിയ ആക്റ്റിവിസം യുഡിഎഫ് ഭരണകാലത്തു മാത്രമോ?


അഞ്ചുവര്‍ഷം ഭരിച്ചിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍് ജനങ്ങളിലേക്കു ചെല്ലുന്നതിന്റെ ഭാഗമായി ചാനലുകളില്‍ നടന്ന പല ചര്‍ച്ചകളിലൊന്ന് കണ്ണൂരിലായിരുന്നു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരായ പരാതിയും വിവാദങ്ങളും ചര്‍ച്ചയായത് സ്വാഭാവികം. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ചിലര്‍ ചാനല്‍ റിപ്പോര്‍ട്ടറെ തല്ലാന്‍ ചെന്നു. പേടിച്ചുപോയ റിപ്പോര്‍ട്ടര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ, സര്‍വോപരി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടെത്തിയ പി ജയരാജന്റെ പിന്നില്‍പോയി നിന്നു. അഭയം ചോദിച്ചാണെത്തിയത്. പക്ഷേ, ജയരാജന്‍ കോളറില്‍ പിടിച്ചു നിര്‍ത്തിയെന്നും മുഖത്തടിച്ചെന്നും പറഞ്ഞത് റിപ്പോര്‍ട്ടര്‍ തന്നെയാണ്. മാത്രമല്ല, ഇനിയും നിനക്ക് അടികിട്ടുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും നാട്ടുകാരെ കേള്‍പ്പിച്ചു.പിന്നൊന്നും കേട്ടുമില്ല, കണ്ടുമില്ല. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു മുന്നിലൊരു പ്രതിഷേധം, ക്ലിഫ് ഹൗസ മാര്‍ച്ച്,  സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്കൊരു മാര്‍ച്ച്, സിപിഎം സംസ്ഥാന സെക്രട്ടറിക്കു നിവേദനം തുടങ്ങിയ വിപുല സാധ്യതകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതും അത് ചാനലുകളിലൂടെ ലൈവായി സംപ്രേഷണം ചെയ്യുന്നതും കാത്തിരുന്ന ജനം മടുത്തപ്പോള്‍ എണീറ്റുപോയി.ഭരണം വീണ്ടും മാറി. തിരുവനന്തപുരത്തെ കാരക്കോണം സിഎസ്‌ഐ സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശന കൊള്ള പുറത്തുവന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ എല്ലാ തെളിവുകളോടെയും. തലവരിപ്പണം വാങ്ങിയവരെക്കുറിച്ച് പരാതി പറയാന്‍ സഭാ ആസ്ഥാനത്ത് പോയ രക്ഷിതാക്കളെ കാണാന്‍ ചാനലുകാര്‍ എത്തിയത് ആ ഞെട്ടലിന്റെ തുടര്‍ച്ച ജനങ്ങളെ അനുഭവിപ്പിക്കാനായിരുന്നു. തികച്ചും സദുദ്ദേശപരം. പക്ഷേ, സിഎസ്‌ഐക്കാര്‍ക്ക് നൊന്തിരിക്കുകയായിരുന്നു. ആരുമറിയില്ലെന്നു കരുതി വാങ്ങി പെട്ടിയിലിട്ട ലക്ഷങ്ങള്‍ പെട്ടിയോടെ പോകുമോ എന്ന പേടി. അതിനിടയിലേക്കാണ് ചാനല്‍ ക്യാമറ ചെന്നത്.  സീറ്റുലേലം റിപ്പോര്‍ട്ട് ചെയ്ത പി ജി സുരേഷ്‌കുമാറിനെ കിട്ടാത്തതുകൊണ്ട് കയ്യില്‍കിട്ടിയ ശരത് കൃഷ്ണയെ കാല്‍ക്കീഴിലിട്ട് ചവിട്ടി. പ്രതിഷേധം ഇരമ്പിയതും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തിയതും സ്വാഭാവികം. ക്യാമറ പിടിച്ചുവാങ്ങി ടേപ്പ് നശിപ്പിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതിലുമില്ല സംശയം. അച്ചനാണെങ്കിലും അല്‍മായരാണെങ്കിലും നിയമം കയ്യിലെടുക്കാനും കാല്‍ക്കീഴിലിട്ട് ചവിട്ടാനും അനുവദിക്കുകയുമരുത്. പക്ഷേ, പെട്ടെന്നെന്തോ ഒരു പന്തികേട്. നിയമസഭയിലെ പ്രസ് ഗ്യാലറിയില്‍ നിന്നു മാധ്യമ പ്രവര്‍ത്തകരൊന്നാകെ തെരുവിലേക്ക്. പ്രതിപക്ഷ നേതാക്കളുടെ വന്‍പട ഐക്യദാര്‍ഡ്യം അറിയിച്ച് എത്തുന്നു. ആകെക്കൂടി 2005ലെ  ദൃശ്യങ്ങളുടെ ഓര്‍മകളുണ്ടാക്കുന്ന എന്തൊക്കെയോ ചിലത്.