Monday, August 1, 2011

സമ്മേളനത്തിനു മുന്നോടിയായി സി.പി.എമ്മില്‍ പടയൊരുക്കം


സംഘടനാ നടപടികളിലേക്കു കടക്കവേ സി.പി.എമ്മില്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി. ഔദ്യോഗിക പക്ഷത്തെ അരിഞ്ഞ്‌വീഴ്ത്താന്‍ വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് വി എസിന്റെ പടപ്പുറപ്പാടെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോദ്ധ്യമാകും. വി എസ് നേരിട്ട് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വാളോങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസിന് സീറ്റ് ലഭിക്കില്ലെന്ന് വാര്‍ത്ത പരന്നപ്പോള്‍ കാസര്‍കോട്ട് വി എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി അടുത്തിടെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഉദുമ ഏരിയ കമ്മിറ്റിക്ക് കീഴിലുളള ഒമ്പത് പേരെയാണ് പുറത്താക്കിയത്. ഇത് ശരിയായില്ലെന്ന് ശനിയാഴ്ച വി എസ് വെട്ടിത്തുറന്ന് പറഞ്ഞു. തനിക്കനുകൂലമായി പ്രകടനം നടത്തിയവര്‍ ശരിയാണ് ചെയ്തതെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍, ഇവര്‍ക്കെതിരെയുള്ള നടപടി പുനപരിശോധിക്കുമെന്നാണ് വി എസ് പറഞ്ഞത്. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തിയതിനു പിന്നാലെയാണിത്.

പ്രകടനം നടത്തിയത് സദുദ്ദേശ്യത്തോടെയായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ല. പ്രത്യേകിച്ച്, പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് നടപടികള്‍ പാടില്ല എന്നാണ് പാര്‍ട്ടി നയം. അതുകൊണ്ടു തന്നെ ഇതില്‍ കാര്യമില്ല എന്ന് അച്യുതാനന്ദന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വി.എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. വി എസിന്റെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയെ്തന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ തുമ്പില്‍ പിടിച്ചാകും വി എസിന്റെ നീക്കമെന്നാണ് കരുതുന്നത്. വി എസ് അനുകൂല പ്രകടനം പാര്‍ട്ടിക്ക് നേട്ടമായെന്ന് വാദിക്കാനാണ് നീക്കം.ഈ സാഹചര്യത്തില്‍ തനിക്ക് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്ന ചോദ്യമാണ് വി എസ് ഉന്നയിക്കുകയെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് വി എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതും തന്റെ ഒപ്പമുള്ളവരെ സംരക്ഷിച്ച് അവര്‍ക്ക് ഊര്‍ജം പകരാനുള്ള തന്ത്രപരമായ നീക്കമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുമായി മുഖ്യമന്ത്രി പദത്തിലിരുന്ന് ഏറ്റുമുട്ടിയിരുന്നു വി എസ്. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി തന്റെ ഭാഗത്താണ് ന്യായമെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാതെ അടവുകള്‍ പയറ്റി നീതിമാനെന്ന് പ്രതിച്ഛായ സൃഷ്ടിച്ച വി എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലും കസറി. ഇടതുമുന്നണിയെ വിജയത്തിന്റെ വക്കോളം എത്തിക്കുന്നതില്‍ തനിക്ക് പ്രധാന പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. സമര്‍ത്ഥമായ അടവുകളിലൂടെ മുന്നോട്ട് നീങ്ങുന്ന വി എസിനൊപ്പം ചില ഔദ്യോഗികപക്ഷ നേതാക്കളും കൂടിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിലക്കിയിട്ടും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി എസ് പോയത്.

വി എസ് കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തുമെന്ന് മനസിലാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് പിണറായി വി എസിനെ ഫോണില്‍ വിളിച്ച് കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും വിലക്കി. എന്നാല്‍, കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തിയ വി എസ് ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ടെന്ന് പരസ്യമായി പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ വിലക്കുള്ളതിനാല്‍ ഇളനീര് കുടിച്ച് തൃപ്തിയടയുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ചില നേതാക്കള്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി എസ് സന്ദര്‍ശിക്കുന്നതിനെ അനുകൂലിച്ചിരുന്നു എന്നാണറിവ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവര്‍ വി എസിനൊപ്പം കൂടിയത്. വി എസ് ജനങ്ങള്‍ക്കിടയില്‍ തട്ടിക്കൂട്ടിയെടുത്ത പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയ ഔദ്യോഗിക പക്ഷം നേതാക്കള്‍ തന്നെ കൈവിടില്ലെന്ന് വി എസിന് പ്രതീക്ഷയുണ്ട്. ഇതാണ് പെട്ടെന്നുള്ള വി എസിന്റെ പരസ്യമായ വെല്ലുവിളിക്ക് കാരണം. നാലാം ലോകസിദ്ധാന്തത്തിന്റെ പേരില്‍ നടന്ന പോരിന് പിന്തുണനല്‍കിയതിനെ തുടര്‍ന്ന് ഔദ്യോഗികനേതൃത്വത്തിന് അനഭിമതനായി പാര്‍ട്ടിയില്‍നിന്ന് അകറ്റപ്പെട്ടയാളാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വിലക്കേര്‍പ്പെടുത്തിയിട്ടും വി.എസ് നടത്തിയ സന്ദര്‍ശനത്തിന് യുദ്ധപ്രഖ്യാപനത്തിന്റെ ഛായയാണുള്ളത്.

