Friday, July 1, 2011

സി.പി.എമ്മിലെ 'കരുണ'ന്മാരും പുറത്തായ രമേശനും


കാസര്‍കോട്ടെ സി.പി.എം നേതാക്കള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശനോട് കലിതുള്ളി ചോദിച്ചു, ഒരു കമ്യൂണിസ്റ്റ്കാരന്റെ ജീവിതമാണോ തന്റേത് എന്ന്. കാഞ്ഞങ്ങാട് അങ്ങാടിയില്‍ ഖാദിക്കട നടത്തുന്ന രമേശന്‍ ഒരു ഇരുനില വീടു വച്ചു.
മകള്‍ക്ക് പരിയാരം സഹകരണ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപയ്ക്ക് ഒരു എം.ബി.ബി.എസ് സീറ്റ് ഉറപ്പാക്കി. സ്വാശ്രയ കോളേജിനെതിരെ മുമ്പ് സി.പി.എം സമരം നടത്തുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആ സമരത്തില്‍ പങ്കെടുത്ത് പൊലീസ് പീഡനമേറ്റ് മരിച്ചു ജീവിക്കുന്നു നിരവധിപേര്‍. അതൊക്കെ മറന്ന് രമേശന്‍ സ്വന്തം കാര്യങ്ങളില്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ സി.പി.എമ്മിന് സമൂഹത്തില്‍ ഇടിവുണ്ടാക്കില്ലേ എന്നാണ് കാസര്‍കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉത്കണ്ഠ.ഇത്തരം ചോദ്യങ്ങളും അങ്കലാപ്പും സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് നാട്ടുകാര്‍ സംശയിക്കുന്നു. രമേശന്‍ ഒരു ദിവസം രാവിലെ ഉണര്‍ന്ന് സ്വയം 'ബൂര്‍ഷ്വ' ആയതല്ല. രമേശനെക്കാള്‍ അഴുകിയ കമ്യൂണിസ്റ്റ് വിരുദ്ധ ജീവിതം നയിക്കുന്ന നിരവധി നേതാക്കള്‍ സി.പി.എമ്മിലുണ്ട്. വരവുമായി പൊരുത്തപ്പെടാത്ത ആര്‍ഭാട ജീവിതവും സമ്പാദ്യങ്ങളും ഉള്ളവര്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ  ഇടതുഭരണം കേരളത്തെ നശിപ്പിച്ചതിനേക്കാള്‍ എത്രയോ മാരകമായ ക്ഷതം സി.പി.എം എന്ന സംഘടനയുടെ ആശയ നിലപാടുകള്‍ക്ക് ഏല്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട്ടെ പ്രവര്‍ത്തകര്‍ക്ക് അതൊന്നും അറിയാത്തതല്ല. നാട്ടിലെ സര്‍വമാന സഹകരണസംഘങ്ങളിലും പൊതുമേഖലാ കോര്‍പ്പറേഷനുകളിലും സര്‍വകലാശാലകളിലും സി.പി.എം നേതാക്കള്‍ കാട്ടിക്കൂട്ടിയ പേകൂത്തുകള്‍ ആര്‍ക്കാണറിയാത്തത്? രമേശന്‍ എന്നൊരാളെ, അഴികിച്ചീഞ്ഞ കമ്യൂണിസ്റ്റെന്ന് വിളിച്ച് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോള്‍ അതിനേക്കാള്‍ എത്രയോ അധഃപതിച്ച വ്യക്തികളുടെ തോളിലാണ് സി.പി.എം കേരളത്തില്‍ സ്ഥിതിചെയ്യുന്നതെന്ന് നാട്ടുകാര്‍ ഓര്‍ക്കുകയാണ്.
 
