Monday, July 11, 2011

കറുത്ത പൂച്ചകള്‍ ഇല്ലാതെ, വീണ്ടും അധികാരികള്‍ മൂന്നാറിലേക്ക്: സൂപ്പര്‍താരത്തിന്റെ ഭൂമിയും തിരിച്ചുപിടിക്കും


എന്തൊക്കെയായിരുന്നു.... കറുത്തപൂച്ചകള്‍, കൂളിംഗ്ലാസ്, ഓവര്‍കോട്ട്, ബുള്‍ഡോസര്‍, ഇടിച്ചു നിരത്തല്‍.....അവസാനം മൂന്നാര്‍ കുളമാക്കി വി.എസ് അച്യുതാനന്ദനും സിപിഎമ്മും പിന്‍മാറി. 2007 മെയ് 13ന് ആരംഭിച്ച് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന മൂന്നാര്‍ ദൗത്യത്തിനുശേഷം മൂന്നാര്‍ മേഖലയില്‍ ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ ഇന്നുമുതല്‍ വീണ്ടും നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുകയാണ്.. ഒഴിപ്പിക്കല്‍ നടപടികള്‍ സമാധാനപരവും നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുമായിരിക്കുമെന്ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒന്നാം ദൗത്യത്തിന്റെ ഓര്‍മകളില്‍ ഇനിയെന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണു മൂന്നാര്‍ നിവാസികള്‍ക്കൊപ്പം കേരളവും. 2007ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മൂന്നാറിലേക്കയച്ച 'മൂന്നു പൂച്ചകള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു തുടക്കം കുറിച്ചതു മേയ് 13ന് ആയിരുന്നു.

 മൂന്നാര്‍ ടൗണില്‍ നടയാര്‍ റോഡില്‍ നാലു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സമ്മര്‍ കാസില്‍ റിസോര്‍ട്ട് യന്ത്രമുപയോഗിച്ച് ഇടിച്ചു നിരത്തിയാണു കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യ നടപടിയെന്ന സന്ദേശം 'പൂച്ചകള്‍ നല്‍കിയത്. ദൗത്യസംഘം തലവന്‍ കെ. സുരേഷ്‌കുമാര്‍, ഐ.ജി. ഭഷിരാജ് സിങ്, ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. എന്നാല്‍ ദൗത്യസംഘമെത്തുന്നതിനു മുന്‍പേ തന്നെ ടൗണിലെ പൊതുശ്മശാന കയ്യേറ്റവും സിപിഎം ജില്ലാ സെക്രട്ടറിയുടെ സഹോദരന്റെ ചൊക്രമുടി മലയിലെ കയ്യേറ്റവും ഒഴിപ്പിച്ചു ദേവികുളം സബ്കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ദൗത്യത്തിനു തുടക്കമിട്ടിരുന്നു.

പൊളിക്കലിനു മുന്നോടിയായി മേയ് 12നു സമ്മര്‍ കാസില്‍ റിസോര്‍ട്ട് സബ് കലക്ടര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.മേയ് 15നു പോതമേട്ടില്‍ ഏലം കുത്തകപാട്ട നിയമം ലംഘിച്ചു നിര്‍മാണം നടത്തിയതിന്റെ പേരില്‍ ബിസിജി ഗ്രൂപ്പ് വക 27 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. നിര്‍മാണത്തിലിരുന്ന ഇതിലെ 18 കെട്ടിടങ്ങള്‍ പിന്നീട് ഇടിച്ചുനിരത്തി. ഇതിന്റെ തൊട്ടടുത്ത ദിവസം ദേശീയപാതയോരത്തു പ്രവര്‍ത്തിക്കുന്ന സിപിഐ ഓഫിസിന്റെ പ്രവേശന കവാടം കയ്യേറ്റ സ്ഥലത്താണെന്നു ചൂണ്ടിക്കാട്ടി പൊളിക്കാന്‍ ശ്രമിച്ചതോടെ സിപിഐ, മൂന്നാര്‍ ദൗത്യത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പള്ളിവാസലില്‍ കുത്തകപ്പാട്ട ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നാര്‍ വുഡ്‌സ് ആണ് പിന്നീടു പൊളിച്ചുനീക്കിയത്. മേയ് 17ന് ആണു ലക്ഷ്മിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈലാന്‍ഡ് റിസോര്‍ട്ട് വക 10 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയും ഒരേക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തത്.

