Saturday, July 16, 2011

കമ്മ്യൂണിസത്തിന്റെ അവസാനം ഇന്ത്യയിലും..

ങ്ങനെ ഇന്ത്യയിലും കമ്മ്യൂണിസത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു. ഇത് പറയുമ്പോള്‍ സഖാക്കള്‍ പതിവ് പോലെ സി.പി.എം. വിരുദ്ധന്‍ എന്ന് എന്നെ വിശേഷിപ്പിക്കാന്‍ ഇനി ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍ ഒറ്റയടിക്ക് എത്ര ലക്ഷം ജനങ്ങളാണ് പശ്ചിമ ബംഗാളില്‍ സി.പി.എം. വിരുദ്ധരായത്? ഇവരെല്ലാം സി.പി.എം. വിരുദ്ധരായത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ആരും പെട്ടെന്ന് മറുപടി പറയും, സി.പി.എമ്മിന്റെ കൈയ്യിലിരുപ്പ് കൊണ്ടാണത് എന്ന്. നന്ദിഗ്രാമില്‍ കര്‍ഷകരെ വെടി വെക്കാന്‍ തോക്കുമായി പോയത് പോലീസ്‌കാര്‍ മാത്രമല്ല, സി.പി.എമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ കൂടിയായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാ‍ല്‍ പോലീസിനേക്കാളും അക്കാര്യത്തില്‍ താല്പര്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ആയിരുന്നു. പോലീസ് പണി എടുക്കുന്നത് ശമ്പളത്തിനാണ്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക്, കര്‍ഷകരെ കുടിയൊഴിപ്പിക്കണമെന്ന പാര്‍ട്ടി ആവശ്യം പെട്ടെന്ന് നിറവേറ്റണമായിരുന്നു. ബംഗാളില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ അങ്ങനെയല്ലായിരുന്നു. പാര്‍ട്ടിയും സര്‍ക്കാറും ഒന്നു തന്നെ. അതാണ് കമ്മ്യൂണിസ്റ്റ് രീതി. 1957ല്‍ ആ രീതി കേരളത്തിലും നടപ്പാക്കാന്‍ നോക്കിയതാണ്. പക്ഷെ ഭാഗ്യത്തിന് കേരളത്തില്‍ അത് വിജയിച്ചില്ല. 59ലെ വിമോചന സമരത്തിലൂടെ ആ കമ്മ്യൂണിസ്റ്റ് അജണ്ട കേരളം വിജയകരമായി തിരസ്ക്കരിച്ചു.

1977 മുതല്‍ തുടര്‍ച്ചയായി ബംഗാളില്‍ സി.പി.എം. ഭരിച്ചപ്പോള്‍ പാര്‍ട്ടി സര്‍ക്കാറായി മാറുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടി മെഷിനറിക്ക് കീഴ്പ്പെട്ട് ഒതുങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് നന്ദിഗ്രാമിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ ചുമലിലാവുന്നത്. അതോടെ ബംഗാ‍ളിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരികപ്രവര്‍ത്തകരും എല്ലാം ഒന്നടങ്കം സി.പി.എമ്മിന്റെ സര്‍വ്വാധിപത്യം തിരിച്ചറിയുകയും പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തു. സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ പതനം അവിടെ തുടങ്ങിയെങ്കിലും പാര്‍ട്ടി അത് തിരിച്ചറിഞ്ഞില്ല. ജനങ്ങള്‍ എക്കാലവും കഴുതകള്‍ ആയി തന്നെ തുടരും എന്ന് ഇതിനകം മധ്യവര്‍ഗ്ഗപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചിരുന്ന സി.പി.എം.യജമാനന്മാര്‍ കരുതി. ബംഗാളില്‍ കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനെ ഭയന്ന് അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. അങ്ങനെ ഭയക്കാന്‍ തയ്യാറാവാതിരുന്ന മമത ബാനര്‍ജിയെ കോണ്‍ഗ്രസ്സുകാര്‍ തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുകച്ചു പുറത്താക്കുകയും ചെയ്തു. പക്ഷെ മമതയ്ക്ക് സ്വന്തം നാട്ടില്‍ ജനാധിപത്യം തിരിച്ചുകൊണ്ടു വരണമായിരുന്നു. നന്ദിഗ്രാം മമതയ്ക്ക് നല്ലൊരു അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ അതിനേക്കാളും നല്ലൊരു ചാന്‍സ് മമതയ്ക്ക് സമ്മാനിച്ചത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്.

ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍‌വലിച്ചപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ്സ് ഘടകത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബംഗാളില്‍ വിഘടിച്ചു നിന്ന ജനാധിപത്യശക്തികള്‍ ഒന്നിച്ചു. ഇതിന്റെ അപകടം സി.പി.എം. ബംഗാള്‍ ഘടകം മണത്തറിഞ്ഞിരുന്നു. എന്നാല്‍ കാരാട്ടിന്റെ താരപ്രഭയില്‍ ബംഗാള്‍ ഘടകത്തിന് മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളൂ. എന്തിനായിരുന്നു ആണവക്കരാരിന്റെ പേരില്‍ തിരക്കിട്ട് യു.പി.എ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചത് എന്ന് പ്രകാശ് കാരാട്ടിന് മാത്രമേ അറിയൂ.  രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പണയം വെക്കുന്നത്കൊണ്ടുള്ള ദേശാഭിമാനപ്രചോദിതമായ ധാര്‍മ്മികരോഷത്തിലാണെങ്കില്‍ , വണ്‍ റ്റൂ ത്രി എന്ന ആ കരാറുമായി ചൈന മുന്‍പേ അമേരിക്കയുമായി ഒപ്പ് വെച്ചിരുന്നു. എന്നിട്ടെന്താ ചൈന അമേരിക്കയുടെ പണയത്തിലായോ? എന്തായാലും അത് നല്ലൊരു നിമിത്തമായി. മന്‍‌മോഹന്‍ സിങ്ങിന് ഇടങ്ങാറില്ലാതെ ഇപ്പോള്‍ ഭരിക്കാന്‍ കഴിയുന്നു. മൂന്നാം മുന്നണി എന്ന് ഇനിയാരും വിളിച്ചു കൂവില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തെ ഇനിയാരും ഗൌനിക്കില്ല. പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഞാന്‍ ജനിക്കുന്നതിന് 33 കൊല്ലം മുന്നെ മഹത്തായതെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒക്റ്റോബര്‍ വിപ്ലവം അങ്ങ് റഷ്യയില്‍ അരങ്ങേറിയിരുന്നു. എനിക്ക് ബുദ്ധിയുറക്കുമ്പോള്‍ എന്റെ പഞ്ചായത്തില്‍ മൂന്നോ നാലോ കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏ.കെ.ജി. ആയിരുന്നു. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് , അങ്ങനെയൊരു അച്ചുതണ്ടിലായിരുന്നു ഇന്ത്യന്‍ രാ‍ഷ്ട്രീയം. ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അധിവസിക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലാണെന്നും മുതലാളിത്തം അതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ട് അത്യാസന്ന നിലയില്‍ ആണെന്നും ഇതാ ആഗോള സോഷ്യലിസം വരവായി എന്നും ചെറുതും വലുതുമായ പ്രാസംഗികര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, ഇപ്പോള്‍ എന്തായി? അതിന്റെയൊക്കെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ പോസ്റ്റ് അനന്തമായി നീണ്ടുപോകും എന്നതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.

ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമര്‍ശിക്കുന്നവരെ അസഹിഷ്ണുതയോടെ സി.പി.എം. വിരുദ്ധന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; നിങ്ങള്‍ പറയുന്ന ഈ കമ്മ്യൂണിസം ഇത്രയും നല്ലതാണെങ്കില്‍ എന്ത്കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാല്‍ തുടച്ചു നീക്കപ്പെടുന്നു? 34 കൊല്ലം  സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാളിലെ മുഖ്യമന്ത്രിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുന്നു? കേരളത്തില്‍ 72 സീറ്റ് മാത്രം കിട്ടിയത്കൊണ്ട് എപ്പോള്‍ അടി തുടങ്ങും എന്ന് കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ടോ
എഴുതിയത്: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി http://kpsukumaran.blogspot.com

No comments:

Post a Comment

Note: Only a member of this blog may post a comment.