Thursday, July 28, 2011

പതിനാറു തികയാത്തെ നായികമാരുമായി മരംചുറ്റിപ്രണയിച്ചതിനു ശിക്ഷ: വില്ലന്മാര്‍ 80 പിന്നിട്ട പടുവൃദ്ധര്‍


പതിനാറു തികയാത്ത പെണ്‍കുട്ടികളുമായി മരംചുറ്റി പ്രണയിച്ച അറുപതിനോടടുത്ത മലയാളത്തിലെ സൂപ്പര്‍നായകര്‍ക്കു ദൈവം നല്കിയ ശിക്ഷ. രണ്ടുപേര്‍ക്കും വില്ലന്മാരായി ലഭിച്ചത് എണ്‍പതു പിന്നിട്ട പടുവൃദ്ധര്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ദീര്‍ഘകാല എതിരാളികളായ വില്ലന്മാരാണ് ആദായനികുതി റെയ്ഡിനിടെ തലപൊക്കിയിരിക്കുന്നത്. സൂപ്പര്‍താരങ്ങളെ തകര്‍ക്കുക തന്നെയാണ് ലക്ഷ്യം. ആറാംതമ്പുരാന്‍ ലാലിന്റെ വില്ലന്‍ സുകുമാര്‍ അഴിക്കോടാണെങ്കില്‍ സിബിഐയിലെ സേതുരാമയ്യരെ അനശ്വരനാക്കിയ മമ്മൂട്ടിയെ നേരിടാനെത്തുന്നത് സാക്ഷാല്‍ വി.എസ് അച്യുതാനന്ദനാണ്.

പാര്‍ട്ടി സമ്മേളങ്ങള്‍ അടുക്കുന്ന വേളയില്‍ എതിരാളികളെ നികൃഷ്ടമായി എയ്തുവീഴ്ത്തുന്ന സ്ഥിരം ശൈലിയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കരുനീക്കം ശക്തമാക്കിക്കഴിഞ്ഞിരിക്കുകയാണ്. ആദായനികുതി വകുപ്പ് മമ്മൂട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ പേരിലാണ് വി.എസിന്റെ പടപ്പുറപ്പാട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്ക് എതിരെ വി.എസ് വെടി പൊട്ടിച്ചത്. ആദായനികുതി വകുപ്പ് എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മമ്മൂട്ടിയെ മാറ്റുമെന്നാണ് വി.എസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനായി താന്‍ പാര്‍ട്ടിയില്‍ ശക്തമായി വാദിക്കുമെന്ന് അദ്ദേഹം ആണയിടുന്നു. വി.എസിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ജോണ്‍ബ്രിട്ടാസ് കൈരളി വിട്ടുപോയത്. ഇതേസമയം, വി.എസിന്റെ നീക്കം മമ്മൂട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ കുപിതരാക്കിയിട്ടുണ്ട്. മെഗാതാരത്തിന്റെ പ്രതിച്ഛായയില്‍ തൊടാന്‍ പോലും വി.എസിന് കഴിയല്ലെന്നും അതിന് അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് അവര്‍. സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങാന്‍ ഇരിക്കെയാണ് പതിവുപോലെ ടൈംബോംബുകളുമായി വി.എസ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

നേരത്തെ ലാലിന്റെ വീട്ടില്‍പരിശോധന തുടങ്ങിയപ്പോഴേ അഴിക്കോട് പത്രസമ്മേളനവുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ആദായ നികുതി വെട്ടിച്ച കേസില്‍ കുടുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ച് വാങ്ങണമെന്നായിരുന്നു ഡോ.അഴിക്കോടിന്റെ അഭിപ്രായം. പ്രതിരോധമന്ത്രി എ കെ ആന്റണി ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കിയ പദവി ദുരുപയോഗം ചെയ്യുകയാണ് മോഹന്‍ലാല്‍ ചെയ്തത്. പ്രതിരോധമന്ത്രി ഇതിന് കൂട്ടു നില്‍ക്കരുത്. താന്‍ നേരത്തേ മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതിന് ശക്തി കൂട്ടുന്ന വിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അഴിക്കോട് പറഞ്ഞു. എന്തായാലും അഴിക്കോടും വി.എസും വില്ലന്‍വേഷത്തില്‍ വാചകക്കസര്‍ത്തു തുടരുമ്പോഴും റെയ്ഡുമായി ആദായനികുതി വകുപ്പ് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ ചോദ്യംചെയ്യുകയും ചെയ്തു.

