Sunday, July 31, 2011

മെട്രോയുടെ ചൂളംവിളിക്ക് കാതോര്‍ക്കാം...


മലയാളിയുടെ മെട്രോ റെയില്‍ സ്വപ്‌നം കൊച്ചിയുടെ പാളത്തില്‍ ചൂളംവിളിക്കാനൊരുങ്ങുന്നു. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുമെന്ന പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ നടന്നത്. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌നപദ്ധതിക്കായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മലയാളിയുടെ മെട്രോ റെയില്‍ സ്വപ്‌നം കൊച്ചിയുടെ പാളത്തില്‍ ചൂളംവിളിക്കാനൊരുങ്ങുന്നു. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുമെന്ന പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ നടന്നത്. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌നപദ്ധതിക്കായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്രാനുമതി കിട്ടിയാല്‍ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും പ്രതീക്ഷ. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ മെട്രൊയ്ക്കു വേണ്ടി കൊച്ചിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യമേഖലയില്‍ത്തന്നെ കൊച്ചി മെട്രോ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടായിരുന്നു ഇതുവരെ പദ്ധതിക്കു മുന്നിലുണ്ടായിരുന്ന തടസം. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ക്ക് പബ്ലിക്-പ്രൈവറ്റ്-പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി) മോഡല്‍ അനുയോജ്യമല്ലെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ  ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഡല്‍ഹിയില്‍ പല തവണ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചര്‍ച്ചകള്‍ നടന്നു. ചെന്നൈ, ബാംഗ്ലൂര്‍ മാതൃകയില്‍ പൊതുമേഖലാ പങ്കാളിത്തത്തോടെ കൊച്ചി മെട്രോ നടപ്പാക്കണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 
സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചതില്‍ കൊച്ചി മെട്രോയ്ക്കായുള്ള 25 കോടിയും ഉള്‍പ്പെട്ടിട്ടുണ്ട്. മെട്രോയ്ക്കുള്ള പണത്തിന് അനുമതി നല്‍കിയ പ്ലാനിങ് കമ്മിഷന്‍ നിലപാട് പദ്ധതിക്കു മുന്നോട്ടുള്ള പാതയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യവും കൊച്ചി മെട്രൊയുടെ വരവ് ഏറ്റവും എളുപ്പത്തിലാക്കുമെന്നാണ് പ്രതീക്ഷ. ആലുവയില്‍നിന്നു പേട്ട വരെയുള്ള 27 കിലോമീറ്ററാണു കൊച്ചിയിലേക്കു വിഭാവനം ചെയ്തിട്ടുള്ള മെട്രോ റെയില്‍. ഡി.എം.ആര്‍.സി തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം കൊച്ചി മെട്രോയ്ക്ക് 4427 കോടി രൂപ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. നഗരമധ്യത്തിലൂടെയാണ് മെട്രോ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഇന്നുള്ള ഗതാഗത സംവിധാനത്തില്‍ കാതലായ അഴിച്ചുപണി വേണ്ടിവരും. ഇക്കാര്യം ഡി.എം.ആര്‍.സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലുവയില്‍ തുടങ്ങി ഇടപ്പള്ളി വഴി നോര്‍ത്ത് എം.ജി റോഡ് വെറ്റില വഴി തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ടവരെയാണ് സഞ്ചാരപാത. റോഡില്‍ വലിയ പില്ലറുകള്‍ സ്ഥാപിച്ച് അതിനു മുകളിലായാണ് എലിവേറ്റഡ് മെട്രോ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി റോഡുകളും പാലങ്ങളും നവീകരിക്കേണ്ടിവരും.
 