മലബാര്‍ മേഖലയിലെ പഴയ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ വീരപരിവേഷമുള്ള ബര്‍ലിനെ സന്ദര്‍ശിച്ചതുവഴി ക്ലാസിക്കല്‍ കമ്യൂണിസ്റ്റുകളുടെ പിന്തുണയാണ് വി.എസ് നേടാന്‍ ശ്രമിക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ക്ക് പഴയശക്തിയില്ലെന്ന സന്ദേശവും അതിലുണ്ട്. 1996ല്‍ അധികാരത്തില്‍വന്ന നായനാര്‍ സര്‍ക്കാര്‍ ജനകീയാസൂത്രണം നടപ്പാക്കിയതോടെയാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ലോകബാങ്കും കേരളത്തില്‍ പദ്ധതികളുമായെത്തിയത്.ഇവര്‍ സാമ്പത്തികസഹായം ചെയ്ത പദ്ധതികളും പാര്‍ട്ടിയുടെ നവ സാമ്പത്തികനയത്തിന്റെ വക്താക്കളായ തോമസ് ഐസക്,എം.എ. ബേബി തുടങ്ങിയവരുടെ പങ്കാളിത്ത ജനാധിപത്യവും പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി. ഇവ കമ്യൂണിസ്റ്റ് വിരുദ്ധവും മുതലാളിത്ത ഭരണപരിഷ്‌കാരവുമാണെന്ന് പ്രഫ. എം.എന്‍. വിജയനും മറ്റും ആരോപിക്കുകയും ശക്തമായ പ്രചാരണം സംഘടിപ്പിക്കുകയുംചെയ്തു. പ്രചാരണം പിന്നീട് വി.എസ് ഏറ്റെടുത്തു.ബര്‍ലിനും മറ്റും അതിന് പിന്തുണനല്‍കി. പാര്‍ട്ടിയില്‍ ഇതിനെച്ചൊല്ലി ചേരിതിരിവ് ശക്തമായി.മലപ്പുറം സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയവും ഇതായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ വി.എസ് വിരുദ്ധവിഭാഗം പാര്‍ട്ടി പിടിച്ചെടുത്തു.എതിര്‍പക്ഷത്തുണ്ടായിരുന്നവരെ ഒതുക്കി.കോട്ടയം സമ്മേളനത്തിലും തുടര്‍ന്നും ഈ വിഭാഗം മേല്‍ക്കോയ്മ നിലനിര്‍ത്തിവരികയായിരുന്നു.കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും ഇവര്‍ക്കായിരുന്നു.

