Monday, July 25, 2011

വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും സ്ത്രീപീഡനക്കേസിലെ പ്രതി!


അഴിമതിയും പെണ്‍വാണിഭവുമുള്‍പ്പെടെ സാമൂഹ്യതിന്മകള്‍ക്കെതിരേ പൊരുതുന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നയാള്‍ സ്ത്രീപീഡനക്കേസിലെ പ്രതി. തീക്കട്ടയില്‍ ഉറമ്പരിക്കുന്നതിനു സമാനമായ ഈ അവസ്ഥ വി.എസിന്റെ മുന്‍കാല വിശ്വസ്ഥന്‍ കെ.എം ഷാജഹാന്‍ തന്നെയാണ് വെളിച്ചത്തുകൊണ്ടുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആരോപണ വിധേയന്‍ വി.എസിന്റെ സ്റ്റാഫിലുണ്ടായിരുന്നു. അയാളെക്കുറിച്ചു പരാതികള്‍ ലഭിച്ചു.എന്നാല്‍ അന്വേഷണം നടത്താന്‍ തയാറായിരുന്നില്ല. ഇയാള്‍ ഇപ്പോഴും വി.എസ്. അച്യുതാനന്ദന്റെ വസതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഷാജഹാന്‍ ആരോപിക്കുന്നു. സംഭവം സംബന്ധിച്ച് അച്യുതാനന്ദനു വ്യക്തമായി അറിയാമായിരുന്നിട്ടും ഇതുവരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയോ ഇയാളെ മാറ്റിനിര്‍ത്തുകയോ ചെയ്തിട്ടില്ലെന്നും ഷാജഹാന്‍ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള സി.എം. രവീന്ദ്രന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തി. കുട്ടി നല്‍കിയ മൊഴിയില്‍ കന്യാകുമാരിയില്‍ അജ്ഞാത യുവാവ് പീഡിപ്പിച്ച കാര്യം വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് സ്ത്രീ പീഡനത്തിന് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ പരാതിയില്‍ സി.എം. രവീന്ദ്രനെതിരേ പൊലീസ് കേസെടുത്തു. ബാലവേലയ്ക്കാണു കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായ സാഹചര്യത്തില്‍ രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം പരിഗണിച്ചിരുന്നില്ല.

വരും ദിവസങ്ങളില്‍ ഈ വിഷയം വിവാദമാക്കാനും പാര്‍ട്ടിക്കെതിരായി ആരോപണം ഉന്നയിക്കാനും വി.എസ്. അച്യുതാനന്ദന്‍ നീക്കം നടത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണു രവീന്ദ്രനെ വി.എസിന്റെ സ്റ്റാഫിലേക്കു നിയോഗിച്ചത്. എന്നാല്‍ ഇടതു മന്ത്രിസഭാ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ച രവീന്ദ്രനെ തന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ അച്യുതാനന്ദനു താത്പര്യമില്ലായിരുന്നു. ഇതുകൊണ്ടാണ് സാഹചര്യം ഒത്തുവന്നപ്പോള്‍ രവീന്ദ്രനോടു പോലും വിശദീകരണം തേടാതെ സ്റ്റാഫില്‍ നിന്നൊഴിവാക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. ഇതു വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണു സ്ത്രീ പീഡനക്കേസിലെ പ്രതി വി.എസിനൊപ്പം വര്‍ഷങ്ങളായി ജോലി നോക്കുന്നുവെന്ന ആരോപണവുമായി ഷാജഹാന്‍ രംഗത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അനാശാസ്യ പ്രവര്‍ത്തിക്കു സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് പൊലീസ് കസ്റ്റഡിയിലായ അഡ്മിറല്‍ ബി.ആര്‍. മേനോനെ സര്‍വീസില്‍ തിരിച്ചെടുക്കാനും ഉപദേശകനായി തുടര്‍ന്നു ജോലി ചെയ്യാനും വി.എസ്. അച്യുതാനന്ദന്‍ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു. സ്ത്രീപീഡനക്കാരെ കയ്യാമം വയ്ക്കുമെന്ന നടക്കാത്ത സുന്ദരവാഗ്ദാനം നല്‍കി ഒരുതവണ മുഖ്യമന്ത്രിക്കസേര വരെ സ്വന്തമാക്കിയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടുമൊരു പീഡനക്കേസിന്റെ മറവില്‍ പാര്‍ട്ടിയില്‍ ശക്തിപരീക്ഷണത്തിനു ഇറങ്ങിത്തിച്ച പശ്ചാത്തലത്തിലാണ് ഷാജഹാന്റെ ആരോപണം. നേരത്തെ കവിയൂര്‍ കിളിരൂര്‍ സൂര്യനെല്ലി പീഡനങ്ങളുടെ കഥ പൊതുവേദികളില്‍ നീട്ടിപ്പാടിയാണ് വി.എസ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്.

അഞ്ചുവര്‍ഷം ഭരണത്തില്‍ തുടര്‍ന്നിട്ടും കവിയൂര്‍ കേസിലെ പ്രതികളെ നിയമത്തിനു കൊണ്ടുവരാന്‍ വി.എസിനു കഴിഞ്ഞിരുന്നില്ല. അതെല്ലാം മറവിയുടെ ചാരംമൂടിയതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിനു പീഡനം സംബന്ധിച്ച ഒരു പുതിയ കത്തുമായി വി. എസ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ അടിയന്തരമായി ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വി. എസ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സി. പി. എം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്കുള്ള ആദ്യപടിയായി കത്ത് തയ്യാറാക്കിയത്. വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ച ആളാണ് രവീന്ദ്രന്‍. ജൂലൈ എട്ടിന് രവീന്ദ്രന്റെ വീട്ടിലെ ജോലിക്കാരി ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി.

