സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ട ഗോപി കോട്ടമുറിക്കലിന്റെ മുറിയില്‍ നിന്നും ചീത്രീകരിച്ച ദൃശ്യങ്ങള്‍ നേതൃത്വത്തിനു തലവേദനയാകുന്നു. വി.എസ് അച്യുതാനന്ദന്‍ വിഭാഗം ഒരുക്കിയെ കെണിയില്‍ അകപ്പെട്ട ഗോപിയെ സംരക്ഷിച്ചു നിര്‍ത്തിയാല്‍ രഹസ്യചിത്രങ്ങള്‍ പരസ്യമാകുമെന്നാണ് നേതൃത്വത്തിന്റെ ഭയം. ഇപ്പോള്‍ത്തന്നെ ചില ദൃശ്യങ്ങള്‍ ഏതാനും ചാനലുകളില്‍ എത്തിയതായും സൂചനയുണ്ട്. ഗോപിയെ സംരക്ഷിക്കാന്‍ ഔദ്യോഗികപക്ഷം ശ്രമിച്ചാല്‍ ചിത്രങ്ങള്‍ പരസ്യമാക്കാനാണ് ശ്രമം. ഇന്റര്‍നെറ്റിലൂടെ ഇവ പുറത്തുവിടുന്നതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ വി.എസ് വിഭാഗത്തിനു കഴിയും. അവസാനശ്രമമെന്ന നിലയിലായിരിക്കും ഈ നടപടിയെന്നും വി.എസ് വിഭാഗത്തിന്റെ ഉന്നതകേന്ദ്രങ്ങള്‍ സമ്മതിക്കുന്നു.
അതേസമയം ഗോപി കോട്ടമുറിക്കലിനെ കുടുക്കാനായി എതിര്‍പക്ഷം സ്ഥാപിച്ച ഒളികാമറയില്‍ പാര്‍ട്ടിയുടെ അതീവ രഹസ്യ യോഗങ്ങള്‍ പോലും പകര്‍ത്തിയതായാണ് സൂചന. പാര്‍ട്ടി ഓഫീസില്‍ സജീവമായിരുന്ന ഏഴംഗസംഘമാണ് ഇതിനുപിന്നിലെന്നും ഔദ്യോഗികവിഭാഗം കണ്ടെത്തിയിരുന്നു. മുന്‍ മന്ത്രിയും മുന്‍ എം.പിയും ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘത്തെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കു പുറമേ, ഓഫീസ് സെക്രട്ടറിമാരായ രണ്ടു പേരും സംഘത്തിലുണ്ട്. അന്വേഷണ കമ്മിഷന്‍ വന്നതോടെ വിവാദ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലേക്കു പകര്‍ത്താന്‍ ഉപയോഗിച്ച കംപ്യൂട്ടറും സംഘം നശിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു നടന്ന തന്ത്രപ്രധാന യോഗങ്ങളടക്കം ചോര്‍ത്തിയിരുന്നതായാണ് നേതൃത്വത്തിന് മുന്‍പില്‍ തെളിവെത്തിയിരിക്കുന്നത്. പി.ബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത അതീവ രഹസ്യ യോഗങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി ചില ചാനലുകള്‍ക്കും പാര്‍ട്ടി വിരുദ്ധര്‍ക്കും എത്തിച്ചു നല്കിയതായാണ് സൂചന. പാര്‍ട്ടി നേതൃത്വം ഈ വിഷയം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി രൂപപ്പെടുത്തിയ തന്ത്രങ്ങള്‍ ഒളികാമറ വഴി ചോര്‍ന്ന് ശത്രുക്കളുടെ കൈയില്‍ എത്തിയത് പാര്‍ട്ടി വളരെ ഗൗരവമായാണ് കാണുന്നത്. ആരോപണത്തെത്തുടര്‍ന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ ജില്ലാ റാലിയില്‍ മുഖ്യപ്രഭാഷകനായി എത്തിയതോടെ അദ്ദേഹത്തെ കൈവിടാന്‍ ഒരുക്കമല്ലെന്ന സന്ദേശമാണ് ഔദ്യോഗികപക്ഷം നല്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുമടക്കമുള്ളവര്‍ സംബന്ധിച്ച ചടങ്ങിലാണു ഗോപി പങ്കെടുത്തത്. ജന്മനാടായ മൂവാറ്റുപുഴയില്‍ ഇദ്ദേഹം പാര്‍ട്ടിയുടെ വേദിയില്‍ വന്നതോടെ, വിഎസ് പക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ പരസ്യമായി പ്രതിരോധിക്കാനാണു പാര്‍ട്ടി തീരുമാനമെന്നു വ്യക്തമായി. ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നു വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിവേദിയിലെ സ്ഥാനം.
അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഗോപി സ്വയം സ്ഥാനമൊഴിയുകയായിരുന്നു എന്ന വാദത്തിനു ബലം നല്‍കുന്നു പാര്‍ട്ടിപരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. പാര്‍ട്ടി ഓഫിസില്‍ ഒളിക്യാമറ വച്ചതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കടുത്ത നടപടികളിലേക്കു കടക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ഓഫിസുകളില്‍ വനിതകളടക്കമുള്ളവര്‍ക്കു ധൈര്യമായി പോകാനാവാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക വിഭാഗം പരാതിയുയര്‍ത്തിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ പരസ്യപ്പെടുത്തുന്നതിലേക്ക് വി.എസ് വിഭാഗത്തിന്റെ ആലോചന എത്തുന്നത്. അതേസമയം വിവാദ ദൃശ്യങ്ങള്‍ ചോര്‍ത്തി നല്കിയ ഏഴംസ സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനും അന്വേഷണ കമ്മിഷനും മുന്നില്‍ ഔദ്യോഗിക പക്ഷം എത്തിച്ചുകഴിഞ്ഞു. ചാരപ്പണി നടത്തിയതിനു പിന്നിലെ ചാവേറുകള്‍ എസ്.എഫ്.ഐക്കാരാണെന്ന് ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചയായി ലെനിന്‍ സെന്ററില്‍ മാത്രമല്ല, കലൂരില്‍പോലും എസ്.എഫ്.ഐക്കാരെ കണ്ടുപോകരുതെന്നാണ് ഉഗ്രശാസന. ആസ്ഥാനം നഷ്ടപ്പെട്ട എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഫ്രാക്ഷന്‍ അംഗങ്ങളും താത്കാലിക ആസ്ഥാനമായി ചില കോളജ് കാമ്പസുകളാണ് ഉപയോഗിക്കുന്നത്.
പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ എസ്.എഫ്.ഐക്കാര്‍ മുഖേന പുറത്തുപോകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ വിലക്ക്. പാര്‍ട്ടി ജില്ലാഘടകത്തിന് പകരം പുറത്തായ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ഉള്‍പ്പെടുത്തി സംസ്ഥാനസമിതി അംഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ജില്ലാ സെന്റര്‍ നിലവില്‍ വന്നതോടെയാണ് എസ്.എഫ്.ഐക്കാര്‍ക്ക് ഊരുവിലക്ക് വന്നത്. പാര്‍ട്ടി വിഭാഗീയതയില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍ നേരിട്ട് പങ്കെടുത്ത സാഹചര്യം ഗോപി കോട്ടമുറിക്കല്‍ സംഭവത്തിലുണ്ടായതായി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി കാര്യങ്ങളില്‍ അതീവതാത്പര്യമുള്ള പോഷക സംഘടനാ ഭാരവാഹികളെയും എസ്.എഫ്.ഐയെയും പാടെ ഊരുവിലക്കിയത്. അതിനിടെ സംസ്ഥാനത്തെ സി.പി.എം ഓഫീസുകളില്‍ നിലവിലുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധന തുടങ്ങി. കംപ്യൂട്ടറുകള്‍, വെബ് കാമറകള്‍, മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ എന്നിവ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ തുടങ്ങിയ പരിശോധന താഴേതട്ടില്‍ വരെ വ്യാപിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
എറണാകുളത്ത് ജില്ലാ സെക്രട്ടറിയുടെ വിശ്രമമുറിയില്‍ വിദേശ നിര്‍മ്മിത ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണിത്. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കേ, നേതാക്കള്‍ 'ഡിറ്റക്ടീവു'കളായി മാറുന്നതും എറണാകുളത്ത് ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ നടത്തിയ നീക്കവും ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷന് സ്വഭാവദൂഷ്യ ആരോപണവും, ആരോപണത്തിലേക്ക് നയിച്ച സംഭവങ്ങളും, ഒളികാമറ പ്രയോഗവും അന്വേഷിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പിറവത്തിനടുത്ത് ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ആശുപത്രി ട്രസ്റ്റില്‍ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതി സംബന്ധിച്ച് വിശദമായ പരാതി ജില്ലയിലെ പിണറായി വിഭാഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിക്കഴിഞ്ഞു.
