Sunday, July 17, 2011

VSന്‍റെ മകള്‍ക്കെതിരേ അന്വേഷണം

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകള്‍ ഡോ.വി.വി. ആശ വനം വകുപ്പില്‍ നിന്നു ഗവേഷണത്തിന്‍റെ പേരില്‍ നേടിയതു 35 ലക്ഷം രൂപ. വസ്തുതകള്‍ മറച്ചു വച്ചാണ് ഈ തുക തരപ്പെടുത്തിയതെന്നു വിവരാവകാശ രേഖ. പത്തു വര്‍ഷം മുന്‍പു പണം പറ്റിയെങ്കിലും ഇതുവരെ പ്രബന്ധം നല്‍കാത്തതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇന്നലെ ഉത്തരവിട്ടു. 

രാജീവ് ഗാന്ധി സെന്‍റര്‍ ഫൊര്‍ ബയോടെക്നോളജിയില്‍ സയന്‍റിസ്റ്റ് ഇ-1 തസ്തികയില്‍ ജോലി ചെയ്യുന്ന ഇവര്‍ വനം വകുപ്പില്‍ നിന്നുമാണു ഗവേഷണത്തിന് 35 ലക്ഷം രൂപ വാങ്ങിയത്. വസ്തുതകള്‍ മറച്ചു വച്ച് ഒരേ സമയം പല സ്ഥാപനങ്ങളില്‍ നിന്നും ആശ ഗവേഷണത്തിനു പണം വാങ്ങിയെന്നും വ്യക്തമായി. 

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും 35.50 ലക്ഷം രൂപ കൈപ്പറ്റി ഗവേഷണം നടത്തുന്ന കാലയളവില്‍ത്തന്നെയാണു വനം വികസന വിഭാഗത്തില്‍ നിന്നും പണം പറ്റിയത്. 2001 മുതല്‍ 2009 വരെ ഗഡുക്കളായി 35 ലക്ഷം രൂപ ഇവിടെ നിന്നും കൈപ്പറ്റി. ഇതേ സമയം രാജീവ് ഗാന്ധി സെന്‍റര്‍ ഫൊര്‍ ബയോ ടെക്നോളജിയിലും ആശ ഗവേഷണം നടത്തുകയായിരുന്നു. ഈ സമയം മറ്റു സ്ഥാപനങ്ങളിലോ സംരഭങ്ങളിലോ ഗവേഷണം നടത്തുന്നില്ലെന്നു സെന്‍ററിനെ അറിയിച്ചിട്ടുമുണ്ട്. 

2009 മാര്‍ച്ച് അഞ്ചിന് രാജീവ് ഗാന്ധി സെന്‍റര്‍ ഫൊര്‍ ബയോടെക്നോളജി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്. മോഹനന്‍ നായര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നു ഗവേഷണങ്ങള്‍ക്കായി നാലു തവണയായിട്ടായിരുന്നു പണം പറ്റിയത്. 2001 ല്‍ ആദ്യ ഗവേഷണത്തിന് 11.97 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് എലികളിലെ പരീക്ഷണത്തിനായി 2005 ല്‍ രണ്ടാം ഗവേഷണത്തിനു 7.12 ലക്ഷം രൂപ കൈപ്പറ്റി. ഇതിന്‍റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് 9.74 ലക്ഷം രൂപ 2006ല്‍ കൈപ്പറ്റി. ആദ്യ ഗവേഷണത്തിന്‍റെ തുടര്‍ച്ചയ്ക്കായിട്ടായിരുന്നു ഇത്. 2008 ല്‍ വീണ്ടും ഗവേഷണത്തിനെന്ന പേരില്‍ 5.5 ലക്ഷം രൂപയും കൈപ്പറ്റി. 

ഇതേ സമയത്തു മൂന്നു വര്‍ഷങ്ങളിലായി 20,40,560 രൂപ, 7,46,810 രൂപ, 7,62,680 രൂപ, എന്നിങ്ങനെ രാജീവ് ഗാന്ധി സെന്‍റര്‍ ഫൊര്‍ ബയോടെക്നോളജിയുടെ പേരില്‍ 35,50,050 രൂപ വാങ്ങിയിരുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നായിരുന്നു ഈ പണം കൈപ്പറ്റിയത്. ഇങ്ങനെ ഒരേ സമയം 70 ലക്ഷം രൂപയാണു ഡോ.വി.വി. ആശ വിവിധ സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.