Tuesday, July 5, 2011

പൃഷ്ഠാല്‍ വിപ്ലവ വീരസമരങ്ങള്‍

അനന്തരം പി. ബിജു പറഞ്ഞു...സ്വാശ്രയ സമരത്തിന്‍റെ തീവ്രത തല്‍ക്കാലത്തേക്ക് എസ്എഫ്ഐ കുറയ്ക്കുന്നു. പക്ഷേ, സമരത്തില്‍ നിന്നു പിന്മാറുന്നില്ല, മറ്റു മാര്‍ഗങ്ങളിലൂടെ പ്രക്ഷോഭത്തിന്‍റെ രീതി മാറ്റുമത്രേ. ബിജു പറഞ്ഞു തീര്‍ന്നതും ഉമ്മന്‍ ചാണ്ടിയുടെ പൊലീസിനു പണി കുറഞ്ഞു. അങ്ങനെ എസ്എഫ്ഐക്കാര്‍ നല്ല കുട്ടികളാകാന്‍ തീരുമാനിച്ചു. 

കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ വിദ്യാര്‍ഥികളുടെ വീറുറ്റ മത്സരമായിരുന്നു. ആരാണു കൂടുതല്‍ അടി കൊള്ളുന്നത്? ഏതു ജില്ലാ കമ്മിറ്റിയാണു സമരത്തില്‍ കൂടുതല്‍ തിളങ്ങിയത്? എവിടെയാണു കൂടുതല്‍ പേര്‍ നിരത്തിലിറങ്ങിയത്? അടിയുടെ വക്കത്തെത്തിയ ശേഷം അടി കൊള്ളാതെ മുങ്ങിയത് ഏതൊക്കെ കുലദ്രോഹികള്‍ തുടങ്ങിയ കാര്യങ്ങളുടെ വാല്വേഷനായിരുന്നു സംഘടനാ തലപ്പത്ത്. പ്രോത്സാഹനവുമായി വീരനേതാവ് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ സമരമുഖത്ത് വല്ലാത്ത ആവേശം തന്നെയുണ്ടായി. അടികൊണ്ടു തലയും കാലും പൊട്ടി റോഡില്‍ വീണവരാരും സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം തേടാന്‍ ത്രാണിയുള്ളവരായിരുന്നില്ല. ആര്‍ക്കോ വേണ്ടി ആരോ പറഞ്ഞു സമരം ചെയ്തവരാണവര്‍. അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നൊന്തതു മിച്ചം. 

ദോഷം പറയരുത്, എസ്എഫ്ഐക്കാര്‍ക്കു പുറമേ ഏതാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കും അല്ലറചില്ലറ അടികൊണ്ടു. പക്ഷേ,അടിയുടെ ഒന്നാം റാങ്ക് എസ്എഫ്ഐക്കു തന്നെ. കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തില്‍ പ്രതിഷേധിച്ചാണത്രേ ഈ അടിയെല്ലാം കുട്ടികള്‍ വാങ്ങിക്കൂട്ടിയത്. കച്ചവടം പൂര്‍ണമായി ഒഴിവാക്കി എല്ലാ കച്ചവടക്കാരുടെയും കട പൂട്ടിച്ചതില്‍പ്പിന്നെയാണോ എല്ലാവരും അടി നിര്‍ത്തിയതെന്നു ചോദിക്കരുത്. കച്ചവടക്കാരെല്ലാം പഴയപടി തന്നെയുണ്ട്. കച്ചവടവും ഭംഗിയായി നടക്കുന്നുണ്ട്. പരിയാരം സഹകരണ മെഡിക്കല്‍ കോളെജുപോലെ ചില മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളില്‍ കട തുറക്കും മുന്‍പു കച്ചവടം കഴിയുന്ന അവസ്ഥയുമുണ്ട്. പരിയാരം മോഡല്‍ മറ്റു വല്ലയിടത്തും പിടിക്കപ്പെട്ടാലോ എന്നു പേടിയാണത്രേ, പൃഷ്ഠാല്‍പൃഷ്ഠന്മാരുടെ പിന്മാറ്റത്തിനു പിന്നില്‍.

കാര്യങ്ങള്‍ ഈ വഴിക്കേ ആവുകയുള്ളൂ എന്നറിയാത്തവരല്ല ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, പി. ബിജു, കെ.വി. സുമേഷ്, ഷാഫി പറമ്പില്‍ തുടങ്ങി പക്ഷവ്യാത്യാസമില്ലാതെ വിദ്യാര്‍ഥി നേതാക്കളെല്ലാം. ഇവര്‍ക്കു പ്രസക്തി ഏറുമ്പോള്‍ അപ്രസക്തരായിപ്പോകുന്ന ചിലരുണ്ട്. എസ്എഫ്ഐയില്‍ മാത്രമല്ല, എല്ലാ വിദ്യാര്‍ഥിസംഘടനകളിലും ഒരു ദിവസം വീരാരാധന ലഭിക്കുകയും പിന്നീടു വിസ്മൃതിയില്‍ ആണ്ടുപോവുകയും ചെയ്ത കുറേപ്പേരുണ്ട്. 