ആശുപത്രി ചെയര്‍മാന്‍ എസ്. ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണവുമായാണ് പിണറായി വിഭാഗം രംഗത്തെത്തിയത്. 2002 ല്‍ ബക്കറ്റ് പിരിവെടുത്തും പാര്‍ട്ടി ഭരിച്ച സഹകരണ സംഘങ്ങളില്‍ നിന്ന് ഓഹരി സ്വരൂപിച്ചുമാണ് ആശുപത്രി തുടങ്ങിയത്. തുടക്കത്തില്‍ 15 ഏക്കര്‍ റബര്‍ കൃഷിയുള്ള സ്ഥലമാണ് വാങ്ങിയത്. പിന്നീട് 12 ഏക്കര്‍ കൂടി വാങ്ങി. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ബാങ്കിന് അടച്ചുതീര്‍ക്കേണ്ട ബാധ്യതയായ എട്ടുകോടി രൂപ വീണ്ടും പിരിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്തതാണ് മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണത്തിലേക്ക് എത്തിച്ചതെന്നാണ് പിണറായി വിഭാഗത്തിന്റെ വാദം. 2002ല്‍ തുടങ്ങിയ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എസ്. ശര്‍മ്മയും വൈസ് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലുമായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ്. ട്രസ്റ്റിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ 2010 ല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഗോപി കോട്ടമുറിക്കലും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം കെ.എം. സുധാകരനും രാജിവച്ചിരുന്നു. പിന്നീട് ട്രസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കിന് യഥാര്‍ത്ഥ കണക്കുമായി പുലബന്ധംപോലുമില്ലെന്നാണ് ആരോപണം. 15 ഏക്കറിലെ റബര്‍ കൃഷിക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ലഭിക്കേണ്ട സ്ഥാനത്ത് അരലക്ഷം രൂപയെന്ന് കണക്കവതരിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.
അതേസമയം എറണാകുളം ജില്ലയുടെ ചുമതല ലഭിച്ച ഔദ്യോഗിക വിഭാഗത്തിലെ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് മറ്റൊരു തലവേദനയായി നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുകയാണ്. ലെനിന്‍ സെന്ററിലെ മുറിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്ന ആളാണ് ഉത്തരവാദിയെന്നാണ് എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട. മുറിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുറി ഉപയോഗിക്കുന്ന ആള്‍ക്ക് തന്നെയാണ്. പാര്‍ട്ടി കേഡര്‍ താമസിക്കുന്ന മുറിയില്‍ മറ്റൊരാള്‍ കയറുന്നത് വലിയ അപകടമായി കാണേണ്ടതില്ല. പാര്‍ട്ടി കേഡറിന് സ്വകാര്യത ആവശ്യമില്ല. ലെനിന്‍ സെന്ററിന്റെ അകത്തായാലും പുറത്തായാലുമൊക്കെ പാര്‍ട്ടി കാഡറിന്റ ജീവിതം സുതാര്യമായിരിക്കണം. ഒന്നും അടച്ചുവെക്കാനില്ലാത്ത തുറന്ന പുസ്തകമായി ജീവിക്കാന്‍ പാര്‍ട്ടി കാഡറിന് കഴിയണം.ഞാന്‍ വ്യക്തിപരമായി ഈ സുതാര്യത പുലര്‍ത്തുന്ന ആളാണ്. ഞാന്‍ ഉപയോഗിക്കുന്ന മുറിയില്‍ ഒളിക്യാമറ വെച്ചാലും കുഴപ്പമില്ലഎം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലെനിന്‍ സെന്ററിലെ മുറിയില്‍ ഒളിക്യാമറ വെച്ചതില്‍ അവിടത്തെ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അന്വേഷണം നടന്നുവരികയാണ്. അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ലഎം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട സുനാമികളൊന്നും വകവയ്ക്കാതെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഇന്നു കൊല്‍ക്കത്തിയില്‍ ആരംഭിക്കും. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രശ്‌നത്തില്‍ പിബിയുടെയും സിസിയുടെയും സമയം മെനക്കെടുത്താന്‍ ഉദ്ദേശ്യമില്ലെന്നാണു കേന്ദ്രനേതാക്കള്‍ പറയുന്നത്. എന്നാല്‍, കേരളത്തിലെ പ്രശ്‌നങ്ങള്‍ പിബിയില്‍ ഉന്നയിച്ച് അവിടെത്തന്നെ ചര്‍ച്ചചെയ്തു തീര്‍ക്കാനുള്ള സാധ്യത ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ പാര്‍ട്ടിക്കു വിവാദങ്ങള്‍ ശീലമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാലുടനെ മൂക്കു ചെത്തുന്നതു പഴയ രീതിയാണ്. വി. എസ്. അച്യുതാനന്ദന്‍ നേരത്തേയും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്; ഇപ്പോഴുമുണ്ടാക്കുന്നു; ഇനിയുമുണ്ടാക്കും. അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചു മെനക്കെടേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളുടെ സമയക്രമം തീരുമാനിച്ചുകഴിഞ്ഞും അച്ചടക്ക നടപടികള്‍ തുടരുന്നതും സിസി അംഗമായ വിഎസിനെ പരസ്യമായി കുറ്റപ്പെടുത്തിയതും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടാകാവുന്ന വിഷയങ്ങളാണ്.
പിബിക്കു സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് നല്‍കിയത് പതിവു രീതിയിലാണെന്നും വിഎസിനെതിരെ നടപടിക്ക് അടിസ്ഥാന മാക്കാനുള്ള രേഖയായി അതിനെ കാണേണ്ടതില്ലെന്നുമാണു നേതാക്കള്‍ പറയുന്നത്. തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ഉണ്ടായ നടപടിയെന്നാണു കേന്ദ്രനേതൃത്വത്തിന്റെ പരസ്യനിലപാട്. വേറൊരു പാര്‍ട്ടിയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു നടപടിയെടുക്കുന്നില്ല. അതിനാല്‍ സദാചാരപ്രശ്‌നമുള്ളതു സിപിഎമ്മില്‍ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു എന്നാണു പാര്‍ട്ടി നിലപാട്.കോഴിക്കോട്ട് അടുത്ത ഏപ്രിലില്‍ നടക്കുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചാവും പിബിയിലും സിസിയിലും പ്രധാനചര്‍ച്ച. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ - സംഘടനാ റിപ്പോര്‍ട്ട് എന്നിവയില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു ധാരണയുണ്ടാക്കും. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടും പി.ബി ചര്‍ച്ചചെയ്യും. കേരളത്തിലെ പാര്‍ട്ടി പ്രശ്‌നങ്ങളോട് മുന്‍വിധി ഇല്ലാത്ത സമീപനമാവും സ്വീകരിക്കുകയെന്ന് മുതിര്‍ന്ന പി.ബി അംഗം പറഞ്ഞു.
കേരളക്കാര്യങ്ങളെപ്പറ്റിയുള്ള പല മുന്‍ തീരുമാനങ്ങളും സാങ്കേതികമായി ശരിയായിരുന്നു എങ്കിലും പ്രായോഗികമായി പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നതാണ് പല പി. ബി അംഗങ്ങളുടെയും അഭിപ്രായം. വി.എസിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ സംസ്ഥാന ഘടകത്തിന് വീഴ്ച വന്നതായും തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തില്‍ വി. എസിന്റെ പങ്ക് നിര്‍ണായകമായിരുന്നു എന്നും കേന്ദ്ര കമ്മിറ്റി പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാവും കേരളത്തിലെ പ്രശ്‌നങ്ങള്‍ പി. ബിയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യുക
No comments:
Post a Comment
Note: Only a member of this blog may post a comment.