Friday, July 1, 2011

സ്വാശ്രയ വിശ്വരൂപം സി.പി.എം വക


വിദ്യാഭ്യാസ കച്ചവടത്തിനെതിരെ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന അക്രമസമരവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്തമൊലിപ്പിച്ച് പൊതുസമൂഹത്തിന്റെ അനുകമ്പ നേടി രാഷ്ട്രീയ ഗുണം കൊയ്യാമെന്ന് സി.പി.എം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന ആ കലാപരിപാടി വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ വിദ്യാഭ്യാസക്കച്ചവടം എന്നുപറയുന്ന സാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഒന്നരമാസം മുമ്പ് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സൃഷ്ടിയല്ല. ഒരു വ്യാഴവട്ടക്കാലമായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. യഥാര്‍ത്ഥത്തില്‍ സ്വാശ്രയ മേഖലയിലെ ആദ്യത്തെ കോളജ് കേരളത്തില്‍ ആരംഭിച്ചത് നായനാര്‍ സര്‍ക്കാരാണ്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന രീതിയില്‍ ആ ആശയത്തെ ജനോപകാരപ്രദമായി വിപുലപ്പെടുത്തിയത് ആന്റണി സര്‍ക്കാര്‍ ആയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇക്കാലത്തിനിടയില്‍ കൃത്യമായ നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനത്തിന് നിയതമായ ഒരു വ്യവസ്ഥയുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വ്യവസ്ഥയില്ലായ്മ പരമാവധി സ്വാര്‍ത്ഥലാഭത്തിനായി കച്ചവടം നടത്തുകയായിരുന്നു ചെയ്തത്. കേന്ദ്ര നിയമമാണ് ഈ പ്രശ്‌നത്തിന് പരിഹാരമെന്ന് അടിക്കടി ആവര്‍ത്തിച്ചുകൊണ്ട് വിദ്യാഭ്യാസ മുതലാളിമാര്‍ക്ക് കഴുത്തറപ്പന്‍ കച്ചവടം നടത്താന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവ് എം.എ ബേബി ആണെന്ന സത്യം കേരളം മറന്നിട്ടില്ല.
 
എന്നിരിക്കെ ഇപ്പോള്‍ വിദ്യാഭ്യാസക്കച്ചവടത്തിന്റെ പേരില്‍ എസ്.എഫ്.ഐക്കാര്‍ തെരുവില്‍ തലതല്ലിക്കീറുന്നത് ആര്‍ക്കുവേണ്ടിയാണ്? രാഷ്ട്രീയ മുതലെടുപ്പിനായി കമ്യൂണിസ്റ്റ് യുവത്വത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന നേതാക്കളാരും സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരല്ല എന്നതാണ് അവരുടെ സ്വകാര്യ ജീവിതം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. എന്തെന്നാല്‍ അറിയപ്പെടുന്ന സി.പി.എം നേതാക്കളുടെ മക്കളോ ബന്ധുക്കളോ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് ഉളവായിട്ടുള്ള എല്ലാ സങ്കീര്‍ണ പ്രശ്‌നങ്ങളുടെയും യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ ഇടതുപക്ഷക്കാരാണ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പി.ജി കോഴ്‌സ് ആരംഭിക്കാന്‍ വി.എസ് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ സാമൂഹ്യനീതിയെക്കുറിച്ച് 'കമാ' എന്ന് മിണ്ടിയില്ല. എന്നുമാത്രമല്ല, മുഴുവന്‍ സീറ്റും മാനേജ്‌മെന്റ് കോഴവാങ്ങി ഇഷ്ടംപോലെ വിറ്റ് ലാഭമുണ്ടാക്കിക്കോളൂ എന്ന മൗനാനുവാദവും നല്‍കി. അതിന്റെ തെളിവാണ് സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പി.ജി സീറ്റില്‍ മെരിറ്റ് അനുവദിക്കേണ്ടെന്നാണ് മുന്‍ ആരോഗ്യവകുപ്പുമന്ത്രി പി.കെ. ശ്രീമതി ഉത്തരവിട്ടത്. പരിയാരം മെഡിക്കല്‍ കോളജിലെ പ്രവേശനത്തില്‍ അനീതി പ്രവര്‍ത്തിച്ചത് മാധ്യമങ്ങള്‍ വഴി പുറത്തുവന്നപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കേണ്ടിവന്നത് കഴിഞ്ഞദിവസമാണ്. സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഒത്താശ ചെയ്തത് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച ഇടതുസര്‍ക്കാരാണ്.
 
മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ എല്ലാ കേസുകളിലും അവര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തോറ്റുകൊടുത്തത് ഇടതുഭരണകാലത്താണ്. അതിനെല്ലാം എണ്ണിയെണ്ണി അന്നത്തെ സര്‍ക്കാരിന്റെ കാവല്‍ക്കാരായ സി.പി.എം നേതാക്കള്‍ മാനേജ്‌മെന്റുകളുടെ ആനുകൂല്യം പറ്റിയിട്ടുണ്ട്. അറിയപ്പെടുന്ന സി.പി.എമ്മുകാരുടെ ബന്ധുക്കള്‍ സ്വാശ്രയ കോളജുകളില്‍ നേടിയ പ്രവേശനം അതിന് തെളിവാണ്. പൊതുസമൂഹത്തെ മറന്ന് നൂറുസീറ്റിലും പ്രവേശനം നടത്തി കൊള്ളലാഭമുണ്ടാക്കാന്‍ അനുവാദം ലഭിച്ചാല്‍ ഏത് മാനേജ്‌മെന്റാണ് പ്രത്യുപകാരം ചെയ്യാത്തത്? അങ്ങനെ ഈ സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന്റെ കഴുത്ത് ഞെരിച്ചവര്‍ ഇപ്പോള്‍ പകല്‍വെളിച്ചത്ത് വന്ന് മാന്യത ചമയുന്നത് ശുദ്ധ കാപട്യമാണ്. 
എസ്.എഫ്.ഐയും പൊലീസും ഇന്നലെ ഏറ്റുമുട്ടിയ വേദിയില്‍ വൈകിയെത്തിയ ഇടതുകണ്‍വീനര്‍ വൈക്കം വിശ്വന്‍ രോഷം കൊള്ളുന്നത് കണ്ടു. 'ജനകീയ സമരത്തെ ചോരയില്‍ മുക്കി ഒതുക്കാമെന്ന് കരുതേണ്ട' എന്ന് വിശ്വന്‍ പറയുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുവേണ്ടി കേരളത്തിലെ പൊതുവിദ്യാഭ്യാസം തീറെഴുതിയ ഭരണകൂടത്തിന്റെ ഒന്നാമത്തെ കാവല്‍ക്കാരന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിനെതിരെയാണ് തിരിച്ചടിക്കുന്നത് എന്ന കാര്യം മറന്നുപോകരുത്. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസ്സോസിയേഷന്റെ പ്രസിഡന്റിനെ ആരോഗ്യ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗമാക്കിയത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പാണ്. ഒത്തുകളിക്കും കൂട്ടുകച്ചവടത്തിനും വ്യക്തമായ നിരവധി തെളിവുകള്‍ ഉണ്ടെന്നിരിക്കെ പാവപ്പെട്ട കുഞ്ഞുങ്ങളെ തെരുവിലിറക്കി തലതല്ലി ചോരയൊലിപ്പിച്ച് നേതാക്കള്‍ രാഷ്ട്രീയം കളിക്കരുത്.

No comments:

Post a Comment

Note: Only a member of this blog may post a comment.