Tuesday, July 5, 2011

അണ്ണാ ഹസാരെയും ലോക്കല്‍ ഉണ്ണാവ്രതക്കാരും

അണ്ണാ ഹസാരെ സമരം നടത്തിയതുകൊണ്ട് കുറേ പേര്‍ക്ക് വയറ്റുപിഴപ്പിന് വഴിയായി. 'അണ്ണാഹസാരെ മോഡല്‍' എവിടേയും ആവിഷ്‌കരിക്കാം. പണപ്പിരിവ്, പബ്ലിസിറ്റി എന്നിവ നേടാന്‍ ലോക്കല്‍ 'അണ്ണ'ന്മാരും ഹൈടെക് സ്വാമിമാരുമൊക്കെ തയ്യാര്‍.
കണ്ണൂരിലും നടന്നു ഒരു ദിവസത്തെ ഉണ്ണാവ്രതം. അഴിമതിക്കെതിരെ കേരളം എന്ന വളരെ ചേതോഹരമായ മുദ്രാവാക്യത്തോടെ കണ്ണൂരില്‍ വാണിജ്യ-വ്യവസായികളുടെ സൗജന്യത്തില്‍ അനുവദിച്ച ഹാളിനകത്തായിരുന്നു ഉപവാസം. കണ്ണൂരെന്താ കേരളത്തിന്റെ തലസ്ഥാനമാണോ എന്നാരുംചോദിച്ചേക്കരുത്. അതല്ല അഴിമതിക്കാരുടെ കേന്ദ്രമാണോ എന്നും ചോദിച്ചേക്കരുത്. ഉണ്ണാവ്രതത്തിന് അനുയോജ്യമായൊരു സ്ഥലം സൗജന്യമായി കിട്ടി. നയിക്കാന്‍ സ്വാമി അഗ്നിവേശും കണ്ണൂരുകാരനായ ഏകതാ പരിഷത്ത് ചെയര്‍മാന്‍ പി വി രാജഗോപാലും കൂടിയായപ്പോള്‍ സംഗതി ഗംഭീരമാക്കാം, അത്രതന്നെ. ദേശീയ മാധ്യമങ്ങള്‍ വരെ പറന്നെത്തുമെന്ന് കരുതി സംഘാടകര്‍.അഴിമതിക്കെതിരെ ഇവര്‍ക്കൊപ്പം ഉപവാസമിരിക്കാന്‍ വന്നവരെ കണ്ട് ആളുകള്‍ അന്തംവിട്ടു പോയി. പലിശക്ക് പണം കൊടുക്കുന്നവര്‍, പലരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നത് സ്വഭാവമാക്കിയവര്‍, സ്വന്തമായി അധ്വാനിക്കാതെ മറ്റുള്ളവരുടെ ചിലവില്‍ ജീവിക്കുന്നവര്‍. ഉണ്ണാവ്രതക്കാരുടെ പട കണ്ട് എങ്ങനെ അമ്പരക്കാതിരിക്കും.
ഇവരാണ് അഴിമതി തടയാന്‍ പ്രതിജ്ഞാബദ്ധര്‍. രാഷ്ട്രീയനേതൃത്വങ്ങളോടൊക്കെ ഇവര്‍ക്ക് പരമപുച്ഛമാണ്. അഴിമതിക്കെതിരെയൊക്കെ പ്രസംഗിക്കുമെങ്കിലും പരിപാടി നടത്താന്‍ ഏത് അഴിമതിക്കാരന്റേയും പണം നാണമില്ലാതെ സ്വീകരിക്കുന്നവര്‍. കാര്യസാധ്യത്തിന് ഏത് രാഷ്ട്രീയനേതാവിന്റേയും തിണ്ണ നിരങ്ങുന്നവര്‍. എന്നിട്ട് പ്രസംഗിക്കും, രാഷ്ട്രീയനേതാക്കള്‍ക്കെതിരെ, സര്‍വവ്യാപിയാകുന്ന അഴിമതിക്കെതിരെ.
അരാഷ്ട്രീയവാദത്തോടൊപ്പം ആഡംബരജീവിതം കലയാക്കിക്കൊണ്ട് പുതിയ സംസ്‌കാരം സൃഷ്ടിക്കാന്‍ നോക്കുന്ന അണ്ണന്മാര് കൊള്ളാം. ഇടയ്ക്കിടെ ഇങ്ങനെ ഓരോ പരിപാടി സംഘടിപ്പിച്ചാല്‍ അഴിമതി പാടേ തുടച്ചുനീക്കാനാകുമത്രേ. ജനങ്ങളുടെ പ്രതിനിധികള്‍ ഇവരാണെന്ന് ഇവര്‍ ഊറ്റം കൊള്ളുന്നു. ജനങ്ങളുടെ പ്രതിനിധികളെന്ന് സ്വയം ഊറ്റംകൊണ്ടാണ് യഥാര്‍ത്ഥ ജനപ്രതിനിധികളെ ഇവര്‍ അപഹസിക്കുന്നത്. ഓരോരോ കടലാസു സംഘടനയുണ്ടാക്കി ജീവിതകാലം മുഴുവന്‍ ഇതിന്റെ നേതൃത്വത്തില്‍ അള്ളിപ്പിടിച്ച് പണപ്പിരിവും ഫണ്ട് ശേഖരണവും തൊഴിലാക്കിയവര്‍ ജനാധിപത്യത്തെ കുറിച്ച് പ്രസംഗിക്കുന്നു. രാഷ്ട്രീയക്കാരുടെ അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നു. അതിശയം തന്നെ.
'ആയുര്‍വേദ ചികില്‍സ'ക്ക് പോകും മുമ്പ് ഒരു വാക്ക്
പി. ശശിയെ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ഔദ്യോഗികമായി ഇന്നലെ പത്രക്കുറിപ്പിറക്കി അറിയിച്ചു. മൂന്നുദിവസം മുമ്പാണ് ശശിയെ പാര്‍ട്ടി പുറത്താക്കിയത്. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. പത്രങ്ങളില്‍ വന്ന അറിവല്ലാതെ തനിക്ക് അറിയിപ്പൊന്നും കിട്ടിയില്ലെന്നു ശശിയും പറഞ്ഞിരുന്നു.
ഈ സി പി എം ഒരു പ്രസ്ഥാനം തന്നെയെന്ന് ഇപ്പോഴാ സമ്മതിക്കേണ്ടിവരിക. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പീഡിപ്പിച്ചതിന് പാര്‍ട്ടിക്കകത്ത് പരാതി വന്നപ്പോഴാണ് ശശിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നിര്‍ബന്ധിത അവധി നല്‍കിയത്. നാടാകെ സംഗതി പാട്ടായിട്ടും സി പി എം ആക്ടിംഗ് ജില്ലാ സെക്രട്ടറി പി ജയരാജന്‍ അന്ന് നന്നായി 'ആക്ട്' ചെയ്തു. ഗുരുതരമായ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന ശശി സഖാവിന് ആയുര്‍വേദ ചികില്‍സക്കു പോകാന്‍പോലും നിങ്ങള്‍ അനുവദിക്കില്ലേയെന്ന് മാധ്യമങ്ങളോട് ജയരാജന്‍ സഖാവ് രോഷം കൊണ്ടു. ശശിക്ക് അസുഖമുണ്ടാകാനിടയായ സാഹചര്യങ്ങള്‍ പാര്‍ട്ടി വിശദീകരിച്ചു. പാര്‍ട്ടിക്കു വേണ്ടി ശശി സഖാവ് ചെയ്ത മഹാത്യാഗങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. അസുഖം ചികില്‍സിക്കാന്‍ പോയയാള്‍ക്കെതിരെ പിന്നീട് പാര്‍ട്ടിവക അന്വേഷണ കമ്മീഷന്‍, തെളിവെടുപ്പ്, വിമര്‍ശനം, അതുകഴിഞ്ഞ് നിഷ്‌കാസനം. എങ്ങനെയുണ്ട് സിപിഎമ്മിലെ നടപ്പുരീതി?
ശശി സഖാവ് പുറത്തായ സ്ഥിതിക്ക് പിണറായി സഖാവ് കര്‍ക്കടക ചികില്‍സ ഒഴിവാക്കുമോ എന്തോ? കര്‍ക്കട ചികില്‍സക്കു പോയാല്‍ പിന്നെ ഈ പാര്‍ട്ടിയിലുണ്ടാകുമെന്നതിന് എന്താണുറപ്പ്? പണ്ടത്തെപോലെ ശ്രീമതി പോലും മെരുങ്ങാത്ത കാലമാണെന്നു കൂടി ഓര്‍ക്കണം.

No comments:

Post a Comment

Note: Only a member of this blog may post a comment.