മാധ്യമ പ്രവര്‍ത്തകരും കേരള പത്രപ്രവര്‍ത്തക യൂണിയനും യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രം പ്രതിഷേധത്തിന്റെ  കുന്തമുനയ്ക്ക് ഇത്ര മൂര്‍ച്ച കൂട്ടുന്നത് എന്നൊരു ചോദ്യം കിടന്നു കറങ്ങുന്നത് കേള്‍ക്കാതെ പോയിട്ടു കാര്യമില്ല. ജനം എല്ലാം മറക്കുന്നവരാണെങ്കിലും ചില കാര്യങ്ങള്‍ ചികഞ്ഞെടുക്കുകയും ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലുമൊക്കെ ഇരുന്ന് പിന്നെയും പിന്നെയും പറയുകയും ചെയ്യും. അങ്ങനെ ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍പെട്ടതാണ് ഈ മാധ്യമ വീരസ്യ പുരാണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ ഒന്നേരണ്ടോ അല്ല, അമ്പതോളമാണുണ്ടായത്. അതില്‍ എത്രയെണ്ണത്തില്‍ പ്രതികളെ പിടികൂടി ?  എത്ര കേസുകളുണ്ട്? എത്രയെണ്ണത്തില്‍ നമ്മള്‍ രോഷാകുലരായി തെരുവിലിറങ്ങി? ഇതൊക്കെ പരിശോധന ആവശ്യപ്പെടുന്ന കാര്യങ്ങളല്ലേ.ആരു ഭരിച്ചാലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയലേശമില്ലാതെ ജോലി ചെയ്യാനും അതുകഴിഞ്ഞ് സ്വസ്ഥമായി വഴിയില്‍ ഇറങ്ങി നടക്കാനും കഴിയണം. അതു കഴിയാത്ത സാഹചര്യമുണ്ടായാല്‍ വിട്ടുവീഴ്ചയില്ലാതെ പോരുതി അത് ഉറപ്പാക്കാതെ വയ്യ. കാരണം , മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവും സുരക്ഷയും സമൂഹത്തിന്റെ ജനാധിപത്യ- പൗരാവകാശങ്ങളുടെ നിലനില്‍പിന്റെ ഭാഗമാണ്. അതുകൊണ്ുതന്നെ സത്യത്തിനു നേരേ തുറന്നു പിടിച്ച കണ്ണുകളെ കല്ലെറിഞ്ഞു പൊട്ടിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുകയുമില്ല. എന്നാല്‍ അതിനൊരു മറുവശമുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തയില്‍ മാത്രമല്ല, വാര്‍ത്താനന്തര പ്രവര്‍ത്തനങ്ങളിലും നിറം ചേര്‍ക്കരുത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരേയൊരു യൂണിന്‍ മാത്രമേയുള്ളു. അതിന്റെ കൊടിക്കൊപ്പം അദൃശ്യമായ മറ്റൊരു കൊടിയുടെയും സാന്നിധ്യം നന്നാവില്ല. ഭരിക്കുന്നത് യുഡിഎഫ് എങ്കില്‍ മുദ്രാവാക്യങ്ങള്‍ വല്ലാതെ കര്‍ക്കശമാവുന്നുണ്ടോ എന്ന പരിശോധനയ്ക്കും ഇടമുണ്ടാകണം. ഇടതുമുന്നണി ഭരിക്കുമ്പോള്‍ നമ്മള്‍ വിനീത വിധേയരായിപ്പോയിട്ടുണ്ടോ എന്ന ചോദ്യം അതോടു ചേര്‍ത്തു ചോദിക്കണം. അവരവരുടെ ഉള്ളില്‍തന്നെ ചോദിച്ചാല്‍ മതി. ഉത്തരവും അവിടെത്തന്നെയാകട്ടെ. എല്ലാവരുടെയും നോവുകളെ നെഞ്ചേറ്റുന്ന മാധ്യമ പ്രവര്‍ത്തകന് തെളിഞ്ഞ ഉത്തരം കിട്ടാതിരിക്കില്ല.വിനീത വിധേയന്‍മാരുടെ വളഞ്ഞ മുതുകിന്റേതല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തന ചരിത്രം. അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ കേസരി ബാലകൃഷ്ണ പിള്ളയെ ഓര്‍ക്കുമ്പോള്‍ അതില്‍ ആദരം തുളുമ്പുമായിരുന്നില്ലല്ലോ. സ്വദേശാഭിമാനി നമുക്ക് അഭിമാന പ്രതീകമാകാതെ പോകുമായിരുന്നു.അവരുടെ ഓര്‍മകളോട് അനീതി കാട്ടാതിരിക്കാം.

No comments:

Post a Comment

Note: Only a member of this blog may post a comment.