Monday, July 4, 2011

ശശി പുറത്തായപ്പോള്‍ വിഭാഗീയതയുടെ പുതിയ കനലുകള്‍: വി.എസും ഐസകും ഇപ്പോള്‍ ഒന്ന്


സ്ത്രീപീഡനവിഷയത്തില്‍ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശി പുറത്തുപോകുമ്പോള്‍ സി.പി.എമ്മില്‍ ബാക്കിയാകുന്നത് വിഭാഗീയതയുടെ പുതിയ കനലുകള്‍. പി.ശശിയെ രക്ഷിക്കാന്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അവസാനശ്വാസം വരെ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പുതിയ അച്ചുതണ്ട് ഇതിനെ അട്ടിമറിക്കുകയായിരുന്നു. ഔദ്യോഗികപക്ഷത്തെ രൂക്ഷമായി ചേരിതിരിവിനും ശശി പ്രശ്‌നം കാരണമായി. നേരത്തെ എന്തുപ്രശ്‌നത്തിലും പാറപോലെ ഉറച്ചുനിന്നിരുന്ന കണ്ണൂര്‍ ലോബി ഛിന്നഭിന്നമാകുന്ന കാഴ്ചയും ശശി പ്രശ്‌നത്തിലൂടെ പാര്‍ട്ടി കണ്ടുകഴിഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവുംവലിയ ഏതിരാളിയായിരുന്ന മന്ത്രി തോമസ് ഐസകുതന്നെയാണ് ഇപ്പോള്‍ വി.എസ് അച്യുതാനന്ദന്റെ ഏറ്റവും വലിയ അനുയായി എന്നതും ശ്രദ്ധേയമാണ്.

പുറത്താക്കല്‍നടപടി ഒഴിവാക്കി ശശിയെ പാര്‍ട്ടി അംഗമായി നിലനിര്‍ത്താന്‍ ശ്രമിച്ച നേതൃത്വത്തിന് കനത്ത തിരിച്ചടി എന്നതിനൊപ്പം സംസ്ഥാനസമിതിയില്‍ വിഭാഗീയത പുതിയ തലത്തില്‍ അവതരിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍. പി.ശശിക്കെതിരായ അച്ചടക്കനടപടി ലഘൂകരിക്കാന്‍ പാര്‍ട്ടി നേതൃത്വം നടത്തിയ ശ്രമമാണ് സംസ്ഥാനസമിതിയില്‍ പൊളിഞ്ഞത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാനസമിതി തിരുത്തുന്നത് സി.പി.എമ്മില്‍ ആദ്യമല്ല. എങ്കിലും അത്യപൂര്‍വമാണ്. എന്നാല്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളുന്ന നടപടികളെ വിമര്‍ശിക്കാന്‍പോലും സംസ്ഥാനസമിതിയില്‍ ആരും തയ്യാറാകില്ലെന്നതായിരുന്നു സ്ഥിതി. വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം രണ്ടുതവണ തിരുത്തപ്പെട്ടതായിരുന്നു ഇതിനുള്ള അപവാദം.

എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുതവണയും തിരുത്തല്‍ വരുത്തിയത് പൊളിറ്റ്ബ്യൂറോയായിരുന്നുവെന്നതാണ് സത്യം. കേരളത്തിലെ പാര്‍ട്ടിയണികളുടെ വികാരമറിഞ്ഞ് പി.ബി.വരുത്തിയ തിരുത്തല്‍ സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും അംഗീകരിക്കുകയായിരുന്ന. എന്നാല്‍ പി.ശശിയുടെ കാര്യത്തില്‍ ഒരുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ തീരുമാനം സംസ്ഥാന സമിതി തള്ളുകയും പകരം പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനെയും കേന്ദ്രമാക്കിയാണ് സി.പി.എമ്മില്‍ വിഭാഗീയത ശക്തമായത്. സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പരാജിതനായതോടെ അദ്ദേഹത്തിനെ അനുകൂലിക്കുന്ന പക്ഷം പാര്‍ട്ടിയില്‍ ദുര്‍ബലമായിത്തുടങ്ങി. അച്ചടക്ക നടപടികളിലൂടെയും പ്രലോഭനങ്ങളിലൂടെയും വി.എസ്.പക്ഷത്തെ ദുര്‍ബലമാക്കിയ പാര്‍ട്ടി നേതൃത്വം കഴിഞ്ഞ കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയില്‍ പൂര്‍ണ മേധാവിത്വം അരക്കിട്ടുറപ്പിച്ചു.

