Saturday, August 13, 2011

പ്രതിയോഗിയെ തിരയുന്ന പ്രതിപക്ഷം


എതിര്‍ക്കാന്‍ സി.പി.എമ്മിന് എന്നും പ്രബലനായ ഒരു പ്രതിയോഗി വേണം. കരുണാകരന്‍ ഇല്ലാതായപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടെത്തുന്നതിന്റെ രാഷ്ട്രീയമനഃശാസ്ത്രം വേറൊന്നല്ല

ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നീട് തെരുവിലിട്ട് തല്ലിക്കൊല്ലുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കെ. കരുണാകരനെ രാഷ്ട്രീയമായി വകവരുത്തുവാന്‍ വേണ്ടിയാണ് 1992 മാര്‍ച്ച് ഒന്‍പതിന് നിയമസഭയില്‍ പാമോയില്‍ പ്രശ്‌നം അവതരിപ്പിച്ചത്.  വെളിച്ചെണ്ണയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ അടിയന്തിരമായി മലേഷ്യയില്‍ നിന്ന് 15000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യുവാന്‍ അന്നത്തെ കരുണാകരന്‍ ഗവണ്‍മെന്റെടുത്ത തീരുമാനം സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതുതന്നെയായിരുന്നു. ഈ ഇടപാടില്‍ കരുണാകരന്‍ ഒരു കോടിരൂപ കമ്മീഷന്‍ വാങ്ങിയെന്നുപോലും യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. അന്ന് സി.പി.എമ്മിന് കരുണാകരന്റെ രക്തമായിരുന്നു ആവശ്യം. ഈ വിഷയത്തില്‍ 1996 ജൂണ്‍ പതിനഞ്ചിന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് പിന്നീട് വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റായിരുന്നു.
 
സര്‍വ്വമാനതന്ത്രങ്ങളുപയോഗിച്ച് എല്‍.ഡി.എഫ് നേതൃത്വം നടത്തിയ വിജിലന്‍സ് അന്വേഷണങ്ങളിലൂടെയൊന്നും തന്നെ രണ്ടു ദശാബ്ദങ്ങളായിട്ടും ഈ കേസിനു പരിസമാപ്തിയുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. 2005ല്‍ ഈ കേസ് പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. 2006ല്‍ വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയപകപോക്കലിനു വേണ്ടി പാമോലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കി. ഇടതു സര്‍ക്കാര്‍ ഈ കേസിനുവേണ്ടി നിയോഗിച്ച പബഌക് പോസിക്യൂട്ടര്‍ തന്നെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. എല്‍.ഡി.എഫ് നിയോഗിച്ച അന്വേഷണോദ്യോഗസ്ഥന്മാരെയാരേയും യു.ഡി.എഫ്. പുനഃപ്രതിഷ്ഠിച്ചിട്ടില്ല.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഈ കേസില്‍ പ്രതിചേര്‍ക്കാന്‍ യാതൊരു വഴിയും കാണാതിരുന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാമോലിന്‍ ഇടപാടുകാലത്തു ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്ഥഫയുടെ വിടുതല്‍ ഹര്‍ജിയെ ആധാരമാക്കിയാണ് ഈ വിഷയത്തിലേയ്ക്ക് അദ്ദേഹത്തിന്റെ പേരുകൂടി വലിച്ചിഴച്ചത്. ധനവകുപ്പില്‍ വരുന്ന എല്ലാ ഫയലുകളും ധനമന്ത്രിയുടെ മുമ്പിലെത്തണമെന്നു നിര്‍ബന്ധമില്ലായെന്ന് ഡപ്യൂട്ടി സെക്രട്ടറിതന്നെ അറിയിച്ചിട്ടുള്ളതാണ്. എങ്കിലും ഇടപാടില്‍ ധനമന്ത്രിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നുകൂടി അന്വേഷിയ്ക്കണമെന്ന ഒരു പരാമര്‍ശം മാത്രമാണ് വിജലന്‍സ് കോടതി നടത്തിയിട്ടുള്ളത്.
 