പെണ്‍കുട്ടിയെ കാണാതായ വിവരം രവീന്ദ്രന്‍ തന്നെയാണ് മ്യൂസിയം പൊലീസിനെ അറിയിച്ചത്. തീരെ സാമ്പത്തികശേഷി ഇല്ലാത്ത വീട്ടിലെ കുട്ടിയെ രവീന്ദ്രന്‍ വീട്ടിലെ സഹായിയായി കൊണ്ടുവന്നത് കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നെന്നാണ് സി. പി. എം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. ഔദ്യോഗിക നേതൃത്വത്തിന്റെ താത്പര്യപ്രകാരം കൂടിയാണ് രവീന്ദ്രനെ വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാ ത്ത കുട്ടിയെ ജോലിക്ക് നിറുത്തിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുമുമ്പാണ് രവീന്ദ്രനെ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി. എസ് സി. പി. എം നേതൃത്വത്തിന് കത്ത് നല്‍കിയത്.

എന്നാല്‍ അതിന് ശേഷം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ കത്ത് പരിഗണനയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്തില്ല. ഇതില്‍ കുപിതനായ വി. എസ് എതിര്‍പക്ഷം നല്‍കിയ കത്തിന് പരോക്ഷ പിന്തുണയും നല്‍കി. ഇക്കാര്യത്തില്‍ വി. എസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷം മുമ്പ് വി. എസിന്റെ കീഴിലുണ്ടായിരുന്ന ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ ചുമതല ഉണ്ടായിരുന്ന സി. കെ. മേനോനെ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പേരിന് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കെ തന്നെ വി. എസ്. അച്യുതാനന്ദന്‍ മേനോന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി വീണ്ടും പഴയ തസ്തികയില്‍ തന്നെ പ്രതിഷ്ഠിച്ചു. ഇതേ വി. എസ്. തന്നെ ഇപ്പോള്‍ കാര്യമില്ലാത്ത സ്ത്രീപീഡനവാദവുമായി രംഗത്തെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തിന് രുചിക്കാത്തത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലവേലയ്ക്കു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജുവനൈല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസ് റജിസ്റ്റര്‍ ചെയ്തു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മ്യൂസിയം പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയത്. ബാലവേല പാടില്ലെന്ന നിയമം ലംഘിച്ചതിനാണു രവീന്ദ്രനെതിരെ കേസ്. ജവാഹര്‍ നഗറിലെ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലാണു പെണ്‍കുട്ടിയെ ബാലവേലയ്ക്കു വിധേയയാക്കിയത്. രവീന്ദ്രന്‍ നേരത്തേ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി തുടര്‍നടപടിക്കായി ഡിജിപിക്ക് അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ എട്ടിന് ഇവിടെ നിന്നു പോയ പെണ്‍കുട്ടി റയില്‍വേ സ്‌റ്റേഷനില്‍ പരിചയപ്പെട്ട യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയെന്നും അവിടെ വച്ചു പീഡിപ്പിക്കപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം.

പെണ്‍കുട്ടിയെയും പിതാവിനെയും കൊണ്ടു മ്യൂസിയം പൊലീസ് കന്യാകുമാരിയിലെ ലോഡ്ജിലെത്തി തെളിവെടുത്തിരുന്നു. തന്റെ സമ്മതത്തോടെയാണു യുവാവിനൊപ്പം കഴിഞ്ഞതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞെങ്കിലും കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാനഭംഗത്തിനു കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ പയ്യോളിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമങ്ങളിലെ ചിത്രം കണ്ടു തിരിച്ചറിഞ്ഞവരാണു പൊലീസിനെ വിവരം അറിയിച്ചത്. എല്‍പിജി സിലിണ്ടര്‍ വാങ്ങാനായി രവീന്ദ്രന്‍ പെണ്‍കുട്ടിക്ക് 500 രൂപ നല്‍കിയിരുന്നു. ഈ പണവുമായി എട്ടിനു രാവിലെ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെത്തിയ പെണ്‍കുട്ടി അവിടെവച്ചാണു യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും കൂടി കന്യാകുമാരിയില്‍ പോയി ലോഡ്ജില്‍ മുറിയെടുത്തു.

നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയാണു യുവാവ് തന്നെ കൊണ്ടുനടന്നതെന്നും രണ്ടു ദിവസം ലോഡ്ജില്‍ താമസിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനു ശേഷം ഇരുവരും തിരികെ തിരുവനന്തപുരത്തെത്തി. തമ്പാനൂരില്‍ നിന്നുള്ള ബസ്‌യാത്രയ്ക്കിടെ തന്നെ നെടുമങ്ങാട്ട് ഇറക്കിവിടുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. അവിടെ നിന്നു തിരികെ തമ്പാനൂരിലെത്തി ട്രെയിനിലാണു കോഴിക്കോട്ടേക്കു തിരിച്ചത്. പയ്യോളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ അമ്മാവനാണു രവീന്ദ്രന്റെ വീട്ടില്‍ എത്തിച്ചത്. രവീന്ദ്രനുമായി ഇയാള്‍ക്കു മുന്‍പരിചയമുണ്ടെന്നു പൊലീസ് പറഞ്ഞു. കന്യാകുമാരിയിലെ ലോഡ്ജില്‍ തെളിവെടുത്ത ശേഷം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. യുവാവിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഉയര്‍ന്ന ഷാജഹാന്റെ ആരോപണത്തെക്കുറിച്ച് വിഎസിന് വിശദീകരിക്കേണ്ടിവരും

No comments:

Post a Comment

Note: Only a member of this blog may post a comment.