Friday, July 1, 2011

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്ത് എട്ടുകാലി മമ്മൂഞ്ഞുമാര്


മര്‍മമറിഞ്ഞെറിഞ്ഞ ഭരണപക്ഷം മമ്മൂഞ്ഞിനെ പിടിച്ചുകെട്ടി

 എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ചു പറയുമ്പോള്‍ എടുത്തു പറയേണ്ടുന്ന ഒരു പ്രധാന കാര്യം അദ്ദേഹത്തിന്റെ അത് ഞമ്മളാണെന്നുള്ള പറച്ചിലാണ്.
നാട്ടിന്‍പുറത്തെ ചായക്കടയില്‍ ഇരുന്ന് കിഞ്ചന വര്‍ത്തമാനം പറയുന്നവരുടെ ഇടയിലേക്ക് കയറി വന്നിരിക്കുകയും ഏതെങ്കിലും പെണ്ണു പെറ്റെന്നു കേട്ടാല്‍ കാരണക്കാരന്‍  അത് ഞമ്മളാണെന്നു പറയുകയും ചെയ്യുന്ന മമ്മൂഞ്ഞിനും ഒരിക്കല്‍ അക്കിടി പറ്റി.മമ്മൂഞ്ഞിന്റെ സ്വഭാവമറിയുന്ന ഒരു വിരുതന്‍ ഒരിക്കല്‍ ഒരു താങ്ങുതാങ്ങി.ചായക്കടയിലേക്ക് മമ്മൂഞ്ഞ് എത്തിയയുടന്‍ അമ്മിണി പെറ്റു എന്നു വച്ചുകാച്ചി.ഉടന്‍ വന്നു മമ്മൂഞ്ഞിന്റെ മറുപടി-അതു ഞമ്മളാ.കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു.ഒടുവില്‍ മമ്മൂഞ്ഞ് കേട്ടറിഞ്ഞു-യഥാര്‍ഥത്തില്‍ അമ്മിണി ഒരു ആനയായിരുന്നു.ഇതേ മമ്മൂഞ്ഞ് ഒരു മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ പുസ്തകത്താലിലൂടെ അവതരിപ്പിച്ച ഒരു കഥാപാത്രം മാത്രമായിരുന്നെങ്കില്‍ ആധുനീക ലോകത്ത് പ്രതിപക്ഷ ബെഞ്ചിലെ മൂന്നു എംഎല്‍എമാരുടെ രൂപത്തിലാണ് മമ്മൂഞ്ഞിന്റെ അവതാരം.വൈദ്യുതി വകുപ്പില്‍ എന്തു നേട്ടമുണ്ടായാലും അതു ഞമ്മളാണെന്ന് എ.കെ ബാലന്‍,വ്യവസായ-ധന വുപ്പുകളില്‍ യുഡിഎഫ് എന്തെങ്കിലും നേട്ടങ്ങള്‍ വ്യക്തമാക്കിയാലുടന്‍ അതു ഞമ്മന്റേതെന്ന് തോമസ് ഐസക്ക്,ഇനി വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഇന്നേവരെ നേടിയിട്ടുള്ള മുഴുവന്‍ നേട്ടങ്ങളും തന്റേതെന്ന് അഭിനവ മുണ്ടശേരിയായി ഭരണം നടത്തിയിരുന്ന എംഎ ബേബി.
 
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ചോദ്യവുമായി എണീറ്റ ബാലന്‍ ഇന്നലെ ചോദ്യത്തിന് അവസരം നല്‍കിയില്ലെങ്കിലും ഇന്നു അവസരം തന്നതിന് നന്ദി എന്നു പറഞ്ഞാണ് ചോദ്യത്തിലേക്ക് കടന്നത്.ചട്ടങ്ങളും നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും അതിനായി സ്പീക്കറെ നിര്‍ബന്ധിച്ചുകൊണ്ടും നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ ചോദ്യോത്തര സെഷനില്‍ തന്നെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അഴിഞ്ഞാടിയ ശേഷമാണ് ഇന്ന് എല്ലാ തെറ്റിനും സ്പീക്കറാണ് കാരണക്കാരനെന്ന് സൂചിപ്പിച്ചുകൊണ്ട് ബാലന്‍ സംസാരിച്ചുതുടങ്ങിയത്.പ്രകോപിപ്പിച്ചു സഭയെ പ്രക്ഷുബ്ധമാക്കുകയെന്ന ഇടതു ഗൂഡതന്ത്രത്തില്‍ വീണ് പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് ചില ഭരണകക്ഷിയംഗങ്ങള്‍ കൈയ്യുയര്‍ത്തിയെങ്കിലും ചെയറിലിരുന്ന സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ സമയോചിത ഇടപെടല്‍ ഭരണപക്ഷ അംഗങ്ങളെ തണുപ്പിച്ചു.ദു:സൂചനയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.പ്രതിപക്ഷ അംഗങ്ങള്‍ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിക്കുകയും അറിവില്ലാതെ പെരുമാറുകയുമാണെന്ന് സൂചന തന്നെയാണ് സ്പീക്കര്‍ നല്‍കിയത്.
 