അതിനിടെ, എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സ്ര്തീ വിഷയത്തില്‍ കുടുക്കാന്‍ വി എസ് പക്ഷം നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പുറത്താക്കുന്നതില്‍ വി എസ് വിജയിക്കുകയും ചെയ്തു. ഏറെക്കാലത്തെ നിശബ്ദതയ്ക്കുശേഷമാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ മുഖം നഷ്ടമാകുന്ന രീതിയിലുള്ള വി.എസിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സപ്തംബറില്‍ തുടക്കം കുറിക്കാനിരിക്കെയുള്ള വി.എസിന്റെ നീക്കങ്ങള്‍ക്കുപിന്നില്‍ പതിയിരിക്കുന്ന അപകടം സി.പി. എം. നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ ആയുധമാക്കി തിരിച്ചടിക്ക് പാര്‍ട്ടി നേതൃത്വം തുടക്കമിട്ടുകഴിഞ്ഞു. പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കും പ്രേരണ നല്‍കിയവര്‍ക്കുമെതിരെ അച്ചടക്ക നടപടി പാര്‍ട്ടി സ്വീകരിച്ചു കഴിഞ്ഞു. അതേസമയം പാര്‍ട്ടി വിലക്ക് ലംഘിക്കുകയും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി പരിഹസിക്കുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെതിരെ പ്രത്യക്ഷത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിരേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെന്നും സൂചനയുണ്ട്. എന്നാല്‍ വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രീതിയിലുള്ള ഗ്രൂപ്പ് ചേരിതിരിവുകള്‍ക്ക് തുടക്കമിട്ട മലപ്പുറം സംസ്ഥാന സമ്മേളന കാലഘട്ടത്തിലേതിന് സമാനമായ അവസ്ഥയാണ് പുതിയ സംഭവങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കുകള്‍ പൊട്ടിച്ചെറിയാനുള്ള കരുത്ത് തനിക്ക് ഇപ്പോഴുമുണ്ടെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ കോട്ടയായ കണ്ണൂര്‍തന്നെ വി.എസ്. തിരഞ്ഞെടുത്തതില്‍ വി.എസ്.പക്ഷത്തെ നേതാക്കള്‍ ആഹ്ലാദഭരിതരാണ്. അതേസമയം മലപ്പുറം സമ്മേളന കാലഘട്ടത്തില്‍ നാലാം ലോകവാദത്തിനെതിരായ നിലപാട് ആയുധമാക്കി വി.എസ്. തുടക്കം കുറിച്ച പ്രത്യയശാസ്ത്ര പോരാട്ടം പിന്നീട് ദുര്‍ബലപ്പെട്ടുവെന്നത് വി.എസ്. അച്യുതാനന്ദനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് ലോക്കല്‍ തലങ്ങളില്‍ പുതിയ ആശയ സമരത്തിന് തുടക്കം കുറിക്കാനാണ് വി.എസിന്റെ നീക്കം. ഭൂവിനിയോഗം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ഉയര്‍ത്തിയ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് ഇനി തള്ളിക്കളയാനാകില്ലെന്ന കണക്കുകൂട്ടലിലാണ് വി. എസിന്റെ നീക്കങ്ങള്‍. പശ്ചിമ ബംഗാളിലെ തിരിച്ചടി പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളെ അപ്പാടെ ദുര്‍ബലരാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാട് എപ്പോഴും കൈക്കൊള്ളാന്‍ കേന്ദ്ര നേതൃത്വത്തിനാകില്ല. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പ്രകടനങ്ങളുടെ പേരിലുള്ള അച്ചടക്ക നടപടി പ്രധാന പ്രശ്‌നമായി വി.എസ്. ഉന്നയിച്ചുകഴിഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള അവകാശം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണെന്ന വാദമാണ് വി.എസ്. ഉയര്‍ത്തിയത്. ശരിയായ കാര്യത്തിനാണ് പ്രകടനങ്ങള്‍ നടന്നതെന്ന വി.എസിന്റെ വാദം, പാര്‍ട്ടി നേതൃത്വമാണ് തെറ്റുചെയ്തതെന്നും പാര്‍ട്ടിയുടെ തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയായിരുന്നു പ്രകടനങ്ങളെന്നതിന്റെ പരോക്ഷ പ്രഖ്യാപനമാണ്. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും അവസാനംവരെ സംരക്ഷിച്ച നേതൃത്വം പാര്‍ട്ടി അണികളെ വിവേചനരഹിതമായി പുറത്താക്കുകയാണെന്ന വാദമാണ് അദ്ദേഹം തുടര്‍ന്ന് ഉന്നയിക്കുക. പാര്‍ട്ടി വിഭാഗീയതയില്‍ തന്റെ പക്ഷത്ത് നിന്നതിന്റെ പേരില്‍ മാത്രം പുറത്തായവരെ തിരിച്ച് പാര്‍ട്ടിയില്‍ എത്തിക്കണമെന്ന വാദവും ഇനി അദ്ദേഹം ഉന്നയിക്കും.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭവന സന്ദര്‍ശനം വഴി തനിക്കൊപ്പം നില്‍ക്കുന്നവരെ താന്‍ സംരക്ഷിക്കില്ലെന്ന മുന്‍കാല വിമര്‍ശനത്തെ മറികടക്കാനാകുമെന്നും വി.എസ്. കണക്കുകൂട്ടുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒരു അത്ഭുതവും കാട്ടാന്‍ വി.എസിന് കഴിയില്ലെന്ന വിശ്വാസത്തിലാണ് ഔദ്യോഗികപക്ഷം.  പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളില്‍ പ്രൊഫ.എം.എന്‍. വിജയന്റെ നിലപാടുകള്‍ പിന്‍പറ്റി നിന്നതല്ലാതെ ഒരു ബദല്‍ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടിക്കുള്ളില്‍ വി.എസ്. മുന്നോട്ടുവെച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടും കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ ചലനമുണ്ടാക്കാന്‍ വി.എസിനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.