തുടര്‍ന്നിങ്ങോട്ട്, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വി.എസ്.ആച്യുതാനന്ദനെന്ന ഒറ്റയാനും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള ബലപരീക്ഷയായിരുന്നു പാര്‍ട്ടിയില്‍ അരങ്ങേറിയിരുന്നത്. എന്നാല്‍ അത്തരം ബലപരീക്ഷണങ്ങളുടെ പരമ്പരയില്‍ പി.ശശിക്കെതിരായ നടപടി വേറിട്ട് നില്‍ക്കുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുസമവാക്യങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള അഭിപ്രായ പ്രകടനം പി. ശശി പ്രശ്‌നത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഉണ്ടായി എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനൊപ്പം പി. കെ. ശ്രീമതി, ഡോ. തോമസ്‌ഐസക്, ആനത്തലവട്ടം ആനന്ദന്‍, എം. സി.ജോസഫൈന്‍ എന്നിവര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി. ശശിയെ പുറത്താക്കണമെന്ന് വാദിച്ചു. സംസ്ഥാന സമിതിയിലാകട്ടെ ഏതാണ്ടെല്ലാ അംഗങ്ങളും ഈ അഭിപ്രായമാണ് ഉയര്‍ത്തിയത്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുടക്കം കുറിക്കാനിരിക്കെയാണ് ഈ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പി. ശശി പ്രശ്‌നം താന്‍ ആയുധമാക്കുമെന്ന സൂചന വി. എസ്. അച്യുതാനന്ദന്‍ നല്‍കിക്കഴിഞ്ഞു.

ആരോപണം ഉയരുകയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും ശശിക്കെതിരായ നടപടി ഇത്രനാള്‍ വൈകിച്ചതാണ് വി. എസ്. ആയുധമാക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഒരംഗം രാജി പ്രഖ്യാപിച്ചാല്‍ ആ രാജി തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയെന്നതാണ് സി. പി. എമ്മിന്റെ സംഘടനാ രീതി. പി. ശശി തന്റെ രാജി പരസ്യമായി പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി വൈകിയതിന്റെ കാരണം പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന കാര്യം ഉറപ്പാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്ക് സി.പി.എം. സംസ്ഥാന നേതൃത്വം നാടകീയമായാണ് അവധി നല്‍കിയത്. അതേ നാടകീയത നിലനിര്‍ത്തിക്കൊണ്ട് ശനിയാഴ്ച സി.പി.എം. സംസ്ഥാനസമിതി പി.ശശിക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വാതിലും തുറക്കുകയായിരുന്നു. 2010 ഡിസംബര്‍ 14നാണ് സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് ജില്ലാ സെക്രട്ടറിക്ക് അവധി അനുവദിച്ചത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ആദ്യം ജില്ലാ സെക്രട്ടേറിയറ്റും പിന്നീട് ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നാണ് ശശിക്ക് അവധി നല്‍കാനുള്ള തീരുമാനമെടുത്തത്. പിണറായിയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന നേതാവ് കെ.പി.സഹദേവനാണ് അധ്യക്ഷനായത്. പി.ശശിയുടെ അവധി അപേക്ഷ അംഗീകരിക്കണമെന്നായിരുന്നു ജില്ലാകമ്മിറ്റിയില്‍ വന്ന ആവശ്യം. ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ പോവാന്‍ വേണ്ടിയായിരുന്നു ഇതെന്നും വ്യാഖ്യാനം വന്നു. അതിനപ്പുറം ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയെക്കുറിച്ചോ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചോ സംഘടനാതലത്തില്‍ ഒരു ചര്‍ച്ചയും അന്ന് നടന്നില്ല. പക്ഷേ, വളരെ പെട്ടെന്ന് പാര്‍ട്ടിക്കകത്തുനിന്ന് തന്നെ ശശിയുടെ 'രോഗം' എന്തെന്നും അവധിക്കുള്ള കാരണങ്ങളെന്തെന്നുമുള്ള വിവരങ്ങള്‍ പത്രങ്ങളെ തേടിയെത്തി.