തുടര്‍ന്ന് ഇടതു മുന്നണി സര്‍ക്കാരിന്റെ കീഴില്‍ താന്‍ മന്ത്രിയായിരുന്നപ്പോള്‍ പദ്ധതികളെല്ലാം ഓകെ ആയിരുന്നുവെന്നാണ് ബാലന്‍ വ്യക്തമാക്കിയത്.കേന്ദ്രമന്ത്രി ജയറാം രമേശിന് പ്രധാനമന്ത്രി അതിരപ്പള്ളി സംബന്ധമായി കത്തയച്ചുവെന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടാണ് പദ്ധതി മുടക്കിയതെന്നും അതാണ് ജയറാം രമേശ് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നുമായിരുന്നു എ.കെ ബാലന്റെ കണ്ടെത്തല്‍.മുന്‍കാല റിപ്പോര്‍ട്ടുകളും ഫയലുകളും ലാഭ നഷ്ടക്കണക്കുകളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മന്ത്രി ആര്യാടന്‍ മുഹമ്മദ് ബാലന്റെ മമ്മൂഞ്ഞിസത്തെ തള്ളി.
ജലവൈദ്യുതിയെപറ്റി പ്രതിപക്ഷത്തിന്റെയിടയില്‍ തന്നെ ഐക്യമില്ലെന്ന വസ്തുതയും മന്ത്രി ആര്യാടന്‍ അവരെക്കൊണ്ടു സംസാരിപ്പിച്ചു പുറത്തുകൊണ്ടുവന്നതോടെ ബാലന്‍ നാണംകെട്ടിരിക്കുകയായിരുന്നു.പ്രതിപക്ഷത്തിന് മന്ത്രി നല്‍കിയ മറുപടിയില്‍ ദു:സൂചനയുണ്ടെന്നും അത് സ്പീക്കര്‍ കാണുന്നില്ലേയെന്ന ചോദ്യവുമായി ബാലന്‍ ചാടിയെണീറ്റു.ഇതിനെ പ്രതിരോധിക്കാനായി ഭരണപക്ഷാംഗങ്ങള്‍ സ്വസ്ഥാനത്ത് എണീറ്റപ്പോള്‍ ആരെടാ, വാടാ, ഇരിക്കെടാ വിളികളുമായി പ്രതിപക്ഷം സീറ്റില്‍ നിന്നിറങ്ങി.മന്ത്രി എങ്ങിനെ മറുപടി പറയണമെന്ന് നിര്‍ദേശിക്കാന്‍ ചെയറിനാവില്ലെന്ന സ്പീക്കറുടെ റൂളിംഗിന് ചെവികൊടുക്കാതെ നിന്ന പ്രതിപക്ഷത്തെ കടുത്ത നിലപാടിലൂടെ സ്പീക്കര്‍ ഒതുക്കി.
 
തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ട ഊഴം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടേതായിരുന്നു.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടം സംബന്ധിച്ച കണക്കുകളെ കുറിച്ചാണ് എ.എം ആരിഫ് ചോദ്യമുയര്‍ത്തിയത്. കണക്കുകള്‍ വ്യക്തമാക്കിയ ഉടന്‍ ഉപചോദ്യവുമായി മുന്‍മന്ത്രി പി.കെ ഗുരുദാസന്‍ രംഗത്തെത്തി.കേന്ദ്ര സര്‍ക്കാരിന്റെ അപരിഷ്‌കൃത നിലപാടും സമീപനവും മൂലമാണ് സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മയെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പാക്കേജുകളും ഫണ്ടുകളുടെയും കണക്കുകള്‍ മുഴുവന്‍ നിരത്തിയ കുഞ്ഞാലിക്കുട്ടി ഇതു ട്രേഡ് യൂണിയന്‍ രംഗത്തുള്ള നേതാക്കന്‍മാര്‍ക്കും അറിയാവുന്നതാണല്ലോയെന്ന് ചോദ്യമുയര്‍ത്തിയതോടെ ഉത്തരം മുട്ടിയ ട്രേഡ് യൂണിയന്‍ നേതാവുകൂടിയായ പി.കെ ഗുരുദാസന്‍ സ്വസ്ഥാനത്തിരുന്നു. മുന്‍ മന്ത്രി തോമസ് ഐസ്‌ക് വകയായിരുന്നു അടുത്ത ചോദ്യവും കണ്ടെത്തലുകളും.സംസ്ഥാനത്ത് എന്നൊക്കെ യുഡിഎഫ് ഭരണത്തിലുണ്ടായിരുന്നോ അന്നെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുകയും നഷ്ടത്തിലാകുകയുമായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി.കണക്കിന്റെ ആശാനെന്ന് സ്വയം സ്ഥാപിച്ചെടുത്ത പേരിന്റെ പിന്‍ബലത്തില്‍ വാചകകസര്‍ത്ത് നടത്തിയ അദ്ദേഹത്തിന് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി ഇരിപ്പിടത്തില്‍ വച്ച മുള്ളിന്‍മേല്‍ കയറി ഇരുന്നതുപോലെയായിരുന്നു.
 
ഏ.കെ ആന്റണി മന്ത്രിസഭയില്‍ താന്‍ വ്യവസായ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു മുന്‍പുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ കൈര്യം ചെയ്തിരുന്നതില്‍ നിന്നാണ് താന്‍ വകുപ്പ് ഏറ്റെടുത്ത് ലാഭത്തിലാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും പൊതുമേഖല ലാഭത്തിലാണെന്ന് പറയുന്നതിന് അടിത്തറയിട്ടത് താന്‍ വകുപ്പില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടവുമാണ്.ഇപ്പോള്‍ രാഷ്ട്രീയമായി യുഡിഎഫ്-എല്‍ഡിഎഫ് എന്നൊക്കെ പറയാമെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.ഉടന്‍ കണക്കുകള്‍ പറഞ്ഞുകൊണ്ട് ചാടിയെണീറ്റ തോമസ് ഐസക്കിനെ അതേ കണക്കുകള്‍ തെറ്റെന്നു സ്ഥാപിച്ചുകൊണ്ടും എങ്ങിനെ ഇത്തരം കണക്കുകള്‍ വന്നുവെന്നു മുന്‍ ധനകാര്യമന്ത്രിയെ ഞാന്‍ പഠിപ്പിക്കേണ്ടല്ലോയെന്ന ചോദ്യത്തോടെയും കുഞ്ഞാലിക്കുട്ടി ഒതുക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയെ താനാണ് നന്നാക്കിയതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയ എം.എ ബേബിയെ മുഖ്യമന്ത്രിയും കണക്കുകളും കാര്യങ്ങളും നിരത്തി അടിച്ചൊതുക്കി.അതു ഞമ്മളാണ് എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ മുന്‍ മന്ത്രിമാര്‍ ചാടിയെണീക്കുമ്പോള്‍ അതേ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയിരുന്ന വി.എസ് അച്യുതാനന്ദന്‍ ചോദ്യോത്തര വേളയില്‍ പ്രശ്‌നങ്ങള്‍ ഏറ്റുപിടിക്കാതെ മൗനിയായത് ശ്രദ്ധിക്കപ്പെട്ടു.
 
ആദ്യ ദിവസം സഭയില്‍ വാകീറിപ്പൊളിച്ച വി.ശവന്‍കുട്ടി ഇന്നു മൗനവ്രതത്തിലായിരുന്നെങ്കിലും കൂട്ടുകാരന്‍ എംഎല്‍എ ഹംസ നാടോടിക്കാറ്റ് സിനിമയില്‍ അറ്റന്റര്‍മാരുടെ വേഷം കെട്ടിയ മോഹന്‍ലാലും ശ്രീനിവാസനും ഓഫീസിലെ ബോസിന്റെ മുന്നില്‍ അല്ല സാര്‍, ഇല്ല സാര്‍, അതു ഞങ്ങളല്ല സാര്‍ എന്നു പറഞ്ഞഭിനയിച്ചതു പോലെ നന്ദി സാര്‍, ഇന്നലെ ചോദ്യോത്തരം അനുവദിച്ചില്ലെങ്കിലും ഇന്നവുവദിച്ചതിന് നന്ദി സാര്‍ എന്നു പറഞ്ഞു നില്‍പ്പുണ്ടായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.