Tuesday, July 5, 2011

നെല്ലിയാമ്പതിയിലെ സി പി എം-സി പി ഐ ഓഫീസുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കണ്ടെത്തി

 നെല്ലിയാമ്പതിയില്‍ സി പി എം, സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം നിലനില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കണ്ടെത്തി. ഇന്നലെ ആര്‍ ഡി ഒ പി മണികണ്ഠന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നടത്തിയ പരിശോധനയിലാണ് ഭൂമി കയ്യേറി കെട്ടിടം നിര്‍മിച്ചുവെന്ന് കണ്ടെത്തിയത്.
നെല്ലിയാമ്പതിയിലെ സര്‍ക്കാരിന്റെ അധീനതയിലുള്ള ഓറഞ്ച് ഫാമിന്റെ സ്ഥലമാണ് ഇരു പാര്‍ട്ടികളും കയ്യേറി ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണമാണ് ഇവിടെ നടന്നതെന്നും ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.  കയ്യേറിയ സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല.  എന്നാല്‍ പട്ടയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന മുടന്തന്‍ ന്യായമാണ് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചിറ്റൂര്‍ തഹസില്‍ദാരിന് പുറമെ താലൂക്ക് സര്‍വേയറും തെളിവെടുപ്പിനെത്തിയിരുന്നു.  ആര്‍ ഡി ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടനെ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമായി. കഴിഞ്ഞ ദിവസം ഓറഞ്ച് ഫാമിന്റെ ഭൂമിയില്‍ പാര്‍ട്ടി ഓഫീസുകള്‍ നിര്‍മിച്ച സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി കെ പി മോഹനന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  കൃഷിവകുപ്പിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണ് ഇവിടെ കെട്ടിടം നിര്‍മിച്ചതെന്നും വ്യക്തമായിരുന്നു.  വനംവകുപ്പിന്റെ കീഴിലുള്ള 795 ഏക്കര്‍ വരുന്ന ഓറഞ്ച് ഫാം 1940 കളിലാണ് കൃഷിവകുപ്പിന് കൈമാറിയത്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിന്റെ കീഴിലുള്ള ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.