ചികിത്സയെക്കുറിച്ച് നേതാക്കള്‍ പുറത്തുപറയുമ്പോള്‍തന്നെ ശശിയെപ്പറ്റി ഉയര്‍ന്ന പരാതികളെക്കുറിച്ച് പത്രങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നുവരെ ചില നേതാക്കള്‍ പാര്‍ട്ടിയില്‍ ഭീഷണിയുയര്‍ത്തി പ്രത്യേകിച്ചും യുവ നേതാക്കള്‍. അപ്പോഴേക്കും കടന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ വിഭാഗീയതയില്‍ പുതിയ ചലനങ്ങളുണ്ടാക്കി. വി.എസിന് സീറ്റ് നിഷേധിച്ചത് അദ്ദേഹത്തിന് അനുകൂലമായി ഔദ്യോഗിക പക്ഷത്തുനിന്ന് ഇളക്കങ്ങള്‍ ഉണ്ടാക്കാന്‍ പ്രധാന കാരണമായി. ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഔദ്യോഗികപക്ഷത്തുനിന്ന് തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നത് വി.എസ്.പക്ഷത്തിന് കരുത്ത് പകര്‍ന്നു. പാര്‍ട്ടിയില്‍ വി.എസ്സിന് പ്രാധാന്യം കൂടിവരുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്. ഔദ്യോഗികപക്ഷക്കാര്‍പോലും വി.എസ്സിന്റെ ഫോട്ടോകളുമായി വോട്ട് ചോദിക്കാനിറങ്ങിയത് മറുപക്ഷത്തിന് തിരിച്ചടിയായി.

ഇതിന്റെ തുടര്‍ച്ച തന്നെയാണ് പി.ശശിക്കെതിരായ തീരുമാനത്തിന്റെയും പിന്നില്‍. കണ്ണൂരില്‍നിന്നുള്ള ഔദ്യോഗികപക്ഷക്കാര്‍വരെ സംസ്ഥാനസമിതിയില്‍ പി.ശശിക്കെതിരായാണ് സംസാരിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇത് കനത്ത ആഘാതമായി. സംസ്ഥാന സെക്രട്ടേറിയറ്റ് ഭൂരിപക്ഷം നോക്കിയാണ് സസ്‌പെന്‍ഷന്‍ എന്ന ശിക്ഷാ നടപടിയിലേക്ക് കാര്യം എത്തിച്ചതെങ്കില്‍ സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായി അത് തള്ളുകയായിരുന്നു. അവര്‍ പുറത്താക്കുക എന്ന നിലപാടില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു. തന്റെ വിശ്വസ്തനായ പി.ശശിയെ രക്ഷപ്പെടുത്താനായാണ് പിണറായി ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇത്രയേറെ നീട്ടിക്കൊണ്ടുപോയത് എന്നതാണ് പാര്‍ട്ടിയിലെ ശശിവിരുദ്ധരുടെ ആക്ഷേപം. അതുവഴി ഇപ്പോള്‍ പ്രതിച്ഛായ നഷ്ടമായതും സംസ്ഥാന സെക്രട്ടറിക്കാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചുവെങ്കിലും പി.ശശിക്കെതിരായി ഉയര്‍ന്ന പരാതിയുടെ ഉള്ളടക്കം സിപിഎമ്മിനു തുടര്‍ന്നും തലവേദനയാകും.

ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നും ആരാണു പരാതി നല്‍കിയതെന്നും ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളിലെ സൂചനകള്‍ പ്രകാരം പാര്‍ട്ടി പറഞ്ഞു തീര്‍ക്കേണ്ട തരത്തിലുള്ള പരാതിയല്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ച ശേഷം നടപടിയെടുത്തതാണെന്നു പൊതുവെ പറയാമെങ്കിലും തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്മേളനങ്ങളിലും ഇതു മതിയാകില്ല. എന്താണ് ആക്ഷേപമെന്നും ആര്, എപ്പോള്‍ ഉന്നയിച്ചുവെന്നുമൊക്കെ അംഗങ്ങളോടു വിശദീകരിക്കേണ്ടി വരും. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചതെന്തു കൊണ്ടെന്ന അംഗങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വം വിയര്‍ക്കും. ഗുരുതരമായ ആക്ഷേപമായിട്ടു പോലും നടപടിയെടുക്കാന്‍ ഒരു കൊല്ലത്തോളം വൈകിയതെന്തുകൊണ്ടെന്ന ചോദ്യവും ഉയരും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനു വേണ്ടവിധത്തില്‍ യുഡിഎഫിനെതിരെ പ്രയോഗിക്കാന്‍ സാധിക്കാതിരുന്നതു

ശശിക്കെതിരെ ആക്ഷേപ മുയര്‍ന്നതിനാലും നടപടി വൈകിയതു കൊണ്ടാണെന്നുമുള്ള വാദങ്ങളും അംഗങ്ങള്‍ ഉയര്‍ത്തിയേക്കാം. വിവാദങ്ങള്‍ക്കിടെ ശശി വി.എസ്.അച്യുതാനന്ദനെതിരെ എഴുതിയ തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഏതുതരത്തില്‍ കൈകാര്യം ചെയ്തുവെന്ന ചോദ്യവും സിപിഎം അണികള്‍ക്കുണ്ട്. അതേസമയം പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് സി.പി.എം വന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി സംഘടനയെ പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമര പരിപാടികള്‍ സി.പി.എം ഏറ്റെടുക്കുന്നത്. സ്വാശ്രയ പ്രശ്‌നത്തിന്റെ പേരില്‍ എസ്.എഫ്.ഐ വിവിധ ജില്ലകളില്‍ നടത്തിയ അക്രമസമര വേലിയേറ്റം സുപ്രീംകോടതി വിധിയോടെ ഒന്നടങ്ങി. എന്നാല്‍, മറ്റു വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും പ്രക്ഷോഭ പരിപാടികള്‍ ഉടന്‍ തുടങ്ങും. നിയമസഭ സമ്മേളിക്കുന്ന സാഹചര്യത്തില്‍ തെരുവിലെ സമരങ്ങള്‍ക്ക് ആക്കം കൂട്ടും.

സഭ തീരുന്നതു വരെ ഇതു തന്നെയാവും സമര രീതി. സി.പി.എം സമ്മേളനങ്ങള്‍ക്ക് വൈകാതെ തുടക്കമാവുകയാണ്. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സമ്മേളനങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്കു വരും. സംഘടന ഇപ്പോഴും ചടുലവും പ്രവര്‍ത്തന സജ്ജവുമാണെന്ന് ഉറപ്പാക്കേണ്ടത് ഇക്കാരണത്താല്‍ തന്നെ അനിവാര്യമാണ്. തിരഞ്ഞെടുപ്പോടെ മറ്റു സംഘടനാപ്രവര്‍ത്തനങ്ങള്‍ സി.പി. എം താത്കാലികമായി മരവിപ്പിച്ചിരുന്നു. വോട്ടെപ്പു മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാലയളവ് തത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്രമ വേളയായിരുന്നു. ആ ആലസ്യത്തില്‍ നിന്ന് വിട്ടുണര്‍ന്ന് സജീവമായി പ്രവര്‍ത്തന രംഗത്ത് എത്തേണ്ടത് അനിവാര്യവുമാണ്. ഇതിന്റെയൊക്കെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭ പരമ്പര. വിദ്യാര്‍ത്ഥി- യുവജന വിഭാഗങ്ങളിലൂടെ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭം വൈകാതെ സി.പി.എം നേതൃത്വം ഏറ്റെടുക്കും. അതോടെ സമരത്തിന് കൂടുതല്‍ ശക്തിയും ഗൗരവവും കൈവരുമെന്നാണ് കണക്കു സൂചന

No comments:

Post a Comment

Note: Only a member of this blog may post a comment.