മലയാളികളെ ബാധിച്ച അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു കമ്യൂണിസം. കാലം ഈ അന്ധവിശ്വാസത്തെ മായ്ച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷണമൊത്ത ബൂര്‍ഷ്വാ പാര്‍ട്ടികളായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറുകയും ചെയ്തു. സോഷ്യലിസം, വര്‍ഗസമരം, തൊഴിലാളി വര്‍ഗവിപ്ലവം മുതലായ സംജ്ഞകള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കാറില്ല. മേല്പറഞ്ഞവയൊന്നും ഇനി കമ്യൂണിസ്റ്റുകാരുടെ ജോലിയല്ല.
ജനാധിപത്യകക്ഷികള്‍ കമ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ബൂര്‍ഷ്വാകക്ഷികളാണ്. ഇന്ത്യയിലാകുമ്പോള്‍, ഗ്രൂപ്പിസങ്ങളും വിഭാഗീയതകളും ജാതിമേല്‍ക്കോയ്മകളും ഫ്യൂഡലിസ്റ്റ് സങ്കല്പങ്ങളുമൊക്കെ നിറഞ്ഞ മുതലാളിത്ത മനോഭാവത്തിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങളാണ് (യൂറോപ്യന്‍ രാജ്യങ്ങളില്‍ അര്‍ത്ഥം വേറെയാണ്). ബൂര്‍ഷ്വാ കക്ഷികള്‍. ഈ രാഷ്ട്രീയ കക്ഷികളില്‍നിന്ന് ഇന്ത്യയെ മോചിപ്പിച്ച് മാര്‍ക്‌സിസം നടപ്പാക്കാനാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായത്. പുരോഗതിയുടെ ഏറ്റവും വലിയ തത്വശാസ്ത്രം മാര്‍ക്‌സിസമാണെന്ന് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നു. സാധാരണ ജനങ്ങളില്‍ ഗണ്യമായൊരു വിഭാഗം ഈ വിശ്വാസത്തില്‍ കുടുങ്ങിപ്പോവുകയുണ്ടായി. പ്രചരണ തന്ത്രങ്ങളുടെ വലയില്‍ കുടുക്കിയതാണ്. ആടിനെ പട്ടിയും പട്ടിയെ ആടുമാക്കുന്ന പ്രചരണതന്ത്രം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൂടപ്പിറപ്പാണ്. പ്രചരണ തന്ത്രങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് മാര്‍ക്‌സിസത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുത്തിയത്. മാര്‍ക്‌സിസത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചെറിയ പ്രദേശമാണ് കേരളം.മലയാളികളെ ബാധിച്ച അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു കമ്യൂണിസം. കാലം ഈ അന്ധവിശ്വാസത്തെ മായ്ച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷണമൊത്ത ബൂര്‍ഷ്വാ പാര്‍ട്ടികളായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറുകയും ചെയ്തു. സോഷ്യലിസം, വര്‍ഗസമരം, തൊഴിലാളി വര്‍ഗവിപ്ലവം മുതലായ സംജ്ഞകള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കാറില്ല. മേല്പറഞ്ഞവയൊന്നും ഇനി കമ്യൂണിസ്റ്റുകാരുടെ ജോലിയല്ല.
കലകളെയും സാഹിത്യത്തെയുമൊക്കെ കൂട്ടുപിടിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രചരണ തന്ത്രങ്ങളാണ് കേരള മനസ്സിന്റെ ഒരംശം കമ്യൂണിസ്റ്റുകാര്‍ കാര്‍ന്നെടുക്കാന്‍ കാരണമായത്. കമ്യൂണിസ്റ്റുകാര്‍ കാര്‍ന്നെടുത്ത ഈ കേരള മനസ്സിനെ മോചിപ്പിച്ച് സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മണ്ഡലങ്ങളില്‍ പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഈ ഉത്തരവാദിത്തമാണ് ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും തണലില്‍ കേരളത്തിന്റെ സാംസ്‌കാരികരംഗം ഇപ്പോള്‍ ഏറ്റെടുക്കേണ്ടത്. ഇങ്ങനെയൊരു സാംസ്‌കാരിക രംഗമായിത്തീരാന്‍ നമ്മുടെ അക്കാദമികള്‍ക്കാകാന്‍ കഴിയുമോ എന്ന സാംസ്‌കാരിക ചോദ്യമാണ് ഇന്ന് കേരളത്തിനു മുമ്പിലുള്ളത്.സ്വാതന്ത്ര്യത്തെയും സ്‌നേഹത്തെയും സംസ്‌കാരത്തെയും സാഹിത്യത്തിലും കലയിലും ജ്വലിപ്പിക്കാന്‍ ശേഷിയുള്ള പ്രതിഭാശാലികളും ധിഷണാശാലികളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഭാവനയും ധിഷണയും വയറ്റുപ്പിഴപ്പിനെ സഹായിക്കുന്ന ഉപാധികളായി മാറിയിരിക്കുന്നു. മഹാസത്യങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ആഴമുള്ള ധിഷണയും ഭാവനയുടെ നൂറുനൂറു പൂക്കളും സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം അക്കാദമികളെ ഏല്പിച്ചിട്ട് പ്രയോജനമില്ല. അക്കാദമികള്‍ സര്‍ക്കാര്‍ എന്ന സ്ഥാപനമൂല്യത്തിന്റെ പ്രകടനങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാവട്ടെ, കേരളത്തിലെ അക്കാദമികളെ പാര്‍ട്ടിയുടെ പ്രചരണയന്ത്രങ്ങളാക്കി മാറ്റുകയും ചെയ്തു. ഇത് ഒരു ചരിത്രത്തുടര്‍ച്ചയാണ്.
