Friday, July 22, 2011

കളമശ്ശേരിയില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ അഴിഞ്ഞാടി

മാധ്യമപ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ ആശുപത്രിയില്‍ ഹോട്ടലുകളും കടകളും അടിച്ചുതകര്‍ത്തു



വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഭാഗത്ത് മദ്യലഹരിയില്‍ അഴിഞ്ഞാടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലും കടകളും അടിച്ചുതകര്‍ത്തു.
യൂണിവേഴ്‌സിറ്റി റോഡിലുള്ള നൈസ് ഹോട്ടലും സമീപത്തെ സ്റ്റേഷനറി കടയുമാണ് ആക്രമിക്കപ്പെട്ടത്. രാത്രി 11.30ന് മദ്യമിച്ച് ലക്കില്ലാതെ ഹോട്ടലിന് മുന്നിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടച്ചിട്ട ഹോട്ടലിന്റെ ഷട്ടറില്‍ തട്ടിവിളിച്ച് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികള്‍ ഭക്ഷണം തീര്‍ന്നുവെന്ന് അറിയിച്ചപ്പോള്‍ ഹോട്ടലിന് നേര്‍ക്ക് ആക്രമണം ആരംഭിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് കൂടുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ നിന്നും വരുത്തുകയുമായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഹോട്ടലിന് മുന്നിലെത്തിയ അലിയാരെയും സുഹൃത്ത് സുബൈറിനെയും എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതിന്റെ പടമെടുക്കുകയായിരുന്ന ചന്ദ്രിക ലേഖകന്‍ പി.എം.എ ലത്തീഫിനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ ക്യാമറ പിടിച്ചുവാങ്ങി തല്ലിയുടച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹസ്സനെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബിനെയും ആക്രമികള്‍ തടഞ്ഞുവച്ചു.ജനങ്ങള്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് പിന്‍വാങ്ങി. ഈ സമയമത്രയും കളമശ്ശേരി സി.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് നിഷ്‌ക്രീയരായി നോക്കിനില്‍ക്കുകയായിരുന്നു.
 
ഇതിനിടെ സ്ഥലത്തെത്തിയ എസ്.എഫ്.ഐ നേതാവ് ലിജോ ജോസും സംഘവും യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കല്ലേറ് ആരംഭിച്ചു.സ്ഥലത്തെത്തിയ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അടക്കമുള്ളവര്‍ അക്രമികളെ കസ്റ്റഡിയിലെടുക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അക്രമികളെ ഹോസ്റ്റലിനുള്ളിലേയ്ക്ക് തന്ത്രപൂര്‍വ്വം കയറ്റിവിട്ടതിന് ശേഷം ജനത്തെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഹസ്സന്‍, പി.എം.എ ലത്തീഫ്, നജീബ്, അലിയാര്‍, സുബൈര്‍ എന്നിവരെ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, അഹമ്മദ് കബീര്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എബി മാഞ്ഞൂരാന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.