മോങ്ങാനിരുന്നതിന്റെ തലയില്‍ തേങ്ങാ വീണെന്നു പഴമക്കാര്‍ പറയുന്നതുപോലെ സി.പി.എമ്മിനു മോങ്ങാന്‍ വീണുകിട്ടിയ ഒരു തേങ്ങാമാത്രമാണ് ഇപ്പോഴത്തെ വിഷയം. പെണ്‍വിഷയങ്ങളും വിഭാഗീയതയും കൊണ്ട് ജനമദ്ധ്യത്തില്‍ പരിഹാസ്യരായി നടന്നുകൊണ്ടിരിയ്ക്കുന്ന സി.പി.എം നേതൃത്വത്തിന് തല്‍ക്കാലം കിട്ടിയ പിടിവള്ളിമാത്രമാണ് കോടതിയുടെ പരാമര്‍ശം.  ആ പരാമര്‍ശത്തിനെ പരിഗണിച്ചുകൊണ്ട് അന്വേഷണം പുനരാരംഭിയ്ക്കുവാനും ഏതന്വേഷണത്തേയും നേരിടാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.  ലാവ്‌ലിന്‍ കേസില്‍ സി.പി.എം. സ്വീകരിച്ച നിലപാടല്ല ഈ വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. കോടതി പരാമര്‍ശം പുറത്തുവന്ന നിമിഷംതന്നെ രാജി സന്നദ്ധതയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ടുവന്നു. കോടതിയുടെ ഒരു നിസ്സാര പരാമര്‍ശത്തേപ്പോലും ഗൗരവമായിക്കണ്ടുകൊണ്ട് ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സ്ഥാനത്യാഗം ചെയ്യാന്‍ മുതിര്‍ന്ന മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത് കേരളത്തിലെ ജനാധിപത്യമൂല്യങ്ങള്‍ തന്നെയാണ്. ഘടകകക്ഷികളും കെ.പി.സി.സി പ്രസിഡന്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും കേരളത്തിന്റെ പൊതുസമൂഹവും അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരാന്‍ തീരുമാനിച്ചതെന്നോര്‍ക്കണം. അധികാരക്കസേരയില്‍ കണ്ണുനട്ടിരിക്കുന്ന പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ കഴിഞ്ഞ രണ്ടുദിവസം കഴിച്ചുകൊണ്ടിരുന്ന മനഃപ്പായസമെല്ലാം ദഹിച്ചുപോയി.  ഉമ്മന്‍ചാണ്ടി രാജിവയ്ക്കുകയും യു.ഡി.എഫ് പിളരുകയും മന്ത്രിസഭ വീഴുകയും ചെയ്യുന്ന മനോഹരമായ സ്വപ്‌നം എത്രപെട്ടെന്നാണു പൊലിഞ്ഞുപോയത്.  
 
നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ലെങ്കിലും താന്‍ കൈകാര്യം ചെയ്തിരുന്ന വിജിലന്‍സ് വകുപ്പ് മറ്റൊരു മന്ത്രിയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് സ്വതന്ത്രവും സുതാര്യവുമായ ഒരന്വേഷണത്തിനു കളമൊരുക്കുകയാണ് മുഖ്യമന്ത്രി. എന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ രക്തത്തിനുവേണ്ടി പിണറായിയും അച്യുതാനന്ദനും ഗ്രൂപ്പ് മറന്ന് മുറവിളി കൂട്ടുകയാണ്.  വിജിലന്‍സ് വകുപ്പ് ഏറ്റെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരംഗമാണെന്നാണ് ഇപ്പോള്‍ സി.പി.എം പറയുന്നത്.  ഇവരുടെ തമാശ കേട്ടാല്‍ മിസ്റ്റര്‍ ബീന്‍ പോലും തോറ്റുപോകും. അതിനുപകരം സി.പി.എമ്മില്‍ നിന്നൊരാളെ കൊണ്ടുവന്ന് മന്ത്രിയാക്കി വിജിലന്‍സ് വകുപ്പ് കൈമാറണമെന്നാകും ഇക്കൂട്ടരുടെ വാദം. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തന്നെ രണ്ടു പ്രാവശ്യം അന്വേഷണം നടത്തി യിട്ടും തെളിവുകള്‍ ലഭിയ്ക്കാത്ത ഒരു കേസ് മൂന്നാമതൊന്നുകൂടി അന്വേഷിയ്ക്കുന്നതില്‍ സാമാന്യയുക്തിയില്ലെങ്കിലും നീതിപീഠത്തോടുള്ള ബഹുമാനത്തോടെ അതിനു തയ്യാറാവുകയാണ് യു.ഡി.എഫ് ഗവണ്‍മെന്റും മുഖ്യമന്ത്രിയും. ആരോപണവിധേയരാകുന്നവര്‍ കുറ്റം തെളിയിക്കപ്പെടുന്നതിനുമുമ്പ് രാജിവച്ച് പുറത്ത് പോകേണ്ടതില്ല. എങ്കിലും വിജിലന്‍സ് വകുപ്പില്‍നിന്നും രാജിവച്ച് തനിയ്‌ക്കെതിരെയുള്ള സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി കളമൊരുക്കിക്കഴിഞ്ഞു.
 
അന്വേഷണ ഉദ്യോഗസ്ഥര്‍ വിധികര്‍ത്താക്കളോ കുറ്റപത്രസമര്‍പ്പണം ഒരു കേസന്വേഷണത്തിന്റെ അവസാനവാക്കോ അല്ലെന്നതാണ് സത്യം. കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതിപരാമര്‍ശനം നടത്തിയതിന്റെ പേരില്‍ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന സി.പി.എം. നേതാക്കള്‍ക്ക് നിയമതത്വങ്ങളെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ മതിപ്പില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു കുറ്റാരോപിതന്‍ പോലുമല്ലെന്നുള്ളതാണ് വസ്തുത. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹത്തിനുപങ്കുണ്ടോ എന്ന് അന്വേഷിയ്ക്കണമെന്നും മാത്രമാണ് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഈ ഒരു നിസ്സാരകാരണത്തിന്റെ പേരിലാണ് സി.പി.എം നാളെ മുതല്‍ കുട്ടിസഖാക്കളെ മുഖ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടി തെരുവിലിറക്കാന്‍ ശ്രമിയ്ക്കുന്നത്. അന്വേഷണ ഏജന്‍സി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഏതെങ്കിലും തെളിവുകളോ വസ്തുതകളോ കണ്ടെത്തുകയും അതു കോടതിയ്ക്കു ബോദ്ധ്യപ്പെട്ട് വിധി പ്രഖ്യാപിയ്ക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതുള്ളു

No comments:

Post a Comment

Note: Only a member of this blog may post a comment.