സംസ്‌കാരങ്ങളെയും കലകളെയും സ്വേച്ഛാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ വിജയത്തിനുവേണ്ടി ക്രൂരമായി പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ന് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നമ്മള്‍ കണ്ടത്. സര്‍ക്കാരുകളുടെ തണലില്‍ പുലരേണ്ടതല്ല സംസ്‌കാരം എന്ന സത്യത്തിലേക്കും നാം എത്തിച്ചേരേണ്ടതുണ്ട്. ആ സത്യം എങ്ങനെയൊക്കെയോ ഇന്നത്തെ കേരള മനസ്സിലും മങ്ങിപ്പോയിരിക്കുന്നു. സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഫലങ്ങളായ കലയും സാഹിത്യവുമൊക്കെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട് എന്നാണിപ്പറഞ്ഞത്. പഴയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലും ഈ പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്‌കാരത്തിന്റെ നൂറുപൂക്കളെ സ്വപ്‌നം കണ്ട ചൈനയുടെ ആത്മാവും സ്വാതന്ത്ര്യത്തിനും സംസ്‌കാരത്തിനും കേഴുകയാണിന്ന്.കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവയുടെ സ്വേച്ഛാധിപത്യ സങ്കല്പങ്ങളും ആദ്യമായി തുനിഞ്ഞത് സംസ്‌കാരങ്ങളെയും ദേശീയതകളെയും സനാതനചിന്തകളെയും നശിപ്പിക്കാനാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ പൂര്‍വ യൂറോപ്യന്‍ ജനത അനുഭവിച്ചത് അതാണ്. സ്റ്റാലിന്റെ ചുവന്ന സങ്കല്പങ്ങള്‍ ആ നാടുകളിലെ സംസ്‌കാരങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാക്കികളഞ്ഞു. കേരളത്തിലും ഇതിനുവേണ്ടിയുള്ള ഒരു ശ്രമം നടന്നിട്ടുണ്ടെന്നു തോന്നുന്നു. സംസ്‌കാരത്തെ കമ്യൂണിസത്തിന്റെ ഒരു സ്ഥാപനമാക്കി മാറ്റാന്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്തും സ്ഥാപനവല്ക്കരിക്കുന്നു. സംസ്‌കാരം ഒരു പാര്‍ട്ടി സ്ഥാപനമല്ല എന്ന സത്യമാണ് നമ്മുടെ നാട്ടില്‍ പുലരേണ്ടത്. ജവഹര്‍ലാല്‍ നെഹ്‌റുവും ഡോ. എസ്. രാധാകൃഷ്ണനുമൊക്കെ സ്വപ്‌നം കണ്ട വഴിയിലൂടെ നമ്മുടെ അക്കാദമികള്‍ക്ക് പോകാനാവുമോ, സംസ്‌കാരത്തിനു കാവല്‍ നില്‍ക്കാനാവുമോ എന്നത് വലിയ സംശയവും ചോദ്യവും തന്നെയാണ്. അക്കാദമികള്‍ വെറും സര്‍ക്കാര്‍ സ്ഥാപനങ്ങളായി അധഃപതിച്ചു പോകുമോ?
