Wednesday, August 24, 2011

സി.പി.എം പിന്തുണച്ചില്ല; ഉത്രാടം തിരുനാളിന് എതിരായ പ്രസ്താവന വി.എസ് തിരുത്തി


 തിരുവിതാംകൂര്‍ രാജകുടുംബത്തിനും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കളംമാറ്റി.
മാര്‍ത്താണ്ഡ വര്‍മ ക്ഷേത്രത്തിലെ സ്വര്‍ണം കട്ടുകടത്തുന്നുവെന്ന തന്റെ വിവാദമായ പ്രസ്താവനക്ക് സി.പി.എമ്മിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് വി.എസ് നിലപാടില്‍ നിന്നും പിന്‍വാങ്ങിയത്. മാര്‍ത്താണ്ഡവര്‍മയെയോ രാജകുടുംബത്തെയോ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ പാര്‍ട്ടിനേതൃത്വം തയാറായിട്ടില്ല. മാത്രമല്ല, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതു കൊണ്ടുതന്നെ വി.എസിന്റെ പ്രസ്താവന അനുചിതമായെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇതോടെ വി.എസ് അടവുമാറ്റി. തന്റെ അഭിപ്രായമായല്ല മാര്‍ത്താണ്ഡവര്‍മയെ വിമര്‍ശിച്ചതെന്നും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന വിമുക്തഭടന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് പ്രതികരിച്ചതെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി.എസ് അറിയിച്ചു.
വിവാദ പരാമര്‍ശത്തില്‍ തോമസ് ഐസക് ഒഴികെ മറ്റാരും വി.എസിനെ പിന്തുണച്ചില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വി.എസിനോട് നേരിട്ട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായും സൂചനയുണ്ട്. മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തില്‍ നിന്നും പായസം കൊണ്ടുപോകുന്ന പാത്രത്തില്‍ നിലവറകളിലെ സ്വര്‍ണം കട്ടു കടത്തുകയാണെന്നും അദ്ദേഹത്തിന്റെ ഇരട്ടമുഖം മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം വി.എസ് പറഞ്ഞിരുന്നത്.
 
എന്നാല്‍ ഈ പ്രസ്താവനയെ ഇന്നലെ വി.എസ് നിഷേധിക്കുകയായിരുന്നു. ഇതിനിടെ വി.എസിന്റെ പരാമര്‍ശം അവാസ്തവവും അസത്യവുമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍ വെളിപ്പെടുത്തി. മാര്‍ത്താണ്ഡ വര്‍മ ക്ഷേത്രത്തില്‍ നിന്ന് പായസം കൊണ്ടുപോകാറില്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. വിവാദ പ്രസ്താവന വി.എസ് വിഴുങ്ങിയെങ്കിലും ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ല.എല്ലാദിവസവും രാവിലെ 7.30ന് ഉത്രാടം തിരുനാള്‍ ക്ഷേത്രത്തിലെത്തുകയും ദര്‍ശനം നടത്തിയ ശേഷം 7.50ഓടെ മടങ്ങുകയുമാണ് പതിവ്. ക്ഷേത്രത്തിലെ പായസം ഉള്‍പെടെയുള്ള വഴിപാടുകള്‍ നിവേദ്യത്തിനായി ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്നത് 8.15 കഴിഞ്ഞാണ്. 8.30നു മുമ്പായി ഇതു പുറത്തെടുക്കുകയും ചെയ്യും. പിന്നീടാണ് വിതരണം ചെയ്യുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഉത്രാടം തിരുനാളിനു ദിവസേന രാവിലെ ഒമ്പതുകഴിഞ്ഞശേഷം പായസം കൊട്ടാരത്തിലേക്ക് എത്തിച്ചുകൊടുക്കുകയാണു ചെയ്തുവരുന്നത്. ഇക്കാര്യം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാമെന്നെരിക്കേ വി.എസിന്റെപ്രസ്താവന മഹാരാജാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു.
 
ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിച്ച വസ്തുക്കളും നിലവറകളിലാണു സൂക്ഷിച്ചിട്ടുള്ളത്. എട്ടോ പത്തോ ജീവനക്കാരുടെ അറിവില്ലാതെ സാധനങ്ങള്‍ പുറത്തുകൊണ്ടുപോകാനാന്‍ കഴിയില്ല. ക്ഷേത്രത്തിലെ 55 സുരക്ഷാ ജീവനക്കാരിലധികവും സി.പി.എം യൂണിയനിലുള്ളവരാണ്. ക്ഷേത്രത്തില്‍ അഞ്ച് ശക്തമായ യൂണിയനുകളുണ്ട്. ഇതുവരെ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടില്ല. ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവസ്തുക്കള്‍ക്കു നഷ്ടം വരുത്തുകയും ചെയ്ത രണ്ടോ മൂന്നോ ജീവനക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്. ഇവര്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസ് മാര്‍ത്താണ്ഡ വര്‍മക്കും രാജകുടുംബത്തിനുമെതിരായി പ്രതികരിച്ചെതന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.

No comments:

Post a Comment

Note: Only a member of this blog may post a comment.