Saturday, July 30, 2011

മെട്രൊറെയ്ല്‍ യാഥാര്‍ഥ്യത്തിലേക്ക്

മലയാളിയുടെ മെട്രൊ സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കുന്നു. ഒരു ദശാബ്ദമായി ചര്‍ച്ച ചെയ്യുന്ന കൊച്ചി മെട്രൊ റെയ്ലുമായി ബന്ധപ്പെട്ട് ആദ്യ നിര്‍മാണ പ്രവര്‍ത്തനത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ശിലയിടും. 

വര്‍ഷങ്ങള്‍ക്കു മുന്‍പു സമര്‍പ്പിച്ച മെട്രൊ പദ്ധതി രേഖയ്ക്ക് ഇതേവരെ കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി ലഭിച്ചിട്ടില്ലെങ്കിലും, അധികം വൈകാതെ ഈ ഹൈടെക് യാത്രാ സ്വപ്നത്തിനു ധനകാര്യ മന്ത്രാലയം സമ്മതം മൂളുമെന്നാണു പ്രതീക്ഷ. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുന്‍പുതന്നെ മെട്രൊയ്ക്കു വേണ്ടി കൊച്ചിയെ സജ്ജമാക്കുക. അതാണ് ഇന്നു തുടങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

ആലുവയില്‍നിന്നു പേട്ട വരെയുള്ള 27 കിലോമീറ്ററാണു കൊച്ചിയിലേക്കു വിഭാവനം ചെയ്തിട്ടുള്ള മെട്രൊ റെയ്ല്‍. ഡല്‍ഹി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) തയാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 4427 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ ഗതാഗത പദ്ധതി 2020ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാം. നഗര മധ്യത്തിലൂടെയാണു മെട്രൊ കടന്നുപോകുന്നതെന്നതിനാല്‍, കൊച്ചിയില്‍ ഇന്നുള്ള ഗതാഗത സംവിധാനത്തില്‍ കാതലായ അഴിച്ചുപണി വേണമെന്നും ഡിഎംആര്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആലുവയില്‍ തുടങ്ങി ഇടപ്പള്ളി വഴി നോര്‍ത്ത് - എംജി റോഡ് - വൈറ്റില വഴി പോകുന്ന മെട്രൊ തൃപ്പൂണിത്തുറയ്ക്കടുത്തു പേട്ടയില്‍ അവസാനിക്കും. റോഡില്‍ വലിയ പില്ലറുകള്‍ സ്ഥാപിച്ച് അതിനു മുകളിലായാണ് എലിവേറ്റഡ് മെട്രൊ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി റോഡുകളും പാലങ്ങളും നവീകരിക്കണം.

നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മിക്കുകയെന്നതാണു മെട്രൊ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ഇപ്പോഴുള്ള പാലം പൂര്‍ണമായി പൊളിച്ചുനീക്കി പകരം നാലു വരിയില്‍ പുതിയ പാലം നിര്‍മിക്കണം. മൂന്നു തട്ടിലായി നിര്‍മിക്കുന്ന പാലത്തിന്‍റെ മൂന്നാമത്തെ തട്ടിലാണു മെട്രൊയുടെ ട്രാക്ക് വരേണ്ടത്. മെട്രൊ വരുമ്പോള്‍ നോര്‍ത്ത് പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സലിം രാജന്‍ റോഡില്‍നിന്നു പുതിയ മേല്‍പ്പാലം നിര്‍മിക്കണമെന്നതും സൗത്ത് - നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കണമെന്നും ഡിഎംആര്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ ഘട്ടമായാണ് സലിം രാജന്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. 19 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം ഇതു പൂര്‍ത്തിയാക്കും.

ഇതിന്‍റെ നിര്‍മാണം നടക്കുന്നതിനിടെതന്നെ നോര്‍ത്ത് മേല്‍പ്പാലം പൊളിക്കും. ഈ സമയത്തു കൊച്ചിയിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ഇന്നുള്ള സ്ഥിതി മെച്ചപ്പെടുത്താതെ കാര്യക്ഷമമായി ഗതാഗത ക്രമീകരണം നടത്താനാവില്ലെന്നു ട്രാഫിക് പൊലീസ് പറയുന്നു. ഇതു കണക്കിലെടുത്തു നഗരത്തിലെ 11 റോഡുകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. ഇപ്രകാരം സംസ്ഥാന സര്‍ക്കാറിന്‍റെ എല്ലാ ഏജന്‍സികളുടെയും പൂര്‍ണ സഹകരണ ഉറപ്പുവരുത്തിക്കൊണ്ടാണു കൊച്ചി മെട്രൊ റെയ്ലിനെ സ്വീകരിക്കാനായി ഒരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി നേടിയെടുക്കുകയെന്ന വലിയൊരു കടമ്പ കൊച്ചിക്കു മുന്നിലുണ്ട് ഇനി. സ്വകാര്യമേഖലയില്‍ത്തന്നെ കൊച്ചി മെട്രൊ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടായിരുന്നു ഇതുവരെ പദ്ധതിക്കു മുന്നിലുണ്ടായിരുന്ന തടസം. കേരളത്തിന്‍റെ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങള്‍ക്ക് പിപിപി മോഡല്‍ അനുയോജ്യമല്ലെന്നു പദ്ധതിയുടെ നടത്തിപ്പുകാരായ ഡിഎംആര്‍സി പോലും അഭിപ്രായപ്പെട്ടുകഴിഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പല തവണ മെട്രൊ റെയ്ല്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ചെന്നൈ, ബംഗളൂരു മാതൃകയില്‍ മെട്രൊ നടപ്പാക്കണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമേഖലാ പങ്കാളിത്തത്തോടെയാണ് അവിടങ്ങളില്‍ മെട്രൊ നിര്‍മിച്ചത്. 

യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്ക് കഴിഞ്ഞ ദിവസം കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ കൊച്ചി മെട്രൊയ്ക്കായുള്ള 25 കോടിയും ഉള്‍പ്പെടുന്നു. മെട്രൊയ്ക്കുള്ള പണത്തിന് അനുമതി നല്‍കിയ പ്ലാനിങ് കമ്മിഷന്‍ നിലപാട് പദ്ധതിക്കു മുന്നോട്ടുള്ള വഴി തുറക്കുന്നതായാണു വിലയിരുത്തലുകള്‍. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യവും മെട്രൊയുടെ വരവ് എളുപ്പാമാക്കുമെന്നു പ്രതീക്ഷിക്കാം

No comments:

Post a Comment

Note: Only a member of this blog may post a comment.