Wednesday, August 17, 2011

നിയമലംഘനത്തിലൂടെയോ അഴിമതിവിരുദ്ധ പോരാട്ടം?


അഴിമതിയെപ്പറ്റിയുള്ള ഏതൊരു സംഭാഷണവും ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ അതീവശ്രദ്ധ പിടിച്ചുപറ്റുന്ന കാലമാണിത്. ടെലികോം, ഖനന മേഖലകളില്‍ നിന്നും മറ്റും ഉയര്‍ന്ന ആരോപണങ്ങള്‍ സഹസ്രകോടികളുടേതാണെന്നതിന് പുറമേ അവയ്ക്കുപിന്നിലെ കറുത്ത കൈകളെപ്പറ്റിയുള്ള കഥകളുടെ അപസര്‍പ്പക സ്വഭാവം ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഇടനല്‍കിക്കൊണ്ടിരുന്നത്.
അഴിമതിയ്‌ക്കെതിരെ അധരവ്യായാമം നടത്തി സമൂഹത്തിന് മുന്നില്‍ മേനി നടിക്കുന്നതില്‍ വൈദഗ്ധ്യമാര്‍ജ്ജിച്ച ഒരു ചെറുസംഘം ഇതിനിടെ രാജ്യത്തെ സാംസ്‌കാരിക നായകര്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്തു. സംശുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന സ്വഭാവ വിശേഷങ്ങളോ വ്യക്തിത്വമോ അവകാശപ്പെടാവുന്നവര്‍ ഈ സംഘത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. സമൂഹത്തിന് രചനാത്മകമായി എന്തെങ്കിലും സംഭാവന നല്‍കിയവരും ഇക്കൂടെ അധികമില്ല. പക്ഷെ സദാ ഊര്‍ജ്ജസ്വലമായ ആധുനിക മാധ്യമവേദിയില്‍ മങ്ങാതെ നിലനിന്നുപോകാന്‍ ഇനിയും അധരവ്യായാമംമാത്രം പോരെന്ന് അവര്‍ യഥാസമയം തിരിച്ചറിഞ്ഞു. സ്വതന്ത്രഭാരതത്തിന്റെ ആറരപ്പതിറ്റാണ്ടെത്താറായ ജനാധിപത്യ ഭരണക്രമം ലോകവ്യാപകമായി പ്രശംസിക്കപ്പെടുമ്പോഴും അഴിമതിയുടെ പുഴുക്കുത്തുകള്‍ക്ക് വ്യാപ്തിയേറിവരുന്നുവെന്ന വസ്തുത ആരും ചോദ്യം ചെയ്യുന്നില്ല. ഏറ്റവുമധികം കാലം രാജ്യഭരണം നിയന്ത്രിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള തിരിച്ചറിവ് സുബോധമുള്ളവര്‍ സംശയിക്കുന്നുമില്ല. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി അതീവ താല്‍പര്യമെടുത്ത് നടപ്പിലാക്കിയ വിവരാവകാശ നിയമം അഴിമതിവിരുദ്ധ പോരാട്ടത്തിനുള്ള കരുത്തുറ്റ ആയുധങ്ങളിലൊന്നായി പൊതുസമൂഹം അംഗീകരിച്ചുകഴിഞ്ഞു. ഇതിന്റെ അനുബന്ധമായി സുശക്തമായ ഒരു ലോക്പാല്‍ നിയമത്തിന് യു.പി.എ എന്നേ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു.
 
അഴിമതിയെ നൂറുശതമാനം അകറ്റിനിര്‍ത്താന്‍ ഉതകുന്ന ഒറ്റമൂലി നിയമങ്ങള്‍ ജനാധിപത്യ ഭരണക്രമത്തില്‍ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യത്തിന് മറുപടി ഏകകണ്ഠമല്ല. എങ്കിലും ലോക്പാല്‍ നിയമം ഈ ദിശയില്‍ ഫലപ്രദമായ ഒരു ചുവടുവെയ്പ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ ആത്മാര്‍ത്ഥ നീക്കംതന്നെയാണ് നടത്തിയത്. നിരവധി തവണ അവതരിപ്പിക്കപ്പെട്ട് പാസ്സാകാതെ പോയ ബില്‍ ഇക്കുറി പോരായ്മകള്‍ ഏറ്റവുമൊഴിവാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായത് വന്‍വിജയമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. പക്ഷെ, അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ തലതൊട്ടപ്പന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സ്വയം അവതരിച്ച അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായെത്തിയവര്‍ പലതരക്കാര്‍ ആണെന്നതാണ് വസ്തുത. അവരില്‍ പലരുടെയും ചരിത്രം സംശയാസ്പദമാണെന്നതിനപ്പുറം രാഷ്ട്രീയ ലാക്കോടെയുള്ള കരുനീക്കങ്ങള്‍ക്ക്  ഹസാരെ നിന്നുകൊടുക്കുന്നതായുള്ള ആരോപണം അതിശക്തമാണ്. ആരോപണത്തിനപ്പുറം ഇതൊരു യാഥാര്‍ത്ഥ്യമാണെന്നതാണ് ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇന്നലെ ഹസാരെയുടെയും അനുയായികളുടെയും അറസ്റ്റിലേക്ക് നയിച്ചതും ഈ ഹിഡന്‍ അജണ്ടതന്നെ.
 
പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റ് സമിതി പരിഗണിച്ചുവരുന്ന ബില്ലിനെച്ചൊല്ലി ഹസാരെ അഴിച്ചുവിടുന്ന സമരത്തിന് എന്ത് ധാര്‍മ്മിക അടിത്തറയാണുള്ളതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെയാണ് ടീം ഹസാരെയും ബി.ജെ.പിയും ജനാധിപത്യ ധ്വംസനത്തെപ്പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഹസാരെയുടെ മുഖ്യഉപദേഷ്ടാവായ കിരണ്‍ ബേദിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് രണ്ട് ബി.ജെ.പിക്കാരായിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍ ഈ സമരത്തിന് പിന്നിലുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നുണ്ട്. സരമം ചെയ്യാനുള്ള അവകാശത്തെ സര്‍ക്കാര്‍ ഹനിക്കുന്നുവെന്നും അടിയന്തരാവസ്ഥ തിരിച്ചുകൊണ്ടുവരുന്നെന്നും ആക്ഷേപിച്ച് ഹസാരെയെ ജനപ്രകാശ് നാരായണന്റെ പതിപ്പാക്കി മാറ്റാനുള്ള ശ്രമത്തിന് പിന്നിലെ ബി.ജെ.പി താല്‍പര്യവും രാഷ്ട്രീയ കൗശലത്തോടുകൂടിത്തന്നെ. സമരം ചെയ്യാനുള്ള അവകാശത്തെയല്ല ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചോദ്യംചെയ്തത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും ക്രമസമാധാനം തകര്‍ക്കാതെയുമുള്ള സമരത്തിന് സര്‍ക്കാരും പൊലീസും മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ ഹസാരെ തയ്യാറാകാതെ നിയമലംഘനത്തിന് ഒരുങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നകാര്യം തികച്ചും വ്യക്തമാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.