നോര്‍ത്തിലെ മേല്‍പ്പാലം പുനര്‍നിര്‍മിക്കുകയെന്നതാണു മെട്രോ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴുള്ള പാലം പൂര്‍ണമായി പൊളിച്ചുനീക്കി പകരം നാലു വരിയില്‍ പുതിയ പാലം നിര്‍മിക്കണം. മൂന്നു തട്ടിലായി നിര്‍മിക്കുന്ന പാലത്തിന്റെ മൂന്നാമത്തെ തട്ടിലാണു മെട്രൊയുടെ ട്രാക്ക് വരേണ്ടത്. മെട്രോ വരുമ്പോള്‍ നോര്‍ത്ത് പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപം സലിം രാജന്‍ റോഡില്‍നിന്നു പുതിയ മേല്‍പ്പാലം നിര്‍മിക്കണമെന്നതും സൗത്ത്-നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കണമെന്നും ഡി.എം.ആര്‍.സി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് സലിം രാജന്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. 19 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം ഈ പാലം പൂര്‍ത്തിയാക്കും. ഈ പാലത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ തന്നെ നോര്‍ത്ത് മേല്‍പ്പാലം പൊളിക്കും. ഈ സമയത്തു കൊച്ചിയിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ഇന്നുള്ള സ്ഥിതി മെച്ചപ്പെടുത്താതെ കാര്യക്ഷമമായി ഗതാഗത ക്രമീകരണം നടത്താനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതു കണക്കിലെടുത്തു നഗരത്തിലെ 11 റോഡുകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. ഇപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ ഏജന്‍സികളുടെയും പൂര്‍ണ സഹകരണ ഉറപ്പുവരുത്തിക്കൊണ്ടാണു കൊച്ചി മെട്രോ റെയിലിനെ സ്വീകരിക്കാനായി ഒരുങ്ങുന്നത്.
 
പാളത്തിലോടുന്നതിന് മുമ്പുതന്നെ കൊച്ചിയുടെ മെട്രോ ഓണ്‍ലൈനില്‍ ഓടിത്തുടങ്ങിയതാണ് ഏറ്റവും പുതിയ വിശേഷം. കൊച്ചിമെട്രോ ഡോട് ഓര്‍ഗ് (ംംം.സീരവശ ാലേൃീ.ീൃഴ) എന്ന വെബ്‌സൈറ്റില്‍ പദ്ധതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമുണ്ട്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും സൈറ്റിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടാകുന്ന എല്ലാ ഡെവലപ്പ്‌മെന്റ്‌സും അപ്‌ഡേറ്റ് ചെയ്യാം. ടെണ്ടറിന്റെ വിശദവിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, ഗ്യാലറി, റൂട്ട് മാപ്പ് എന്നിങ്ങനെ സുതാര്യമാണ് സൈറ്റ്. മെട്രോ റെയിലുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ജോലികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇപ്പോള്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബയോഡേറ്റ സെറ്റില്‍ അപ്‌ലോഡ് ചെയ്യാം. 2030 ആകുമ്പോഴേക്കും കൊച്ചി നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ആറുകിലോമീറ്ററായി ചുരങ്ങും. അത്രയ്ക്ക് ഗതാഗതക്കുരുക്കാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരാള്‍ കാറോടിക്കുമ്പോള്‍, അതേ വേഗത്തില്‍ മറ്റൊരാള്‍ക്ക് നടന്നുപോകാന്‍ കഴിയുമെന്നര്‍ത്ഥം. നഗരവികസന മന്ത്രാലയം കൊച്ചി മെട്രോ റെയിലിനെക്കുറിച്ച് നടത്തിയ പഠനവും വെബ്‌സൈറ്റിലുണ്ട്. സൈറ്റ് തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ അറുപതിനായിരത്തിലേറെപ്പേര്‍ സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. സുരക്ഷിതവും യൂസര്‍ ഫ്രണ്ട്‌ലിയുമായിരിക്കും മെട്രോ റെയ്ല്‍ സര്‍വീസ് എന്ന് ഉറപ്പും സൈറ്റിലുണ്ട്. മെട്രോ റെയിലില്‍ ഏകദേശം 600 പേര്‍ക്കു യാത്ര ചെയ്യാം. കുറച്ചുനാള്‍ മുമ്പുവരെ സാധാരണക്കാര്‍ക്കു യാത്ര ചെയ്യാന്‍ പറ്റാത്തവിധത്തിലുള്ള യാത്രാ ചാര്‍ജ് ആയിരിക്കുമെന്ന അദൃശ്യ ആക്ഷേപത്തിനും അവസാനമായി. പന്ത്രണ്ടു മുതല്‍ 30 രൂപ വരെയായിരിക്കും യാത്രാക്കൂലിയെന്നു  സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, സാങ്കേതികത തുടങ്ങി എല്ലാത്തിനേയും കുറിച്ച് അറിയാനുള്ള വഴികളും ഒരുക്കിയിട്ടുണ്ട് സൈറ്റില്‍. പദ്ധതി സംബന്ധിച്ചു സംശയങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇമെയ്ല്‍ ചെയ്തു ചോദിക്കാം. വൈകാതെ മറുപടിയും ലഭിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.