Tuesday, July 5, 2011

പി. ശശിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന നടപടി പുറംലോകം അറിയാതിരിക്കൻ എസ്എഫ്‌ഐയെ തെരുവിലിറക്കി


 പി. ശശിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്ന നടപടി പുറംലോകം അറിയാതെ ഇരുമ്പുമറയ്ക്കുള്ളില്‍ ഒതുക്കുകയെന്ന ഹിഡന്‍ അജണ്ടയില്‍ എസ്എഫ്‌ഐയെ തെരുവിലിറക്കിയ നടപടി സി.പി.എമ്മിന് നഷ്ടക്കച്ചവടമായി.
ശശിക്കെതിരായ നടപടി വഴി പാര്‍ട്ടിക്ക് ഉണ്ടാകുന്ന നാണക്കേടും പ്രവര്‍ത്തകരുടെ മാനക്കേടും ഒഴിവാക്കാന്‍ നേതൃത്വം കണ്ടെത്തിയ കുറുക്കുവഴി പക്ഷേ ബൂമറാംഗ് പോലെ തിരിച്ചടിക്കുകയായിരുന്നു.  ഇക്കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനം ഉണ്ടാകുന്നതുവരെ നടത്താന്‍ ഉദ്ദേശിച്ച് തുടങ്ങിയ സ്വാശ്രയസമരം ആശ്രയം നഷ്ടപ്പെട്ട് പാതിവഴി നിലച്ചതാണ് വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ കാരണം. ഇത്രനാളും മൂടിവച്ച ശശി വിഷയത്തില്‍ തീരുമാനം എന്തുതന്നെ ആയാലും അതുണ്ടാക്കുന്ന ആഘാതവും അപമാനവും താങ്ങാനാവില്ലെന്ന് നേതൃത്വം മുന്‍പേതന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് നടപടി വരുന്ന ദിവസങ്ങളിലെങ്കിലും മാധ്യമങ്ങളില്‍ നിറയാതെയും ചര്‍ച്ചാവിഷയമാകാതിരിക്കുകയും ചെയ്യുന്നതിന് മറ്റൊരു വിഷയമായി സ്വാശ്രയം തന്നെ തെരഞ്ഞെടുക്കുകയും കുട്ടിസഖാക്കളെ കല്ലും കുറുവടിയുമായി തെരുവിലിറക്കിയതും.ശശിയെപോലെ തന്നെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായിരുന്ന വി.ബി. ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ക്കെതിരെ നടപടി എടുത്തപ്പോള്‍ പാര്‍ട്ടി പുറത്തറിയിച്ചിരുന്നുവെന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
 
ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നോ പരാതിക്കാര്‍ ആരാണെന്നോ പോലും ഇതുവരെ പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല.ഒരുവര്‍ഷമായി ഉയര്‍ന്ന പരാതിയില്‍ ശശിയെ ഏതുവിധേനയും സംരക്ഷിക്കാനാണ് അവസാനനിമിഷംവരെ നേതൃത്വം വിയര്‍പ്പൊഴുക്കിയത്. ശശിക്കെതിരെ ആരോപണം ഉന്നയിച്ച നേതാവിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും ശശി വിഷയം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തതും, നീതി-നിയമ സംവിധാനങ്ങളില്‍നിന്നും പരാതി മറച്ചുവച്ചതുമെല്ലാം ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകാന്‍ തയാറായ നേതൃത്വത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.
പെണ്‍വാണിഭക്കാരെയും പീഡനക്കാരെയും കൈയ്യാമം വയ്ക്കുമെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഉയര്‍ന്ന പരാതിയില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയോ കൂട്ടാക്കിയതുമില്ല. സംരക്ഷിക്കാന്‍ ആളും അര്‍ത്ഥവും ഏറെയുണ്ടായെങ്കിലും അനിവാര്യമായ വിധിക്കുമുന്നില്‍ പാര്‍ട്ടിയും ശശിയും കീഴടങ്ങേണ്ടിവരുമെന്നു വന്നതോടെയാണ് ഉരുണ്ടുകളിക്കൊടുവില്‍ മുഖം രക്ഷിക്കാന്‍ നേതൃത്വം മറ്റ് മാര്‍ഗങ്ങള്‍ തേടിയത്.
നാടിനും നാട്ടുകാര്‍ക്കും കോടികളുടെ ബാധ്യത വരുത്തിയ തെരുവു സമരത്തിലേക്ക് കുട്ടി സഖാക്കളെ തള്ളിവിടുമ്പോള്‍ നേതൃത്വത്തിന്റെ ഉന്നവും മറ്റൊന്നായിരുന്നില്ല.
 
