Friday, July 1, 2011

സമരംകണ്ട് പേടിക്കുന്നതല്ല യുഡിഎഫ് സര്‍ക്കാര്‍;പേടിപ്പിക്കാമെന്ന് ആരും കരുതുകയുംവേണ്ട


സമരം കണ്ട് പേടിക്കന്നതല്ല യുഡിഎഫ് സര്‍ക്കാരെന്നും അക്രമസമരം വഴി പേടിപ്പിക്കാമെന്ന് ആരും കരുതുകയും വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹമിങ്ങനെ പ്രതികരിച്ചത്.
സമരങ്ങളെ യുഡിഎഫിനു പേടിയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ സമരത്തിന്റെ തനിനിറം ജനങ്ങള്‍ക്കു ബോധ്യമായി. പെട്രോള്‍ ബോംബുമായാണോ വിദ്യാര്‍ഥികളുടെ സമരം.എന്നിട്ടും തല്ലിയെന്നാണ് പറയുന്നത്.ഇത്തരം സമരം കാട്ടിയൊന്നും പേടിപ്പിക്കേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മുഖമാണു പരിയാരത്തു കണ്ടത്. മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജും  ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും ഒരു പോലെയാണ്. രണ്ടു വിഭാഗവും ചെയ്യുന്നത് ഒന്നു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുയലുകളോടൊപ്പം ഓടുകയും വേട്ടപ്പട്ടികളോടൊപ്പം വേട്ടയാടുകയും ചെയ്യുന്നതാണു മാര്‍ക്‌സിസ്റ്റ് രീതി. തുട്ടു മേടിച്ചവരൊക്കെ പുറത്തു പോകുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടും ഒരു രമേശന്‍ മാത്രമാണു പുറത്തു പോയത്.ബാക്കിയുള്ളവരെല്ലാം പരിയാരത്തുണ്ടെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.ഇ.പി ജയരാജന്‍ പറഞ്ഞത് എംവിആറിന്റെ കാലത്ത് തുടങ്ങിയതാണ് പരിയാരത്തെ പ്രവര്‍ത്തനങ്ങളെന്നാണ്. അപ്പോള്‍ തുട്ടുവാങ്ങിയെന്ന് സമ്മതിച്ചല്ലോയെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.എ.കെ ആന്റണിയുടെ കാലത്ത് കൊണ്ടു വന്ന നയങ്ങളെ അപ്പാടെ മാറ്റി മറിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണ് സ്വാശ്രയ രംഗത്ത് ഇന്ന് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.ഇത്തരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ട് എസ്എഫ്‌ഐയുടെ സമരം എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണം.ആരുടെ മുന്നിലാണ് യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയെതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
 
മെയ്മാസം 31-ന് തീരുന്ന ഒരു കാര്യത്തില്‍ മെയ് 18 വരെ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിനാണ് ഉത്തരവാദിത്തം.മെയ് 23-ന് ചുമതലയേറ്റെടുത്തയുടന്‍ മന്ത്രിമാരായ അബ്ദുറബ്ബും അടൂര്‍ പ്രകാശം മാനേജ്‌മെന്റുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.എന്നാല്‍ അലോട്ട്‌മെന്റ് കഴിഞ്ഞുപോയി എന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.യുഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ തയാറായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍  പറഞ്ഞാല്‍ അനുസരിക്കുന്നില്ലെന്ന് അഞ്ചു വര്‍ഷവും മുറവിളി കൂട്ടിയ എല്‍ഡിഎഫ് മന്ത്രിസഭയും മന്ത്രി ബേബിയും എന്തിനാണ് പിന്നീട് ഭരണത്തിന്റെ അവസാന നാളുകളില്‍ മാനേജുമെന്റുകള്‍ക്ക് പിജി കോഴ്‌സുകളില്‍ അനുമതി നല്‍കിയതെന്നും വ്യക്തമാക്കണം.കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 12 മണിക്ക് തുടങ്ങി ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് സര്‍ക്കാര്‍ കൗണ്‍സിലിംഗ് അവസാനിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

Note: Only a member of this blog may post a comment.