Sunday, August 21, 2011

തൊടുപുഴയില്‍ സി ഐ ടി യു എ ഐ ടി യു സി ഭിന്നത രൂക്ഷമായി


തൊടുപുഴ : ചെത്ത് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തൊടുപുഴ മേഖലയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി.യും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നടക്കുന്ന പോരിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍. താലൂക്കില്‍ കള്ളുഷാപ്പുകളില്‍ ജോലി ചെയ്യുന്ന ചെത്ത് തൊഴിലാളികളുടെ കൂലിയും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച് കൂട്ടുന്ന അനുരജ്ഞന ചര്‍ച്ചകളില്‍ നിന്നും സി.ഐ.ടി.യു.വിന്റെ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നത് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് തടസ്സമായിരിക്കുകയാണെന്ന് എ.ഐ.ടി.യു.സി. നേതാക്കളായ കെ. സലിംകുമാറും, പി.പി. ജോയിയും ആരോപിച്ചു. കള്ള് ചെത്ത് വ്യവസായത്തിലെ ചെത്ത്, വില്‍പ്പന, കുപ്പിനിറ, ചുമട് വിഭാഗം തൊഴിലാളികളുടെ കൂലിയും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് ലഭിക്കുന്നതിനുവേണ്ടിയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എ.ഐ.ടി.യു.സി., സി.ഐ.ടി.യു., ബി.എം.എസ്. യൂണിയനുകള്‍ ഷാപ്പ് ലൈസന്‍സികള്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയതും ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.എല്‍.ഒ. നിരവധി പ്രാവശ്യം ചര്‍ച്ച വിളിച്ച് കൂട്ടിയതും. എന്നാല്‍ സി.ഐ.ടിയു നേതൃത്വത്തിലുള്ള ചെത്ത് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന് പറയുന്ന ഉടമകള്‍ കരാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ച് മാറി നില്‍ക്കുകയാണ്. ഈ സാഹചര്യം ഉണ്ടാക്കുന്ന സി.ഐ.ടി.യുവിന്റെ നിലപാട് അഹങ്കാരത്തിന്റേതാണെന്ന് എ.ഐ.ടി.യുസി നേതാക്കള്‍ കുറ്റപ്പെടുത്തി.
 
ഇതേ സമയം തങ്ങളെ പണി പഠിപ്പിക്കേണ്ടെന്ന മുന്നറിയിപ്പുമായി തൊടുപുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി എം. കുമാരന്‍ രംഗത്തെത്തി. എ.ഐ.ടി.യുസി നേതാക്കളുടെ പ്രചരണം വസ്തുതാപരമല്ലെന്ന് കുമാരന്‍ ചൂണ്ടിക്കാട്ടി. ചെത്ത് തൊഴിലാളികളുടെ കൂലിവര്‍ദ്ധന സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നിരിക്കെ സി.ഐ.ടി.യു പ്രതിനിധികള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നാണ് എം. കുമാരന്‍ പത്രകുറിപ്പിലൂടെ എ.ഐ.ടി.യു.സി. നേതാക്കള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. സി.ഐ.ടി.യു., എ.ഐ.ടി.യുസി., ബി.എം.എസ്. യൂണിയനുകളുടെ ഡിമാന്റ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കള്ള് വില്‍പ്പന തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് ഡെപ്യൂട്ടി ലേബര്‍ ഓഫീസറുടെ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നടന്നത്. ഈ ചര്‍ച്ചകളില്‍ സി.ഐ.ടി.യു. പങ്കെടുത്തിട്ടുണ്ട്. വില്‍പ്പന തൊഴിലാളികളുടെ കൂലി വര്‍ദ്ധന ചര്‍ച്ച ചെയ്തപ്പോള്‍ സി.ഐ.ടിയു പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് ആരോപിക്കുന്നത് വിചിത്രമാണെന്ന് കുമാരന്‍ പറഞ്ഞു. ചെത്ത് തൊഴിലാളികളുടെ കൂലിയും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് കുമാരന്‍ പറഞ്ഞു. സി.ഐ.ടി.യു അതിന്റെ മുന്‍നിരയില്‍ തന്നെയുണ്ടാവും. മറിച്ച് സംഭവിക്കുമെന്ന വേവലാതി ആര്‍ക്കും വേണ്ട സി.ഐ.ടിയു മുന്‍കൈ എടുത്തും കൂട്ടായും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ നേട്ടങ്ങളല്ലാതെ മറ്റൊന്നും ചെത്ത് തൊഴിലാളികള്‍ക്ക് ഇല്ലെന്ന കാര്യം ആരോപണം ഉന്നയിക്കുന്ന നേതാക്കള്‍ ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പും എ.ഐ.ടി.യുസിക്ക് കുമാരന്‍ നല്‍കുന്നുണ്ട്. ഏതാനും നാളുകളായി സി.പി.എം., സി.പി.ഐ. നേതാക്കള്‍ തമ്മില്‍ ഇടുക്കി ജില്ലയില്‍ ഉണ്ടായിരിക്കുന്ന ഭിന്നതയാണ് ചെത്ത് തൊഴിലാളി യൂണിയനുകളുടെ പേരില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയുമുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.