വിദ്യാര്‍ത്ഥികളുടെ സമരം അക്രമമായി മാറുമ്പോള്‍ അതു ചെയ്യുന്നവര്‍ സമരക്കാരല്ലാതായി മാറുമെന്നും അവരെ ക്രമിനലുകളായി കാണേണ്ടിവരുമെന്നും പറഞ്ഞ് ഒരുവര്‍ഷം മുമ്പ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ക്രിമിനലുകളാക്കിയ വി.എസ്. അച്യുതാനന്ദന്‍പോലും സ്വാശ്രയസമരക്കാര്‍ക്ക് ആവേശം പകരാനെത്തിയതിനു പിന്നിലെ ചേതോവികാരം മറ്റൊന്നാകില്ല. 
ഇത്തരം വൈരുദ്ധ്യാധിഷ്ഠിത നിലപാടിലൂടെ രാഷ്ട്രീയ ധാര്‍മ്മികതയെ തന്നെ വെല്ലുവിളിച്ച വി.എസ്. ക്രിമിനലുകളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരുവര്‍ഷംകൊണ്ട് എങ്ങിനെ കുഞ്ഞാടുകളായെന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
തലസ്ഥാനത്തടക്കം കുട്ടിസഖാക്കള്‍ അഴിഞ്ഞാടിയ ദിവസങ്ങളിലൊന്നില്‍ ഡി.വൈ.എഫ്.ഐ. നേതാവ് രമേശനെതിരായ നടപടി മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാതെ പാര്‍ട്ടിക്ക് വലിയ പരിക്കില്ലാതെ പോയപ്പോള്‍ നേതൃത്വം ഉറപ്പിച്ചു- സമരം ഒന്നുകൂടി കൊഴുപ്പിച്ചാല്‍ ശശി വിഷയത്തിലും തലയൂരാമെന്ന്. പക്ഷേ, പരിയാരം കോളജ് വിഷയത്തില്‍ ഉണ്ടായ അപ്രതീക്ഷിത വെളിപ്പെടുത്തലുകള്‍ സമരത്തിന്റെ താളം തെറ്റിയപ്പോള്‍ തകിടം മറിഞ്ഞത് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളായിരുന്നു.
പരിയാരം കോളജില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കള്ളക്കളിയും ഇരട്ടത്താപ്പും അപ്രതീക്ഷിതമായി വെളിപ്പെട്ടതോടെ തെരുവില്‍  തല്ലുകൊള്ളാന്‍ ഇറങ്ങിയ പിള്ളാരൊക്കെ പൊടിയും തട്ടിപ്പോയപ്പോള്‍ കാരണമൊന്നും പറയാതെ തുടങ്ങിയ സമരം കാരണമൊന്നുമില്ലാതെ തന്നെ അവസാനിക്കുകയായിരുന്നു. ശശി വിഷയത്തില്‍ നേരത്തെ പ്രതിക്കൂട്ടിലായ നേതൃത്വം ഇപ്പോള്‍ തലസ്ഥാനത്തടക്കം ജില്ലാ ആസ്ഥാനങ്ങളില്‍ ദിവസങ്ങളോളം നടത്തിയ അക്രമത്തിന് കാരണംകൂടി വിശദീകരിക്കേണ്ട ഗതികേടിലാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.