Wednesday, August 10, 2011

ഈ മുഖ്യമന്ത്രിയെ കേരളത്തിന് വേണം


കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് 1991-92ല്‍ മലേഷ്യയില്‍നിന്നും പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാരിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നതാണ് രണ്ടുദശാബ്ദകാലമായി ഉയര്‍ന്നുകേള്‍ക്കുന്ന പാമോയില്‍ കേസിനാസ്പദം.
 രണ്ട് ഇടതുപക്ഷ മുഖ്യമന്ത്രിമാര്‍ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ദുരുപയോഗം ചെയ്തു എന്ന ആക്ഷേപവും പാമോയില്‍ കേസിന്റെ പിന്നിലുണ്ട്. പാമോയില്‍ ഇറക്കുമതി ചെയ്ത കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ 2011 ഫെബ്രുവരി 11ന് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാതെ തന്നെ പ്രതിയാക്കുന്നതിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയത് സമീപകാലത്ത് വന്‍ ചര്‍ച്ചയായിരുന്നു. കേസും അതിന്റെ നടപടിക്രമങ്ങളും നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെ. ഇവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് 08.08.2011ല്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പി.കെ. ഹനീഫ പ്രസ്താവിച്ച വിധിന്യായത്തില്‍ തുടര്‍ന്നുണ്ടായ കോലാഹലങ്ങളെക്കുറിച്ചാണ്. കേരളത്തില്‍ ഇടതുപക്ഷം, വിശിഷ്യാ സി.പി.എം. കോടതി ഉത്തരവിനെതുടര്‍ന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട് ശുദ്ധ ഇരട്ടത്താപ്പാണെന്ന് പറയാതെവയ്യ. ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സ്വന്തം മുഖം കണ്ണാടിയില്‍ നോക്കാന്‍ ഭയപ്പെടുന്ന ഭീരുവിനു സമാനമാണ്. സംസ്ഥാനത്തിന് 2.32 കോടി രൂപ നഷ്ടംവരുത്തിയെന്ന കേസില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന ഖജനാവിന് 375 കോടി രൂപയോളം നഷ്ടംവരുത്തിയെന്ന കേസില്‍ കോടതിവിചാരണയെ നേരിടുന്ന പ്രതിയാണ് താനെന്ന ബോധം കൂടി പിണറായി വിജയന് ഉണ്ടാകേണ്ടതായിരുന്നു.
 
രണ്ടുദശാബ്ദക്കാലം പഴക്കമുള്ള കേസില്‍ ഉണ്ടായിരുന്ന ഏക വഴിത്തിരിവ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞതാണ്. ഇത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടതുപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രേരിതമായ കോലാഹലങ്ങള്‍ അവരുടെ വികസന വിരുദ്ധ സമീപനത്തിന് തെളിവാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുമുന്നണി ഭരണം കേരളത്തെ കൊണ്ടുചെന്നെത്തിച്ചത് വര്‍ഷങ്ങള്‍ക്കു പിറകിലേക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രയ്തനംകൊണ്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാവനാപൂര്‍ണമായ നടത്തിപ്പുകൊണ്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ വികസനക്കുതിപ്പ് നടത്തിയപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന ഭരണകൂടമായിരുന്നു കേരളം ഭരിച്ചിരുന്നത്. പരസ്പര വിശ്വാസവും, കൂട്ടുത്തരവാദിത്തവും ഇല്ലാത്ത ഒരു സംവിധാനമായിരുന്നു വി.എസ്. മന്ത്രിസഭ. മുഖ്യമന്ത്രിക്ക് മന്ത്രിമാരില്‍ യാതൊരു നിയന്ത്രണമോ അധികാരമോ ഉണ്ടായിരുന്നില്ല. സര്‍വാധികാരിയായൊരു പാര്‍ട്ടി സെക്രട്ടറിക്ക് പൂര്‍ണ നിയന്ത്രണമുള്ള സംഘടനാ സംവിധാനം ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തി നിര്‍ത്തിയിരുന്ന ഒരു മുഖ്യമന്ത്രിയായിരുന്നു ഇടതുഭരണകാലത്ത് ഉണ്ടായിരുന്നത്. മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടതും, സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കാനെടുത്ത കുറ്റകരമായ കാലതാമസവും എണ്‍പതിനായിരം കോടി രൂപയോളം ലോട്ടറി മാഫിയ കേരളത്തില്‍നിന്നും കടത്തിക്കൊണ്ട് പോയതുമൊക്കെ സി.പി.എമ്മില്‍ നിലനിന്ന ചേരിപ്പോരിന്റെ രൂക്ഷതകൊണ്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
 
