Tuesday, July 19, 2011

മുഖ്യന്റെ കീര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് വരെ!

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ വെബ്സൈറ്റില്‍ തത്സമയം സം‌പ്രേഷണം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്കന്‍ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നു. 'ട്രാന്‍സ്പാരന്റ്‌ ഗവണ്‍മെന്റ്‌ വയാ വെബ്ക്യാംസ്‌ ഇന്‍ ഇന്ത്യ‘ (ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍) എന്ന തലക്കെട്ടോടുകൂടിയ സചിത്ര വാര്‍ത്തയാണ് പത്രം പ്രസിദ്ധീകരിച്ചത്. 

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും മറ്റും ഈ സംവിധാനം ഉണ്ട്. എന്നാല്‍ അവിടങ്ങളില്‍ മേധാവികള്‍ കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത- പത്രം വിലയിരുത്തുന്നു.

പത്രത്തിന്റെ ലേഖകന്‍ മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓഫിസിലെ ദൃശ്യങ്ങളെല്ലാം വെബ്ക്യാമറയിലൂടെ ലഭിക്കും. എന്നാല്‍ അതില്‍ ശബ്ദമില്ലെന്നും പത്രം പറയുന്നു. ഓഫിസില്‍ എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനായാണ് ശബ്ദസൗകര്യം ഒരുക്കാത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതാ‍യും ലേഖകന്‍ പറയുന്നുണ്ട്. 

ജൂലൈ ഒന്നിനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് തല്‍സമയസംപ്രേഷണം തുടങ്ങിയത്‌. ഒന്നാം ദിവസം സൈറ്റ് സന്ദര്‍ശിച്ചതാകട്ടെ ഒരു ലക്ഷം പേര്‍. ഇതിനോടകം 2.93 ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴും ഉമ്മന്‍‌ചാണ്ടി ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ തുടര്‍ന്നു വന്ന ഇടത് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കുകയായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.