Monday, August 8, 2011

പാമോയില്‍ ഇടപാട്; സാക്ഷി എങ്ങനെ പ്രതിയാകും?


വിവാദ വിഷയമായി തുടരുന്ന പാമോയില്‍ ഇറക്കുമതി ഇടപാടില്‍ ഒരു സാക്ഷി മാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുളള  പ്രതിപക്ഷത്തിന്റെ കുതന്ത്രം ഒരിക്കല്‍ കൂടി പ്രകടമായി. അതോടൊപ്പം, കഴിഞ്ഞ ഇരുപത് വര്‍ഷമായി നടക്കുന്ന
ഈ കേസില്‍ 23-ാം സാക്ഷിയായ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തുടര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അന്വേഷണ വിധേയമാക്കിയില്ലെന്ന വിജിലന്‍സ് കോടതിയുടെ നിരീക്ഷണം അടിസ്ഥാനരഹിതമാണെന്ന വിശ്വാസവും ശക്തമായി. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നിയോഗിച്ച ഉദേ്യാഗസ്ഥനാണ് തുടരനേ്വഷണം നടത്തിയതെന്നതും, അതേ  സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് വിജിലന്‍സ് കോടതിയില്‍ കേസ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. തുടരനേ്വഷണത്തില്‍, ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകളൊന്നുമില്ല എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പൂഴ്ത്തിവയ്ക്കുകയും ചെയ്തു ഇടതു സര്‍ക്കാര്‍.  പാമോയില്‍ ഇറക്കുമതി നടന്ന 1991 ല്‍ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത് - 2005 ജനുവരി 20ന് ഉമ്മന്‍ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ പാമോയില്‍ ഇടപാടിനെക്കുറിച്ച് തനിക്കെല്ലാമറിയാമായിരുന്നു എന്നു പറഞ്ഞത്, സഖറിയാ മാത്യുവിന്റെ ഒഴിവാക്കല്‍ ഹര്‍ജിയില്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഫയല്‍ ധനമ്രന്തിയുടെ മുമ്പില്‍ സമര്‍പ്പിച്ചിരുന്നെന്ന് അവകാശപ്പെട്ടത്, ധനവകുപ്പിന്റെ അനുമതിയോടെയാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്നു പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി മുമ്പാകെ ജോസ് സിറിയക് നല്‍കിയ മൊഴി, ധനകാര്യവകുപ്പ് നിയമസഭയില്‍ സമര്‍പ്പിച്ചതും നേരത്തെ നടത്തിയ അന്വേഷണത്തില്‍ പരിശോധിക്കാതെയിരുന്നതുമായ ഫയല്‍ എന്നിവ. ഇത്രയും പുതിയ കാര്യങ്ങള്‍ തുടര്‍ അന്വേഷണത്തിന് വിധേയമാക്കാമെന്നാണ് 2011 മാര്‍ച്ച് 5ന് വിജിലന്‍സ് വകുപ്പ് നിര്‍ദ്ദേശിച്ചത്.
 
1991 ല്‍ നടന്ന പാമോയില്‍ ഇടപാടിനെ സംബന്ധിച്ച് നിയമസഭയില്‍ പലവട്ടം ചര്‍ച്ച നടന്നു. അന്നൊന്നും ഉമ്മന്‍ചാണ്ടിയുടെ പേര് പരമാര്‍ശിക്കപ്പെടുകയുണ്ടായില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയാണ് പ്രതിപക്ഷം ലക്ഷ്യംവച്ചത്. ഇത് സംബന്ധിച്ച് 1997 ല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കെ കരുണാകരനായിരുന്നു ഒന്നാം പ്രതി. അതിനെ ചോദ്യം ചെയ്ത് കരുണാകരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ആറു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം 2003 ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. അതില്‍ ഇരുപത്തിമൂന്നാം സാക്ഷിയായിരുന്നു ഉമ്മന്‍ചാണ്ടി. 2005 ല്‍ കേസ് പിന്‍വലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു വന്ന വി എസ് സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് കെ കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നല്‍കി. കരുണാകരന്‍ അന്തരിച്ചതോടെ 2011 ല്‍ വിജിലന്‍സ് കോടതിയില്‍ വീണ്ടും കേസ് വിചാരണയ്ക്ക് വന്നു. തുടര്‍ന്ന് ടി എച്ച് മുസ്തഫയും സഖറിയ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരമാര്‍ശമുണ്ടെന്ന അവാസ്തവമായ വിവാദമുണ്ടായി. മറ്റാരെങ്കിലും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് 2011 ഫെബ്രവരി 26ന് ഹര്‍ജി നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം അനുവദിച്ചു.
 വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2011 മെയ് 13ന് കോടതിയില്‍ സമര്‍പ്പിച്ചു. എല്ലാ വിഷയങ്ങളെപ്പറ്റിയും വിശദമായി പരമാര്‍ശിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ നിലവിലുള്ള പ്രതികളല്ലാതെ മറ്റൊരാളും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റാരെയും പ്രതിയാക്കാന്‍ തക്കതായ തെളിവില്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു.
 
എന്നാല്‍ ധനകാര്യവകുപ്പിനു പങ്കുണ്ടോ എന്നല്ല അന്വേഷിക്കാന്‍ പറഞ്ഞത്, മറിച്ച് 23-ാം സാക്ഷിയായ അന്നത്തെ ധനകാര്യമന്ത്രിക്ക് പങ്കുണ്ടോ എന്നന്വേഷിക്കാനാണു ആവശ്യപ്പെട്ടത് എന്ന പുതിയൊരു സാങ്കേതികമായ നിലപാടാണ് ജഡ്ജി സ്വീകരിച്ചത്. അതിനാല്‍ ആ വിവരത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇന്നലെ കോടതി ഉത്തരവായത്. ധനകാര്യവകുപ്പിന് പാമോയില്‍ ഇറക്കുമതി ക്രമക്കേടുകളുമായി പങ്കില്ല എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഈ ഇടപാടില്‍ ധനകാര്യവകുപ്പ് മന്ത്രി ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം നിരപരാധിയുമാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. മുഴുവന്‍ ഇടപാടുകളെക്കുറിച്ചും ധനകാര്യമന്ത്രിയുടെ പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ധനമന്ത്രിയുടെ പേരെടുത്തു പറഞ്ഞിട്ടില്ല എന്ന സാങ്കേതികത്വത്തിലൂന്നിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. പാമോയില്‍ ഇടപാടില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിക്കു പങ്കില്ലെന്നു പേരെടുത്തു പറഞ്ഞില്ലെന്നാണ് കോടതി പരാമര്‍ശിച്ചിരിക്കുന്നത്. ചാര്‍ജ് ഷീറ്റിലെ ഏതെങ്കിലും അപാകത വിജിലന്‍സ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തന്നെ ഉത്തരവിട്ടതല്ല തുടരന്വേഷണം. വിജിലന്‍സിനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. അദ്ദേഹം തന്നെ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നു കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. തുടരന്വേഷണ റിപ്പോട്ടിലെ നിഗമനത്തില്‍ അപാകതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെടുകയും ചെയ്തില്ല. ഇടതു സര്‍ക്കാര്‍ നിയമിച്ച ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ യു.ഡി.എഫ് സര്‍ക്കാര്‍ തുടരാന്‍ അനുവദിക്കുകയാണ് ഉണ്ടായത്

No comments:

Post a Comment

Note: Only a member of this blog may post a comment.