സ്വാശ്രയ വിദ്യാലയങ്ങള്‍ക്കെതിരെ സി.പി.എം പോഷക സംഘടനകള്‍ സമരം നടത്തുന്ന കാലത്തു തന്നെ പ്രമുഖ നേതാക്കളുടെ മക്കള്‍ കേരളത്തിലും പുറത്തും വിവിധ സ്വാശ്രയ കോളേജുകളില്‍ സമരകോലാഹലങ്ങള്‍ ഏല്‍ക്കാതെ സ്വസ്ഥമായി പഠിക്കുകയായിരുന്നു. സ്വാധീനവും പണവും മാത്രമാണ് ആ വിദ്യാലയങ്ങളുടെ വാതില്‍ തുറന്നുകിട്ടാന്‍ അവരെ സഹായിച്ചത്. അന്നൊന്നും കാസര്‍കോട്ടോ മറ്റെവിടെയെങ്കിലുമോ ഉള്ള സി.പി.എം പ്രവര്‍ത്തകര്‍ വഴിവിട്ട നേതാക്കളെ ചോദ്യംചെയ്യാന്‍ തുനിഞ്ഞില്ല. അവര്‍ക്ക് ഇന്നും അതിനുള്ള ധൈര്യം ഇല്ലെന്നതാണ് വാസ്തവം.തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ തുടക്കകാലത്ത് എസ്.എഫ്.ഐ നിത്യവും വിദ്യാര്‍ഥി പ്രവേശന സമയത്ത് അക്രമസമരം നടത്തുമായിരുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സമരം പൊടുന്നനേ ഒത്തുതീര്‍പ്പാകും. കെട്ടിടങ്ങളുടെ ജാലകച്ചില്ലുകള്‍ എറിഞ്ഞുടച്ചും ക്യാഷ് കൗണ്ടര്‍ തകര്‍ത്തും നേതാവിന്റെ തലയ്ക്ക് പൊലീസ് ലാത്തിയടി കൊണ്ട് പൊട്ടിച്ചോര ഒലിച്ചും 'വിജയകര'മായി സമരം അവസാനിക്കുന്നു. ആ വിപ്ലവം എങ്ങനെ വിജയിച്ചു എന്നത് പരമ രഹസ്യമാണ്. അത് നാട്ടുകാര്‍ അറിയുന്നില്ല. അടുത്തവര്‍ഷവും പതിവുപോലെ പ്രവേശനകാലത്ത് സ്വാശ്രയ വിരുദ്ധ സമരം അതേവേദിയില്‍ ആവര്‍ത്തിക്കുകയും വിജയകരമായി അവസാനിക്കുകയും ചെയ്യുന്നു. ഇടതുമുന്നണി കേരളത്തില്‍ 2006ല്‍ ഭരണത്തില്‍ വരുന്നതുവരെ ഈ സമരം എല്ലാ വര്‍ഷവും ജനങ്ങള്‍ കണ്ടു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് അവിടെ നിന്ന് കെട്ടുകെട്ടി എങ്ങും പോയില്ല. അവിടുത്തെ വിദ്യാര്‍ഥി പ്രവേശന മാനദണ്ഡം കോടതി വിധി പ്രകാരം മാനേജ്‌മെന്റിന് കൂടുതല്‍ ഗുണകരമായ  വ്യവസ്ഥകളോടെ നടന്നു. ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന 50: 50 പ്രവേശനാനുപാത വ്യവസ്ഥ ആദ്യത്തെ മൂന്നാല് കൊല്ലം പാലിക്കപ്പെട്ടു. പിന്നെ മാനേജ്‌മെന്റിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ലഭിച്ചു. ഇടതുഭരണകാലത്ത് നൂറു ശതമാനം സീറ്റിലും മാനേജ്‌മെന്റ് പ്രവേശനം നടത്തി. പിന്നെ എന്തിനായിരുന്നു എസ്.എഫ്.ഐയുടെ സമര വഴിപാട്? അതിന്റെ ഉള്ളറിയുമ്പോള്‍ ആരും ചെറുതായി ഒന്ന് ഞെട്ടണം.
 
ആറേഴ് എം.ബി.ബി.എസ് സീറ്റില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ പ്രവേശനം നേടി സുഖമായി പഠിക്കുന്നു. അതും മാനേജ്‌മെന്റ് ക്വാട്ടയില്‍; ദശലക്ഷങ്ങള്‍ കോഴ കൊടുത്ത്. അങ്ങനെ ഡോക്ടര്‍മാരായി പുറത്തു വന്നവരുണ്ട്. ഇപ്പോഴും പുഷ്പഗിരി കോളേജിലും ഇതര സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും പഠനം തുടരുന്നവരുണ്ട്. ബിരുദം നേടി വിദേശത്ത്  ഉപരിപഠനം നടത്തുന്നവരുണ്ട്. കമ്യൂണിസ്റ്റുകാരുടെ സ്വാശ്രയ വിരുദ്ധ സമരം സ്വാശ്രയകോളേജ് മാനേജുമെന്റിനെ വിരട്ടി ഏതാനും സീറ്റ് വസൂലാക്കാനായിരുന്നു എന്ന് കാസര്‍കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ലെന്നോ? കമ്യൂണിസ്റ്റ് നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനവും ജീവിതവും പ്രവര്‍ത്തകര്‍ക്ക് ഇനിയും അജ്ഞാതമാണെന്ന് ആരും വിശ്വസിക്കുന്നില്ല. സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ കൈകൂലി വാങ്ങിയാല്‍ പാര്‍ട്ടിയില്‍ ആ സഖാവിന് പ്രൊമോഷന്‍. ലിസ് ചാക്കോയുടെ കേസ് ഒതുക്കാന്‍ ഒരു കോടി രൂപ കോഴ വാങ്ങുന്ന സഖാവ് എ.കെ.ജിയുടെ ബന്ധുവായതിനാല്‍ പാര്‍ട്ടി പത്രത്തിലെ പണി പോകുന്നു. സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 125 കോടി രൂപ വ്യവസ്ഥകള്‍ ലംഘിച്ചു വായ്പ അനുവദിച്ചു കൊടുത്ത സഖാവിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കും. മകളുടെ വിവാഹച്ചെലവിന് സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത പാര്‍ട്ടി പ്രവര്‍ത്തകന് തിരിച്ചടവ് മുടങ്ങിയ പേരില്‍ ജപ്തി ഭീഷണി. പരസ്യമായി സംഘം പ്രസിഡന്റിനെ വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തി ആ സഖാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ശ്രീനിവാസന്റെ 'ദുബായ് മുകുന്ദന്‍' വെറും സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് കേരളത്തിലെ ഏത് സി.പി.എമ്മുകാരനും അറിയാം. 'കരുണനെ'യും മുകുന്ദനെയും മറ്റും അവര്‍ നിത്യവും കാണുന്നുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.