നേരത്തേ, മോഹന്‍ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഉപയോഗിച്ച് മാത്രം തുറക്കാന്‍ കഴിയുന്ന ലോക്കറുകള്‍ പരിശോധിക്കാനായിരുന്നില്ല. താരം ധനുഷ്‌കോടിയില്‍ ചിത്രീകരണ സ്ഥലത്തായിരുന്നതിനാലാണിത്. കഴിഞ്ഞ ആഴ്ച മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ഓഫീസുകളിലുമായി ഇരുപത് ഇടങ്ങളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മോഹന്‍ലാലിന്റെ സഹയാത്രികനായ ആന്റണി പെരുമ്പാവൂരിന്റെയും മമ്മൂട്ടിയുടെ അടുപ്പം പുലര്‍ത്തുന്ന നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. മമ്മൂട്ടി കൊച്ചിയിലെ വീട്ടിലെത്തി ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ ചിത്രീകരണം നടക്കുന്ന സ്ഥലത്തായതിനാല്‍ ഉദ്യോഗസ്ഥര്‍ അവിടെയെത്തി പ്രാഥമിക മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. സൂപ്പര്‍താരങ്ങള്‍ കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ സമ്പാദിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം റെയ്ഡ് നടത്തി ശേഖരിച്ച രേഖകളുടെ പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയേക്കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വേണ്ടിവന്നാല്‍ ഇരുവരുടെയും മൊഴി വീണ്ടുമെടുക്കുകയും ചെയ്യും. ഇതിന് ഒരാഴ്ചയിലധികം സമയം വേണ്ടിവന്നേക്കാമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ താരങ്ങളുടെ സ്വത്ത് സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കൂ. താരങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍, സ്വത്തുവകകള്‍, നിക്ഷേപങ്ങള്‍, ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നത്. ലോക്കറിലുള്ള രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇവര്‍ നല്കിയ കണക്കുകളും ശേഖരിച്ച രേഖകളും താരതമ്യം ചെയ്യുകയും വേണം. താരങ്ങളുടെ നിക്ഷേപത്തില്‍ ഒരുപങ്ക് യുകെയിലും അമേരിക്കയിലും സിംഗപൂരിലും ദുബൈയിലും ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണം ആ വഴിയിലേക്കും നീളും.

