Wednesday, July 6, 2011

ക്ഷേത്ര നിധി: സിപിഎം മിണ്ടില്ല നോക്കി നില്‍ക്കും

 
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ നിന്ന്‌ സഹസ്രകോടികള്‍ വിലമതിക്കുന്ന നിധിയെ കുറിച്ച് സി പി എം ഇനി മിണ്ടില്ല. അവരെക്കൊണ്ടു മിണ്ടിക്കാം എന്നാരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സ്വര്‍ണ ഉരുപ്പടികള്‍ പുറത്തെടുക്കുന്നത്‌ തല്‍ക്കാലം നോക്കിനിന്നാല്‍ മാത്രം മതിയെന്നാണ് സിപിഎം തീരുമാനം. ഇക്കാര്യത്തില്‍ തിരക്കിട്ടു പ്രതികരണം വേണ്ടെന്ന അനൗപചാരിക ധാരണയിലാണ്‌ പാര്‍ട്ടി എത്തിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ സുപ്രീംകോടതി നിര്‍ദേശപ്രകാരം അറ തുറക്കാന്‍ തുടങ്ങി ഒരാഴ്‌ചയായിട്ടും പാര്‍ട്ടി മിണ്ടാത്തത്‌. മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തുക മാത്രമാണ്‌ ഇതിനിടയില്‍ ഉണ്ടായത്‌. അതും ഇനി വേണ്ടെന്ന്‌ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയത്രെ.

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും എത്തിയ നേതാക്കള്‍ വിശദമായിത്തന്നെ ഈ പ്രശ്‌നം വിശകലനം ചെയ്‌ത ശേഷമാണ്‌ തീരുമാനമെടുത്തത്‌. എന്നാല്‍ വിശകലനവും തീരുമാനവും തികച്ചും അനൗപചാരികം മാത്രമായിരുന്നു. പാര്‍ട്ടി രേഖകളില്‍ ഉണ്ടാകില്ല. അറകളില്‍ നിന്നു കണ്ടെടുത്ത സ്വത്ത്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റേതു തന്നെയാണെന്നു പറഞ്ഞാല്‍ അത്‌ പാര്‍ട്ടിയെ അനുകൂലിക്കുന്ന പുരോഗമന നിലപാടുകളുള്ളവരെ നിരാശരാക്കുമെന്നും ആശങ്കയുണ്ട്‌. അതുകൊണ്ടാണ്‌ തല്‍ക്കാലം പ്രതികരിക്കേണ്ടെന്നു തീരുമാനിച്ചത്‌.

സംസ്ഥാന കമ്മിറ്റി യോഗ ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിവു വാര്‍ത്താ സമ്മേളനം നടത്താത്തത്‌ ക്ഷേത്രനിധി പ്രശ്‌നത്തിലെ പ്രതികരണം ഒഴിവാക്കാനായിരുന്നു എന്നും പിന്നാമ്പുറ സംസാരമുണ്ട്. എന്നാല്‍ പി ശശിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കാനായിരുന്നു അതെന്നാണു പ്രചരിപ്പിക്കപ്പെട്ടത്‌. സ്വത്ത്‌ ക്ഷേത്രത്തിന്റേതു തന്നെയാണെന്ന്‌ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. അതാകട്ടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂടി നിലപാടാണ്‌. സുരക്ഷ ശക്തമാക്കി ക്ഷേത്രസ്വത്ത്‌ സംരക്ഷിക്കണമെന്ന്‌ ബിജെപിയും എന്‍എസ്‌എസും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയും പ്രതിപക്ഷത്തെ നയിക്കുകയും, ഏതു സാമൂഹിക പ്രശ്‌നത്തിലും കൃത്യമായും വ്യക്തമായും പ്രതികരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുമായ സിപിഎം ഈ പ്രശ്‌നത്തില്‍ മാത്രം മൗനംപാലിക്കുന്നത്‌ മാധ്യമ- രാഷ്‌ട്രീയ രംഗങ്ങളില്‍ ചര്‍ച്ചയാണ്‌. അളവറ്റ സ്വത്ത്‌ ഉപയോഗമില്ലാതെ സൂക്ഷിക്കുന്നത്‌ അനുവദിക്കാനാകില്ലെന്ന വ്യക്തമായ നിലപാട്‌ പാര്‍ട്ടിക്കുണ്ട്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തെ അലോസരപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ വിസമ്മതിക്കുന്ന സമീപകാല നയംമാറ്റത്തിന്റെ ഭാഗമായാണ്‌ പാര്‍ട്ടി ഹൃദയം തുറക്കാതിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.