തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ റഊഫിനെ കരുവാക്കി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ കള്ളക്കളി പുറത്തുവന്നതോടെ ഇന്നലെ കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഏറെനേരം ചൂടുപിടിച്ചു.
പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ, പാര്‍ട്ടിക്കുള്ളിലെ ഔദ്യോഗിക വിഭാഗത്തെ ഒതുക്കാന്‍ വി.എസ് മെനയുന്ന തന്ത്രങ്ങളിലെ പ്രബല കണ്ണിയാണ് റഊഫെന്നാണ് പുതിയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ഐസ്‌ക്രീം കേസിലൂടെ കുഞ്ഞാലിക്കുട്ടിക്കെതിരെ കരുനീക്കം നടത്തുന്നുവെന്ന വ്യാജേനയാണ് വി.എസ്, റഊഫിന്റെ കൂടി സഹായത്തോടെ ഔദ്യോഗിക വിഭാഗത്തുള്ള പ്രമുഖ നേതാക്കള്‍ക്കെതിരെ ആരോണങ്ങളുന്നയിക്കാനും പാര്‍ട്ടി പിടിക്കാനുമൊരുങ്ങുന്നത്. പക്ഷെ റഊഫിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളിലെ പ്രബല വിഭാഗത്തിന് അപകടം മണത്തു. എന്നാല്‍ അവരാരും പരസ്യമായി പ്രതികരിച്ചിട്ടില്ല. പിടിച്ചത് പുലിവാലാണെന്ന് തിരിച്ചറിഞ്ഞ വി.എസ് വീണിടത്ത് കിടന്നുരുളുന്ന കാഴ്ചയും ഇന്നലെ കേരളം കണ്ടു. എം.കെ പാന്ഥേയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ട വി.എസ്, റഊഫുമായുള്ള ബന്ധത്തിന് 'പാര്‍ട്ടിപ്പങ്ക്' ഇല്ലെന്ന് വിളിച്ചുപറഞ്ഞു. ഒടുവില്‍ വിഷയം വഴിമാറ്റാനായി ഉത്രാടം തിരുനാള്‍ മഹാരാജാവിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കടത്തുന്ന 'കള്ളനെന്ന്' വിളിക്കുകയും ചെയ്തു. തൃശൂര്‍ രാമനിലയത്തില്‍ വി.എസുമായി റഊഫ് നടത്തിയ കൂടിക്കാഴ്ചയില്‍ ചില ഉന്നത സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ വി.എസ് ആവശ്യപ്പെട്ടതായി റഊഫിന്റെ ശബ്ദത്തില്‍ തന്നെ തെളിവുകള്‍ പുറത്തുവന്നതാണ് വി.എസിനെ വെട്ടിലാക്കിയത്.
ഇതോടെ സ്വന്തം ഭാഗങ്ങള്‍ ന്യായീകരിക്കാന്‍ വി.എസും റൗഊഫും ഇന്നലെ വിഫലശ്രമം നടത്തി. കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ള മധ്യസ്ഥനുമായി റഊഫ് നടത്തുന്ന ടെലഫോണ്‍ സംഭാഷണമാണ് പുറത്തായത്. വി.എസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഐസ്‌ക്രീം കേസ് സംബന്ധമായ ചര്‍ച്ചകളല്ല നടന്നതെന്ന് വ്യക്തമാക്കുന്ന റഊഫ് സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുപറയാന്‍ വി.എസ് പ്രേരിപ്പിച്ചതായി ടെലഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.എന്നാല്‍ ഇത്തരം കാര്യങ്ങള്‍(സി.പി.എമ്മിനെ സംബന്ധിച്ച കാര്യങ്ങള്‍) പുറത്തുപറയാന്‍ കഴിയില്ലെന്നും അത് നമ്മുടെ അന്തസ്സിനെ ബാധിക്കുന്ന കാര്യമാണെന്നും റഊഫ് സംഭാഷണത്തിനിടെ മധ്യസ്ഥനോട് പറയുന്നുണ്ട്. ഇതിനു പുറമേ ഇത്തരം കാര്യങ്ങള്‍(വി.എസ് ആവശ്യപ്പെട്ട കാര്യങ്ങള്‍) കുഞ്ഞാലിക്കുട്ടി അറിഞ്ഞാല്‍ ഉടന്‍ തന്നെ അദ്ദേഹം പിണറായിയെയും കോടിയേരിയെയും വിളിച്ചുവിവരം ധരിപ്പിക്കുമെന്നും റഊഫ് കൂട്ടിച്ചേര്‍ക്കുന്നു.കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അതിനു പ്രതിഫലമായി ഭൂമി എഴുതി തരാന്‍ റഊഫ് ആവശ്യപ്പെടുന്നതായും ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നു. മാന്യമായ ആവശ്യമാണ് താന്‍ മുന്നോട്ടുവച്ചതെന്നും ഭൂമി എഴുതി തരാന്‍ എന്താണ് താമസമെന്നും റഊഫ് സംഭാഷണത്തിനിടെ ചോദിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്തുസമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസിനെ അനുനയിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാമെന്നാണ് റഊഫിന്റെ വാഗ്ദാനം.
