Wednesday, July 20, 2011

കേരളത്തെ കടക്കെണിയില്‍ ആക്കിയ ഇടതുഭരണം


കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റില്‍ സംഭവിച്ച ഗുരുതരമായ പിടിപ്പുകേടിന്റെ വാചാലമായ വിവരണമാണ് കഴിഞ്ഞദിവസം ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നയാ പൈസയുടെ ഗുണം ചെയ്യാതെ അന്ധമായ ധൂര്‍ത്തിലൂടെ സംസ്ഥാനത്തെ ഭീമമായ കടക്കെണിയില്‍ തള്ളിയിട്ടതിന്റെ പേരില്‍ ഇടതുഭരണം കുപ്രസിദ്ധി നേടിയിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 78,673 കോടി രൂപയുടെ കടത്തിലാണ് കേരളം. ഓരോ കേരളീയന്റെയും കടം 23,563 രൂപയാണ്. 2004ല്‍ 11,478 രൂപയായിരുന്ന ആളോഹരികടം 2008 ആയപ്പോള്‍ 16,074 രൂപയായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം കൂടുതലാണിത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് 'മണല്‍ സിദ്ധാന്തം' ആവിഷ്‌കരിക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുതട്ടാന്‍ പെന്‍ഷന്‍ ഏകീകരിക്കുകയും ചെയ്യുകവഴി തലതിരിഞ്ഞ സാമ്പത്തിക സമീപനമാണ് തോമസ് ഐസക്ക് സ്വീകരിച്ചതെന്ന് സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് ആര്‍ക്കും അനുമാനിക്കാന്‍ കഴിയും. 10,197 കോടി രൂപയുടെ അധിക ബാധ്യത കേരളത്തിനുണ്ടാക്കിയത് ഇടത് ഭരണകൂടമാണെന്ന് വ്യക്തം. അതില്‍ പകുതിയോളം തുകയുടെ ബാധ്യത ബോധപൂര്‍വം ഇടതുസര്‍ക്കാരിന്റെ ബജറ്റില്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു. ട്രഷറികളില്‍ 3881 കോടി രൂപ മിച്ചമുണ്ടെന്ന് അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ഐസക്ക് വിളിച്ചുപറഞ്ഞിരുന്നു. ഉയര്‍ന്ന പലിശനല്‍കേണ്ട കരുതല്‍ നിക്ഷേപമാണ് ആ തുകയെന്ന വസ്തുതയും മറച്ചുവെച്ചു. അതേസമയം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതങ്ങള്‍ കൃത്യസമയത്ത് വാങ്ങിയെടുക്കാന്‍ കഴിയാഞ്ഞതിനാല്‍ നഷ്ടപ്പെട്ടത് സഹസ്രകോടികളാണ്.
 
അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരി കരിഞ്ചന്തയില്‍ വിറ്റ് കേരളത്തെ സമ്പന്നമാക്കുമെന്നാണ് മുന്‍ ധനമന്ത്രി ഐസക്ക് അഭിപ്രായപ്പെട്ടത്. മലമ്പുഴ അണക്കെട്ടില്‍ നിന്ന് മണല്‍ ഖനനം ആരംഭിക്കുകയും ചെയ്തു. ആ മണല്‍ എവിടെപ്പോയി ഒളിച്ചുവെന്ന് ആര്‍ക്കുമറിയില്ല. അതില്‍ നിന്ന് സംസ്ഥാന ഖജനാവില്‍ ചില്ലിക്കാശ് അടഞ്ഞിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ക്ക് ന്യായവിലയ്ക്ക് ഒരുപിടി മണല്‍ പോലും കിട്ടിയതുമില്ല. കാള്‍ മാര്‍ക്‌സിന്റെ സാമ്പത്തിക സിദ്ധാന്തത്തിന് ബദല്‍ എന്ന നിലയിലാണ് ധനകാര്യ വിദഗ്ധനെന്ന് സ്വയം ഭാവിക്കുന്ന ഐസക്ക് കേരളത്തിലെ സാധാരണക്കാരുടെ മുന്നില്‍ മണല്‍ സിദ്ധാന്തം ആവിഷ്‌കരിച്ചത്. സംസ്ഥാന ജീവനക്കാര്‍ 55 വയസ്സ് തികയുന്ന മുറയ്ക്ക് പെന്‍ഷന്‍ ആനുകൂല്യം വാങ്ങി സര്‍വീസില്‍ നിന്ന് പിരിയുന്നതിന് പകരം എല്ലാവരെയും മാര്‍ച്ച് 31-ാം തീയതി കൂട്ടത്തോടെ അടിത്തൂണ്‍ പറ്റിച്ച അസാധാരണ നടപടിയിലൂടെ സംസ്ഥാനത്തിനുണ്ടാക്കിയ പൊതുബാധ്യത ഭയങ്കരമാണ്. കാല്‍ലക്ഷം പേര്‍ വീതം ഒരുമിച്ച് സര്‍വീസില്‍ നിന്ന് രണ്ടുകൊല്ലം വിരമിച്ചപ്പോള്‍ ഭരണരംഗത്തുണ്ടായ പ്രതിസന്ധിക്ക് പുറമേ ഒറ്റയടിക്ക് കൂട്ടത്തോടെ അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ കേരളം വന്‍തോതില്‍ കടമെടുക്കേണ്ടിവന്നു. തലതിരിഞ്ഞ ഇത്തരം നടപടികളിലൂടെയാണ് പൊതുകടം 78,673 കോടി രൂപയായി ഉയര്‍ന്നത്.
 
ഇടതുസര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യത ധവളപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. 2154 കോടി രൂപ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട കടമാണ്. പെന്‍ഷന്‍-ശമ്പള പരിഷ്‌കരണത്തിന് 4825 കോടി രൂപ വേണം. റേഷന്‍ സബ്‌സിഡി ബാധ്യത 226 കോടി രൂപയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്ക് 200 കോടി രൂപ കണ്ടെത്തണം. കെ.എസ്.ആര്‍.ടി.സി, ഭവനിര്‍മാണ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പഞ്ചായത്ത് പദ്ധതി വിഹിതവും സര്‍ക്കാരിന്റെ തലവേദനയായി തീര്‍ന്നിരിക്കുന്നു. അതേസമയം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ 812 കോടി രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടു. കടം ഒഴിവാക്കല്‍ പാക്കേജിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന 1063 കോടി കേന്ദ്രവിഹിതവും നഷ്ടപ്പെട്ടു. പദ്ധതികള്‍ കൃത്യമായി പൂര്‍ത്തിയാക്കാത്തതുകൊണ്ട് നഷ്ടപ്പെട്ട കേന്ദ്ര ഗ്രാന്റ് 414 കോടിയുടേതാണ്. റവന്യൂ കമ്മി കുറയ്ക്കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 400 കോടി രൂപയും കിട്ടാതെപോയി. 

No comments:

Post a Comment

Note: Only a member of this blog may post a comment.