കുറേ വ്യക്തികള്‍ അംഗീകൃതചട്ടങ്ങള്‍ അനുസരിച്ച് പ്രത്യേക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇടപെടുന്ന സമ്പ്രദായത്തെയാണ് പൊതുവേ സ്ഥാപനം എന്നു വിളിച്ചുപോരുന്നത്. സമൂഹത്തിലെ ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ് മനുഷ്യജീവിതം. മതം, ജാതി, രാഷ്ട്രീയ കക്ഷികള്‍, സര്‍വകലാശാലകള്‍, ഭരണവ്യവസ്ഥ, നീതിന്യായം, കമ്പോളം, കുടുംബം, ഭരണകൂടം, വിവാഹം എന്നിവയൊക്കെ സ്ഥാപനങ്ങളാണ്. ഇവയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളാണ് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും. ഒരാളുടെ ജീവിതം സ്ഥാപനവത്കൃതമായിത്തീരുമ്പോള്‍ അയാളുടെ വ്യക്തിസത്തയിലെ സ്വാതന്ത്ര്യത്തിന്റെ സങ്കല്പങ്ങള്‍ക്കും വെളിച്ചത്തിന്റെ തത്വശാസ്ത്രത്തിനും പ്രസക്തിയില്ലാതാവുന്നു. സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും ആശയങ്ങള്‍ ഒരു സ്ഥാപനത്തിനു സമര്‍പ്പിക്കുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്തിട്ടാണ് ഒരാള്‍ ഒരു സ്ഥാപനവത്കൃതവ്യക്തിയായിത്തീരുന്നത്. സംസ്‌കാരം മനസ്സിനു കിട്ടുന്ന വെളിച്ചമാണ്. ഈ വെളിച്ചംകൊണ്ട് മനസ്സിനെ അലങ്കരിക്കുമ്പോള്‍ മനസ്സ് മാനവികതയുടെ ദൈവികഭാവങ്ങള്‍ കൈവരിക്കുന്നു. മാനവികതയുടെ ദൈവിക പ്രവാഹമെന്നും സംസ്‌കാരത്തെ കണക്കാക്കാം. കലയും സാഹിത്യവുമൊക്കെ സംസ്‌കാരത്തിന്റെ ഫലങ്ങളാണ്. സംസ്‌കാരം സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേക്കാണെപ്പോഴും പറന്നുയരുന്നത്. കാരണം കലയും സാഹിത്യവും സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍ക്കവകാശപ്പെട്ടതാണ്. പണ്ട് കലകളെയും സാഹിത്യത്തെയുമൊക്കെ നിയന്ത്രിച്ചുകൊണ്ടിരുന്നത് രാജകൊട്ടാരങ്ങളായിരുന്നു. ജനകീയ കാലം വന്നപ്പോള്‍ ജനകീയ സര്‍ക്കാരുകള്‍ കലകളുടെയും സാഹിത്യത്തിന്റെയുമൊക്കെ രക്ഷകരായി.
ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന വലിയ ആലോചനകളിലൊന്നാണ് സാഹിത്യത്തെയും കലകളെയും സര്‍ക്കാര്‍ എങ്ങനെ കാണണമെന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കാതെ സാഹിത്യത്തെയും കലകളെയും സ്വതന്ത്രമാക്കിയത് ജവഹര്‍ലാല്‍ ആണ്. കമ്യൂണിസ്റ്റുകാര്‍ ജവഹര്‍ലാലിന്റെ ഈ സങ്കല്പം ഉള്‍ക്കൊള്ളുന്നവരല്ല. കേരളത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലവും വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായിരുന്നു സംസ്‌കാരവും സംസ്‌കാരത്തിന്റെ ഫലങ്ങളായ കലയും സാഹിത്യവും. വിദ്യാഭ്യാസ വകുപ്പാകട്ടെ തെറ്റായ രാഷ്ട്രീയാശയങ്ങള്‍ക്കകത്തു കിടന്നു പിടയുകയുമായിരുന്നു. പാഠപുസ്തകങ്ങളെ പാര്‍ട്ടിയുടെ പ്രചരണായുധമാക്കി മാറ്റുകയെന്ന ഹീനകൃത്യം വരെ ഇവിടെ നടന്നു. ഈ വികടപ്രക്രിയയെ പൂര്‍ണമായും അടിച്ചുടച്ചുകൊണ്ട് ഒരു സാംസ്‌കാരിക നയം രൂപപ്പെടേണ്ടതുണ്ട്. ജനാധിപത്യവിശ്വാസത്തിനോ അതിന്റെ ബുദ്ധിജീവികള്‍ക്കോ ഈ അവസ്ഥയെ പൊരുതി നശിപ്പിക്കാന്‍ കഴിയുന്നില്ല. എഴുത്തിന്റെയും ധിഷണാ പ്രവര്‍ത്തനങ്ങളുടെയും മണ്ഡലങ്ങളില്‍ ആശയസമ്പന്നരായ ആദര്‍ശശാലികള്‍ ഇല്ലാതാവുകയോ, അങ്ങനെയുള്ളവര്‍ വേണ്ട എന്ന പുതിയ കാലത്തിന്റെ ചിന്തയോ ആവാം ഇതിനു കാരണം. ക്ഷുദ്രവ്യക്തികള്‍ ദ്വിഗ്‌വിജയം നടത്തുന്ന സാമാന്യതയുടെ മഹോത്സവമാണ് ഇന്ന് നമ്മുടെ ധൈഷണിക കലാരംഗങ്ങളുടെ മുഖമുദ്ര. ആത്മനാശം സംഭവിച്ച ഒരു വര്‍ഗത്തിന്റെ കൈകളില്‍ സംസ്‌കാരത്തിന് ശോഭയില്ലാതാകുന്നു. സാമാന്യ മനുഷ്യനും സാമാന്യതയും സംസ്‌കാരത്തിന്റെ മണ്ഡലങ്ങളില്‍ നടനമാടുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.