Thursday, August 4, 2011

സിപിഎം സമ്മേളനത്തില്‍ പോര്‌ രൂക്ഷമാകുമെന്ന്‌ സ്‌പെഷല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌

അടുത്തമാസം ആരംഭിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ പിണറായി പക്ഷവും വിഎസ്‌ പക്ഷവും പരസ്‌പര ആക്രണത്തിന്‌ ഏതറ്റംവരെയും പോകാമെന്ന്‌ സ്‌പെഷല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. സിപിഎമ്മിലെ പോര്‌ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും കൂടി താല്‌പര്യമുള്ള കാര്യമായതിനാല്‍, ഇത്‌ അതീവ ഗൗരവത്തോടെയാണ്‌ ആഭ്യന്തര വകുപ്പ്‌ കാണുന്നത്‌. കായികമായ ആക്രമണങ്ങള്‍, കൂടുതല്‍ നേതാക്കള്‍ക്കെതിരേ ലൈംഗികാപവാദങ്ങള്‍, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയ്‌ക്കാണ്‌ സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായ പ്രാദേശിക സമ്മേളനങ്ങളാണ്‌ സെപ്‌റ്റംബറില്‍ തുടങ്ങുന്നത്‌.
പി ശശിക്കു പിന്നാലെ, ഗോപി കോട്ടമുറിക്കലിനെതിരേയും ഉയര്‍ന്ന ലൈംഗികാപവാദവും പരാതിയും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്‌. രണ്ടു കേസുകളും കെട്ടിച്ചമതല്ലെങ്കിലും ഗ്രൂപ്പിസമില്ലായിരുന്നെങ്കില്‍ അവ പുറത്തുവരില്ലായിരുന്നു. വിഭാഗീയത എന്നു പേരിട്ടു വിളിക്കുന്ന ചേരിതിരിവ്‌ വ്യക്തമായ ഗ്രൂപ്പിസം തന്നെയാണെന്നും പ്രാദേശികമായി പലയിടത്തും വിഎസ്‌- ഔദ്യോഗിക പക്ഷങ്ങള്‍ രണ്ടു പാര്‍ട്ടിയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുള്ളതായാണു വിവരം.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രണ്ട്‌ നേതാക്കള്‍ക്കെതിരേ രണ്ടു പക്ഷങ്ങളുടെയും പരസ്‌പര ആരോപണം അണിയറയില്‍ തയ്യാറാകുന്നുണ്ടത്രേ. ഇതില്‍ ഒന്ന്‌ ലൈംഗികാപവാദവും മറ്റേത്‌ അഴിമതിയാരോപണവുമാണ്‌. മലപ്പുറം സമ്മേളനം മുതല്‍ വിഎസ്‌ പക്ഷം ശേഖരിച്ച ചില വിവരങ്ങളുടെയും ഫോണ്‍ സംഭാഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മുന്‍ മന്ത്രിക്കെതിരായ നീക്കം. വിഎസ്‌ പക്ഷക്കാരനായ മുന്‍ മന്ത്രി വന്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തിയെന്നാണ്‌ മറുപക്ഷത്തിന്റെ ആരോപണം.
വി എസ്‌ അച്യുതാനന്ദന്റ മകന്‍ വി എ അരുണ്‍കുമാറിനെ നായകനാക്കിയാകും ഇത്തവണ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ കടന്നാക്രമണം. അരുണ്‍കുമാറിന്‌ എതിരായ അഴിമതി ആരോപണങ്ങള്‍, വിജിലന്‍സ്‌ അന്വേഷണങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഔദ്യോഗിക പക്ഷത്തിന്റെ പക്കലുണ്ട്‌. അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പരസ്യമായി ആയുധമാക്കാതിരുന്നത്‌ സമ്മേളനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു.
സിപിഎം ഗ്രൂപ്പിസത്തിന്റെ രൂക്ഷത കുറഞ്ഞുവെന്ന്‌ തോന്നിച്ചിരുന്ന കാലത്തും രണ്ടു പക്ഷവും പരസ്‌പരാക്രമണത്തിന്‌ തന്ത്രങ്ങള്‍ മെനയുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഉദുമയിലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ വി എസ്‌ അച്യുതാന്ദന്‍ പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടി വിലക്കിയിട്ടും അദ്ദേഹം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതും സ്വന്തം പക്ഷക്കാര്‍ക്കുള്ള പരസ്യമായ ആഹ്വാനം തന്നെയായിരുന്നുവത്രേ

No comments:

Post a Comment

Note: Only a member of this blog may post a comment.