Wednesday, August 17, 2011

പിണറായിയില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേടില്ല


 പിണറായി വിജയനില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യമര്യാദയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
പിണറായിയില്‍ നിന്നും ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേട് തനിക്കും കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ജിജി തോംസണ്‍ ഐ.എ.എസിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്കറിയാനാവുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയായ  ഐ.എ.എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി  കേന്ദ്രസര്‍ക്കാരിനു നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് ഒരു നിവേദനം ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ഇതും അതനുനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം പുറത്തു പറയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ജിംജി തോംസണിനെ പ്രോസിക്യൂട്ട് ചെയ്യണ്ടെന്ന് 2005-ല്‍ നിലപാട് എടുത്തിരുന്നല്ലോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മറുപടി.

No comments:

Post a Comment

Note: Only a member of this blog may post a comment.