Saturday, August 13, 2011

വി.എസിനെതിരെ പടയൊരുക്കം ശക്തം


മാര്‍ഗരേഖ മറയാക്കി ബ്രാഞ്ച് കമ്മിറ്റികള്‍ പിടിക്കാന്‍ തന്ത്രം
 സി.പി.എമ്മില്‍ വി.എസ് അച്യുതാനന്ദനെതിരെ വീണ്ടും ചെങ്കൊടി ഉയരുന്നു.
പാര്‍ട്ടി പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സംസ്ഥാന സെക്രട്ടറിയുടെ വിലക്ക് ലംഘിച്ച് സന്ദര്‍ശിച്ചു, നേതൃത്വത്തിനെതിരെ അസഭ്യപ്രയോഗം നടത്തിക്കൊണ്ട് അച്യുതാനന്ദനനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിയെ ചോദ്യം ചെയ്തു, പാര്‍ട്ടിയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ മോശമാക്കി തുടങ്ങിയ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റി അച്യുതാനന്ദനെതിരെ ഉന്നയിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മറ്റിക്കും ഇതേ ആരോപണമുന്നയിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയ പരാതി നേതൃത്വം തള്ളിയെങ്കിലും വീണ്ടും ഇതുന്നയിക്കാന്‍ തന്നെയാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇക്കാരണത്താല്‍ എഴുതിത്തയ്യാറാക്കി, പരമാവധി അംഗങ്ങളുടെ ഒപ്പും വാങ്ങിയുള്ള കത്ത് കേന്ദ്ര നേതൃത്വത്തിന് ഇന്ന് അയക്കുമെന്ന് ഒരു മുതിര്‍ന്ന സിപിഎം അംഗം വ്യക്തമാക്കി.ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് വി.എസിനെതിരായ തീരുമാനമെടുത്തത്. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത് മനുഷ്യത്വപരമായ കാര്യമാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും വി.എസ് പറഞ്ഞത് പ്രത്യേകം രേഖപ്പെടുത്തിയാണ് കത്ത് തയാറാക്കിയിട്ടുള്ളത്.
വി.എസിനെതിരെ വീണ്ടും കത്തു നല്‍കി സംസ്ഥാനത്തെ പാര്‍ട്ടിയുടെ പൊതുവികാരം അദ്ദേഹത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും അതു വഴി നടപടിയെടുപ്പിക്കുകയും ചെയ്യുക എന്ന ആശയമാണ് ഇപ്പോള്‍ പിണറായി നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം സ്വീകരിച്ചിരിക്കുന്നത്.
 
വി.എസ് പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിരിക്കുന്ന കത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു.സംസ്ഥാന നേതൃത്വം വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്ന വി.എസിന്റെ വാദം തള്ളിയ സംസ്ഥാന കമ്മിറ്റി ഇത്തരം വാദമുഖങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പാര്‍ട്ടിയെ തേജോവധം ചെയ്യുകയാണെന്നും ഇതിനെതിരെ വി.എസിന് താക്കീതു നല്‍കണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യവും കേന്ദ്രനേതൃത്വത്തെ അറിയിക്കും.വി.എസ് ഇതിനെതിരെ വീണ്ടും പ്രതികരിക്കാനും ജനപിന്തുണ ഉറപ്പാക്കാനുമുള്ള നടപടികളും തുടങ്ങി. മാധ്യമങ്ങള്‍ വഴിയും പൊതുപരിപാടികളില്‍ അര്‍ഥം വച്ചുള്ള പ്രസംഗത്തിലൂടെയും ജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് വി.എസിന്റെ തീരുമാനം.പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവന്ന സാഹചര്യത്തില്‍  പെരുമാറ്റച്ചട്ടം ഉള്‍പ്പെടെയുള്ള മാര്‍ഗരേഖയും സംസ്ഥാന കമ്മിറ്റി തയ്യാറാക്കി. സമ്മേളനങ്ങളില്‍ ആര്‍ക്കുമെതിരേ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. വിഭാഗീയമായ തിരഞ്ഞെടുപ്പുകള്‍ സമ്മേളനത്തില്‍ ഒഴിവാക്കണം.പതിനാല് അംഗങ്ങളില്‍ കൂടുതലുള്ള ബ്രാഞ്ച് കമ്മിറ്റികള്‍ വിഭജിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്ളത്. ബ്രാഞ്ചു കമ്മറ്റികള്‍ വിഭജിക്കണമെന്നതിലൂടെ വി.എസ് അച്യുതാനന്ദന് ഭൂരിപക്ഷമുള്ള ബ്രാഞ്ചുകളുള്‍പ്പെടെ വിഭജിച്ച് തങ്ങളുടെ കൈപ്പിടിയിലെത്തിക്കുക എന്ന അജണ്ടയാണ് ഔദ്യോഗിക പക്ഷം സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം വിഭാഗീയപ്രവര്‍ത്തനം ആരോപിച്ച് സമ്മേളന പ്രതിനിധികളെ നിശ്ചയിക്കുകയും മറ്റു ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതു വരെ നാലും ആറും മാസത്തേക്ക് വി.എസ് അനുകൂലികളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു നിര്‍ത്തുകയും വോട്ട് ചെയ്യുന്നതിനോ പ്രതികരിക്കുന്നതിനോ അവസരമില്ലാതാക്കുകയും ചെയ്യുക എന്ന നയവും രഹസ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പക്ഷം മുന്നോട്ട് വയ്ക്കുന്ന പാനലില്‍ നിന്നും പുറത്തുള്ള മത്സരം ഇക്കുറി അനുവദിക്കുകയില്ലെന്നു വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖാ തീരുമാനം

No comments:

Post a Comment

Note: Only a member of this blog may post a comment.