ഇതില്‍നിന്നുമൊക്കെ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തൊരു മുഖ്യമന്ത്രിയുണ്ടെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്താണ് മുഖ്യമന്ത്രിയുടെ അധികാരങ്ങളെന്ന് ജനങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു. എന്റെ മന്ത്രിസഭയെന്ന് തന്റേടത്തോടുകൂടി പറയുവാന്‍ കഴിയുന്ന കരുത്തനായൊരു മുഖ്യമന്ത്രിയെ ജനങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടരമാസംകൊണ്ട് കേരളത്തിലെ വികസനരംഗത്തുണ്ടായ ഉണര്‍വിന്റെയും കുതിപ്പിന്റെയും ഉന്മേഷം എത്രയോ വലുതാണ്. ഭരണത്തിന്റെ സുതാര്യത എന്തെന്ന് ജനങ്ങള്‍ നേരിട്ട് മനസിലാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ മണ്ണിനേയും പ്രകൃതിവിഭവങ്ങളെയും മനുഷ്യശേഷിയേയും സമ്പത്തിനേയും ചൂഷണം ചെയ്യാന്‍ ഇടതുഭരണത്തിന്റെ തണലില്‍ കേരളത്തിലേക്ക് കുതിച്ചെത്തിയവര്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിക്ക് പുറത്തായിരിക്കുന്നു. പാര്‍ട്ടി സെല്‍ഭരണത്തില്‍ നിശ്ചലമാക്കപ്പെട്ട ഭരണയന്ത്രം ഊര്‍ജിതമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥതയോടെയും സ്വാതന്ത്ര്യത്തോടെയും ജോലി ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു.
വ്യവസായ വികസനത്തിനായി വിപുലമായ തയാറെടുപ്പുകള്‍ നടക്കുന്നു. മരുന്നു മാഫിയ പിടിമുറുക്കിയ കേരളത്തിലെ ആരോഗ്യമേഖല സാധാരണ സ്ഥിതിയിലേക്ക് മടങ്ങിവരാന്‍ ആരംഭിച്ചിരിക്കുന്നു. വികലമായ നയങ്ങള്‍കൊണ്ട് ഇടതുബുദ്ധിജീവികള്‍ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളുടെ കൈപ്പിടിയില്‍നിന്നും, പാവപ്പെട്ടവന് പഠനം നിഷേധിച്ചുകൊണ്ട് സ്വാശ്രയമേഖലയ്ക്ക് അടിയറവെച്ച വികലമായ സമീപനങ്ങളില്‍നിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖല കരകയറി തുടങ്ങിയിരിക്കുന്നു.
 
ഇടതുഭരണം തകര്‍ത്തുതരിപ്പണമാക്കിയ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന് പുതുജീവന്‍ നല്‍കി ജനോപകാരപ്രദമാക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കുടിവെള്ളവിതരണത്തിനുള്ള സമഗ്രമായ കര്‍മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവച്ചിരിക്കുന്നവരില്‍നിന്നും തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുക എന്നതാണ് ഒരു ജനകീയ സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നുകൊണ്ടിരിക്കുന്നു.
ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ വിശാലമായ കാഴ്ചപാടുകളുടെയും കഴിവിന്റെയും പരിണിതഫലങ്ങളാണ്. ഒറ്റച്ചരടില്‍ കോര്‍ത്തെടുത്തപോലെ ഒരേ മനസ്സോടെയും നയസമീപനങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിസഭയ്ക്ക് ഉമ്മന്‍ ചാണ്ടി കൊടുക്കുന്ന നേതൃത്വം ജനകീയ സര്‍ക്കാരുകള്‍ക്ക് ആകെ മാതൃകയാണ്. ഭൂരിപക്ഷം വളരെ കുറവുള്ള മന്ത്രിസഭയേയും ഭരണമുന്നണിയേയും ഏകോപിപ്പിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവ് കാണിക്കുന്ന അസാധാരണമായ നേതൃത്വത്തെ വാസ്തവത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഭയമാണ്. ജനകീയനായ ഈ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന വേഗതയേയും കാര്യക്ഷമതയേയും ദീര്‍ഘവീക്ഷണത്തേയും അതിലുപരി സുതാര്യമായ ഭരണരീതിയേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വല്ലാതെ ഭയപ്പെടുത്തുന്നു.
 
ദശാബ്ദങ്ങള്‍ അടക്കിഭരിച്ച് ഭരണത്തില്‍ നിന്ന് തൂത്തെറിയപ്പെട്ട ബംഗാളിലെ ഇടതുഭരണത്തിന് സംഭവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ഭരണപാടവത്താല്‍ തങ്ങള്‍ക്കുമുണ്ടാകുമോ എന്ന ഉത്കണ്ഠ ഇടതുനേതൃനിരയില്‍ പ്രകടമാണ്. ഈ ഭയപ്പാടും ഉത്കണ്ഠയുമാണ് സത്യസന്ധതയും രാഷ്ട്രീയ മര്യാദയും പൊതുപ്രവര്‍ത്തനത്തിലെ സംശുദ്ധിയും പുലര്‍ത്തുന്ന ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് മുറവിളികൂട്ടാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്. അതല്ലെങ്കില്‍ ഇടതുമുന്നണി ഭരണകാലത്ത് രാഷ്ട്രീയ പകപോക്കല്‍ ലക്ഷ്യം വച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ നിയോഗിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തലനാരിഴ കീറി പരിശോധിച്ചിട്ടും കുറ്റകരമായതൊന്നും കണ്ടെത്താന്‍ സാധിക്കാത്ത വിഷയത്തില്‍ ഒരു വിജിലന്‍സ് കോടതി ഉത്തരവെടുത്ത് രാഷ്ട്രീയ പകപോക്കലിന് സി.പി.എം. മുതിരില്ലായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ട് ആകെ താറുമാറായിരിക്കുന്ന സംഘടനാ സംവിധാനവുമായാണ് സി.പി.എം കേരള സമൂഹത്തിന് മുമ്പാകെ നില്‍ക്കുന്നതെങ്കിലും!

No comments:

Post a Comment

Note: Only a member of this blog may post a comment.