Friday, July 8, 2011

കാസര്‍ഗോട്ടും സി.പി.എം നേതാവ് 'പീഡന' വിവാദത്തില്‍


 സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിനു പിന്നാലെ കാസര്‍ഗോട്ടും പാര്‍ട്ടിക്കകത്ത് 'പീഡനവിവാദം' പുകയുന്നു.
സിഐടിയുവിലെ പ്രമുഖനും ഒന്നിലധികം സഹകരണ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ നേതാവിനെതിരേയാണ് പാര്‍ട്ടിക്കകത്ത് പരാതി ഉയര്‍ന്നത്. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററായിരുന്ന വി വി രമേശനെതിരേ നടപടിയെടുക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സിഐടിയു നേതാവിനെതിരായ പരാതിയും ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അത്  സമയപരിമിതി കാരണം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.ഉറച്ച പാര്‍ട്ടികുടുംബത്തിലെ വിവാഹിതയായ യുവതിക്കാണ് നേതാവില്‍ നിന്ന് 'സദാചാരവിരുദ്ധ'മായ അനുഭവമുണ്ടായത്. യുവതിയുടെ മാതാപിതാക്കള്‍ പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകരും ചില സ്ഥാനമാനങ്ങള്‍ വഹിച്ചവരുമാണ്. അതു കൊണ്ടു തന്നെ പീഡനം സംബന്ധിച്ച പരാതി ഒതുക്കാന്‍ പാര്‍ട്ടിതലത്തില്‍ തന്നെ തീവ്രപരിശ്രമമാരംഭിച്ചിട്ടുണ്ട്.ആരോപണവിധേയനായ നേതാവിന് നിരവധി സ്ഥാപനങ്ങളുടെ ചുമതലയുണ്ട്. ഇവിടെ ജോലിക്കെടുത്തതില്‍ പിന്നെ യുവതിക്ക് പലപ്പോഴായി നേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായതായാണ് സൂചന. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് യുവതി പാര്‍ട്ടിക്കകത്ത്പരാതി നല്‍കിയത്. കാഞ്ഞങ്ങാടിനടുത്ത് സി പി എം ശക്തികേന്ദ്രമായ പ്രദേശത്തു നിന്നുള്ള പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.കാസര്‍ഗോഡ് ജില്ലയില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖനാണ് ആരോപണവിധേയനായ നേതാവ്. നേരത്തേയും ഇദ്ദേഹത്തിനെതിരേ 'ശശി മോഡല്‍' പരാതികള്‍ പലരും ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇത്തവണ പാര്‍ട്ടി നേതൃത്വം പരാതി അവഗണിച്ചാല്‍ വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ ഈ വിവാദം ഉന്നയിക്കാനാണ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.