Friday, July 1, 2011

VSഉം ഐസക്കും ഓടിയൊളിച്ചു

നിയമസഭയില്‍ ലോട്ടറി ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതെ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും ഓടിരക്ഷപെട്ടത് അപമാനകരമെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ലോട്ടറികൊള്ളയ്ക്കെതിരേയായിരുന്നു ബില്ല്. ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ തടസപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

സാന്‍റിയാഗോ മാര്‍ട്ടിന്‍ 80,000 കോടി രൂപ കൊള്ളയടിച്ചെന്ന് വി.എസും ഐസക്കും നേരത്തേ സമ്മതിച്ചതായിരുന്നു. മുഖ്യമന്ത്രിക്കുനേരേ പ്രതിപക്ഷാംഗങ്ങള്‍ പാഞ്ഞടുത്ത സംഭവം അപലപനീയമാണ്. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഖേദകരമാണ്. 

എല്‍ഡിഎഫിന്‍റെ ഭീഷണിക്ക് യുഡിഎഫ് സര്‍ക്കാര്‍ വഴങ്ങില്ല. സഭയ്ക്കു പുറത്തുനടത്തുന്ന അക്രമം സഭയ്ക്കകത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. ബാബു എം. പാലിശേരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത് മ്ലേച്ഛമായി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭാ സാമാജികര്‍ക്ക് കൊണ്ടുവന്ന പെരുമാറ്റച്ചട്ടം ലംഘിച്ച് ശാസന ഏറ്റുവാങ്ങിയ ആദ്യ എംഎല്‍എയാണ് ബാബു എം. പാലിശേരി. 

അടിയന്തര പ്രമേയാവതാരകനായ കോടിയേരിക്ക് 27 മിനിറ്റാണ് സ്പീക്കര്‍ അനുവദിച്ചത്. മറുപടി പറയാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി അഞ്ചുമിനിറ്റ് മാത്രം സംസാരിക്കുന്നതിനിടെയാണ് ബാബു എം. പാലിശേരിയുടെ നേതൃത്വത്തില്‍ ആക്രമണശ്രമമുണ്ടായത്- പി.സി. ജോര്‍ജ് പറഞ്ഞു. 

നിയമസഭയുടെ അന്തസിനു നിരക്കാത്തതായിരുന്നു എല്‍ഡിഎഫിന്‍റെ നടപടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അബ്ദുള്‍ സമദ് സമദാനി. സ്വാശ്രയപ്രശ്നത്തില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ മുഖം മൂടിയണിഞ്ഞെത്തിയതെന്തിനെന്ന് കെ.ബി. ഗണേഷ്കുമാര്‍. 

സാന്‍റിയാഗോ മാര്‍ട്ടിനെ സഹായിക്കാനാണ് പ്രതിപക്ഷം ബില്ല് ചര്‍ച്ച തടസപ്പെടുത്തിയത്. സ്വാശ്രയപ്രശ്നത്തില്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിന് ശക്തമായ നിയമം ഉണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗണേഷ്കുമാര്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.