അതിനു സാവകാശം വേണമെന്നും റഊഫ് ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ അടുത്ത് ചെന്ന് ഐസ്‌ക്രീം കേസ് ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് മധ്യസ്ഥന്‍ ചോദിക്കുന്നു. നമ്മള്‍ തമ്മില്‍(റഊഫും കുഞ്ഞാലിക്കുട്ടിയും) ധാരണ ആകാത്തിടത്തോളം കാലം താന്‍ കേസുമായി മുന്നോട്ട് പോകുമെന്ന് റഊഫ് പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയാല്‍ ബാക്കി കാര്യങ്ങള്‍ താന്‍ സാവകാശം ലെവലാക്കാമെന്നും റഊഫ് വ്യക്തമാക്കുന്നു. തനിക്കെതിരെ ഇവിടെയും മഹാരാഷ്ട്രയിലും ഉള്ള കേസ് സംബന്ധിച്ച് വി.എസിനു നല്‍കിയ പരാതി അദ്ദേഹം ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും റഊഫ് പറയുന്നു. ഈ ടെലിഫോണ്‍ സംഭാഷണം പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വി.എസ് വാചാലനായത്. തൃശൂരില്‍ റഊഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവന്ന വി.എസ്, അന്ന് മാധ്യമപ്രവര്‍ത്തകരോട് ഒറ്റ വാചകത്തിലുള്ള മറുപടിയായിരുന്നു നല്‍കിയത്. കുഞ്ഞാലിക്കുട്ടിയെന്നോ റഊഫെന്നോയുള്ള പദങ്ങള്‍ ഉപയോഗിക്കാതെ 'അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു' എന്ന് മാത്രമായിരുന്നു പറഞ്ഞത്. എന്നാല്‍ റഊഫിന്റെ ടെലിഫോണ്‍ സംഭാഷണം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും വിവാദമാകുകയും ചെയ്തതോടെ സി.പി.എം നേതൃത്വം രാവിലെ തന്നെ വി.എസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയെന്നാണ് സൂചന.
അതുകൊണ്ടുതന്നെ പതിവിലേറെ സമയമെടുത്താണ് വി.എസ് കാര്യങ്ങള്‍ വിശദീകരിച്ചത്. സി.പി.എം വിഭാഗീയതക്ക് മൂര്‍ച്ച കൂട്ടാന്‍ തനിക്കെതിരെ നില്‍ക്കുന്ന ചില നേതാക്കള്‍ക്കെതിരെ പറയണമെന്ന് വി.എസ് ആവശ്യപ്പെട്ടെന്ന സൂചനയടങ്ങുന്നതാണ് റഊഫിന്റെ ടെലിഫോണ്‍ സംഭാഷണം. എന്നാല്‍ റഊഫ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു വി.എസ് പ്രതികരിച്ചത്. മാത്രവുമല്ല, തനിക്ക് വധഭീഷണിയുണ്ടെന്ന് അറിയിക്കാനാണത്രേ റഊഫ് എത്തിയത്. റഊഫ് സംസാരിച്ചത് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരുന്നെന്നു പറഞ്ഞ വി.എസ്, താനും റഊഫും ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ നീക്കമുണ്ടാകുമെന്ന സൂചയും നല്‍കി. സാധാരണ ഗതിയില്‍ അനുശോചനമറിയിക്കാന്‍ രണ്ടുമിനിട്ടിലധികം സംസാരിക്കാത്ത പ്രതിപക്ഷ നേതാവ്, റഊഫിന്റെ ഫോണ്‍ സംഭാഷണം വാര്‍ത്തയായതോടെ ഇതിനെ പ്രതിരോധിക്കാന്‍ ഏതാണ്ട് അരമണിക്കൂറിലേറെ നീണ്ട വാര്‍ത്താസമ്മേളനമാണ് നടത്തിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാതെ തന്നെ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. ഐസ്‌ക്രീം കേസിനെക്കുറിച്ച് വി.എസുമായി സംസാരിച്ചതേയില്ലെന്നാണ് റഊഫിന്റെ ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്.
എന്നാല്‍ അതുമാത്രമായിരുന്നു സംസാരിച്ചതെന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു വി.എസ്. പാര്‍ട്ടിയിലെ വിഭാഗീയതക്ക് റഊഫിനെ മുന്നില്‍ നിര്‍ത്തി കളിക്കാമെന്ന മോഹം വിഫലമായതോടെ പറയാന്‍ കഴിയുന്ന കാര്യങ്ങളിലെല്ലാം ഇടപെട്ട് വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വി.എസ് നടത്തിയ ശ്രമവും ശ്രദ്ധേയമായി. തിരുവിതാംകൂര്‍ രാജകുടുംബത്തെയും മാര്‍ത്താണ്ഡവര്‍മയെയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു വി.എസ്. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച വി.എസ്, ഇന്നലെ ഉത്രാടം തിരുന്നാളിനെ സ്വര്‍ണം മോഷ്ടിക്കുന്നയാളെന്നാണ് വിശേഷിപ്പിച്ചത്.അതേസമയം കുഞ്ഞാലിക്കുട്ടിയുമായും റഊഫുമായും അടുപ്പമുള്ള മലപ്പുറത്തെ ഒരു അധ്യാപകനുമായാണ് ടെലഫോണ്‍ സംഭാഷണമെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ടെലഫോണ്‍ സംഭാഷണത്തിലെ റഊഫിന്റെ ശബ്ദവും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസക്കാലമായി റഊഫ് നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ പൊലിസ് ചോര്‍ത്തിയതായാണ് വിവരം. സംഭാഷണത്തിന്റെ സി.ഡി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി വിന്‍സണ്‍ എം. പോളിന് കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു
No comments:
Post a Comment
Note: Only a member of this blog may post a comment.