Tuesday, July 19, 2011

ഇടതു ഭരണത്തിലൂടെ കടക്കെണി രൂക്ഷമായി


ഇടതു ഭരണത്തിന്റെ ബാക്കിപത്രമായി കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാനം ഇപ്പോള്‍ 78,673 കോടി രൂപ കടത്തിന്റെ നിലയില്ലാക്കയത്തിലാണ്.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കേരളത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ആധികാരിക രേഖയായ ധവളപത്രത്തിലാണ് അത്യന്തം ആശങ്കാജനകമായ ഈ വെളിെപ്പടുത്തലുകളുള്ളത്. സര്‍ക്കാരിനുവേണ്ടി ധനമന്ത്രി കെ. എം. മാണിയാണ് ധവളപത്രം ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.  ഓരോ കേരളീയന്റെയും പ്രതിശീര്‍ഷ സാധ്യത 2010-ലെ കണക്കനുസരിച്ച് 19,626 രൂപയാണ്. ദേശീയതലത്തില്‍ ഇത് 10,018 രൂപ മാത്രമാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ആളോഹരി കടബാദ്ധ്യത. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ മുന്നണി ഭരണത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇത്തരമൊരു ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിച്ചതെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇതിനു മുമ്പ്  ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേറിയ 2001-ലും കേരളത്തിന്റെ അന്നത്തെ സാമ്പത്തിക സ്ഥിതി വിശദമാക്കുന്ന ധവളപത്രം പുറപ്പെടുവിക്കുകയുണ്ടായി.
 
പൊതുവായ സാമ്പത്തിക അവലോകനവും  അതിന്മേല്‍ വിശദവും ആധികാരികവും ഫലപ്രദവുമായ ചര്‍ച്ചയും   ഉണ്ടാകണമെന്നും പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള മാര്‍ഗവും പ്രതിവിധിയും നിര്‍ദ്ദേശിക്കപ്പെടണമെന്നുള്ള ഉദ്ദേശത്തോടെയാണ്  പുതിയ സര്‍ക്കാരും ധവളപത്രത്തെ ആശ്രയിക്കുന്നതെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിമിതമായ തോതിലുള്ള പരിഹാരമാര്‍ഗങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു എന്നും, വികസന വിഷയത്തില്‍ വിവിധ മേഖലകള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുക എന്നത് തികച്ചും ആയാസകരമാണെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു.   
അര്‍ത്ഥപൂര്‍ണമായ ഒരു സംവാദം ഇത്തരം കാര്യങ്ങളിലുണ്ടാകേണ്ടതിന്റെ ആവശ്യകതയും പത്രത്തില്‍ എടുത്തു പറയുന്നു. സംസ്ഥാനത്തെ ഋണ ബാദ്ധ്യതയില്‍ നിന്നു കരകയറ്റാനും, അതിന്റെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടുത്താനും ഉതകുന്ന തരത്തിലാണ് ധവളപത്രത്തിലെ അവലോകനങ്ങളും നിര്‍ദേശങ്ങളുമെല്ലാം തന്നെ. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഈ രേഖ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും വ്യക്തം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ട്രഷറിയില്‍ 3,882 കോടി  രൂപയുടെ നീക്കിയിരുപ്പുണ്ടായിരുന്നു എന്നത് സാമ്പത്തിക സുസ്ഥിരതയുടെ നിദര്‍ശനമല്ല.
 
പലിശയിനത്തില്‍ തന്നെ  ഇതിന്റെ നല്ലൊരു പങ്കും, സംസ്ഥാനത്തിന് ബാദ്ധ്യതയായി മാറുന്നു എന്നതാണ്. യാഥാര്‍ത്ഥ്യം.  
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് 2005-ല്‍ 23.34 ശതമാനമായിരുന്നെങ്കില്‍ 2010 ആയപ്പോഴേക്കും അത് കേവലം 14.57 ശതമാനമായി ചുരുങ്ങുകയാണുണ്ടായത്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് ക്രമേണ കുറഞ്ഞ്, 2010-ല്‍ 11.47 ശതമാനമായി. ഉത്പാദനമേഖലയില്‍ ഇത് 9.33 ശതമാനം മാത്രമായിരുന്നു. അതിനേക്കാളും മോശമായ അവസ്ഥയില്‍, 7.13  ശതമാനത്തിലെത്തി അടിസ്ഥാന സൗകര്യ വികസന മേഖല.കുറഞ്ഞ വളര്‍ച്ചാനിരക്ക്, പൊതു മേഖലയിലും സ്വകാര്യമേഖലയിലുമുള്ള നിക്ഷേപങ്ങളിലും കുറവു വരുത്തുന്നു.  ഇത് വീണ്ടും സാമ്പത്തിക പുരോഗതിക്കു തടസമാകുന്നു. ഈ വിഷമവൃത്തത്തില്‍  നിന്ന് കേരളത്തെ കരകയറ്റുക എന്ന ലക്ഷ്യം കൂടി ധവളപത്രം മുന്നില്‍ കാണുന്നു. വികസനവും പുരോഗതിയും കൈവരിക്കാന്‍ പര്യാപ്തമാകുമാറ് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ക്രിയാത്മകമായ നിര്‍വഹണത്തിന്റെയും കൂടുതല്‍ വരുമാന സ്രോതസുകള്‍ കണ്ടെത്തേണ്ടതിന്റെയും ആവശ്യകത രേഖയില്‍ ഊന്നി പറയുന്നു. നികുതി വര്‍ദ്ധിപ്പിച്ചോ, പദ്ധതികള്‍ വെട്ടിച്ചുരുക്കിയോ സര്‍ക്കാരിനു മുന്നോട്ടുപോകുവാന്‍ കഴിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതക്ക് കേരളം കനത്ത വിലയാണ് നല്‍കേണ്ടി വരുന്നത്. കടംവാങ്ങിയ തുക പോലും ക്രിയാത്മകമായി വിനിയോഗിക്കുന്നതിനു പകരം വികസനേതര ചെലവുകള്‍ നടത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്.
 
    കഴിഞ്ഞ സര്‍ക്കാര്‍ 2009-2010 ല്‍ പതിനായിരം കോടി രൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തിയതല്ലാതെ ഒന്നും പ്രയോഗത്തില്‍ വരുത്തിയില്ല. അനിയന്ത്രിതമായി പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതിന്റെ ഫലമായി ഈ സര്‍ക്കാരിന് 1,300 കോടി രൂപയുടെ അധിക ബാദ്ധ്യതയാണുണ്ടായിരിക്കുന്നത്. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ  കടാശ്വാസ പദ്ധതി പ്രകാരം റവന്യൂകമ്മി കുറച്ചിരുന്നെങ്കില്‍ കേരളത്തിനു കിട്ടുമായിരുന്ന സാമ്പത്തിക സഹായമായ 1,063 കോടിയില്‍ 250 കോടി രൂപ മാത്രമാണ്  ലഭ്യമായത്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ലഭിച്ച പണത്തിന്റെ യൂട്ടിലൈസേഷന്‍  സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ നഷ്ടമായത് 414 കോടി  രൂപയാണ്. മൊത്തം 1641 കോടി രൂപയുടെ നഷ്ടമാണ്  ഇത്തരത്തില്‍  ഉണ്ടായത്. ഭരണചെലവ് കഴിഞ്ഞ് വികസനാവശ്യങ്ങള്‍ക്ക് പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ അവസ്ഥ, ധവളപത്രം പറയുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.