മേയ് 19നു ടൗണിലെ ടീ ഗാര്‍ഡന്‍സ് ഹോട്ടല്‍ കെട്ടിടം പൊളിച്ചുനീക്കി. പള്ളിവാസല്‍ രണ്ടാം മൈലില്‍ ഭാഗത്തു ദേശീയപാതയോരം കയ്യേറിയെന്നു ചൂണ്ടിക്കാട്ടി ടാറ്റാ ടീയുടെ തേയിലച്ചെടികള്‍ പിഴുതുനീക്കിയതു കയ്യടി നേടി. മേയ് 13 മുല്‍ 23 വരെയുള്ള പത്ത് ദിവസത്തിനിടെ 55 ഹെക്ടര്‍ കയ്യേറ്റ ഭൂമിയാണു ദൗത്യസംഘം തിരിച്ചുപിടിച്ചത്. മേയ് 25നു ലക്ഷ്മിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബി സിക്‌സ് ഹോളിഡേയ്‌സ് റിസോര്‍ട്ട് പൊളിച്ചു. ലക്ഷ്മിയില്‍ നിര്‍മാണത്തിലിരുന്ന അബാദ് ഗ്രൂപ്പ് വക റിസോര്‍ട്ടും ഒന്‍പതു പട്ടയങ്ങളിലായി 10.88 ഏക്കര്‍ ഭൂമിയും മേയ് 27ന് ഏറ്റെടുത്തു. 29നു ചിന്നക്കനാല്‍ ഗ്യാപ് റോഡില്‍ 250 ഏക്കര്‍ ദൗത്യസംഘം ഏറ്റെടുത്തു. ഇതിനടുത്തു പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നയണ്‍ റിസോര്‍ട്ടും പൊളിച്ചുനീക്കി.

മൂന്നാറിലെ സിപിഎം ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലം രവീന്ദ്രന്‍ പട്ടയമാണെന്നും രവീന്ദ്രന്‍ പട്ടയത്തിനു നിയമസാധുതയില്ലെന്നും ഇതിനിടെ ദൗത്യസംഘത്തലവന്‍ നടത്തിയ പ്രസ്താവന വിവാദത്തിനു തിരികൊളുത്തി. ജൂണ്‍ മൂന്നിനാണു മുഖ്യമന്ത്രി നേരിട്ടെത്തി നയമക്കാട് ചോലയില്‍ ടാറ്റായുടെ കയ്യേറ്റ സ്ഥലമെന്നു ചൂണ്ടിക്കാട്ടി 1280.81 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും സര്‍ക്കാര്‍ ബോര്‍ഡ് നാട്ടുകയും ചെയ്തത്. ഇതു തങ്ങളുടെ ഭൂമിയല്ലെന്നു ടാറ്റ നിലപാടെടുത്തതോടെ അതും വിവാദമായി. ജൂണ്‍ 12നു ടൗണിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കാനുള്ള നീക്കവും ഇതിനെ ചെറുത്തു പ്രാദേശിക സിപിഎം നേതൃത്വം രംഗത്തിറങ്ങിയതും ദൗത്യത്തിലെ വഴിത്തിരിവായിരുന്നു. ഇതോടെ ജൂണ്‍ 17ന് ആരോഗ്യകാരണങ്ങള്‍ പറഞ്ഞു സുരേഷ്‌കുമാര്‍ ദൗത്യം മതിയാക്കി മടങ്ങി. പിന്നീടു ഗോപാലമേനോനും വി.എം. രാമാനന്ദനും ദൗത്യസംഘത്തലവന്മാരായി വന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

ഒരു മാസത്തെ ദൗത്യത്തിനിടെ കാന്തല്ലൂരിലും വട്ടവടയിലും ചിന്നക്കനാലിലുമുള്‍പ്പെടെ 11000 ഏക്കര്‍ കയ്യേറ്റഭൂമി തിരിച്ചു പിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അവയൊന്നും സംരക്ഷിക്കാന്‍ കഴിയാതിരുന്നതുമൂലം ഇതില്‍ ഭൂരിഭാഗവും അന്യാധീനപ്പെട്ടു. പുതിയ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ക്കു തുടക്കം കുറിക്കുമ്പോള്‍ ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കാനുള്ള ഫലപ്രദ നടപടിയുണ്ടായാലേ ഒഴിപ്പിക്കല്‍ നടപടികൊണ്ടു പ്രയോജനമുണ്ടാകുകയുള്ളൂവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇന്നു തുടങ്ങുന്ന മൂന്നാര്‍ കുടിയൊഴിപ്പിക്കലില്‍ പ്രമുഖ ചലച്ചിത്ര താരത്തിന്റേതടക്കം ആയിരത്തിലധികം ഏക്കര്‍ കൈയേറ്റഭൂമി വീണ്ടെടുക്കാന്‍ തീരുമാനമായിട്ടുണ്ട്.

റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കുന്ന ഒഴിപ്പിക്കല്‍ കൃത്യമായ ദിശാബോധത്തോടെ ആയിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ ഗ്യാപ് റോഡിലുള്ള 250 ഏക്കര്‍ സ്ഥലമാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ കൈവശം വച്ചിരിക്കുന്നത്. ഈ സ്ഥലം ഇന്നുതന്നെ വീണ്ടെടുക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ചിന്നക്കനാലിലെ എഴുപതേക്കറില്‍ റവന്യൂ ഭൂമി കൈയേറി ഹെലിപ്പാഡ് നിര്‍മ്മിച്ച 200 ഏക്കര്‍ സ്ഥലവും ഒഴിപ്പിക്കും. പാലാ സ്വദേശികളാണ് ഇവിടെ സര്‍ക്കാര്‍ഭൂമി കൈവശം വച്ചിരിക്കുന്നത്. മാട്ടുപ്പെട്ടിക്കടുത്ത് പി.ആര്‍ ഡിവിഷന്‍ മന്നവന്‍ചോലയില്‍ 600 ഏക്കറോളം ഭൂമിയും കൈയേറ്റക്കാരില്‍നിന്ന് വീണ്ടെടുക്കും. പ്രദേശവാസികളായ എട്ടുപേരെ മുന്നില്‍നിറുത്തി ചില രാഷ്ട്രീയ പ്രമുഖരാണ് മന്നവന്‍ചോലയില്‍ കൈയേറിയതെന്നാണ് വിവരം. വീണ്ടെടുക്കുന്ന ഭൂമിയെല്ലാം റവന്യൂ വകുപ്പിന്റേതാണ്.

മന്നവന്‍ചോലയിലെയും പാര്‍വതിമലയിലെയും കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം നടക്കുന്ന ഭൂമി വീണ്ടെടുക്കലിന് കളക്ടര്‍ ഇ. ദേവദാസ്, ദേവികുളം ആര്‍.ഡി.ഒ എം. ജി. രാജമാണിക്യം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഏറ്റെടുക്കുന്ന ഭൂമിയില്‍ ഇന്നുതന്നെ സര്‍ക്കാര്‍വക ഭൂമിയെന്ന് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. പിന്നീട് വേലികെട്ടി സംരക്ഷിക്കാനാണ് തീരുമാനം. ഞായറാഴ്ച രാത്രി 8.30ഓടെ മൂന്നാറില്‍ എത്തിയ മന്ത്രി തിരുവഞ്ചൂര്‍ ഗസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി നടപടികള്‍ ചര്‍ച്ച ചെയ്തു. ദേവികുളം സബ് കലക്ടര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ 'ഒഴിപ്പിക്കല്‍ പട്ടിക' പ്രകാരമാണ് ദൗത്യം ആരംഭിക്കുക. 150 ഓളം സ്ഥലങ്ങളാണത്രേ തയാറായ പട്ടികയില്‍. ഇതില്‍ നടപടിക്രമം പൂര്‍ത്തിയാക്കിയവ ഏറ്റെടുത്തതായി പ്രഖ്യാപിക്കുച്ച് ബോര്‍ഡ് സ്ഥാപിക്കുകയുമാകും ഉണ്ടാകുക.

ചിന്നക്കനാലിലാകും തുടക്കം എന്നാണ് സൂചന. ഇവിടെ സൂപ്പര്‍ താരത്തിന്‍േറതെന്ന് പറയപ്പെടുന്ന ഭൂമി, ഹെലിപാഡ് നിര്‍മിച്ച് വരുന്ന വന്‍കിടക്കാരന്റെ സ്ഥലം, സിമന്റ്പാലത്തെ കൈയേറ്റം, എച്ച്.എന്‍.എല്‍ ഭൂമി കൈയേറ്റം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചേക്കും. വിരിപാറ, അഞ്ചുനാട് മേഖലയിലെ കൈയേറ്റങ്ങളും തിങ്കളാഴ്ച തന്നെ ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്താല്‍ മതിയാകും. ഒരാഴ്ചക്കകം പതിനായിരം ഏക്കര്‍ വീണ്ടെടുക്കാനാണ് നീക്കം. ദൗത്യസംഘങ്ങള്‍ നേരത്തേ ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്ത ഭൂമി നഷ്ടമായത് വീണ്ടെടുക്കാനും മുന്‍ഗണന നല്‍കും. ബോര്‍ഡ് സ്ഥാപിച്ച് പിടിച്ചെടുക്കുന്ന ഭൂമി നഷ്ടമാകാതിരിക്കാനും സംരക്ഷണം ഉറപ്പാക്കാനും
അതത് വില്ലേജ് ഓഫിസര്‍മാരെയും ഏരിയാ തിരിച്ച് വെവ്വേറെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.