കൊണ്ടാടപ്പെട്ട വിദ്യാര്‍ഥി- യുവജന പ്രക്ഷോഭമായിരുന്നു ഒരു കാലത്തു കംപ്യൂട്ടര്‍ വിരുദ്ധ പ്രക്ഷോഭം. ബാങ്കിങ് മേഖലയിലടക്കം പല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും കംപ്യൂട്ടര്‍വത്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ അതിനെതിരേ ഏറ്റവും കൂടുതല്‍ സമരം നയിച്ചതു കേരളത്തിലായിരുന്നു. ഒരു കംപ്യൂട്ടര്‍ വന്നാല്‍ എട്ടു പേര്‍ക്കു തൊഴില്‍ പോകുമെന്നായിരുന്നു പ്രചാരണം. അതിന്‍റെ പേരില്‍ എത്രയോ നിരപരാധികളായ ചെറുപ്പക്കാര്‍ തലങ്ങും വിലങ്ങും അടികൊണ്ടു. എന്നിട്ടോ? അന്നു കംപ്യൂട്ടര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ച മിക്ക സംഘടനകളുടെയും ഓഫിസുകളെല്ലാം ഇന്നു ഹൈടെക്..! അതിന്‍റെ പേരില്‍ അടികൊണ്ട പാവപ്പെട്ട സമരക്കാര്‍ ആരെങ്കിലും ഒരു സാദാ കംപ്യൂട്ടര്‍ പോലും വാങ്ങിയോ എന്നു നിശ്ചയമില്ല. 

ഇപ്പോഴത്തെ എംഎല്‍എ വി. ശിവന്‍ കുട്ടി എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്തു കൊടുമ്പിരിക്കൊണ്ടതാണു പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം. കോളെജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി, പ്രത്യേക ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരേ ആയിരുന്നു അന്നത്തെ സമരം. കോളെജുകള്‍ സര്‍വകലാശാലയ്ക്കു കീഴില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രീ ഡിഗ്രി പ്രത്യേക ബോര്‍ഡിനു കീഴില്‍ വരുന്ന ഹയര്‍ സെക്കന്‍ഡറി യോഗ്യതയുമാക്കുന്ന ഏര്‍പ്പാടാണത്. ഈ രണ്ടു നടപടികളും വിദ്യാര്‍ഥികള്‍ക്കു ഗുണകരമാവേണ്ടതാണ്. അതിനെതിരേ വിദ്യാര്‍ഥികള്‍ രംഗത്തു വന്നതിന്‍റെ ഗുട്ടന്‍സ്, സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. പ്രീ ഡിഗ്രി ബോര്‍ഡ് വന്നാല്‍ കോളെജുകളില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകര്‍ തങ്ങളുടെ ജോലിയില്‍ തരം താഴ്ത്തപ്പെടും. കോളെജ് അധ്യാപക നിയമനത്തിന് ഉയര്‍ന്ന യോഗ്യത അനിവാര്യമാകും. ഈ അപകടത്തില്‍ നിന്നു തലയൂരാനുള്ള ചിലരുടെ അതിമോഹമായിരുന്നു പ്രീ ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം. 

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബ് ആയിരുന്നു പ്രീ ഡിഗ്രി ബോര്‍ഡില്‍ വിദ്യാര്‍ഥികളുടെ വില്ലന്‍. തൊട്ടു പിന്നാലെ വന്ന ഇടതു മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് എന്ന പേരില്‍ ഈ ബോര്‍ഡ് നിലവില്‍ വന്നപ്പോഴേക്കും തങ്ങളുടെ ജോലി കോളെജുകളില്‍ത്തന്നെ നിലനിര്‍ത്താന്‍ പാകത്തിന് അധ്യാപക സംഘടനകളുടെ ചില നേതാക്കളെങ്കിലും യോഗ്യത നേടി. അതുറപ്പായപ്പോള്‍ പ്രീ ഡിഗ്രി ബോര്‍ഡ് ആണു ദോഷം, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് കുഴപ്പമില്ലെന്നായി പഴയ സമരക്കാര്‍. 