അതേസമയം സ്വയം വെള്ളപൂശാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോഴും കോടിക്കണക്കിനു രൂപയുടെ കണക്കില്‍പ്പെടാത്ത സാമ്പത്തിക ഇടപാടുകളാണ് ഇരുതാരങ്ങള്‍ക്കുമെതിരേ കണ്ടെത്തിയിരിക്കുന്നത്. അഴിക്കോടിനും വിഎസിനും ആവേശം പകരുന്നത് ഈ കണ്ടെത്തലുകളുമാണ്. പ്രതിഫലമായി വാങ്ങുന്ന മുഴുവന്‍ പണത്തിനും കണക്കു വയ്ക്കാതെയാണ് പല താരങ്ങളും സിനിമയുടെ കരാറില്‍ ഒപ്പിടുന്നത്. ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോള്‍ മുഴുവന്‍ പണവും നിര്‍മ്മാതാവില്‍ നിന്ന് ചെക്കായി കൈപ്പറ്റണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വ്യവസ്ഥ. എന്നാല്‍ ചില മുന്‍നിര താരങ്ങള്‍ ഈ വ്യവസ്ഥ പാലിക്കാറില്ല. താരങ്ങളുടെ ഡേറ്റിനായി കാത്തു നില്‍ക്കുന്ന നിര്‍മ്മാതാക്കള്‍ ഈ വ്യവസ്ഥ പാലിക്കണമെന്ന് നിര്‍ബന്ധിക്കാറുമില്ല. അങ്ങനെ പകുതി കാശ് ചെക്കായും ബാക്കി പണമായും താരങ്ങള്‍ കൈപ്പറ്റുന്നു. ഈ പണം ഉപയോഗിക്കുന്നത് പ്രധാനമായും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്‌സുകള്‍ക്കാണ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും വില കുറച്ചു കാണിക്കും. അങ്ങനെ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനു കിട്ടേണ്ട ഇന്‍കംടാക്‌സും സംസ്ഥാന സര്‍ക്കാരിനു കിട്ടേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയും നഷ്ടമാകും. സ്വദേശത്തും വിദേശത്തും മുന്‍നിര താരങ്ങളില്‍ ചിലര്‍ക്ക് ബിസിനസുകള്‍ ഉണ്ട്. പലതും ബിനാമി വഴിയാണ് നടത്തുന്നത്. നിര്‍മ്മാതാവില്‍ നിന്നു വാങ്ങുന്ന പ്രതിഫലത്തിനു പുറമേ ചില കേന്ദ്രങ്ങളിലെ സിനിമയുടെ വിതരണാവകാശവും സൗജന്യമായി താരങ്ങള്‍ നേടിയെടുക്കാറുണ്ട്. ഇതൊന്നും കണക്കില്‍ വരാറില്ല.

ഒരു ഉദ്ഘാടനത്തിന് മുന്‍നിര താരങ്ങള്‍ വാങ്ങുന്നത് ശരാശരി 25 ലക്ഷം രൂപയാണ്. ഇതിന്റെ പകുതി തുകയുടെ മാത്രമായിരിക്കും കണക്കു വയ്ക്കുന്നത്. അതേസമയം സ്ഥാപനമുടമയുടെ കണക്കില്‍ മുഴുവന്‍ തുകയും രേഖപ്പെടുത്തും. ഈ വൈരുദ്ധ്യമാണ് ആദായനികുതി വകുപ്പ് ശ്രദ്ധിക്കുന്നത്. ഇതു കൂടാതെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലും താരങ്ങള്‍ വന്‍പ്രതിഫലം പറ്റുന്നുണ്ട്. ഇതിന്റെയെല്ലാം ശരിയായ കണക്കുകളാണോ താരങ്ങളുടെ പക്കലുള്ളതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ലാലിനും മമ്മൂട്ടിക്കും പുറമേ ഇരുവരുടേയും സഹായികളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇരുപതോളം കേന്ദ്രങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡില്‍ നിരവധി രേഖകളും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും അ പിടിച്ചെടുത്തിട്ടുണ്ട്. മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് രണ്ട് ആനക്കൊമ്പും മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വസതിയില്‍ നിന്ന് 22 ലക്ഷം രൂപയും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കോടികളുടെ ഭൂമി ഇടപാടുകളെക്കുറിച്ചും വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും രേഖകള്‍ റെയ്ഡില്‍ കിട്ടിയിട്ടുണ്ട്. . കോടികളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും സിനിമാ നിര്‍മാതാക്കളില്‍ നിന്നും വിവിധ പരസ്യക്കമ്പനികളില്‍ നിന്നും വന്‍തുക കൈ പറ്റിയതിന്റെ റെക്കോഡുകളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള രേഖകളും ഇതില്‍ ഉള്‍പ്പെടും. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും റെയ്ഡില്‍ ലഭിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ യഥാര്‍ഥ ചിത്രം വ്യക്തമാകൂവെന്നും ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതി വകുപ്പിന് ഇരുവരും നല്‍കിയ കണക്കുകളില്‍ പൂര്‍ണ വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു കമീഷണര്‍ ടി.പി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഇരുപതോളം കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. ചെന്നൈ, ഹൈദരാബാദ്,മുംബൈ,കൊച്ചി,തിരുവനന്തപുരം യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇരുനൂറോളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ ബയോ മെട്രിക് ലോക്കറുകളും കണ്ടെത്തിയിട്ടുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.