Wednesday, July 13, 2011

മുന്‍സര്‍ക്കാര്‍ കെട്ടിവെച്ചത് 10000 കോടിയുടെ ബാധ്യത

മുന്‍ സര്‍ക്കാരിന്റെ ബാധ്യതയായി പതിനായിരം കോടി രൂപയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ മേല്‍ കൗശലപൂര്‍വം കെട്ടിവെച്ചിരിക്കുന്നതെന്ന് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. 2000 കോടി രൂപ മിച്ചമുണ്ടെന്ന് പറയുമ്പോഴും വിരമിക്കല്‍ ആനുകൂല്യം, എയ്ഡഡ് സ്‌കൂളുകള്‍ പുതുതായി ആരംഭിച്ചിടത്ത് നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം എന്നിങ്ങനെ കണക്കാക്കപ്പെടാത്ത ചെലവുകള്‍ ഏറെയാണ്. മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടം വീട്ടാനുള്ള ചുമതല ഈ സര്‍ക്കാരിനാണ്. 

തോമസ് ഐസക്ക് അവതരിപ്പിച്ച മുന്‍ ബജറ്റുകളാണ് രാഷ്ട്രീയ തിമിരം ബാധിച്ച് കേന്ദ്രത്തിനെതിരെയുള്ള കുറ്റപത്രങ്ങളാക്കി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുലക്ഷം രൂപവരെ ചികിത്സാ സഹായമായി ലഭിക്കുന്ന ഇന്‍ഷുറന്‍സും സ്വയം തൊഴില്‍ പദ്ധതിയും ബജറ്റിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കശുവണ്ടി കൃഷിക്കായി തോട്ടങ്ങളെ ഉപയോഗിക്കുമ്പോള്‍ ഭൂപരിഷ്‌കരണനിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനം ചര്‍ച്ചക്ക് വിധേയമാക്കണം. നിയമം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

സാമൂഹിക പരിവര്‍ത്തനത്തിനുള്ള ആയുധമാക്കി ബജറ്റിനെ മാറ്റിയത് സമൂഹത്തിന് ഗുണകരമാകുമെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. കടം വാങ്ങുന്നതിനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെക്കുറിച്ച് സംവാദം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോകമാകെ സാമ്പത്തിക മാന്ദ്യത്തിലമര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണ് രാജ്യത്തെ രക്ഷിച്ചതെന്ന് പി.എ. മാധവന്‍ പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ തൃശ്ശൂര്‍ കോള്‍ നിലങ്ങള്‍ക്കായി പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പരിസ്ഥിതി കാരണങ്ങളാല്‍ സൈലന്റ് വാലിയും മറ്റും ഉപേക്ഷിക്കുമ്പോള്‍ ആനുപാതികമായ ബോണസ് സംസ്ഥാനത്തിന് ലഭിക്കണമെന്നും ടി.എ.അഹമ്മദ്കബീര്‍ പറഞ്ഞു. 

എം. ഉമ്മര്‍, സി.എഫ്.തോമസ്, പി.സി.വിഷ്ണുനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു

No comments:

Post a Comment

Note: Only a member of this blog may post a comment.