പ്രീ ഡിഗ്രി ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ആയി രൂപാന്തരം പ്രാപിച്ച് ഒരു കുഴപ്പവും കൂടാതെ പ്രവര്‍ത്തിക്കുന്നു. അന്നത്തെ പ്രീ ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരത്തില്‍ യൂനിവേഴ്സിറ്റി ഓഫിസിനു മുന്‍പില്‍ സത്യഗ്രഹം കിടന്ന ശിവന്‍ കുട്ടിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ ഒരു അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി അന്നത്തെ പല പത്രങ്ങളിലും വാര്‍ത്ത വന്നു. സിപിഎം ബാലസംഘത്തിലെ അംഗമായിരുന്ന ഒരു അരവിന്ദിനായിരുന്നു അന്നത്തെ അടി. ഈ അരവിന്ദിനെ ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ അറിയുമോ എന്നു നിശ്ചയമില്ല.

എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ച പ്രക്ഷോഭമാണു പോളി സമരം. സ്വകാര്യ പോളി ടെക്നിക്കുകള്‍ അനുവദിക്കുന്നതിനെതിരേ ആയിരുന്നു സമരം. അന്നത്തെ എസ്എഫ്ഐ നേതാവ് യു.പി. ജോസഫ്. പോളി സമരം തലങ്ങും വിലങ്ങും തീപാറി. തിരുവനന്തപുരത്തുണ്ടായ പൊലീസ് തേര്‍വാഴ്ചയില്‍ യൂനിവേഴ്സിറ്റി കോളെജ് വിദ്യാര്‍ഥിനിയായിരുന്ന സോണിയ എന്ന പെണ്‍കുട്ടിക്കു ഭീകരമായി മര്‍ദനമേറ്റു. തലപൊട്ടി അനേക ദിവസം ആശുപത്രിയിലായിരുന്ന സോണിയയുടെ പടവും പത്രങ്ങളില്‍ അടിച്ചു വന്നു. അതേ സമരത്തില്‍ പങ്കെടുത്ത അന്നത്തെ യൂനിവേഴ്സിറ്റി യൂണിയന്‍ ചെയര്‍ പെഴ്സന്‍ ഗീനാ കുമാരിക്ക് അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്‍റെ മര്‍ദനമേറ്റു. കൈയൊടിഞ്ഞ് ആശുപത്രിയിലായ ഗീനാ കുമാരി പാര്‍ട്ടിയില്‍ പിന്നീട് ഒന്നുമായില്ല. ഇപ്പോള്‍ എവിടെയോ വക്കീല്‍പ്പണി നോക്കി ജീവിക്കുന്നു എന്നാണ് അറിഞ്ഞത്.

ഇവരൊക്കെ ഇത്രയും കൊടിയ പീഡനം അനുഭവിച്ചപ്പോള്‍ സംസ്ഥാനത്തു സ്വകാര്യ പോളി ടെക്നിക്കുകള്‍ അനുവദിക്കാതിരുന്നോ സര്‍ക്കാര്‍? അവ അനുവദിക്കപ്പെടുക തന്നെ ചെയ്തു. എത്രയോ കുട്ടികള്‍ ഇന്നിപ്പോള്‍ അവിടെ പഠിച്ചിറങ്ങുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പരുക്കേറ്റ് 36 ദിവസം കോഴിക്കോട് ജയിലില്‍ കഴിഞ്ഞ പി.കെ. സിന്ധു, 12 ദിവസം തൃശൂര്‍ ജയിലില്‍ കഴിഞ്ഞ റംല, പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ സുകന്യ തുടങ്ങിയവര്‍ ചിന്തിയ ചോരയ്ക്ക് എന്തു വില കിട്ടി, സ്വന്തം ജീവിതത്തിലും പാര്‍ട്ടിയിലും? 

ഒരുദാഹരണം കൂടി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും സ്വാശ്രയ വിരുദ്ധ സമരം ശക്തമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളെജിനു മുന്നില്‍ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു കാലിനു സാരമായ പരുക്കേറ്റു എസ്എഫ്ഐ സംസ്ഥാന അധ്യക്ഷ സിന്ധു ജോയിക്ക്. അതോടെ സംസ്ഥാനത്തെ സ്വാശ്രയ കോളെജുകളെല്ലാം അടച്ചു പൂട്ടിയോ? 

ഉമ്മന്‍ ചാണ്ടി അനുവദിച്ച സ്വാശ്രയ കോളെജുകള്‍ക്കു പിന്നാലെ വന്ന അച്യുതാനന്ദന്‍ സര്‍ക്കാരും അനുവദിച്ചു വേണ്ടുവോളം കോളെജുകള്‍. പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള കോളെജുകളില്‍പ്പോലും സീറ്റുകള്‍ മുന്‍കൂര്‍ വിറ്റുകാശാക്കുന്നു. ഇതു തിരിച്ചറിഞ്ഞ ശേഷവും സിന്ധുവും റംലയും ഗീനയും സുകന്യയുമൊക്കെ എന്തിനു ഗ്രനേഡ് ഇരിക്കുന്നിടത്തു കാലു വച്ചുകൊടുക്കുന്നു. പാര്‍ട്ടിയെപ്പോലും തള്ളിപ്പറഞ്ഞ് സിന്ധു മറുകണ്ടം ചാടി. പിന്നെന്തിനു സിന്ധു സ്വന്തം കാല്‍ "നഷ്ടപ്പെടുത്തി'! 

ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ പ്രക്ഷോഭത്തിനും കംപ്യൂട്ടര്‍ വിരുദ്ധ, പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ, സ്വകാര്യ പോളി വിരുദ്ധ, സ്വാശ്രയ മെഡിക്കല്‍ വിരുദ്ധ സമരങ്ങളുടെ ഗതി മാത്രമേ വരൂ. അതിനെതിരേ പ്രക്ഷോഭം നയിച്ചു കൈയും കാലും തലയും കളയുന്നതിലല്ല വിദ്യാര്‍ഥികളുടെ മാനവശേഷി തെളിയിക്കപ്പെടേണ്ടത്. കൂടുതല്‍ കുട്ടികള്‍ക്കു പഠിക്കാന്‍ പരമാവധി സൗകര്യം. അതു സ്വകാര്യ മേഖലയിലോ പൊതു മേഖലയിലോ എവിടെ വേണമെങ്കിലോ വരട്ടെ. അനുവദിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പും പ്രവേശന നടപടികളും നിയമവിധേയമാണോ, മതിയായ പഠന സൗകര്യങ്ങളുണ്ടോ, സമൂഹനീതി അട്ടിമറിക്കപ്പെടുന്നുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കട്ടെ. ഇപ്പറഞ്ഞ ഏതെങ്കിലുമൊക്കെ അട്ടിമറിക്കപ്പെടുന്നെങ്കില്‍ അതിനെതിരേ നിയമ യുദ്ധം നടത്തിയും ആശയ സമരത്തിലൂടെ സ്വന്തം പാര്‍ട്ടി നേതാക്കളെപ്പോലും സമ്മര്‍ദത്തിലാക്കിയും കരുത്തു തെളിയിക്കട്ടെ നമ്മുടെ വിദ്യാര്‍ഥി സംഘടനകള്‍. 

ഒരു സമരത്തിന്‍റെ പേരില്‍ അടികൊണ്ടു തലപൊളിയുന്ന ഓരോ വിദ്യാര്‍ഥിയും- അത് ഏതു യൂണിയനില്‍പ്പെട്ടവരായാലും - ഒരു വീടിന്‍റെ സ്വപ്നങ്ങളാണു തല്ലിക്കെടുത്തുന്നത്. അടി കൊണ്ടാല്‍ ഫലം കിട്ടിയില്ലെങ്കില്‍ അടി കൊള്ളാത്ത സമരം നയിച്ചുകൂടെ, ഹൈബിയുടെയും ബിജുവിന്‍റെയും മറ്റു പലരുടെയും നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ക്ക്? സ്വന്തം മക്കളെ പഠിപ്പിക്കാന്‍ എന്തു ത്യാഗം സഹിക്കാനും നിങ്ങളുടെ രക്ഷിതാക്കള്‍ തയാറാണ്. അതിപ്പോള്‍ അടൂര്‍ പ്രകാശ് ആയാലും വി.വി. രമേശ് ആയാലും അതേ നോക്കൂ. മക്കളുടെ നന്മ മാത്രമാണു ലക്ഷ്യം. 

ഇനി, പഠിക്കാന്‍ എംബിബിഎസും എംഡിയും ബിടെക്കും എംടെക്കുമൊക്കെ മാത്രമേയുള്ളൂ എന്നും ധരിക്കരുത്. ഇപ്പറഞ്ഞ മുന്തിയ കോഴ്സുകളെക്കാള്‍ മികച്ച എത്രയോ കോഴ്സുകള്‍ വേറെയുമുണ്ട്. അടികൊള്ളാന്‍ നടക്കുന്നവര്‍ അതിലേതെങ്കിലും ഒന്നു തെരഞ്ഞെടുക്കൂ. ഒരിക്കല്‍ അടികൊണ്ട് അതിവിപ്ലവം നയിച്ചവരെക്കാള്‍ ഗുണം ചെയ്യാതിരിക്കില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.